2011, ജൂലൈ 15, വെള്ളിയാഴ്‌ച

രുഗ്മിണീസ്വയംവരം ഏഴാം രംഗം


രംഗത്ത്-സുന്ദരബ്രാഹ്മണൻ, രുഗ്മിണി

ശ്ലോകം-രാഗം:മാരധനാശി
"ദ്വിജോഥ സന്ദേശഹരോ യദൂനാം
 പത്യൈ നിവേദ്യാഖിലമേത്യ ഭൂയഃ
 വാക്യാമൃതൈഃ കൃഷ്ണമുഖാദുദീർണ്ണെ-
 സ്സമ്പ്രീണയാമാസ സ രുഗ്മിണീം താം"
{സന്ദേശവാഹകനായ ബ്രാഹ്മണൻ യാദവപതിയോട് എല്ലാം അറിയിച്ചശേഷം തിരിച്ചുവന്ന് ശ്രീകൃഷ്ണമുഖത്തുനിന്നും പൊഴിഞ്ഞ അമൃതസമമായ വാക്യങ്ങളെക്കൊണ്ട് രുഗ്മിണിയെ സന്തോഷിപ്പിച്ചു.}

ഇടത്തുഭാഗത്തായി ചിന്താധീനയായി പീഠത്തിലിരിക്കുന്ന രുഗ്മിണി, വലതുവശത്തുകൂടി കൃതകൃത്യതാഭാവത്തിൽ 'കിടതകധീം,താം' മേളത്തിനൊപ്പം പ്രവേശിക്കുന്ന സുന്ദരബ്രാഹ്മണനെ കാണുന്നതോടെ എഴുന്നേറ്റ് വന്ദിച്ചുനിൽക്കുന്നു. രുഗ്മിണിയെ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മാരധനാശി, താളം:ചെമ്പട(രണ്ടാംകാലം)
സുന്ദരബ്രാഹ്മണൻ:
പല്ലവി:
"ബന്ധൂകബന്ധുരാധരീ സന്താപിക്കായ്ക"
അനുപല്ലവി:
"ചിന്തിതചിന്താമണേ നിൻകാന്തനിങ്ങുവന്നു ബാലേ"
("ബന്ധൂകബന്ധുരാധരീ സന്താപിക്കായ്ക")
ചരണം1:
"സർവ്വഭൂപന്മാരുടെ സംസദി സപദി നിന്നെ
 പാർവ്വണേന്ദു ചാരുമുഖീ പങ്കജാക്ഷൻ കൊണ്ടുപോകും"
("ബന്ധൂകബന്ധുരാധരീ സന്താപിക്കായ്ക")
ചരണം2:^
"അന്തണേന്ദ്രൻ ചൊന്നാലതിനതരം വരുമോ ബാലേ
 എന്തിനിനിൻ കാമമെന്നാൽ ഹന്തഞാനാശു ചെയ്തീടാം"
 ("ബന്ധൂകബന്ധുരാധരീ സന്താപിക്കായ്ക")
{ചെമ്പരത്തിപ്പൂപോലെ ചുവന്ന മനോഹരമായ അധരങ്ങളോടുകൂടിയവളേ, ദു:ഖിക്കേണ്ടാ. ആഗ്രഹിച്ചതൊക്കെ നൽകുന്നതായ 'ചിന്താമണി'യെന്ന ദിവ്യരത്നത്തിന് സമാനമായവളേ, കുട്ടീ, നിന്റെ കാന്തൻ ഇവിടെ എത്തിക്കഴിഞ്ഞു. പൂർണ്ണചന്ദ്രമുഖീ, സകലരാജാക്കന്മാരും നിറഞ്ഞ സദസ്സിൽ വെച്ച് ഉടനെതന്നെ നിന്നെ ആ താമരക്കണ്ണൻ കൊണ്ടുപോകും. കുട്ടീ, ഈ ബ്രാഹ്മണോത്തമൻ ഒന്നുപറഞ്ഞാൽ അതിനുമാറ്റം സംഭവിക്കുമോ? ഹോ! ഇനി നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഞാൻ ഉടനെ ചെയ്യാം.}

[^രണ്ടാം ചരണത്തിന്റെ ആദ്യവരി കാലം താഴ്ത്തിയാണ് ആലപിക്കുക.]
"പങ്കജാക്ഷൻ കൊണ്ടുപോകും" (സുന്ദരബ്രാഹ്മണൻ-കലാ:കെ.ജി.വാസുദേവൻ, രുഗ്മിണി-സദനം വിജയൻ)
രുഗ്മിണി:
ചരണം3:-രാഗം:കാനക്കുറുഞ്ഞി, താളം:ചെമ്പട(രണ്ടാംകാലം)
"പ്രാണദാനം ചെയ്ത തവ പാർത്തുകണ്ടാൽ തരുവാനായ്
 കാണുന്നില്ലേതുമഹോ ഞാൻ കാലിണ കൈവണങ്ങുന്നേൻ"
പല്ലവി:
"മോദഭാരം വളരുന്നധികം മേദിനിദേവ"
{ഹോ! ആലോചിച്ചുനോക്കിയാൽ പ്രാണദാനം ചെയ്ത അങ്ങേയ്ക്ക് തരുവാനായി ഒന്നും കാണുന്നില്ല. കാലിണ വണങ്ങുന്നേൻ. ബ്രാഹ്മണാ, വളരെ സന്തോഷമായി.}
"പ്രാണദാനം ചെയ്ത തവ പാർത്തുകണ്ടാൽ തരുവാനായ്"(സുന്ദരബ്രാഹ്മണൻ-കലാ:കെ.ജി.വാസുദേവൻ, രുഗ്മിണി-സദനം വിജയൻ)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'എനിക്ക് ഒന്നും തരേണ്ടതില്ല. ഭവതി എന്നെ ദൂതനായി ഭഗവാന്റെ സവിധത്തിലേയ്ക്ക് അയച്ചതുതന്നെ മഹാകാര്യം. നിന്നെ കൃഷ്ണനോട് ചേർക്കുവാൻ കഴിഞ്ഞു. ഇതിൽപ്പരം ഭാഗ്യം എന്താണുള്ളത്? മാത്രമല്ല; ഭഗവാന്റെ പവിത്രമായ മേനിയെ കെട്ടിപ്പിടിച്ചുകൊണ്ട് രഥത്തിൽ യാത്രചെയ്യാനും സാധിച്ചു. എനിക്ക് ജന്മസാഭല്യം ഭവിച്ചു. പിന്നെ ഒരു അപേക്ഷയേ ഉള്ളു. ^ഭവതി ശ്രീകൃഷ്ണപത്നിയായി സ്വർഗ്ഗതുല്യമായ ദ്വാരകാപുരിയിലെ മണിമയമായ സൗധത്തിൽ ആനന്ദത്തോടെ കഴിയുന്നകാലത്ത് ഈ സാധുബ്രാഹ്മണൻ കുടുംബഭരണഭാരത്താൽ ക്ഷീതയായ ഭാര്യയും മാറാപ്പുമായി അവിടെ വന്നാൽ, ഒന്നു കണ്ടുവന്ദിക്കാൻ അനുവാദം തരണം. മറ്റൊന്നും എനിക്കു വേണ്ട.'
രുഗ്മിണി:'അങ്ങയെ ഒരുകാലത്തും വിസ്മരിക്കുകയില്ല'
ബ്രാഹ്മണൻ:(പെട്ടന്ന് ആലോചിച്ച് പരിഭ്രമിച്ച് ആത്മഗതമായി)'തേരിൽ വെച്ച്മറന്നുവോ?' (പരിശോധിക്കവെ മടിയിൽ കണ്ട് സമാധാനിച്ച്, ഓല കൈയ്യിലെടുത്തിട്ട് രുഗ്മിണിയോടായി)'ശ്രീകൃഷ്ണൻ ഭവതിക്കു തരുവാൻ ഒരു ലേഖനവും ഏൽപ്പിച്ചിട്ടുണ്ട്. ഇതാ'
രുഗ്മിണി കൈകൾ നീട്ടി ഉത്കണ്ഠയോടെ ഓലവാങ്ങി വായിച്ച് സന്തോഷിച്ച് മാറിൽ ചേർത്ത് രോമാഞ്ചമണിയുന്നു.
ബ്രാഹ്മണൻ:(പരിഭ്രമത്തോടെ)'എന്നാൽ ഞാൻ ഇനി വേഗം പാചകശാലയിലേയ്ക്ക് ചെല്ലട്ടെ. അവിടെ എന്നെ അന്യൂഷിക്കുന്നുണ്ടാവും'
രുഗ്മിണി അനുസ്സരിച്ച് വണങ്ങുന്നു. രുഗ്മിണിയെ സന്തോഷത്തോടെ അനുഗ്രഹിച്ച് ബ്രാഹ്മണനും, കൃതജ്ഞതാഭാവത്തിൽ ബ്രാഹ്മണനെ യാത്രയാക്കിക്കൊണ്ട് രുഗ്മിണിയും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
[^ഈ ആട്ടം"തേനോലുമ്മൊഴി നീ മുകുന്ദസദനേ ശൃംഗാരലീലാപരി-
                        ജ്ഞാനാനന്ദരസംകലർന്നു മണിമൽസൗധേ വസിക്കും ദിധൗ
                        നൂനം ദീന കുടുംബഭാരഭരണം ക്ഷീണപ്രിയാഭാണ്ഡവും
                        ഞാനും വന്നണയും തദാ തവപദംകാണ്മാൻ തരംകിട്ടുമോ?" എന്ന ശ്ലോകത്തിലെ ആശയമാണ്.]

അഭിപ്രായങ്ങളൊന്നുമില്ല: