2011, ജൂലൈ 20, ബുധനാഴ്‌ച

നരകാസുരവധം പതിമൂന്നാം രംഗം (വലിയ നരകാസുരൻ)


രംഗത്ത്-(വലിയ)നരകാസുരൻ(രണ്ടാംതരം ചുവന്നതാടിവേഷം), ഭടൻ(ഭീരു വേഷം)

ശ്ലോകം-രാഗം:സാരംഗം
"അഥ മധുരിപുണാ നികൃത്തശീർഷം
 മുരദനുജം പ്രവിലോക്യ വേപമാനം
 കഥമപി നിജപാർശ്വമഭ്യുപേതം
 തദനുചരം നരകാസുരോ ബഭാഷേ"
{ശ്രീകൃഷ്ണൻ മുരാസുരന്റെ ശിരസ്സറുക്കുന്നതുകണ്ട് ഭയന്നുവിറച്ച അവന്റെ ഒരു അനുചരൻ നരകാസുരന്റെ സമീപമെത്തി ആ വിവരം പറഞ്ഞു.}

വലിയ നരകാസുരന്റെ വീരരസത്തിലുള്ള തിരനോട്ടം-
ഭീരുവിന്റെ തിരനോട്ടം-
വലിയനരകാസുരന്റെ തന്റേടാട്ടം-

തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തുന്ന നരകാസുരൻ ഉത്തരീയം വീശി ഞെളിഞ്ഞ് രംഗമദ്ധ്യത്തിലെ പീഠത്തിലിരിക്കുന്നു.
നരകാസുരൻ:(എഴുന്നേറ്റ് രംഗംവന്ദിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്) 'എനിക്കുതുല്യം ബലപരാക്രമങ്ങളോടുകൂടിയ ഒരു വീരൻ ഇന്ന് ഈ ത്രിലോകത്തിൽ ആര്?' (ആലോചിച്ചിട്ട്)'ഇല്ല, ആരും ഇല്ല. ശത്രുക്കളായ ദേവന്മാരെയെല്ലാം ഞാൻ യുദ്ധത്തിൽ ജയിച്ചു. ഇന്ദ്രന്റെ സിംഹാസനം, വെൺകൊറ്റക്കുട, വെൺചാമരം, ഇന്ദ്രമാതാവിന്റെ കുണ്ഡലം, കല്പവൃക്ഷം ആദിയായ സ്വർഗ്ഗൈശ്വര്യങ്ങൾ എല്ലാം ഞാൻ കൊണ്ടുപോന്നു. ഇങ്ങിനെയെല്ലാം വന്നത് എന്റെ ഭാഗ്യം തന്നെ'
വീണ്ടും ഉത്തരീയം വീശി പീഠത്തിലിരിക്കവെ ദൂരെനിന്നും ഒരു ദൂതൻ വരുന്നതുകണ്ട് നരകാസുരൻ എഴുന്നേറ്റ് വലംകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു. ഈ സമയത്ത് സദസ്യർക്കിടയിലൂടെ ഭീതനായി ഓടിവന്ന് രംഗത്തേയ്ക്ക് പ്രവേശിക്കുന്ന ദൂതൻ നരകാസുരന്റെ കാൽക്കൽവീണ് കുമ്പിടുന്നു.
നരകാസുരൻ:(ദൂതനെ അനുഗ്രഹിച്ച് പിടിച്ചുയർത്തിയിട്ട്)'നീ ഇപ്രകാരം ഭയന്നുവിറയ്ക്കുവാൻ കാരണമെന്ത്?'
ഭടൻ:'സാദരം അറിയിക്കാം'
ഭടൻ വികൃതമായരീതിയിൽ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ഭടന്റെ പദം-രാഗം:നാഥനാമക്രിയ, താളം:അടന്ത
പല്ലവി:
"ദാനവേന്ദ്ര നമോസ്തുതേ ജയമാനശൗര്യഗുണാംബുധേ"
അനുപല്ലവി:
"ഞാനഹോ പറയുന്ന വാക്കുകളൂനമന്നിയെ കേൾക്കണം"
ചരണം1:
"വാസുദേവപരാക്രമത്താലാശു സംഗരഭൂമിയിൽ
 ആശു വിക്രമനാം മുരാസുരനേഷ പരവശനായഹോ"
ചരണം2:
"ധീരകേസരിയോടെതിർത്തൊരു വാരണോത്തമനിവ വനേ
 പോരിലങ്ങു മുരാസുരൻ ഹതനായ് പുരാണമൃഗേന്ദ്രനാൽ"
ചരണം3:
"ഹന്ത നീ പരിപാലയാശു കിന്തു കരവൈ ഞാൻ വിഭോ
 ചിന്തചെയ്തരുൾചെയ്ക വിരവൊടു ചന്തമോടു ദയാനിധേ"
{അസുരേന്ദ്രാ, അങ്ങേയ്ക്ക് നമസ്ക്കാരം. അഭിമാനം, ഗുണം, ശൗര്യം ഇവകളുടെ സമുദ്രമേ, വിജയിച്ചാലും. ഹോ! ഞാൻ പറയുന്ന വാക്കുകൾ ശ്രദ്ധിച്ചുകേട്ടാലും. ഹോ! വാസുദേവന്റെ പരാക്രമത്താൽ ഏറ്റവും പരാക്രമിയായ മുരാസുരൻ യുദ്ധഭൂമിയിൽ പെട്ടന്ന് ഏറ്റവും പരവശനായി. വനത്തിൽ ധീരനായ സിംഹത്തോട് എതിർത്ത ഒരു ഗജോത്തമനെന്നപ്പോലെ പോരിൽ ശ്രീകൃഷ്ണനാൽ മുരാസുരൻ കൊല്ലപ്പെട്ടു. കഷ്ടം! അവിടുന്ന് രക്ഷിച്ചാലും. പ്രഭോ, ഞാൻ എന്തുചെയ്യട്ടെ? ദയാനിധേ, ഭംഗിയായി ചിന്തിച്ചിട്ട് നന്നായി അരുൾചെയ്താലും.}

നരകാസുരന്റെ പദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"കിന്തു കഥസി ഭോ രണഭീരോ ത്വം തു വിരമ ഭയാൽ"
ചരണം1:
"ഹന്തഹന്ത മധുമഥനസുരാദികൾ
 ചന്തമൊടു പൊരുവതിനു വരുകിലു-
 മന്തകന്റെ പുരിയിലാക്കുവനയി
 ചിന്ത തന്നിലില്ലസംശയം മമ"
ചരണം2:
"ശങ്കയെന്നിയേ കണ്ടുകൊൾക രിപു-
 ഭംഗമിന്നു ചെയ്തു സംഗരാങ്കണേ
 സങ്കടങ്ങളാശു പോക്കുവനിഹ
 കിങ്കര ഭടവര കിമിഹ താമസം"
{ഹേ യുദ്ധഭീരൂ, പെട്ടന്നുണ്ടായ ഭയത്താൽ നീ എന്തിങ്ങിനെ പറയുന്നു? കഷ്ടം! കഷ്ടം! വിഷ്ണു ആദിയായ ദേവന്മാർ ഭംഗിയായി പൊരുതുവാൻ വരുകിലും അവരെ അന്തകന്റെ പുരിയിലാക്കുമിപ്പോൾ ഞാൻ. അതിന് ഒട്ടും സംശയമില്ല. ശങ്കയില്ലാതെ കണ്ടുകൊൾക. രണാങ്കണത്തിൽ ശത്രുഭംഗം ചെയ്തിന്ന് സങ്കടങ്ങളെ പെട്ടന്ന് പോക്കുന്നുണ്ട്. കിങ്കരാ, ഭടശ്രേഷ്ഠാ, ഇവിടെ എന്തിനു താമസം?}
"ശങ്കയെന്നിയേ കണ്ടുകൊൾക" (വലിയനരകാസുരൻ-കോട്ട:ദേവദാസ്)
ശേഷം ആട്ടം-
നരകാസുൻ:(ആത്മഗതമായി)'എന്നാൽ ഇനി കൃഷ്ണനോട് യുദ്ധം ചെയ്യുവാനായി പുറപ്പെടുകതന്നെ'
വലിയനരകാസുരന്റെ പടപ്പുറപ്പാട്* -
നരകാസുൻ‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
നരകാസുൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം നരകാസുൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
നരകാസുൻ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
നരകാസുൻ‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി ശ്രീകൃഷ്ണന്റെ സമീപത്തേക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (പീഠത്തില്‍ കയറി രസിച്ചിരിക്കുന്ന ഭീരുവിനെ ചവുട്ടി മറിച്ചിട്ടിട്ട്, ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി ശ്രീകൃഷ്ണനെ ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം നരകാസുൻ ഭീരുവോടുംകൂടി തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
'നടക്കുവിൻ, നടക്കുവിൻ' (വലിയനരകാസുരൻ-കോട്ട:ദേവദാസ്)
തക്കൻ ചിട്ടയനുസ്സരിച്ച് പതിമൂന്നാം രംഗത്തിൽ വരുന്ന പ്രധാനമാറ്റം
* പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും നരകാസുരൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി നരകാസുരൻ പകർന്നാടുകയാണ് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല: