2011, ജൂലൈ 27, ബുധനാഴ്‌ച

നരകാസുരവധം ഒന്നാം രംഗം

രംഗത്ത്- ശ്രീകൃഷ്ണൻ, കൃഷ്ണപത്നിമാർ

ശ്ലോകം-രാഗം:തോടി
"ആരാമമാസാദ്യ ജനാർദ്ദനസ്തദാ
 വാസന്തികൈഃ പുഷ്പഫലൈസ്സമാവൃതം
 മനോഭാവേനാഭിനിവേശിതാശയോ
 ജഗാദ വാചം ദയിതാ മുദാന്വിതഃ"
{അപ്പോൾ ശ്രീകൃഷ്ണൻ വസന്തകാലത്തിലുണ്ടാവുന്ന പുഷ്പഫലങ്ങളെക്കൊണ്ട് നിറഞ്ഞ ഉദ്യാനത്തെ പ്രാപിച്ചിട്ട് കാമാവിഷ്ടചിത്തനായി സന്തോഷത്തോടുകൂടി പത്നിമാരോട് പറഞ്ഞു.}

ഇരുവശങ്ങളിലുമുള്ള പത്നിമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് 'കിടതകധീം,താം'മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ മുന്നോട്ടുവന്ന് പത്നിമാരെ ഇരുവശങ്ങളിലുമായി നിർത്തിയിട്ട് ഇരുവരേയും പ്രത്യേകം നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:തോടി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ"
അനുപല്ലവി:
"പഞ്ചശരകേളിതന്നിൽ വാഞ്ഛ മേ വളർന്നീടുന്നു"
ചരണം1:
"ഫുല്ലകുന്ദമന്ദാരാദി പുഷ്പജാലങ്ങൾ കണ്ടിതോ
 കല്യാണശീലമാരാകും കാമിനിമാരേ സരസം"
("ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ")
ചരണം2:
"കണ്ട തണ്ടലർതന്മധുവുമുണ്ടുടൻ മദംകലർന്നു
 വണ്ടുകൾ മുരണ്ടീടുന്നു തണ്ടാർശരൻ വിലസുന്നു"
("ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ")
ചരണം3:
"ആനനചന്ദ്രസുധയെ സാനന്ദം തരിക നിങ്ങൾ
 സൂനശര വിലാസങ്ങൾ മാനിനിമാരേ ചെയ്യേണം"
("ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ")
{ചഞ്ചലാക്ഷിമാരേ, മോദത്തോടുകൂടി എന്റെ അരികിൽ വരിക. എനിക്ക് കാമകേളിയിൽ ആസക്തി വർദ്ധിക്കുന്നു. സുശീലകളായ സുന്ദരിമാരേ, കുരുക്കുത്തിമുല്ല, മന്ദാരം ആദിയായ പുഷ്പക്കൂട്ടങ്ങൾ വിടർന്നുനിൽക്കുന്നത് കണ്ടില്ലേ? ചില പൂക്കളുടെ തേനുമുണ്ട് മത്തുപിടിച്ച വണ്ടുകൾ മുരളുന്നു. കാമൻ വിലസുന്നു. മുഖചന്ദ്രനിലുള്ള അമൃതിനെ ആനന്ദത്തോടെ നിങ്ങൾ എനിക്ക് തരിക. സുന്ദരികളേ, നമുക്ക് മാരലീലയാടാം.}

പദം കലാശിച്ച് ശ്രീകൃഷ്ണൻ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരിക്കുന്നു. ഇരുവശങ്ങളിലുമായി നിൽക്കുന്ന പത്നിമാർ ഒരുമിച്ച് പദം അഭിനയിക്കുന്നു.

കൃഷ്ണപത്നിമാടെ മറുപടിപ്പദം-രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"നിശമയ വചനമിദം മൽ പ്രാണനാഥ"
അനുപല്ലവി:
"വിശദപുണ്യചരിത വിനതജനസന്താന
 ശശിസദൃശസുവദന സാമോദമിന്നു"
("നിശമയ വചനമിദം മൽ പ്രാണനാഥ")
ചരണം1:
"അംഗജമാൽ കൊണ്ടിന്നു അംബുജദളനേത്ര
 അംഗം തളർന്നീടുന്നഹോ മൽ പ്രാണനാഥമ
 അംഗം പുണരുവതിനൻപോടുവരിക നീ
 അംഗജസമാനാകാര സാമോദമിന്നു"
("നിശമയ വചനമിദം മൽ പ്രാണനാഥ")
ചരണം2:
"മലയമാരുതരഥേ മനസിജൻ കരയേറി
 മലർശരനിര തൂകുന്നു കലയേ ഹൃദയേ തവ
 കാരുണ്യമയി കാന്ത വലമഥനസഹോദര
 സാമോദമിന്നു"
("നിശമയ വചനമിദം മൽ പ്രാണനാഥ")
{പ്രാണനാഥാ, പുണ്യചരിതാ, വണങ്ങുന്നജനങ്ങൾക്ക് കല്പവൃക്ഷമായുള്ളവനേ, ചന്ദ്രസമാനമായ മുഖത്തോടുകൂടിയവനേ, ഞാൻ പറയുന്നത് സന്തോഷത്തോടുകൂടി ശ്രവിച്ചാലും. താമരക്കണ്ണാ, പ്രാണനാഥാ, ഹോ! കാമപീഡകൊണ്ട് എന്റെ ശരീരം തളരുന്നു. കാമസമാനാകാരാ, അവിടുന്ന് ശരീരത്തെ പുണരുവാനായി സന്തോഷത്തോടെ വന്നാലും. മലയമാരുതമാകുന്ന രഥത്തിലേറിവന്ന് കാമൻ പൂവമ്പുകൾ ചൊരിയുന്നു. കാന്താ, ഇന്ദ്രസഹോദരാ, ഇന്ന് അങ്ങയുടെ ഹൃദയത്തിൽ സന്തോഷത്തോടുകൂടി എന്നിൽ കാരുണ്യത്തെ ചെയ്താലും.}

ശേഷം ആട്ടം-
ശ്രീകൃഷ്ണൻ:(എഴുന്നേറ്റ് ഇരുവരേയും പുണർന്നിട്ട്)'അല്ലയോ പത്നിമാരേ, എന്നാൽ നമുക്കിനി ഓരോരോ കാമകേളികൾ ചെയ്യുകയല്ലേ'
പത്നിമാരുടെ അനുസരണകേട്ട് ശ്രീകൃഷ്ണൻ അവരെ ഇരുവശങ്ങിലുമായി നിർത്തി കൈകോർത്തുപിടിച്ചുകൊണ്ട് പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

കഥകളിക്കു താങ്കള്‍ നല്‍കുന്ന സേവനം പുതിയ ആസ്വാദകരെ സൃഷ്ടിക്കുവാന്‍ സാധിക്കട്ടെ.