2011, ജൂലൈ 22, വെള്ളിയാഴ്‌ച

നരകാസുരവധം എട്ടാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച രണ്ടാംതരം പച്ചവേഷം), ഇന്ദ്രൻ(കുട്ടിത്തരം പക്ഷിവേഷം)

ശ്ലോകം-രാഗം:മാരധനാശി
"തതഃസ ജിത്വാ നരകാസുരോരണേ
 ശതക്രതും ഛത്രമഥാസ്യ ചാമരേ
 ജഹാര തന്മാതുരുദഗ്രകുണ്ഡലേ
 തദൂചിവാൻ ശ്രീപതയേ സുരാധിപഃ"
{നരകാസുരൻ ഇന്ദ്രനെ യുദ്ധത്തിൽ ജയിച്ചിട്ട് അവന്റെ കുടയും ചാമരങ്ങളും അമ്മയുടെ ഉത്തമമായ കർണ്ണാഭരണങ്ങളും അപഹരിച്ചപ്പോൾ ദേവേന്ദ്രൻ ചെന്ന് ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു.}

ശ്രീകൃഷ്ണൻ വലതുവശത്തായി പീഠത്തിലിരിക്കുന്നു. ഇടത്തുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം ദുഃഖഭാവത്തിൽ പ്രവേശിക്കുന്നു.  പരസ്പരം കാണുന്നതോടെ ഇരുവരും അഭിവാദനം ചെയ്യുന്നു.
ശ്രീകൃഷ്ണൻ:'ഉപവിഷ്ടനായാലും. അങ്ങ് വളരെ ക്ഷീതനായും ദുഃഖിതനായും കാണുന്നുവല്ലോ? കാരണമെന്ത്?'
ഇന്ദ്രൻ:'പറയാം'
ഇന്ദ്രൻ പദാഭിനയം ആരംഭിക്കുന്നു. ശ്രീകൃഷ്ണൻ വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു.

ഇന്ദ്രന്റെ പദം-രാഗം:മാരധനാശി, താളം:അടന്ത(മൂന്നാംകാലം)
പല്ലവി:
"സരസിജവിലോചന ചരണംതാവകമഹം ശരണംഗതോസ്മി മാധവ"
അനുപല്ലവി:
"ശരണാഗതവത്സല ശശിബിംബവരാനന
 കരുണാവാരിധേ മയി കരുണയുണ്ടാകേണം"
ചരണം1:
"സുരവൈരികുലവരനാകും ഭൗമനിന്നഹോ
 സുതരാംബാധകൾ ചെയ്യുന്നു അരുവയർമണികളെ
 അധുനാകൊണ്ടുപോയല്ലോ അനവധി വിരോധങ്ങൾ
 മുനികളോടു ചെയ്യുന്നു"
ചരണം2:
"അധികം ശോഭിതമായ ഛത്രം അത്രയുമല്ല
 അദിതിതന്റെ കുണ്ഡലവും അധമചരിതനാകും
 അവനപഹരിച്ചല്ലോ വിധുകിരണസദൃശ
 ചാമരയുഗളവും"
ചരണം3:
"വീരനാമവനെയിന്നു സംഹരിക്കേണം
 വിശ്വനായക ഭവാൻ കാരണപൂരുഷ
 കമനീയതരാകൃതേ നാരദനുതലീല
 നളിനനാദ ഹേ വിഭോ"
{താമരക്കണ്ണാ, മാധവാ, അവിടുത്തെ ചരണത്തെ ഞാൻ ശരണം പ്രാപിക്കുന്നു. ആശ്രിതവത്സലാ, ചന്ദ്രബിംബാനനാ, കരുണാസമുദ്രമേ, എന്നിൽ കരുണയുണ്ടാകേണമേ. ഹോ! അസുരകുലശ്രേഷ്ഠനായ ഭൗമൻ ഇന്ന് ദേവകൾക്ക് ദുഃഖമുണ്ടാക്കുന്നു. അവൻ ദേവസ്ത്രീകളെ ഇപ്പോൾ പിടിച്ചുകൊണ്ടുപോയി. മുനികളോടും അവൻ അനവധി വിരോധങ്ങൾ ചെയ്യുന്നു. ഏറ്റവും ശോഭിതമായ വെൺകൊറ്റക്കുട മാത്രമല്ല അദിതിമാതാവിന്റെ കുണ്ഡലവും ചന്ദ്രികാഭമായ രണ്ടുചാമരങ്ങളും നീചനായ അവൻ അപഹരിച്ചു. ലോകനായകാ, കാരണപൂരുഷാ, സുന്ദരരൂപാ, നാരദാതികളാലും വന്ദിക്കപ്പെടുന്നവനേ, താമരക്കണ്ണാ, ഹേ പ്രഭോ, വീരനായ അവനെ ഇന്ന് ഭവാൻ സംഹരിക്കേണം.}

"ശരണാഗതവത്സല" (ശ്രീകൃഷ്ണൻ-കലാനി:ഗോപി, ഇന്ദ്രൻ-കലാ:സോമൻ)
പദാഭിനയം കലാശിപ്പിച്ച് ഇന്ദ്രൻ ഇടത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ശ്രീകൃഷ്ണൻ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:അസാവേരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
"നാകനായകശൃണു നലമൊടു മേഗിരം പാകശാസനവീര"
അനുപല്ലവി:
"ശോകം മാ കുരു ഹൃദി ശോഭനതരകീർത്തേ
 നാകവൈരിയായീടും ഭൗമകർമ്മങ്ങൾകൊണ്ടു"
ചരണം1:
"കഷ്ടം ഭൗമദാനവചേഷ്ടിതമഖിലവും
 ശിഷ്ടന്മാരായിടും താപസന്മാരെയും
 പെട്ടന്നു ബാധിച്ചീടുന്ന കഠോരനെ
 ഒട്ടുമെ സംശയമില്ല വധിപ്പതിനു"
ചരണം2:
"ചണ്ഡരണാങ്കണേ ശൗണ്ഡനാംനരകനെ
 ചണ്ഡസുദർശനതേജസാ ഹനിച്ചു ഞാൻ
 ദണ്ഡധരനുനൽകീടുന്നേൻ കണ്ടുകൊൾക
 പണ്ഡിതോത്തമ സുരനായക ധരിച്ചാലും"
{ദേവനായകാ, പാകാസുരനെക്കൊന്ന വീരാ, സമാധാനത്തോടെ എന്റെ വാക്കുകൾ കേട്ടാലും. ശോഭനമായ കീർത്തിയോടുകൂടിയവനേ, ദേവശത്രുവായ ഭൗമന്റെ കർമ്മങ്ങൾകൊണ്ട് മനസ്സിൽ ദുഃഖം കരുതേണ്ടാ. നരകാസുരന്റെ ചെയ്തികളെല്ലാം കഷ്ടംതന്നെ. മഹാത്മാക്കളായ താപസന്മാരേയും പെട്ടന്ന് ദണ്ഡിപ്പിക്കുന്ന ആ കഠോരനെ വധിക്കുവാൻ എനിക്ക് ഒട്ടും സംശയമില്ല. ഘോരമായ രണാങ്കണത്തിൽ വെച്ച് ഘോരമായ സുദർശനതേജസ്സാൽ അവനെ നിഗ്രഹിച്ച് ഞാൻ അന്തകനുനൽകുമെന്ന് അറിഞ്ഞാലും. പണ്ഡിതോത്തമാ, ദേവനായകാ, കണ്ടുകൊൾക.}

"ദണ്ഡധരനുനൽകീടുന്നേൻ കണ്ടുകൊൾക" (ശ്രീകൃഷ്ണൻ-കലാനി:ഗോപി, ഇന്ദ്രൻ-കലാ:സോമൻ)
ശേഷം ആട്ടം-
ശ്രീകൃഷ്ണൻ‍:'അതിനാൽ അങ്ങ് സമാധാനമായി പോയാലും'
ഇന്ദ്രൻ:'എല്ലാം അവിടുത്തെ ദയപോലെ'
ഇരുവരും അഭിവാദ്യംചെയ്ത് പിരിയുന്നു. ഇന്ദ്രനും ഇന്ദ്രനെ യാത്രയാക്കിക്കൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: