2011, ജൂലൈ 27, ബുധനാഴ്‌ച

നരകാസുരവധം രണ്ടാം രംഗം

രംഗത്ത്- ഇന്ദ്രൻ(കുട്ടിത്തരം പച്ചവേഷം), ദേവസ്ത്രീകൾ(2കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:നവരസം
"സുരഭില കുസുമൈർവ്വിരാജമാനം
 സുരപതിരേത്യവനം സ നന്ദനാഖ്യം
 രതിപതിസദൃശോ ജഗാദ വാണീം
 നിജരമണീസ്തരുണീ: കദാചിദേവം"
{ഒരിക്കൽ കാമസദൃശനായ ആ ദേവേന്ദ്രൻ സൗരഭ്യമാർന്ന പൂക്കളെക്കൊണ്ട് ശോഭിക്കുന്നതായ നന്ദനവനത്തിൽ പ്രവേശിച്ചിട്ട് തന്റെ കാമിനിമാരോട് ഇപ്രകാരം പറഞ്ഞു.}

ഇരുവശങ്ങളിലുമുള്ള നായികമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ഇന്ദ്രൻ സാവധാനം മുന്നോട്ടുവന്ന് സ്ത്രീകളെ ഇരുവശങ്ങളിലുമായി നിർത്തിയിട്ട് ഇരുവരേയും പ്രത്യേകം നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രന്റെ സൃഗാരപ്പദം-രാഗം:നവരസം, താളം:ചെമ്പട(ഒന്നാംകാലം)
പല്ലവി:
"ദേവനിതംബിനിമാരേ കേൾപ്പിൻ സാവധാനം മമ വചനം"
അനുപല്ലവി:
"കേവലമിന്നു മമ രതികേളിചെയ്‌വാൻ
 ഭാവം വളർന്നീടുന്നു മനതാരിൽ"
ചരണം1:(രണ്ടാംകാലം)
"നന്ദനവനമിതു കണ്ടില്ലേ
 ഹൃദയാനന്ദവുമിതു കണ്ടാൽ വളരുന്നു
 ഇന്ദിരാമനോഹരിമാരേ വരികരികിൽ
 ഇന്നുപുണർന്നീടേണം വൈകാതെ"
("ദേവനിതംബിനിമാരേ
കേൾപ്പിൻ സാവധാനം മമ വചനം")
{ദേവസുന്ദരിമാരേ, സാവധാനം എന്റെ വചനം കേൾപ്പിൻ. കാമകേളികൾ ചെയ്യുവാൻ എന്റെ മനസ്സിൽ ആഗ്രഹം വളരുന്നു. ഈ നന്ദനവനത്തെ കണ്ടില്ലേ? ഇത് കണ്ടാൽ ഹൃദയത്തിൽ ആനന്ദം വളരുന്നു. ലക്ഷ്മിയെപ്പോലെ മനോഹരികളായവരേ, ഇന്ന് അരികിൽ വരിക. വൈകാതെ ആലിംഗനം ചെയ്തീടേണം.}

പദം കലാശിച്ച് ഇന്ദ്രൻ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരിക്കുന്നു. ദേവസ്ത്രീകൾ ഒരുമിച്ച് പദം അഭിനയിക്കുന്നു.

ദേവസ്ത്രീകളുടെ മറുപടിപ്പദം-രാഗം:പുന്നാഗവരാളി, താളം:അടന്ത
പല്ലവി:
"ശൃണു ഹേ ദേവരാജ വിഭോ മാമകഗിരം"
ചരണം1:
"മനസിജസദൃശസ്വരൂപ വലമഥന 

 നിങ്കലതിമോദം  മനസി വളർന്നീടുന്നധുനാ 
 മേ മഹിതഗുണനിലയ
 മാനിത ഗുണഗണ"
ചരണം3:
"വദനകമലമധു പാനംചെയ്‌വാൻ
 വളരുന്നു ഹൃദിമോദം മദനവിശിഖതതി
 കൃതശോകം മേ മാധവസോദര
 കളകയി സമ്പ്രതി"
{ഹേ ദേവരാജാ, പ്രഭോ, എന്റെ വാക്കുകൾ ശ്രവിച്ചാലും. കാമസദൃശരൂപാ, വലമഥനാ, മഹത്തായ ഗുണഗണങ്ങൾക്ക് ഇരിപ്പിടമായവനേ, മാനിക്കപ്പെടുന്ന ഗുണങ്ങളോടുകൂടിയവനേ, സന്തോഷം ഏറ്റവും വളരുന്നു. മുഖമാകുന്ന താമരയിൽനിന്നും തേൻ കുടിക്കുവാൻ എന്റെ മനസ്സിൽ ആഗ്രഹം വളരുന്നു. മാധവസോദരാ, കാമബാണമേറ്റിട്ടുള്ള എന്റെ ശോകത്തെ അങ്ങ് തീർത്താലും.}

ഇന്ദ്രന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
"മല്ലലോചനമാർകുലതല്ലജേ ഹേ രംഭേ
 നല്ലൊരുഗാനംചെയ്താലും ഉല്ലാസേന ബാലേ"
{സുന്ദരിമാരുടെ കൂട്ടത്തിൽ ശ്രേഷ്ഠേ, ഹേ രംഭേ, ബാലികേ, ഉല്ലാസത്തോടെ നല്ലൊരു ഗാനം ആലപിച്ചാലും.}

ദേവസത്രീകളുടെ കുമ്മിപ്പദം-രാഗം:ഊശാനി,താളം:മുറിയടത
ചരണം1:
"ജയജയ ലോകാധിനാഥ വിഭോ
 ജയജയ പാകനിഷൂദന ഭോ
 ജയജയ രൂപവിനിന്ദിതമന്മഥ
 ജയ സുരനായക വന്ദാമഹേ"
ചരണം2:
"നാകനിതംബിനിമാരേ നാം
 നവരസനടനങ്ങൾ ചെയ്തീടേണം
 പാകാരിതന്നുടെ മാനസതാരിൽ
 പരിചിനൊടാനന്ദമുണ്ടാക്കേണം"
ചരണം3:
"ചിത്രമഹോ തവ നടനമിദം
 ചിത്തജമോഹനദിവ്യലീലേ
 ചിത്രലേഖേ തവ ലാസ്യമിതുപോലെ
 യിത്രിലോകത്തിങ്കലില്ല ധന്യേ"
ചരണം4:
"മേനകേ തോഴി നീ ഗാനം ചെയ്ക
 മാനിനിമാർകുലമൗലിമാലേ
 ഞാനിന്നു നിന്നുടെ ഗാനാനുകൂലമായ്
 മാനിച്ചു നർത്തനം ചെയ്തീടുന്നേൻ"
{ലോകാധിനാഥാ, പ്രഭോ, ജയിച്ചാലും ജയിച്ചാലും. അസുരനാശനാ, പ്രഭോ, ജയിച്ചാലും ജയിച്ചാലും. കാമനെവെല്ലുന്ന രൂപത്തോടുകൂടിയവനേ, ജയിച്ചാലും ജയിച്ചാലും. ദേവനായകാ, ജയിച്ചാലും. അങ്ങയെ വന്ദിക്കുന്നേൻ. ദേവസുന്ദരിമാരേ, നാം നവരസനടനങ്ങൾ ചെയ്തിടേണം. അസുരശത്രുവിന്റെ മനസ്സിൽ ആനന്ദത്തെ ഉണ്ടാക്കണം. കാമമോഹിനിയായ ദിവ്യലീലേ, ഹോ! നിന്റെ ഇപ്രകാരമുള്ള നടനം വിചിത്രമായിരിക്കുന്നു. ചിത്രലേഖേ, ധന്യേ, നിന്റെ ഈ ലാസ്യം പോലെ മറ്റൊന്ന് മൂന്നുലോകങ്ങളിലും ഇല്ല. മേനകേ, തോഴീ, സുന്ദരിമാരുടെ കൂട്ടത്തിന് ശിരോലങ്കാരമായുള്ളവളേ, നീ ഗാനമാലപിച്ചാലും. ഞാനിന്ന് നിന്റെ ഗാനത്തിന് അനുകൂലമായി നർത്തനം ചെയ്തീടാം.}

ശേഷം ആട്ടം-
ഇന്ദ്രൻ:
(എഴുന്നേറ്റ് ഇരുവരേയും പുണർന്നിട്ട്)'അല്ലയോ കാമിനിമാരേ, നിങ്ങളുടെ നടനം ഏറ്റവും കേമമായിരിക്കുന്നു. ഇനി അല്പം വിശ്രമിച്ചിട്ട് കേളികൾ തുടരാം'
ദേവസ്ത്രീകളുടെ അനുസരണകേട്ട് ദേവേന്ദ്രൻ അവരെ ഇരുവശങ്ങിലുമായി നിർത്തി കൈകോർത്തുപിടിച്ചുകൊണ്ട് സാവധാനം പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: