2011, ജൂലൈ 17, ഞായറാഴ്‌ച

രുഗ്മിണീസ്വയംവരം അഞ്ചാം രംഗം

രംഗത്ത്-രുഗ്മിണി, സുന്ദരബ്രാഹ്മണൻ(ഒന്നാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:എരിക്കലകാമോദരി
"ഇതി ബഹു വിലപ്യൈഷാ ഭൂഷാവിശേഷപരാങ്മുഖീ
 കിമപി ധരണീദേവം ദേവീകൃപാകുലചേതസം
 സപദി സവിധം നീത്വാ നത്വാ തദീയ പദാംബുജം
 പ്രമദകരിണീയാതാ ദീനാ ജഗാദ മനോഗതം"
{മദിച്ച പിടിയാനയുടെ നടയോടുകൂടിവളായ ആ രുഗ്മിണീദേവി വിശേഷപ്പെട്ട ആഭരണങ്ങളിൽ വിമുഖിയായിട്ട് ഇപ്രകാരം വളരെ വിലപിച്ചശേഷം ഉടനേതന്നെ കൃപാലുവായ ഒരു ബ്രാഹ്മണനെ  തന്റെ സവിധത്തിലേയ്ക്കുവരുത്തി അദ്ദേഹത്തിന്റെ പദാംബുജത്തെ നമിച്ചിട്ട് ദീനതയോടെ തന്റെ മനോരഥത്തെ അറിയിച്ചു.}

ദുഃഖിതയായ രുഗ്മിണി ഇടത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. സുന്ദരബ്രാഹ്മണൻ വലതുവശത്തുകൂടി പതിഞ്ഞ 'കിടതകധിം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്നു.
ബ്രാഹ്മണൻ:(ആത്മഗതമായി)'രാജപുത്രി എന്നോട് വരുവാൻ പറഞ്ഞത് എന്തിനാണാവോ? ഉം, ചെന്നുകണ്ട് അറിയുകതന്നെ'

'വരുവാൻ പറഞ്ഞത് എന്തിനാണാവോ?' (സുന്ദരബ്രാഹ്മണൻ-ഫാക്റ്റ് പത്മനാഭൻ, രുഗ്മിണി-കോട്ട:വാസുദേവൻ)
ഇരുവരും പരസ്പരം കാണുന്നതോടെ രുഗ്മിണി എഴുന്നേറ്റ് ആദരവോടെ ബ്രാഹ്മണനെ വലതുഭാഗത്തേയ്ക്ക് ആനയിച്ചിരുത്തുന്നു. ബ്രാഹ്മണൻ വലതുവശത്തുവന്ന് പീഠത്തിൽ ഇരിക്കുന്നു. രുഗ്മിണി അദ്ദേഹത്തെ മുട്ടുകുത്തി വന്ദിക്കുന്നു.
ബ്രാഹ്മണൻ:(സൂക്ഷിച്ചുനോക്കിക്കൊണ്ട് അനുഗ്രഹിച്ചശേഷം)'നിന്റെ മുഖം ഇങ്ങിനെ വാടിയിരിക്കുവാൻ കാരണമെന്ത്?'
രുഗ്മിണി:'എല്ലാം പറയാം'
രുഗ്മിണി പദാഭിനയം ആരംഭിക്കുന്നു.

രുഗ്മിണിയുടെ പദം-രാഗം:എരിക്കലകാമോദരി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ഭൂമിസുരവര വന്ദേ ഭൂരികൃപാനിധേ"
അനുപല്ലവി:
"സാമോദം നിൻ പദാംബുജം
 സാദരം പാഹിമാം"
("ഭൂമിസുരവര വന്ദേ ഭൂരികൃപാനിധേ")
{ബ്രാഹ്മണശ്രേഷ്ഠാ, അളവറ്റ കൃപയ്ക്ക് ഇരിപ്പിടമായവനേ, മോദത്തോടും ആദരവോടുംകൂടി അങ്ങയുടെ പാദപത്മങ്ങളെ വന്ദിക്കുന്ന എന്നെ രക്ഷിക്കേണമേ.}

ബ്രാഹ്മണൻ:(അനുഗ്രഹിച്ച്)'നിനക്ക് സർവ്വദാ മംഗളം ഭവിക്കട്ടെ'
രുഗ്മിണി:
ചരണം1:
"നിന്നുടെ പാദപങ്കജമെന്നിയേ മേ പാർത്താൽ
 അന്യമൊരു ഗതി നഹി മാന്യഗുണരാശേ"
("ഭൂമിസുരവര വന്ദേ ഭൂരികൃപാനിധേ")
{മാനിക്കപ്പെടേണ്ടുന്ന ഗുണങ്ങൾക്ക് വിളനിലമായവനേ, നിന്നുടെ പാദപത്മമല്ലാതെ എനിക്ക് മറ്റൊരു ആശ്രയവുമില്ല.}

ബ്രാഹ്മണൻ:'നിന്റെ ദുഃഖത്തിന് കാരണം എന്താണ്?'
രുഗ്മിണി:
ചരണം2:
"ശൈശവേ തുടങ്ങി ഞാനും ആശയെ ഉറച്ചു
 കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നു"
("ഭൂമിസുരവര വന്ദേ ഭൂരികൃപാനിധേ")
{ശൈശവം മുതൽക്കുതന്നെ കേശവനാണ് എന്റെ നാഥൻ എന്നു മനസ്സിലുറപ്പിച്ചുകൊണ്ടാണ് കഴിയുന്നത്}

ബ്രാഹ്മണൻ:'ഉചിതമായി, സ്വർണ്ണം രത്നത്തോടുതന്നെ ചേരണം. ഇപ്പോൾ തടസമെന്താണ്?'
രുഗ്മിണി:
ചരണം3:
"എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ
 ഇന്നു രുഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ"
("ഭൂമിസുരവര വന്ദേ ഭൂരികൃപാനിധേ")
{ഹോ! എന്നെ ശിശുപാലനു നൽകുവാൻ ഇന്ന് രുഗ്മി നിശ്ചയിച്ചിരിക്കുന്നു. ഞാൻ എന്തു ചെയ്യട്ടെ?}

ബ്രാഹ്മണൻ:(ഞെട്ടിയിട്ട്)'അങ്ങിനെയോ? കഷ്ടംതന്നെ. ഞാനിപ്പോൾ ചെയ്യേണ്ടതെന്ത്?'
രുഗ്മിണി:
ചരണം4:
"മല്ലവൈരിയോടെന്നുടെ അല്ലലശേഷം
 ചൊല്ലീടുക മഹീസുരതല്ലജ വൈകാതെ
("ഭൂമിസുരവര വന്ദേ ഭൂരികൃപാനിധേ")
{ബ്രാഹ്മണശ്രേഷ്ഠാ, എന്റെ സങ്കടങ്ങളെല്ലാം വൈകാതെ ചെന്ന് ശ്രീകൃഷ്ണനോട് പറഞ്ഞാലും.}
 

ബ്രാഹ്മണൻ:'പറയാം, പറയാം, ഒട്ടും താമസമില്ല'
"കേശവൻ നാഥനെന്നല്ലോ"(സുന്ദരബ്രാഹ്മണൻ-കലാ: ചെമ്പക്കര വിജയൻ, രുഗ്മിണി-കലാ:മുകുന്ദൻ)
 ബ്രാഹ്മണന്റെ പദം-രാഗം:കാമോദരി, താളം:മുറിയടന്ത
പല്ലവി:
"ചിത്തതാപമരുതേ ചിരംജീവ മത്തവാരണഗതേ"

"ചിത്തതാപമരുതേ"(സുന്ദരബ്രാഹ്മണൻ-കലാ:കൃഷ്ണൻനായർ)
അനുപല്ലവി:
"അത്രനിന്നുഗമിച്ചു യദുകുലസത്തമനോടു ചൊല്ലാമിതെല്ലാം"
ചരണം1:
"ഭക്തജനങ്ങളിലിത്ര കൃപാകുലചിത്തനായ് ഭുവനേ
 ഉൾത്തളിരിങ്കൽനിനയ്ക്ക പരൻനഹി മിത്രമതായ് കദനേ
 അത്തലൊഴിഞ്ഞിനി വാഴുക മോദമോടതി മഞ്ജുവദനേ
 വൃഥാബത"
ചരണം2:^
"ചേദിമഹീപതി ആദികളായുള്ള മേദിനീപാലന്മാരേ
 മേദുരബാണങ്ങളെക്കൊണ്ടു സംസദി ഭേദിച്ചുടൻ സമരേ
 മോദമോടുനിന്നെ കൊണ്ടുപോം മുകുന്ദൻ ദ്വാരവതിനഗരേ
 വൃഥാബത"
ചരണം3:
"കൊണ്ടൽനേർവർണ്ണനെക്കണ്ടുനിന്നുടയ ഇണ്ടലാശുപറവൻ
 കൊണ്ടൽവേണീ തവകാന്തസന്ദേശവും കൊണ്ടുവന്നുതരുവൻ
 രണ്ടുപക്ഷമതില്ല ഭൂസുരനു കണ്ടുകൊൾക വരുവൻ
 വൃഥാബത"
{മദിച്ച ആനയെപ്പോലെ നടക്കുന്നവളേ, മനസ്സിൽ ദുഃഖിക്കരുതേ. നീണാൾ വാഴുക. ഇവിടെനിന്നും പോയി യാദവശ്രേഷ്ഠനോട് ഇതെല്ലാം പറയാം. ഭക്തജനങ്ങളിൽ ഇത്ര കാരുണ്യചിത്തനായും ദുഃഖത്തിൽ മിത്രമായും ലോകത്തിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയാലും. മധുരവാണീ, ദുഃഖമൊഴിഞ്ഞ് ഏറ്റവും മോദത്തോടെ വസിക്കുക. ദുഃഖം വെറുതെയാണ്. ശിശുപാലാദികളായുള്ള രാജാക്കന്മാരെ സഭയിൽ വെച്ച് യുദ്ധത്തിൽ ക്രൂരശരങ്ങളാൽ ഭേദിച്ച് ഉടൻ മോദത്തോടെ നിന്നെ ദ്വാരകാനഗരത്തിലേയ്ക്ക് കൊണ്ടുപോകും മുകുന്ദൻ. കാർമേഘവർണ്ണനെ കണ്ട് ഉടനെ നിന്റെ സങ്കടങ്ങൾ പറയാം. കാർവേണിയാളേ, നിന്റെകാന്തന്റെ സന്ദേശവും കൊണ്ടുവന്നുതരാം. അതിന് ഈ ബ്രാഹ്മണന് രണ്ടുപക്ഷമില്ല. വരുന്നത് കണ്ടുകൊൾക.}

[
^രണ്ടാം ചരണത്തിലെ ആദ്യരണ്ടുവരികൾ മാത്രം കാലമുയർത്തിയാണ് ആലപിക്കുക]
"മത്തവാരണഗതേ" (സുന്ദരബ്രാഹ്മണൻ-കലാ: ചെമ്പക്കര വിജയൻ, രുഗ്മിണി-കലാ:മുകുന്ദൻ)
ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ച് പീഠത്തിലിരിക്കുന്ന ബ്രാഹ്മണനെ രുഗ്മിണി മുട്ടുകുത്തി വന്ദിക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിക്കുന്നു.
രുഗ്മിണി:'ഭഗവാൻ എന്നെ സ്വീകരിക്കുമെന്ന് അങ്ങേയ്ക്ക് ഉറപ്പുണ്ടോ?'
ബ്രാഹ്മണൻ:'സംശയമെന്താണ്? ലോകനാഥനായ ശ്രീകൃഷ്ണൻ തന്റെ ഭക്തരെ ഒരു കാലത്തും ഉപേക്ഷിക്കുകയില്ല. പണ്ട് ഗോപസ്ത്രീകളുടെ ആഗ്രഹം സാധിച്ചുകൊടുത്തത് അറിവില്ലേ? പണ്ട് അനവധി ഗോപസ്ത്രീകൾ ഭഗവാനെ ഭർത്താവായികിട്ടുവാൻ ആഗ്രഹിച്ചുകൊണ്ട് യമുനാതീരത്തിൽ ചെന്ന് വ്രതം അനുഷ്ഠിച്ചു. ഒരിക്കൽ, പൂനിലാവുള്ള മനോഹരമായ ഒരു രാത്രിയിൽ ഓരോ ഗോപസ്ത്രീയുടെ മുന്നിലും ഓരോ കൃഷ്ണനായി പ്രത്യക്ഷപ്പെട്ട് ഭഗവാൻ അവരുടെയെല്ലാം ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുത്തു. അങ്ങിനെയുള്ള ശ്രീകൃഷ്ണൻ ലക്ഷ്മീസമാനയായ ഭവതിയെ ഉപേക്ഷിക്കുമോ? ഇല്ല, അതിനു സംശയമില്ല.'
രുഗ്മിണി:'എല്ലാം അങ്ങയുടെ കാരുണ്യം പോലെ വരട്ടെ'
ബ്രാഹ്മണൻ:'ഒട്ടും സംശയം വേണ്ട. ഞാൻ അവിടുത്തെ കൂട്ടിക്കൊണ്ടുവരും. ഭവതി സന്തോഷത്തോടുകൂടി വസിച്ചാലും'
രുഗ്മിണി ബ്രാഹ്മണനെ വീണ്ടും വന്ദിക്കുന്നു. രുഗ്മിണിയെ അനുഗ്രഹിച്ച് ബ്രാഹ്മണനും ബ്രാഹ്മണനെ യാത്രയാക്കിക്കൊണ്ട് രുഗ്മിണിയും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: