2011, ജൂലൈ 24, ഞായറാഴ്‌ച

നരകാസുരവധം ആറാം രംഗം (ചെറിയ നരകാസുരൻ)

രംഗത്ത്- (ചെറിയ)നരകാസുരൻ(ഒന്നാംതരം കത്തിവേഷം), വിഭ്രമി(കുട്ടിത്തരം സ്ത്രീവേഷം) നിണം(നിണമണിഞ്ഞ^ നക്രതുണ്ഡി)

ശ്ലോകം-രാഗം:പാടി
"നിവേദിതാ ദേവവരായ സാദരം
 യാദാ ജയന്തേന നിശാചരീകഥാ
 തതഃസ്വപുര്യാം നരകാസുരോവസൻ
 ജഗാതവാചം ദയിതാം രതോത്സുകഃ"
{രാക്ഷസിയുടെ കഥ ജയന്തനാൽ ആദരവോടുകൂടി ദേവേന്ദ്രനോട് പറയപ്പെട്ട സമയത്ത് സ്വപുരിയിൽ വസിക്കുന്ന നരകാസുരൻ കാമോത്സുകനായി പത്നിയോടു പറഞ്ഞു.}

മേലാപ്പ്, ആലവട്ടങ്ങൾ എന്നിവയോടുകൂടി നരകാസുരന്റെ സൃഗാരഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം പത്നിയെ ആലിംഗനം ചെയ്തു് രംഗമദ്ധ്യത്തിൽ നിന്നുകൊണ്ട് നരകാസുരൻ തിരതാഴ്ത്തുന്നു. മുന്നിൽ ഉദ്യാനം കണ്ട്, ഭംഗിനടിച്ചിട്ട് നരകാസുരൻ പത്നിയെ കണ്ണുകൊണ്ട് കാട്ടിക്കൊടുക്കുന്നു.
നരകാസുരൻ:(പത്നിയെ വിടർത്തിനിർത്തിയിട്ട്)'അല്ലയോ പ്രിയേ, നമുക്ക് ഉദ്യാനത്തിലേയ്ക്ക് പോവുകയല്ലേ?'
പത്നിയുടെ അനുസരണകേട്ട് തൃപ്തിനടിച്ചിട്ട് നരകാസുരൻ അവളെ ആലിംഗനം ചെയ്തുകൊണ്ട് പതിഞ്ഞ'കിടതകധിം,താം'മേളത്തിനൊപ്പം മുന്നോട്ട് നീങ്ങുന്നു. തുടർന്ന് ഉദ്യാനത്തിലെത്തിയനിലയിൽ പത്നിയെ ഇടത്തുഭാഗത്തേയ്ക്ക് വിടർത്തിനിർത്തി അവളെ നോക്കിക്കണ്ടുകൊണ്ട് നരകാസുരൻ പദാഭിനയം ആരംഭിക്കുന്നു.

നരകാസുരന്റെ സൃഗാരപ്പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാംകാലം)
പല്ലവി:
"ബാലികമാർമൗലീമാലേ ബാലചന്ദ്രഫാലേ
 ചാലവേകേൾക്ക മേഗിരം ശാതോദരി ജായേ"

"ബാലികമാർമൗലീമാലേ"(ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, വിഭ്രമി-കലാ:അരുൺ)

"ബാലചന്ദ്രഫാലേ"(ചെറിയനരകാസുരൻ-കീഴ്പ്പടം കുമാരൻനായർ, വിഭ്രമി-കലാ:മുകുന്ദൻ)
ചരണം1:
"കേകികളുടെ നല്ല^ കേളികൾ കണ്ടിതോ
 കോകഹംസകുരരങ്ങൾ സമ്മോദം തേടുന്നു"
{ബാലികമാരുടെ ശിരോഅലങ്കാരമായുള്ളവളേ, ബാലചന്ദ്രസമാനമായ നെറ്റിത്തടത്തോടുകൂടിയവളേ, സുന്ദരീ, പ്രിയതമേ, എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. മയിലുകളുടെ നല്ല കളികൾ കണ്ടില്ലെ? ചക്രവാകപക്ഷികൾ, ഹംസങ്ങൾ, ഞാറപ്പക്ഷികൾ എന്നിവ ആനന്ദിക്കുന്നു.}

"കേകികളുടെ നല്ല കേളികൾ" (ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, വിഭ്രമി-കലാ:അരുൺ)

"കേകികളുടെ നല്ല കേളികൾ" (ചെറിയനരകാസുരൻ-കോട്ട:ദേവദാസ്, വിഭ്രമി-കലാഭവൻ:ഗണേഷ്)
[^"കേകികളുടെ നല്ല കേളികൾ" എന്നഭാഗത്ത് നരകാസുരൻ മയിലുകളുടെ നൃത്തം വിസ്തരിച്ച് പകർന്നാടും. 'കേകിയാട്ടം' എന്ന ഒരു നൃത്തവിശേഷമാണിത്. *]

വിഭ്രമിയുടെ മറുപടിപ്പദം-രാഗം:എരിക്കിലകാമോദരി, താളം:അടന്ത(മൂന്നാംകാലം)
പല്ലവി:
"വാരിജേക്ഷണ ശൃണു മമ വചനം ശാരദശശിവദന"
അനുപല്ലവി:
"വാരിജശരസമ നിന്നെ കാൺകയാലേ
 മാരമാൽ പെരുകീടുന്നെന്നുടെ മാനസേ"
ചരണം1:
"ചെന്താർബാണകേളികൾ ചന്തമോടുചെയ്‌വതി-
 നന്തികേ വരികെന്റെ ബന്ധുരാകാര
 പന്തൊക്കും കുളിർമുല പുണരുക സാദരം
 ബന്ധുകാധരം നുകർന്നൻപോടു സുമതേ"
{താമരക്കണ്ണാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയോടുകൂടിയവനേ, എന്റെ വാക്കുകൾ ശ്രവിച്ചാലും. കാമതുല്യാ, ഭവാനെ കാണുകയാൽ എന്റെ മനസ്സിൽ കാമവേദന പെരുകുന്നു. സുന്ദരശരീരാ, ഭംഗിയായി കാമകേളികളാടുവാനായി എന്റെ അരുകിലേയ്ക്കു് വന്നാലും. സുമതേ, ദയയോടെ പന്തിനൊക്കുന്ന കുളിർമുല പുണർന്ന് വഴിപോലെ ചെമ്പരത്തിപ്പൂപോലുള്ള അധരം നുകർന്നാലും.}

"ചെന്താർബാണകേളികൾ" (ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, വിഭ്രമി-കലാ:അരുൺ)
ശേഷം ആട്ടം-
നരകാസുരൻ:(ആത്മഗതമായി)'ഹോ! ഈ ലോകത്തിൽ ഇവൾക്കുതുല്യം സൗന്ദര്യമുള്ളവൾ വേറെ ആര്? ഞങ്ങളെപ്പോലെ^ നടത്തത്തിന് ഭംഗിയുണ്ടായിട്ട് മറ്റാരുമില്ലെന്ന് ഹംസങ്ങൾക്ക് ഒരു ഗർവ്വുണ്ട്. ഇവളുടെ ഗമനഭംഗി വിചാരിച്ചാൽ ഹംസങ്ങളുടെ ഗർവ്വ് വൃഥാവിൽ തന്നെ. പിന്നെ, കുയിലുകൾ ഞങ്ങളെപ്പോലെ ശബ്ദഗുണം വേറെയാർക്കും ഇല്ലെന്ന് അഹങ്കരിക്കുന്നു. ഇവളുടെ ശാരീരഗുണം വിചാരിച്ചാൽ കുയിലുകൾ മൗനം ദീക്ഷിക്കണം. പിച്ചകപൂവിന് തന്നോളം മാർദ്ദവം മറ്റൊന്നിനുമില്ലെന്ന് ഗർവ്വുണ്ട്. ഇവളുടെ ദേഹമാർദ്ദവം വിചാരിച്ചാൽ പിച്ചകപ്പൂകൂടി കരിങ്കല്ലുപോലെ തോന്നും. ഇവളുടെ ദേഹകാന്തി വിചാരിച്ചാൽ ശ്രീഭഗവതി കാഷായമുടുത്ത് സംന്യസിക്കണം. ഇത്ര സൗന്ദര്യമുള്ള ഇവളെ ഭാര്യയായി ലഭിച്ചത് എന്റെ ഭാഗ്യംതന്നെ. കഷ്ടം! ലക്ഷ്മിയെജയിക്കുന്നവളായ ഇവൾ സമീപത്ത് വസിക്കുമ്പോൾ ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരുവാനായി ഞാൻ നക്രതുണ്ഡിയെ നിയോഗ്ഗിച്ചുവല്ലോ?' (ലജ്ജനടിച്ചിട്ട്)'ഉം, ആകട്ടെ.'

[
^ഈ ആട്ടം "അസ്യാശ്ചേൽ ഗതിസൗകുമാര്യമധുനാ ഹംസസ്യഗർവ്വെരലം
                    സല്ലാപോയദി സാദ്ധ്യതാം പരഭൃതൈർവ്വാചം യമത്വവ്രതം
                    അംഗാനാമകഠോരതാ യദിദൃഷൽ പ്രായൈവ സാ മാലതീ
                    കാന്തിശ്ചേൽ കമലാ കിമത്രബഹുനാ കാഷായമാലംബ്യതാം" എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.*]

തുടർന്ന് നരകാസുരൻ എഴുന്നേറ്റ് പത്നിയെ ആലിംഗനം ചെയ്യുന്നു. ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുമ്പോൾ അവിചാരിതമായി എന്തോ ശബ്ദം കേട്ട് ശ്രദ്ധിക്കുന്ന നരകാസുരൻ 'എന്തെങ്കിലും ആകട്ടെ' എന്ന് മുഖംകൊണ്ട് ഭാവിച്ച് വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കുന്നു.
നരകാസുരൻ‍:(വീണ്ടും ശബ്ദംകേട്ട് ആത്മഗതമായി)'ഒരു ശബ്ദം കേൾക്കുന്നതെന്ത്?' (വിണ്ടും ശ്രദ്ധിച്ചശേഷം ആശ്വസിച്ചിട്ട്)'എന്തെങ്കിലും ആകട്ടെ. എനിക്കെന്ത്?' (വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കവെ അത്യുഗ്രത്തിൽ ശബ്ദം കേട്ടതായി നടച്ച് ഉടൻ പത്നിയെ വിടർത്തിനിർത്തിയിട്ട് ആത്മഗതമായി)'ഒട്ടും നിസാരമല്ല' (ഒന്നാലോചിച്ചശേഷം)'എന്തായാലും വേഗം പോയി അറിയുകതന്നെ' (ചിരിച്ചുകൊണ്ട് പത്നിയോടായി)'അല്ലയോ പ്രിയേ, ഈ കേൾക്കുന്ന ശബ്ദം എന്താണെന്ന് ഞാൻ പോയി അറിയട്ടെ. നീ അന്തപ്പുരത്തിൽ പോയി സുഖമായി ഇരുന്നാലും.'

നരകാസുരൻ(കോട്ട:കേശവൻ കുണ്ഡലായർ) ശബ്ദം കേട്ട് ശ്രദ്ധിക്കുന്നു
നരകാസുരൻ പത്നിയെ ആലിംഗനം ചെയ്ത് അയയ്ക്കുന്നു. വിഭ്രമി വണങ്ങി നിഷ്ക്രമിക്കുന്നു. പത്നിയെ അയച്ചശേഷം വാൾധരിച്ചുകൊണ്ട് മുന്നോട്ടേയ്ക്ക് ഓടിവരുന്നു.
നരകാസുരന്റെ ശബ്ദവർണ്ണന ആട്ടം-
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്നിട്ട്)'അതിഭയങ്കരമായ ശബ്ദം കേൾക്കുന്നതെന്ത്?' (ആലോചിച്ചിട്ട്)'പർവ്വതങ്ങൾ തമ്മിൽ കൂട്ടിമുട്ടിയിട്ടുള്ള ശബ്ദമാണോ?' (ചിന്തിച്ചുറപ്പിച്ചിട്ട്)'അല്ല. പണ്ട് ഇന്ദ്രൻ തന്റെ വജ്രായുധംകൊണ്ട് പർവ്വതങ്ങളുടെ ചിറക്' (ഇന്ദ്രനായിഭാവിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ചിട്ട്)'എവിടെ? എവിടെ?' (തിരഞ്ഞുനോക്കി ഇരുവശങ്ങളിലുമായി പർവ്വതങ്ങളെ കണ്ട്, ഓരോന്നിനെയായി ഓടിച്ചെന്നുപിടിച്ച് ചിറകുകൾ വെട്ടിക്കളഞ്ഞ് അവയെ അവിടെത്തന്നെ സ്ഥാപിച്ചിട്ട് നരകാസുരനായി)'ഇപ്രകാരം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത് പർവ്വതങ്ങളുടെ ശബ്ദമല്ല. പിന്നെയെന്ത്?' (ചിന്തിച്ചിട്ട്)'സമുദ്രത്തിൽ ജലം നിറഞ്ഞ് തിരമാലകളോടുകൂടിയുള്ള ശബ്ദമാണോ?' (വീണ്ടും ആലോചിച്ചുറപ്പിച്ചിട്ട്)'അല്ല. പണ്ട് ഊ(ഔ)ർവ്വരൻ എന്ന മഹർഷി, സമുദ്രത്തിൽ വർദ്ധിക്കുന്ന ജലം ഭക്ഷണമാക്കി നിശ്ചയിച്ച് ബഡവാഗ്നിയെ സമുദ്രമദ്ധ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ സമുദ്രത്തിന്റെ ശബ്ദമല്ല. പിന്നെ എന്ത്?' (ആലോചിച്ചുനിൽക്കെ അതികഠോരമായ ശബ്ദം കേട്ട് രൂക്ഷഭാവത്തിൽ)'ചെവിപൊട്ടിത്തെറിക്കുന്നതെന്ത്? എന്തായാലും അറിയുകതന്നെ'
നരകാസുരന്റെ രൂപവർണ്ണന ആട്ടം-
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'വെച്ചിട്ട് വലതുവശത്തുള്ള പീഠത്തിൽ കയറി ഇടത്തുഭാഗത്ത് ദൂരേയ്ക്ക് ദൃഷ്ടിയുറപ്പിച്ച് ആലോചനയോടുകൂടി)'ദൂരെ ഒരു ശോഭകാണുന്നതെന്ത്?
*(പീഠത്തിൽ നിന്നും ചാടിയിറങ്ങി ഇടതുകോണിലേയ്ക്ക് ഓടിചെന്ന് സൂക്ഷിച്ചുനോക്കിയശേഷം വീണ്ടും പിന്നോക്കം വന്ന് ഇടംകാൽ പീഠത്തിലുയർത്തിവെച്ചുനിന്ന് ഇടത്തുഭാഗത്തേയ്ക്കുതന്നെ നോക്കിക്കൊണ്ട്)'ഒരു സ്ത്രീയുടെ മൂക്കും കാതും മുലകളും ഛേദിക്കപ്പെട്ട് നിണമണിഞ്ഞ് വരികയാണ്. ഇവൾ ആര്?' (വീണ്ടും ഓടി ഇടത്തുകോണിലേയ്ക്കുവന്ന് ഉദ്വേഗത്തോടെ നോക്കിയിട്ട്)'ഏ? എന്റെ കൽപ്പനയോടുകൂടി സ്വർഗ്ഗത്തിലേയ്ക്കുപോയ നക്രതുണ്ഡിയോ?' (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയശേഷം പെട്ടന്ന് പിന്നോട്ടുചാടിനിന്നിട്ട്)'അതെ, അതെ. കഷ്ടം! ഇവളെ ഇപ്രകാരം ചെയ്തതാര്? അറിയുകതന്നെ'

നരകാസുരൻ പിന്നിൽ വലതുകോണിൽനിന്നും വാൾകുത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ ഇടത്തുകോണിലേയ്ക്കുഓടി വരുന്നു. നക്രതുണ്ഡിയെ മാടിവിളിച്ചുകൊണ്ട് തിരിച്ച് പിന്നിലേയ്ക്കുവരുന്നു. ഇപ്രകാരം മൂന്നുപ്രാവിശ്യം നരകാസുരൻ വിളിക്കുമ്പോഴേക്കും, 'അയ്യയ്യയ്യോ' എന്നു നിലവിളിച്ചുകൊണ്ടും രണ്ടുസഹായികളുടെ തോളിൽ കയ്യിട്ടുകൊണ്ടും സദസ്യർക്കിടയിലൂടെ വരുന്ന നിണം(നിണമണിഞ്ഞ
^ നക്രതുണ്ഡി) രംഗത്തേയ്ക്കു പ്രവേശിച്ച്^ നരകാസുരനെ വണങ്ങി വലത്തുഭാഗത്തായി നിലത്തിരുന്ന് കരയുന്നു.
നരകാസുരൻ:(അനുഗ്രഹിച്ചശേഷം നക്രതുണ്ഡിയെ നന്നായി നോക്കിക്കണ്ടിട്ട്)'കഷ്ടം! ഇപ്രകാരം ചെയ്തത് ആര്? വേഗം പറഞ്ഞാലും.'
നക്രതു
ണ്ഡി ഇരുന്നുകൊണ്ടുതന്നെ അവ്യക്തമായി മുദ്രകൾ കാട്ടിക്കൊണ്ട് പദം ആടുന്നു.

[^നിണമണിയല്‍- ഉണക്കലരിയും മഞ്ഞളും അരച്ചതും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്ത് ജലത്തില്‍ കലക്കി, പാകത്തില്‍ കാച്ചിക്കുറുക്കിയെടുക്കുന്ന രക്തസമാനമായ ചാന്താണ് ‘നിണം’. പച്ചപ്പാള കുമ്പിള്‍കുത്തി അതില്‍ നിണം നിറച്ച് മാറില്‍ വെച്ചുകെട്ടിയിട്ട് അതിന്റെ കൂര്‍ത്ത അഗ്രം മുറിച്ചുവെയ്ക്കുന്നു(മുല ച്ഛേദിച്ചിക്കപ്പെട്ട മാതിരി). കുരുത്തോലയുടെ ഈര്‍ക്കിലിയോടുകൂടിയ ഭാഗം ചീന്തിയെടുത്ത് ചങ്ങലപോലെ നിര്‍മ്മിച്ച് തുണിചുറ്റി,അത് നിണത്തില്‍ മുക്കി മുലയിലും മൂക്കിലും തൂങ്ങിക്കിടക്കുന്നരീതിയില്‍ കെട്ടിയിടുന്നു(മൂക്കും മുലയും ച്ഛേദിക്കപ്പെട്ട് ഞരമ്പും കുടലും പുറത്തുചാടിയ മാതിരി). നിണത്തില്‍ മുക്കിയ കച്ചതുണികള്‍ ഉടുക്കുകയും പുതക്കുകയും ചെയ്യുന്നു. കരിയുടെ മുടിയിലും ചുവന്ന തുണിചുറ്റുന്നു.ഇങ്ങിനെയാണ് നിണമണിയുക.]

നക്രതുണ്ഡിയുടെ പദം^-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:
"ഭൂസുത വീര മഹാരഥ രിപു-
 ഭീഷണ ബഹുപരാക്രമ
 ആശുവന്നെന്നെ നീ പാലിച്ചീടേണം
 ഭാസുരവിഗ്രഹ സാദരം"
ചരണം2:
"ഇന്നു ഭാവനുടെ ശാസനം കൊണ്ടു
 ചെന്നു ഞാനിന്ദ്രപുരത്തിൽ
 കന്നൽമിഴിമാരെ കൊണ്ടുപോരുന്നേരം
 വന്നു ശതമഖസൂനുവും
 എന്നുടെ നാസാകുചയുഗങ്ങളെ
 നന്നായ് ഛേദിച്ചതും കാൺകെടോ"
{ഭൂമിപുത്രാ, വീരാ, മഹാരഥാ, ശത്രുക്കൾക്ക് ഭയമുളവാക്കുന്നവനേ, മഹാപരാക്രമാ, സുന്ദരരൂപാ, പെട്ടന്നുവന്ന് എന്നെ നീ വഴിപോലെ രക്ഷിച്ചാലും. ഇന്ന് ഭവാന്റെ ആജ്ഞയനുസ്സരിച്ച് ഞാൻ ഇന്ദ്രപുരത്തിൽ ചെന്ന് സുന്ദരിമാരെ കൊണ്ടുപോരുന്നേരം ഇന്ദ്രപുത്രൻ വന്ന് എന്റെ മൂക്കും മുലകളും നന്നായി മുറിച്ചത് കണ്ടാലും.}

നരകാസുരൻ-കലാ:രാമൻകുട്ടിനായർ, നിണം-നെല്ലിയോട് വാസുദേവൻ നമ്പൂതിരി
നരകാസുരൻ:'ആകട്ടെ, നീ വ്യസനിക്കേണ്ടാ. ഇനി ഞാൻ പറയുന്നത് കേട്ടാലും'
നരകാസുരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദം ആടുന്നു.

നരകാസുരന്റെ പദം
^-രാഗം:ഭൈരവി, താളം:ചെമ്പട
ചരണം1:
"മാനിനിമാർമൗലിമണേ ദീനത നിനക്കുചെയ്തു
 വാനവർനാഥതനയനെ കൊല്ലുവതിനു
 മാനസേ സന്ദേഹമില്ല"
ചരണം2:
"എന്നുടയ ഭുജബലം മന്നിലും വിണ്ണവർപുരി
 തന്നിലും പാതാളമതിലും വിശ്രുതം പാർത്താൽ
 നന്നുനന്നിസ്സാഹസകർമ്മം"
ചരണം3:
"അഷ്ടദിക്ക്പാലന്മാരും ഞെട്ടുമെന്നുടയഘോര-
 മട്ടഹാസം കേട്ടീടുന്നേരം അത്രയുമല്ല
 പൊട്ടുമഷ്ടശൈലങ്ങളെല്ലാം"
ചരണം4:
"ഹന്ത തവ സന്താപം ഞാൻ അന്തരമെന്നിയേ തീർത്തു
 സന്തോഷം നൽകീടുന്നുണ്ടഹോ ആയതിന്നു
 കിന്തുതാമസം പോയീടുന്നേൻ"
{സുന്ദരിമാരുടെ ശിരോരത്നമേ, നിനക്ക് ദുഃഖത്തെചെയ്ത ദേവനാഥന്റെ പുത്രനെ കൊല്ലുന്നതിന് എന്റെ മനസ്സിൽ സന്ദേഹമില്ല. എന്റെ കരബലം ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും പ്രശസ്തമാണ്. ഇന്ന് ഓർത്താൽ ഈ കർമ്മം പ്രയാസമില്ലാത്തതാണ്. അഷ്ടദിക്ക്പാലന്മാരേയും ഞെട്ടിക്കുന്ന എന്റെ ഘോരാട്ടഹാസം കേൾക്കുമ്പോൾ അഷ്ടശൈലങ്ങളും പൊട്ടും. കഷ്ടം! ഹോ! നിന്റെ സന്താപം തടസമില്ലാതെ തീർത്ത് ഞാൻ സന്തോഷം നൽകുന്നുണ്ട്. അതിനെന്തു താമസം? പോവുകയാണ്.}

[
^നക്രതുണ്ഡിയുടേയും നരകാസുരന്റേയും ഈ പദങ്ങൾ  സാധാരണയായി ചൊല്ലിയാടാറില്ല. പദത്തിന്റെ ആശയത്തിന്റെ ചുരുക്കം ആട്ടത്തിലൂടെ അവതരിപ്പിക്കുകയേയുള്ളു. അതികഠിനമായ വേദനയാല്‍ പുളയുന്നതിനിടയില്‍ എങ്ങിനെയൊക്കെയൊ വിവരമറിയിക്കുന്ന നക്രതുണ്ഡിയും, കാര്യമറിയാന്‍ വെമ്പല്‍കൊള്ളുന്ന നരകാസുരനുമാണല്ലൊ രംഗത്ത്. ഈ സന്ദര്‍ഭത്തിന്റെ ഭാവതീവ്രതക്ക് കോട്ടം തട്ടാതിരിക്കാനാണ് ഇവിടെ പദങ്ങൾ ഒഴിവാക്കുന്നത്.]

ശേഷം ആട്ടം-
നരകാസുരൻ:'എന്നാൽ മതിയോ?' (നക്രതുണ്ഡിയുടെ സമ്മതം കേട്ടിട്ട്) 'എന്നാൽ പോയാലും'
നരകാസുരൻ അനുഗ്രഹിച്ച് നക്രതുണ്ഡിയെ യാത്രയാക്കുന്നു. നക്രതുണ്ഡി നിഷ്ക്രമിക്കുന്നു. 


[^നിണം അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു. നിണമണിഞ്ഞ് നക്രതുണ്ഡി രംഗത്തുവരുന്നില്ലായെങ്കിൽ നിണംവരവ് കണ്ടതായി നടിച്ച് നരകാസുരൻ നക്രതുണ്ഡി പറയുന്നത് കേട്ടാടുകയാണ്* പതിവ്.
നരകാസുരന്റെ കേട്ടാട്ടം-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം നരകാസുരൻ 'വരുന്നു' എന്നുകാട്ടി പിന്നോട്ടുമാറി തന്റെ കാൽക്കൽ നക്രതുണ്ഡിവീണതായി നടിച്ച്, ഇടംകൈകൊണ്ട് അനുഗ്രഹിച്ചശേഷം അവളെ നോക്കിക്കാണുന്നു.
നരകാസുരൻ:'കഷ്ടം! നിന്നെ ഇപ്രകാരം ചെയ്തതതാര്? വേഗം പറഞ്ഞാലും' (അവൾ പറയുന്നത് കേൾക്കുന്നതായി നടിച്ച് ഏറ്റുപറയുന്നതുപോലെ ലഘുമുദ്രയിൽ)'ഇന്ദ്രപുത്രൻ...ജയന്തൻ...ഇങ്ങിനെ...ചെയ്തു...എന്നോ?' (പരിഹാസത്തോടെ)'ഛീ, മിണ്ടിപ്പോകരുത്. ഉം, ആകട്ടെ, നീ ഒട്ടും ഭയപ്പെടേണ്ടാ. ഞാൻ അവന്റെ കഴുത്തറുത്ത് രക്തം നിനക്ക്'(വാൾ കിഴോട്ടാക്കി പിടിച്ച് രക്തം നക്രതുണ്ടിയുടെ വായിലേയ്ക്ക് വീഴ്ത്തിക്കൊടുക്കുന്നതായി കാട്ടിയിട്ട്)'തന്നേയ്ക്കാം. എന്നാൽ പോരയോ?'
നക്രതുണ്ഡിയുടെ സമ്മതം കേട്ടതായി നടിച്ച് നരകാസുരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.]

നരകാസുരൻ:(നക്രതുണ്ഡിയെ അയച്ച് തിരിഞ്ഞുവന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്നിട്ട്)'ഇനി ശത്രുവായ ഇന്ദ്രനോട് യുദ്ധത്തിനായി ഒരുങ്ങുകതന്നെ'
ചെറിയയനരകാസുരന്റെ പടപ്പുറപ്പാട്-
നരകാസുൻ‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
നരകാസുൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം നരകാസുൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു
* . തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
നരകാസുൻ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
നരകാസുൻ‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി സ്വർഗ്ഗത്തിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി സ്വർഗ്ഗം ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം നരകാസുൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ആറാം രംഗത്തിന്റെ അവതരണത്തിൽ തെക്കൻചിട്ടപ്രകാരമുള്ള പ്രധാന മാറ്റങ്ങൾ  


*  കേകിനൃത്തത്തിന്റെ അവതരണത്തിൽ ശൈലീവിത്യാസം ഉണ്ട്.

*പദാഭിനയശേഷമുള്ള നരകാസുരന്റെ  ആട്ടത്തിൽ "അസ്യാശ്ചേൽ" എന്ന ശ്ലോകം ആടുന്നതിനുപകരം വിഭ്രമിയോടായി; "നീ നടക്കുന്നത് കണ്ടിട്ട് ആനയാണോ എന്ന് സംശയിച്ചു അടുത്തുന്ന അതിന്റെ ഇണ, നിന്റെ മുടി വീണു കിടക്കുന്ന നിതംബം കണ്ടു സിംഹം ആണെന്നുതെറ്റിദ്ധരിച്ചു ഭയന്ന് ഓടുന്നു. നിന്റെ മാറിടം കണ്ടിട്ട് ചക്രവാകപ്പക്ഷി അതിന്റെ ഇണ എന്ന് കരുതി വന്നുവെങ്കിലും, നിന്റെ മുഖം കണ്ടു ചന്ദ്രന്‍ എന്ന് തെറ്റിദ്ധരിച്ചു് വിരഹവേദനയോടെ ഓടിമറഞ്ഞു. നിന്റെ മധുരമായ സ്വരം കേട്ടിട്ട് തത്തകള്‍ അതിന്റെ ഇണ എന്ന് കരുതി അടുത്തുവന്നെങ്കിലും, നിന്റെ വളകളിലെ രത്നങ്ങളുടെ തിളക്കം കണ്ടു് പൂച്ചയുടെ കണ്ണുകള്‍ എന്നുതെറ്റിധരിച്ചു് ഭയന്ന് പറന്നു കളയുന്നു. നിന്നെ പോലെ ഒരുവളെ ഭാര്യയായി കിട്ടിയ ഞാന്‍ ഭാഗ്യവാന്‍ തന്നെ" എന്നിങ്ങിനെയാൺ ആടുക.
 
*രൂപവർണ്ണന ആട്ടത്തിൽ, പീഠത്തില്‍ നിന്നു ദൂരേക്കുനോക്കി നരകാസുരൻ ‘ഒരു ശോഭകാന്നതെന്ത്?’ എന്നല്ല, ‘അതാ നീല പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്നും അരുവി ഒഴുകിവരുന്നതു പോലെ ചോരയൊലിപ്പിച്ചു കൊണ്ട് അന്റെ നേരേ ഒരു സ്വരൂപം വരുന്നു’ എന്നാണ് ആടുക.


*നിണമണിഞ്ഞ് നക്രതുണ്ഡി രംഗത്തുവരുന്നില്ലായെങ്കിൽ നരകാസുരൻ കേട്ടാടുകയല്ല ചെയ്യുക പകർന്നാടുകയാണ്. ഇങ്ങിനെ നിണം പകർന്നാടുന്നതിനെ പൊതുവേ 'ശൂർപ്പണഖാങ്കം' എന്നാണ് പറയുക.
നരകാസുരന്റെ നിണം പകർന്നാട്ടം(ശൂർപ്പണഖാങ്കം)-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം നരകാസുരൻ ‘രാക്ഷസി’എന്നു മുദ്രപിടിച്ച് നക്രതുണ്ഡിയായി ഭാവിച്ച് ഇടതുവശത്തേക്കു വന്ന്, അറ്റുകിടക്കുന്ന മുലകൾ കൈകൾകൊണ്ട് താങ്ങിക്കൊണ്ടും പാരവശ്യം നടിച്ച് ദീഘമായി നിശ്വസിച്ചുകൊണ്ടും ദീനസ്വരങ്ങൾ സ്ഫുരിപ്പിച്ചുകൊണ്ടും വിളംബമദ്ധ്യദ്രുതകാലങ്ങളിലായി മൂന്നുവട്ടംവെച്ചിട്ട് നരകാസുരനെ കണ്ട്, തളർന്നുവീണ് നിലത്തിരിക്കുന്നു. തുടർന്ന് 'അസുരൻ' എന്ന മുദ്രപിടിച്ച് വലത്തുഭാഗത്തേയ്ക്ക് മാറിനിന്ന് നക്രതുണ്ഡിയെ വീക്ഷിക്കുന്നു.
നരകാസുരൻ:'എടോ, നിന്നെ ഇപ്രകാരം ചെയ്തതാരെന്ന് വേഗം പറഞ്ഞാലും' (തിരിഞ്ഞ് ഇരുന്ന് നക്രതുണ്ഡിയായി ഭാവിച്ച് പാരവശ്യത്തോടെ)'ഞാൻ സ്വർഗ്ഗത്തുപോയി സഞ്ചരിക്കുമ്പോൾ ദേവസ്ത്രീകളെക്കണ്ട് അങ്ങേയ്ക്കുതരുന്നതിനായി അവരെ പിടിച്ചസമയം ഇന്ദ്രപുത്രനായ ജയന്തൻ എന്ന ബാലൻ എന്റെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചു' (മൂക്കും മുലയും കാട്ടിയിട്ട്)'കണ്ടാലും. ഇനി നീ പോയി അവനെക്കൊന്ന് രക്തവും മാംസവും നല്‍കി എന്നെ തൃപ്തയാക്കിയാലും’ (യാചനാഭാവത്തിൽ)'കൊണ്ടാ' (വീണ്ടും മറുവശംവന്ന് നരകാസുരനായിനിന്ന് കേട്ടതായി നടിച്ചിട്ട്)‘കഷ്ടം!' (വലത്തുഭാഗത്തേയ്ക്ക് നോക്കി ജയന്തനെ സങ്കൽപ്പിച്ച്)'കണ്ടുകൊൾക' (നക്രതുണ്ഡിയോടായി)'എടോ, ഒട്ടും ഖേദിക്കേണ്ട. ഞാന്‍ അവനെക്കൊന്ന് വയറുനിറച്ച് മാംസവും രക്തവും കൊണ്ടുവന്നു തരാം. പൊയ്ക്കൊൾക' (നോക്കി, പോയില്ല എന്നുകണ്ട്)'തൃപ്തിയായില്ലെ? എന്നാൽ അവന്റെ കഴുത്തുമുറിച്ച് രക്തം' (വാൾ കീഴ്പ്പോട്ടാക്കി രക്തം നക്രതുണ്ഡിയുടെ വായിലേയ്ക്ക് വീഴ്ത്തുന്നതായി കാട്ടിയിട്ട്)'തരാം, പോരയോ?' (അടുത്തുള്ള ഭൃത്യരോടായി)'ഇവളെ കൂട്ടിക്കൊണ്ടുപോയി വേഗം ശുശ്രൂഷകൾ ചെയ്താലും'
നക്രതുണ്ഡിയെ അനുഗ്രഹിച്ചശേഷം തിരിഞ്ഞ് ഇടതുവശം വന്ന് നക്രതുണ്ഡിയായി ഭാവിച്ച് ഇരുന്ന് പാരവശ്യത്തോടെ എഴുന്നേറ്റ് കണ്ണുകൾകൊണ്ട് 'പോകട്ടെ' എന്നുകാട്ടി തിരിയുന്നു. തുടർന്ന് നരകാസുരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.
               
* പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും
നരകാസുരൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി നരകാസുരൻ പകർന്നാടുകയാണ് ചെയ്യുക.

2 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

മണീ ഇവിടെ അവസാനത്തെ പാരഗ്രാഫില്‍ ഒരു തെറ്റുണ്ട്. നരകാസുരന്‍ എന്നാക്കണം. കിര്‍മ്മീരന്‍ എന്നല്ല വേണ്ടത്. (തെക്കന്‍ ചിട്ടയിലെ വ്യത്യാസം പറയുന്ന ഭാഗത്ത്)

മണി,വാതുക്കോടം പറഞ്ഞു...

സുനിലേട്ടാ,
പിശക് കാട്ടിതന്നതിൽ നന്ദി. തിരുത്തിയിട്ടുണ്ട്.