2011, ജൂലൈ 17, ഞായറാഴ്‌ച

രുഗ്മിണീസ്വയംവരം നാലാം രംഗം


രംഗത്ത്-രുഗ്മിണി(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ദ്വിജാവന്തി
"പ്രദാനം ചേദിനാം പ്രഭവതുരിതി പ്രേമപരയാ
 കദാചിൽ പ്രോക്താ സാ രഹസി നിജസഖ്യാ വിധുമുഖീ
 പ്രസർപ്പൻ ബാഷ്പാംഭസ്നപിതകുചകുംഭാതിവിവശാ
 സ്മരന്തീ ഗോവിന്ദം വ്യലപദധികം തീവ്രരുജയാ"
{ചേദിരാജാവായ ശിശുപാലനാണ് തന്നെ നൽകാൻപോകുന്നത് എന്ന് സ്നേഹമുള്ളവളായ ഒരു സഖി പറഞ്ഞറിഞ്ഞ ചന്ദ്രമുഖിയായ രുഗ്മിണി ഒഴുകുന്ന കണ്ണുനീരിനാൽ നനയ്ക്കപ്പെട്ട കുചകുംഭങ്ങളോടുകൂടിയവളും അതിവിവശയുമായി തീവ്രദുഃഖത്തോടെ ശ്രീകൃഷ്ണനെ സ്മരിച്ചുകൊണ്ട് വളരെ വിലപിച്ചു.}

തിര താഴ്ത്തുമ്പോൾ രുഗ്മിണി തീവ്രദുഃഖിതയായി രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരിക്കുന്നു. കണ്ണുനീരൊപ്പിയശേഷം രുഗ്മിണി ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

രുഗ്മിണിയുടെ വിലാപപദം-രാഗം:ദ്വിജാവന്തി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ദൈവമേ എന്തിനി ചെയ്‌വതിന്നധുനാ
 ഏവം വരുമെന്നതു ചിന്തചെയ്തീലഹോ"
ചരണം1:
"ദേവകീനന്ദനൻ ജീവനാഥനെന്നു
 ഭാവിച്ചിരുന്നു ശിശുഭാവേപി ഞാനഹോ"
ചരണം2:
"അന്തരംഗേ മമ സന്തതം വാഴുന്ന
 കാന്തൻ മമ താന്തതാം ഹന്ത കഥയറിയാഞ്ഞു"
ചരണം3:
"കരുണാനിധേ മയി കരുണ ചെയ്യായ്കിലോ
 ശരണമിന്നാരെനിക്കരുണാംബുജേക്ഷണ"
ചരണം4:
"ചെന്താമരാക്ഷനെ ചേർന്നീടും നീയെന്നു
 അന്തണർ ചൊന്നതും അനൃതമായ് വന്നിതോ"
ചരണം5:
"നന്ദാത്മജനെന്റെ നാഥനായ് വരുവതിനു
 ഇന്ദുചൂഡപ്രിയേ വന്ദേ ഭവാനി"
{ദൈവമേ, ഇന്നിപ്പോൾ എന്താണുചെയ്യുക? ഹോ! ഇങ്ങിനെ വരുമെന്ന് വിചാരിച്ചതേയില്ല. ഹോ! ദേവകീപുത്രനാണ് ജീവനാഥനെന്ന് ഞാൻ കുട്ടിക്കാലം മുതൽക്കെ വിചാരിച്ചിരുന്നു. കഷ്ടം! സദാ എന്റെ ഉള്ളിൽ വാഴുന്ന കാന്തൻ എന്റെ വൈവശ്യം എന്തേ അറിയാഞ്ഞു? കാരുണാനിധേ, ചെന്താമരക്കണ്ണാ, എന്നിൽ കരുണചെയ്യായ്കിൽ എനിക്കാരാണ് ശരണം? 'ചെന്താമരാക്ഷനോട് ചേർന്നീടും നീ' എന്ന് ബ്രാഹ്മണർ പറഞ്ഞതും അസത്യമായി വന്നിതോ? ഇന്ദുചൂഡപ്രിയേ, ഭവാനീ, ശ്രീകൃഷ്ണൻ എന്റെ ഭർത്താവായി വരുവാൻ ഞാനിതാ വന്ദിക്കുന്നേൻ.}
"ദൈവമേ എന്തിനി ചെയ്‌വതിന്നധുനാ" (രുഗ്മിണി-സദനം വിജയൻ)
പദം കഴിഞ്ഞാൽ രുഗ്മിണി ഭക്തിപൂർവ്വം പ്രാർത്ഥിച്ചുകൊണ്ട് കൈകൂപ്പി ഇരിക്കുന്നു.
 ('കിടതകധീം,താം' മേളം)
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: