2011, ജൂലൈ 21, വ്യാഴാഴ്‌ച

നരകാസുരവധം ഒൻപതാം രംഗം


രംഗത്ത്-ശ്രീകൃഷ്ണൻ, ഗരുഢൻ(കുട്ടിത്തരം പക്ഷിവേഷം)

ശ്ലോകം-രാഗം:സാവേരി
"ശ്രുത്വാ മഹേന്ദ്രഗിരമംബുജലോചനോസൗ
 സസ്മര താർക്ഷ്യതനയം ജഗദേകവീരഃ
 ആഗത്യ തച്ചരണയോരതിമോദശാലീ
 നത്വാ സ തം ഗിരമവോചദശേഷബന്ധും"
{ലോകൈകവീരനായ ശ്രീകൃഷ്ണൻ ഇന്ദ്രൻ പറഞ്ഞത് കേട്ടയുടൻ ഗരുഢനെ സ്മരിച്ചു. വളരെ സന്തോഷത്തോടുകൂടി ഗരുഢൻ വന്ന് ഭഗവാന്റെ പാദങ്ങളിൽ നമസ്ക്കരിച്ചിട്ട് ലോകബന്ധുവായ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു}

ഇടത്തുഭാഗത്തുകൂടി ചിറകുവിരിച്ച് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിക്കൊണ്ട് പ്രവേശിക്കുന്ന ഗരുഢൻ വലതുവശത്തായി കോപഭാവത്തിൽ പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണൻ അനുഗ്രഹിക്കുന്നു. നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് ഗരുഢൻ പദത്തിന് ചുവടുവെയ്ക്കുന്നു.

ഗരുഢന്റെ പദം-രാഗം:സാവേരി, താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
"പത്മാരമണവിഭോ പാലയഭഗവൻ
 പത്മസംഭവനുത പാലയഭഗവൻ"
ചരണം1:
"എന്തഹോ നിന്തിരുവടിയെന്നെ അകതാരിൽ
 ചിന്തിച്ചതെന്നരുൾ ചെയ്തീടേണം
 എന്തെങ്കിലും സാധിപ്പാനില്ല സംശയം
 കൗന്തേയസഖേ ശൗരേ ഹരേ കൃഷ്ണ"
ചരണം2:
"ജലധികളെല്ലാം കലുഷമാക്കേണമെങ്കിൽ
 ജലദമേചക തവ കരുണയുണ്ടെന്നാകിൽ
 അലമഹമതിനിന്നു തിരുമനതാരിങ്കൽ
 നലമോടു ധരിച്ചാലും നാഗവരശയന"
{ലക്ഷ്മീകാന്താ, പ്രഭോ, രക്ഷിച്ചാലും. ബ്രഹ്മാവിനാലും സ്തുതിക്കുപ്പെടുന്ന ഭഗവാനേ, രക്ഷിച്ചാലും. നിന്തിരുവടി എന്നെ ഉള്ളിൽ ചിന്തിച്ചത് എന്തിനെന്ന് അരുൾചെയ്താലും. അർജ്ജുനസഖേ, ശൗരേ, ഹരേ കൃഷ്ണാ, എന്തുതന്നെയായാലും സാധിക്കുവാൻ സംശയമില്ല. മേഘവർണ്ണാ, സർപ്പശ്രേഷ്ഠനിൽ ശയിക്കുന്നവനേ, സമുദ്രങ്ങളെല്ലാം കലക്കിമറിക്കണമെങ്കിൽപ്പോലും ഇന്ന് അങ്ങയുടെ കരുണയുണ്ടെങ്കിൽ ഞാൻ മതിയാകുമെന്ന് തിരുമനസ്സിൽ നന്നായി ധരിച്ചാലും.}
"പത്മാരമണവിഭോ"
ശ്രീകൃഷ്ണന്റെ പദം-രാഗം:കേദാരഗൗഡം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"നിശമയ വാചം മേ നിഖിലഗുണാലയ ഹേ സുപർണ്ണ"
അനുപല്ലവി:
"വിശിദതര സുകീർത്തേ രണധീരാ
 വിവിധഗുണനിലയ വിമതകുലദഹന"
("നിശമയ വാചം മേ നിഖിലഗുണാലയ ഹേ സുപർണ്ണ")
ചരണം1:
"ദേവവൈരിയായീടും ഭൂസുതൻ
 ദേവനിതംബിനിമാരെ ഹരിച്ചു
 കേവലമതുമല്ലവനഥ ധരണീ-
 ദേവവര വിരോധം ചെയ്യുന്നു"
("നിശമയ വാചം മേ നിഖിലഗുണാലയ ഹേ സുപർണ്ണ")
ചരണം2:
"സുരവരനുബഹുപീഡകൾ നൽകിയൊരു
 നരകദാനവന്റെ ഹിംസ ചെയ്‌വാൻ
 വിരവിനൊടു നാം പോകണമയി
 തല്പുരവരത്തിലെന്നറിക നീ സുമതേ"
("നിശമയ വാചം മേ നിഖിലഗുണാലയ ഹേ സുപർണ്ണ")
ചരണം3:
"കപടചരിതനാം സുരരിപുകീടം
 സപരിവാരമഹമിന്നുഹനിപ്പെൻ
 സപദിപന്നഗാരേ ബലശാലിന്ന-
 പരിമിതജവപരാക്രമജലധേ"
("നിശമയ വാചം മേ നിഖിലഗുണാലയ ഹേ സുപർണ്ണ")
{സർവ്വഗുണങ്ങൾക്കും ഇരിപ്പിടമായവനേ, ഹേ ഗരുഢാ, എന്റെ വാക്കു് കേട്ടാലും. ഏറ്റവും പാവനമായ കീർത്തിയോടുകൂടിയവനേ, യുദ്ധധീരാ, വിവിധഗുണങ്ങൾക്ക് ഇരിപ്പിടമായവനേ, ശത്രുക്കൂട്ടത്തിനെ ദഹിപ്പിക്കുന്നവനേ, ദേവവൈരിയാകുന്ന ഭൂമിപുത്രൻ ദേവസ്ത്രീകളെ അപഹരിച്ചു. മാത്രമല്ല, അവൻ ബ്രാഹ്മണശ്രേഷ്ഠരെ പീഢിപ്പിക്കുകയും ചെയ്യുന്നു. ഇന്ദ്രന് ബഹുവിധം ദുഃഖങ്ങൾ നൽകിയൊരു നരകാസുരനെ വധിക്കുവാൻ അവന്റെ പുരത്തിലേയ്ക്ക് ഇപ്പോൾ നമുക്ക് പോകണം. സന്മനസ്സേ, നീ പോരുക. സർപ്പശത്രുവായവനേ, ബലശാലിയായവനേ, അപരിമിതമായ വേഗതയുള്ളവനേ, പരാക്രമസമുദ്രമേ, കപടചരിതനായ ആ അസുരകീടത്തിനെ സപരിവാരം ഞാനിന്ന് നശിപ്പിക്കുന്നുണ്ട്.}
"കേവലമതുമല്ലവനഥ"
ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ച് വലത്തുഭാഗത്തായി പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ ഗരുഢൻ കെട്ടിച്ചാടി കുമ്പിട്ടിട്ട് തൊഴുതു നിൽക്കുന്നു.
ശ്രീകൃഷ്ണൻ‍:(അനുഗ്രഹിച്ചിട്ട്)'എന്നാൽ നമുക്കിനി വേഗം പുറപ്പെടുകയല്ലേ?'
അനുസരിച്ച് വണങ്ങുന്ന ഗരുഢനെ അനുഗ്രഹിച്ചിട്ട് ശ്രീകൃഷ്ണൻ ചാപബാണങ്ങൾ ധരിച്ച് എഴുന്നേറ്റ് ഗരുഢനോടുകൂടി പിന്നോക്കംമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ശ്രീകൃഷ്ണൻ(കലാനി:ഗോപി) ഗരുഢ(കലാ:മുകുന്ദൻ)നോടുകൂടി പുറപ്പെടുന്നു

2 അഭിപ്രായങ്ങൾ:

RamanNambisanKesavath പറഞ്ഞു...

ശ്രുത്വാ മഹേന്ദ്രഗിരം

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

RamanNambisanKesavath ,
പിശകു കാട്ടിത്തന്നതിനു നന്ദി, തിരുത്തിയിട്ടുണ്ട്.