2011, ജൂലൈ 16, ശനിയാഴ്‌ച

രുഗ്മിണീസ്വയംവരം ആറാം രംഗം

രംഗത്ത്-സുന്ദരബ്രാഹ്മണൻ, ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:സൗരാഷ്ട്രം
"ഇത്ഥം മുഗ്ദ്ധവിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ
 മദ്ധ്യേവാരിധി ബാഡവാനലശിഖാമാലാമിവാലോകിതാം
 ഗത്വാ ദ്വാരവതീം മഹാമരതകസ്ഥൂലോപലാലംകൃതേ
 തിഷ്ഠന്തം പരമാസനേ മുരരിപും പ്രോചേ പ്രസന്നാശയഃ"
{ഇപ്രകാരം സാമോക്തികളെക്കൊണ്ട് മുഗ്ദ്ധവിലോചനയായ രുഗ്മിണിയെ സാന്ത്വനിപ്പിച്ചിട്ട് സന്മനസ്സായ ആ ബ്രാഹ്മണൻ സമുദ്രമദ്ധ്യത്തിൽ ബഡവാഗ്നിജ്വാലാക്കൂട്ടം എന്നപോലെ കാണപ്പെട്ട ദ്വാരകയിലെത്തി മരതകരത്നങ്ങളാൽ അലംകൃതമായ പരമാസനത്തിലിരിക്കുന്ന ശ്രീകൃഷ്ണനോട് പറഞ്ഞു.}

ശ്രീകൃഷ്ണൻ വലത്തുഭാഗത്തായി പീഠത്തിലിരിക്കുന്നു. ഇടതുവശത്തുകൂടി കൈകൾ ശിരസ്സിനുമുകളിൽ കൂപ്പി സ്തുതിപ്പദത്തിന് ചുവടുവെച്ചുകൊണ്ട് സുന്ദരബ്രാഹ്മണൻ പ്രവേശിക്കുന്നു.

ബ്രാഹ്മണന്റെ സ്തുതിപ്പദം-രാഗം:സൗരാഷ്ട്രം, താളം:മുറിയടന്ത
ചരണം1:
"യാദവകുലാവതംസ സുദിതചാണൂരകംസ
 മോദിതപരമഹംസ മോഹനപിഞ്ഛാവരംസ"
{യാദവകുലശ്രേഷ്ഠാ, ചാണൂരനേയും കംസനേയും വധിച്ചവനേ, യോഗിവര്യന്മാരേ ആനന്ദിപ്പിക്കുന്നവനേ, മനോഹരമായ മയിൽപ്പീലി അണിഞ്ഞവനേ}

"യാദവകുലാവതംസ"(ശ്രീകൃഷ്ണൻ-കലാ:മയ്യനാട് രാജീവൻ, സുന്ദരബ്രാഹ്മണൻ-ഫാക്റ്റ് പത്മനാഭൻ)
പദം കലാശിക്കുന്നതോടെ ഇരുവരും പരസ്പരം കാണുന്നു. ശ്രീകൃഷ്ണൻ എഴുന്നേറ്റ് ബ്രാഹ്മണനെ വന്ദിച്ച് ആദരവോടെ വലത്തുവശത്തേയ്ക്ക് ആനയിച്ച്, ഇരിപ്പിടം നൽകിയശേഷം കെട്ടിച്ചാടി കുമ്പിടുന്നു. ബ്രാഹ്മണൻ വലതുഭാഗത്തുവന്ന് അനുഗ്രഹിച്ച്, പീഠത്തിലിരിക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:അടന്ത(മൂന്നാംകാലം)
പല്ലവി:
"മേദിനീദേവ വിഭോ വന്ദേ തവ പാദസരോജയുഗം"
അനുപല്ലവി:
"മോദം മേ വളരുന്നു മനസികാൺകയാൽ നിന്നെ"
ചരണം1:
"ബ്രഹ്മകുലമല്ലോ ഞങ്ങൾക്കു വിധി
 സമ്മതമായൊരു ദൈവതം ബത
 തന്മഹിമാലവംകൊണ്ടു ഞാനുമിഹ
 ധർമ്മരക്ഷ ചെയ്തീടുന്നു മഹാമതേ"
ചരണം2:
"ചിന്തിച്ചതെന്തെന്നതെന്നൊടു ഭവാൻ
 ചിന്തതെളിഞ്ഞരുളീടേണമിന്നു
 എന്തെങ്കിലുമിഹ സാധിച്ചുടുവതി-
 നന്തരായമതില്ല ധരിക്ക നീ"
{ബ്രാഹ്മണോത്തമ, അങ്ങയുടെ പാദപത്മങ്ങളെ വന്ദിക്കുന്നേൻ. അങ്ങയെ കാണുകയാൽ എന്റെ മനസ്സിൽ സന്തോഷം വളരുന്നു. അഹോ! ബ്രാഹ്മണകുലമാണല്ലോ ഞങ്ങൾക്ക് വിധിക്കപ്പെട്ട ദൈവം. മഹാത്മാവേ, നിങ്ങളുടെ മഹിമാലേശം കൊണ്ട് ഞാനിവിടെ ധർമ്മരക്ഷ ചെയ്തീടുന്നു. എന്തുവിചാരിച്ചാണ് ഭവാൻ വന്നതെന്ന് എന്നോടിന്ന് മനസ്സുതുറന്ന് പറഞ്ഞാലും. എന്തുതന്നെയായാലും സാധിക്കുന്നതിന് തടസ്സമില്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും.}

"മേദിനീദേവ വിഭോ" (സുന്ദരബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ശ്രീകൃഷ്ണൻ-കലാ:ഹരിനാരായണൻ)
ബ്രാഹ്മണന്റെ പദം-രാഗം:സൗരാഷ്ട്രം, താളം:മുറിയടന്ത
ചരണം1:
"പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോർക്കു
 സങ്കടങ്ങളകന്നീടും ശങ്കയെന്തതിനു പാർത്താൽ"
ചരണം2:
"വിശ്വനാഥ നിന്നെത്തന്നെ വിശ്വസിച്ചു വാണീടുന്ന
 ആശ്രിതന്മാർക്കു നീതന്നെ ആശ്രയം മറ്റെന്തുചൊല്ലു"
ചരണം3:
"ഇന്ദുമുഖി രുഗ്മിണിതൻ സന്ദേശാൽ നിന്റെ സവിധേ
 നന്ദസൂനോ വന്നുഞാനും നന്ദനീയ ഗുണശീല"
{താമരക്കണ്ണാ, അങ്ങയുടെ പാദസേവ ചെയ്യുന്നോർക്ക് സങ്കടങ്ങൾ അകന്നീടും. ചിന്തിച്ചാൽ അതിനു സംശയമെന്ത്? ലോകനാഥാ, അങ്ങയെത്തന്നെ വിശ്വസിച്ചിരിക്കുന്ന ആശ്രിതന്മാർക്ക് അങ്ങുതന്നെയാണ് ആശ്രയം. പറയൂ, അല്ലാതെ മറ്റെന്താണ്? ചന്ദ്രമുഖിയും അഭിനന്ദിക്കത്തക്ക ഗുണശീലങ്ങളോടുകൂടിയവളുമായ രുഗ്മിണിയുടെ സന്ദേശവുമായാണ് ഞാൻ അങ്ങയുടെ സവിധത്തിൽ വന്നിരിക്കുന്നത്.}

ശ്രീകൃഷ്ണൻ:'അവളുടെ സന്ദേശം എന്താണ്?'
ബ്രാഹ്മണൻ:
ചരണം4:
"സന്തതം ഭവാനെത്തന്നെ കാന്തഭാവേന കാമിനി
 ചിന്തിച്ചങ്ങു വാണീടുന്നു ചിന്തിതഫലസന്താന"
{ആഗ്രഹിച്ചതു നൽകുന്ന കല്പവൃക്ഷമേ, സദാ ഭവാനെത്തന്നെ കാന്തഭാവത്തിൽ ചിന്തിച്ചുകൊണ്ട് ആ സുന്ദരി വാഴുന്നു.}

ശ്രീകൃഷ്ണൻ:(സന്തോഷിച്ച്)'അങ്ങിനെയോ?'
ബ്രാഹ്മണൻ:
ചരണം5:^
"ചേദിപനു നല്കുവാൻ തൽസോദരനും നിശ്ചയിച്ചു
 ഖേദംപൂണ്ടുവാണീടുന്നു കേശവ നിൻ ജീവനാഥ"
ചരണം6:
"നീയവളെ വെടികിലോ ജീവനെ അവൾ വെടിയും
 ഏവം നിന്നോടു പറവാൻ^ ഏണമിഴി അയച്ചിതെന്നെ"
{അവളെ ചേദിരാജാവിനു നല്കുവാൻ അവളുടെ സോദരനും നിശ്ചയിച്ചു. കേശവാ, അങ്ങയുടെ ജീവനാഥ ദുഃഖത്തിൽ മുഴുകി വസിക്കുന്നു. അങ്ങ് അവളെ ഉപേക്ഷിക്കുകയാണെങ്കിൽ അവൾ ജീവൻവെടിയും. ഇപ്രകാരം അങ്ങയോട് പറയുവാൻ മാന്മിഴിയാൾ അയച്ചതാണ് എന്നെ.}

[
^അഞ്ചാംചരണവും ആറാംചരണത്തിലെ 'ഏവം നിന്നോടു പറവാൻ' എന്ന താളവട്ടവും കാലമുയർത്തിയാണ് ആലപിക്കുക.]

സുന്ദരബ്രാഹ്മണൻ പദാഭിനയം കലാശിപ്പിച്ച് മറുപടി അറിയാനുള്ള ആകാംക്ഷയോടും പരിഭ്രമത്തോടുംകൂടി നിൽക്കുന്നു. ശ്രീകൃഷ്ണൻ പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:ബലഹരി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ധരണീസുരവര വന്ദേഹം"
ചരണം1:
"തരുണീമണിയാമെന്നുടെ രമണിയെ
 തരസാ കൊണ്ടിഹ പോന്നീടുന്നേൻ"
("ധരണീസുരവര വന്ദേഹം")
{ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ വന്ദിക്കുന്നേൻ. സുന്ദരീരത്നമായ എന്റെ പ്രിയതമയെ ഉടനെ ഇങ്ങോട്ട് കൊണ്ടുപോരുന്നുണ്ട്.}

ബ്രാഹ്മണൻ:(കൃഷ്ണന്റെ മറുപടി അനുകൂലമാണന്ന് മനസ്സിലാക്കി ആശങ്കനീങ്ങി സന്തോഷിച്ച് തുടയ്ക്കടിച്ച്, പീഠത്തിൽ ഇരുന്നശേഷം)'ഓ, മതി. സമാധാനമായി'
ശ്രീകൃഷ്ണൻ:
ചരണം2:
"കേസരിവരനുടെ ഭാഗമിതോർക്കിൽ
 കേവലമൊരു ജംബുകനതുവരുമോ"
("ധരണീസുരവര വന്ദേഹം")
ചരണം3:
"മുരശാസനനുടെ വിക്രമമതു തവ
 വിരവൊടു കാണാമധിരണമധുന"
("ധരണീസുരവര വന്ദേഹം")
ചരണം4:
"പാർത്ഥിവവരരുടെ ചീർത്തമദം യുധി
 കൂർത്തശരംകൊണ്ടിഹ തീർത്തീടാം"
("ധരണീസുരവര വന്ദേഹം")
ചരണം5:
"അലമലമിഹ ബഹുവിധ വചനേന
 നലമൊടു പോകനാം കുണ്ഡിനനഗരേ"
("ധരണീസുരവര വന്ദേഹം")
{ചിന്തിച്ചാൽ, സിംഹശ്രേഷ്ഠനുള്ള ഭാഗം നിസ്സാരനായൊരു കുറുക്കന് കിട്ടുമോ? മുരാന്തകന്റെ വിക്രമം അങ്ങേയ്ക്കിപ്പോൾ യുദ്ധത്തിൽ നന്നായി കാണാം. രാജശ്രേഷ്ഠന്മാരുടെ മുഴുത്ത അഹങ്കാരം മൂർച്ഛയുള്ള ശരങ്ങൾകൊണ്ടിപ്പോൾ യുദ്ധത്തിൽ തീർത്തേക്കാം. മതി, മതി, ഇപ്പോൾ ബഹുവിധം പറയുന്നതെന്തിന്? നമുക്ക് നിർബാധം കുണ്ഡിനനഗരത്തിലേയ്ക്ക് പോകാം.}

"കേസരിവരനുടെ"(സുന്ദരബ്രാഹ്മണൻ-കലാ:കെ.ജി.വാസുദേവൻ, ശ്രീകൃഷ്ണൻ-സദനം ഭാസി)
ശേഷം ആട്ടം-
ശ്രീകൃഷ്ണൻ:(ബ്രാഹ്മണനെ വന്ദിച്ചിട്ട്)'എന്നാൽ നമുക്ക് ഉടനെ പുറപ്പെടുകയല്ലെ?'
ബ്രാഹ്മണൻ:'അങ്ങിനെതന്നെ.'
ശ്രീകൃഷ്ണൻ:('അഡ്ഡിഡ്ഡിക്കിട' വെച്ചുനിന്ന് ഇടത്തായി സൂതനെക്കണ്ട്, അനുഗ്രച്ചിട്ട്)'എടോ സൂതാ, എന്റെ രഥം വേഗത്തിൽ തയ്യാറാക്കി കൊണ്ടുവന്നാലും' (സൂതനെ അനുഗ്രഹിച്ചയച്ച്, വീണ്ടും 'അഡ്ഡിഡ്ഡിക്കിട' ചവുട്ടിനിന്ന് വലത്തുഭാഗത്തായി ഭൃത്യനെ കണ്ട്, അനുഗ്രഹിച്ചിട്ട്)'ഞാൻ രുഗ്മിണിയെ വിവാഹംകഴിക്കുവാനായി കുണ്ഡിനപുരിയിലേയ്ക്ക് പോകുന്ന വിവരം അച്ഛനമ്മമാരെ അറിയിച്ചാലും' (ഭൃത്യനെ അനുഗ്രഹിച്ചയച്ചശേഷം 'അഡ്ഡിഡ്ഡിക്കിട' വെച്ചുനിന്ന് ഇടത്തായി സൂതനെക്കണ്ട്)'കൊണ്ടുവന്നുവോ?' (സൂതന്റെ മറുപടി ശ്രവിച്ചിട്ട് രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ചശേഷം)'നില്ക്കൂ' (തിരിഞ്ഞ് ബ്രാഹ്മണനോടായി)'രഥം ഇതാ കൊണ്ടുവന്നിരിക്കുന്നു. ഇനി നമുക്ക് അതിൽ കയറി പോവുകയല്ലേ?'
ബ്രാഹ്മണൻ:(പരിഭ്രമിച്ച്)'ങേ, ഞാനോ? ഇല്ല, ഇല്ല'
ശ്രീകൃഷ്ണൻ:'കാരണമെന്ത്?'
ബ്രാഹ്മണൻ:'എനിക്ക് തേരിൽ സഞ്ചരിച്ച് ശീലമില്ല. ഭയമാണ്'
ശ്രീകൃഷ്ണൻ:'എന്നാൽ തേരിന്റെ ഈ കൊടിമരത്തിൽ പിടിച്ച് ഇരുന്നുകൊള്ളു'
ബ്രാഹ്മണൻ:(കൊടിമരം നോക്കിക്കണ്ട്, ഭയപ്പെട്ട്)'വയ്യ! വയ്യ! രഥം ഉരുണ്ട് പായുമ്പോൾ കൊടിമരം ഉലഞ്ഞ് വീണാൽ എന്റെ കഥ കഴിയും'
ശ്രീകൃഷ്ണൻ:(പുഞ്ചിരിച്ചിട്ട്)'എന്നാൽ അങ്ങ് എന്നെ മുറുകെപ്പിടിച്ച് ഇരുന്നുകൊള്ളു.'
ബ്രാഹ്മണൻ:(അത്ഭുതപ്പെട്ട്)'അവിടുത്തേയോ? ഞാനോ? ഹോ!' (പുളകം നടിച്ചിട്ട്, ആത്മഗതമായി)'ഇതിൽപ്പരം ഒരു ഭാഗ്യം എന്താണ്?' (ശ്രീകൃഷ്ണനോടായി)'ഓഹോ, ആവാം, ആവാം'
ശ്രീകൃഷ്ണൻ:'എന്നാൽ കയറിയാലും' (കൈയ്യിൽ പിടിച്ച് പുറപ്പെടാൻ തുടങ്ങവെ ബ്രാഹ്മണൻ പരുങ്ങുന്നതു കണ്ട്)'ഉം? എന്താണ് സംശയിക്കുന്നത്?'
ബ്രാഹ്മണൻ:'ഞാൻ ചെന്ന് രുഗ്മിണിയെ വിവരം അറിയിക്കുമ്പോൾ അവൾക്ക് വിശ്വാസം വരുമോ?'
ശ്രീകൃഷ്ണൻ:'അതിനു എന്താണ് ചെയ്യുക?'
ബ്രാഹ്മണൻ:(പരുങ്ങലോടെ)'അവിടുത്തെ ശംഖുമുദ്രയോടുകൂടിയ ഒരു...കുറിപ്പ്...കൊടുത്താൽ...'
ശ്രീകൃഷ്ണൻ:'ഓ, അങ്ങിനെയോ? തരാം'
ശ്രീകൃഷ്ണൻ ഇടത്തേയ്ക്കുതിരിഞ്ഞ് ഓലയും എഴുത്താണിയും എടുത്ത് ഒന്നാലോചിച്ചശേഷം നാലുവരി എഴുതുന്നു. ഒന്ന് വായിച്ചശേഷം ശംഖുമുദ്രകുത്തി ബ്രാഹ്മണനെ ഏൽപ്പിക്കുന്നു. ബ്രാഹ്മണൻ ഓലവാങ്ങി ഭക്തിപൂർവ്വം മുഖത്തും മാറിലും ചേർത്തശേഷം ഭദ്രമായി മടിയിൽതിരുകി സൂക്ഷിക്കുന്നു.
ശ്രീകൃഷ്ണൻ:'എന്നാൽ ഇനി പുറപ്പെടുകയല്ലേ?'
ബ്രാഹ്മണൻ:'അങ്ങിനെതന്നെ'
ശ്രീകൃഷ്ണൻ:(ഇടത്തുഭാഗത്തേയ്ക്കു തിരിഞ്ഞ് സൂതനോടായി)'രഥം കുണ്ഡിനപുരിയിലേയ്ക്ക് വഴിപോലെ തെളിച്ചാലും'
ശ്രീകൃഷ്ണൻ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ബ്രാഹ്മണന്റെ കൈകോർത്തുപിടിച്ച് രഥത്തിലേയ്ക്ക് ചാടിക്കയറുന്നു. രഥത്തിൽ സഞ്ചരിക്കുന്ന ഭാവത്തിൽ പിന്നോട്ട് കാൽകുത്തിമാറി ശ്രീകൃഷ്ണനും, ശ്രീകൃഷ്ണനെ മുറുകെ കെട്ടിപ്പിടിച്ചനിലയിൽ ബ്രാഹ്മണനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: