2011, ജൂലൈ 19, ചൊവ്വാഴ്ച

നരകാസുരവധം പതിനാലാം രംഗം (നരകാസുരവധം)


രംഗത്ത്-വലിയനരകാസുരൻ, ഭടൻ, ശ്രീകൃഷ്ണൻ, സത്യഭാമ, ഗരുഢൻ

ശ്ലോകം-രാഗം:സൗരാഷ്ട്രം
"ഹതോ മുരോ ദാനവവൈരിണാ രണേ
 ജനാർദ്ദനേനാമിതതേജസാ തദാ
 പ്രചണ്ഡദേർദ്ദണ്ഡഹതാരിമണ്ഡലം
 കരാളദംഷ്ട്രോ നരകാസുരോഭ്യഗാൽ"
{അസുരവൈരിയും അമിതതേജസ്വിയുമായ ജനാർദ്ദനനാൽ മുരൻ യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ കടുത്ത കൈയ്യൂക്കുകൊണ്ട് ശത്രുസമൂഹത്തിനെ ഒടുക്കിയവനും ഭയങ്കരമായ ദംഷ്ട്രങ്ങളോടുകൂടിയവനുമായ നരകാസുരൻ വന്ന് ശ്രീകൃഷ്ണനെ നേരിട്ടു.}

ഇടത്തുഭാഗത്ത് മുന്നിലായി ഗരുഡൻ ചിറകുപരത്തി ഇരിക്കുന്നു. അതിനുപിന്നിലായി പീഠങ്ങളിലായി ചാപബാണധാരിയായി ശ്രീകൃഷ്ണനും സത്യഭാമയും നിൽക്കുന്നു. വലതുവശത്തുകൂടി ഭീരുവിനൊപ്പം ഓടിക്കൊണ്ട് പ്രവേശിക്കുന്ന ആയുധധാരിയായ നരകാസുരൻ 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിൽക്കുന്നതോടെ എല്ലാവരും പരസ്പരം കാണുന്നു. ഉടനെ ഗരുഢൻ ചാടിച്ചെന്ന് ചിറകുകളാൽ നരകാസുരനെ അടിച്ചശേഷം മടങ്ങിവന്ന് പൂർവ്വസ്ഥിതിയിൽ ഇരിക്കുന്നു.
നരകാസുരൻ:(കൈകൾകൊണ്ട് അടി തടുത്തശേഷം) 'ഛീ, ദുർഗന്ധം! മാറിനില്ല്' (ശ്രീകൃഷ്ണനേയും സത്യഭാമയേയും മാറിമാറി നോക്കിയിട്ട് പരിഹാസത്തോടെ) 'എടാ, ഒരു പെണ്ണിനേയും കൂട്ടി ഒരു പക്ഷിപ്പുറത്തേറി നീ എന്നോട് യുദ്ധത്തിനു വന്നിരിക്കുന്നോ?'
ശ്രീകൃഷ്ണൻ:'അതെ, നിന്റെ അഹങ്കാരം ഞാനിന്നു തീർക്കും'
നരകാസുരൻ:'എടാ, നിന്റെ ചരിത്രം ബഹുവിചിത്രം തന്നെ. നീ പണ്ട് കുട്ടിക്കാലത്ത് പശുക്കളെ മേച്ച് നടക്കുമ്പോൾ ഓരോ വീടുകളിൽ ഒളിച്ചുകടന്ന് പാലും വെണ്ണയും കട്ടുതിന്നില്ലെ? ഒരുനാൾ ഗോപസ്ത്രീകൾ നദിയിൽ കുളിക്കുന്ന സമയത്ത് നീ സൂത്രത്തിൽ ചെന്ന് അവരുടെ വസ്ത്രങ്ങളെല്ലാം മോഷ്ടിച്ചില്ലെ? കഷ്ടം! ഇപ്രകാരം നാണമില്ലാതെ ഓരോന്നുചെയ്ത നീ എന്നോട് യുദ്ധത്തിനുവന്നത് വിചിത്രം തന്നെ. ആകട്ടെ, നിന്റെ ഗർവ്വ് ഉടനെ തീർത്തേക്കാം. കണ്ടുകൊൾക.'
നരകാസുരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പോരുവിളിപ്പദം-രാഗം:സൗരാഷ്ട്രം, താളം:ചെമ്പട(മൂന്നാംകാലം)
നരകാസുരൻ:
ചരണം1:
"രേ രേ ഗോപകുലാധമ വീരനെങ്കിലിന്നു നീ
 ഘോരരണം ചെയ്തീടുമോ വീരനാകുമെന്നൊടു നീ"
ചരണം2:
"എന്നോടിന്നു സുരനാഥൻ തന്നെയെങ്കിലും കേൾ
 നന്നായി രണം ചെയ്തീടുമോ നന്നു തേ ചാപല്യം"
ചരണം3:
"കംസനാകും മാതുലനെ ഹിംസചെയ്തീലയോ നീ
 സംശയംകൂടാതെ നിന്നെ സംഹാരംചെയ്തീടുവൻ"
{എടാ, ഏടാ, ഗോപകുലാധമാ, നീ വീരനെങ്കിൽ ഇന്ന് വീരനായ എന്നോട് ഘോരമായി പൊരുതുമോ? ദേവേന്ദ്രൻ പോലും എന്നോടിന്ന് നേരെനിന്ന് യുദ്ധം ചെയ്യുമോ? ചിന്തിക്കൂ. കൊള്ളാം നിന്റെ ചാപല്യം! അമ്മാവനായ കംസനെ കൊന്നവനല്ലെ നീ? സംശയം കൂടാതെ നിന്നെ സംഹരിക്കുന്നുണ്ട്.}
"എന്നോടിന്നു സുരനാഥൻ തന്നെയെങ്കിലും കേൾ"(വലിയനരകാസുരൻ-കോട്ട:ദേവദാസ്)
 ശ്രീകൃഷ്ണൻ:
ചരണം4:
"വാനവർകുലനാഥൻ ഞാൻ ദീനമെന്നിയേ തേ
 മാനഭംഗംചെയ്തു നിന്നെ വേഗം കൊല്ലുന്നുണ്ടു നൂനം"
{ദേവകുലത്തിന്റെ നാഥനായ ഞാൻ നിന്റെ അഹങ്കാരത്തെ നശിപ്പിച്ച് നിന്നെ നിഷ്പ്രയാസം കൊല്ലുന്നുണ്ട്.}

യുദ്ധപ്പദം-രാഗം:സൗരാഷ്ട്രം(നാഥനാമക്രിയയിലും പതിവുണ്ട്), താളം:മുറിയടന്ത(ദ്രുതകാലം)
നരകാസുരൻ:
ചരണം1:
"പുരുഷകീടകതവ പരുഷവാക്കുകൾകേട്ടാൽ
 കരളിലിന്നധികം മേ പെരുകിയ കോപം
 വിരവൊടു വളരുന്നു ശരനികരം കൊണ്ടു
 വിരവിൽ നിന്നെയിഹ സംഹരിച്ചീടുവൻ"
പല്ലവി:
"ഏഹി വാസുദേവ രണായ ഭോ"
{പുരുഷകീടമേ, നിന്റെ പരുഷവാക്കുകൾ കേട്ട് എന്റെ മനസ്സിൽ ഉണ്ടായ കോപം നന്നായി വളരുന്നു. ശരങ്ങൾ കൊണ്ട് നിന്നെ ഇപ്പോൾ വഴിപോലെ സംഹരിക്കുന്നുണ്ട്. എടാ, വാസുദേവാ, യുദ്ധത്തിനായി വാ.}

ശ്രീകൃഷ്ണൻ:
ചരണം2:
"പണ്ടുനീ താപസർക്കിണ്ടൽ നൽകിയതും
 വണ്ടാർകുഴലിമാരെക്കൊണ്ടുപോന്നതും
 അണ്ടർനായകനു ബാധകൾ ചെയ്തതും
 കൊണ്ടുമിന്നു തവ കണ്ഠഖണ്ഡനം ചെയ്‌വൻ"
പല്ലവി:
"ഏഹി നരകദാനവ രണായ ഭോ"
{പണ്ട് നീ താപസരെ ദുഃഖിപ്പിച്ചതും സുന്ദരിമാരെ കൊണ്ടുപോന്നതും ദേവേന്ദ്രന് ഉപദ്രവങ്ങൾ ചെയ്തതുംകൊണ്ട് ഇന്ന് നിന്റെ കഴുത്തറുക്കുകതന്നെ ചെയ്യും. എടാ, നരകാസുരാ, യുദ്ധത്തിനായി വാ.}
"വണ്ടാർകുഴലിമാരെക്കൊണ്ടുപോന്നതും" (വലിയനരകാസുരൻ-കലാ:പത്മനാഭൻ നായർ, ശ്രീകൃഷ്ണന്‍-കലാനി:ഗോപി)
ശേഷം യുദ്ധവട്ടം-
നരകാസുരനും ശ്രീകൃഷ്ണനും ക്രമത്തിൽ പോരുവിളിച്ച് അസ്ത്രങ്ങളയച്ച് യുദ്ധം ചെയ്യുന്നു. ഇതിനിടയിൽ തന്നെ നേരിടാൻ വരുന്ന ഭീരുവിനെ കൃഷ്ണൻ വില്ലുകൊണ്ട് അടിച്ചോടിക്കുന്നു. ഭീരു ഭയന്നോടി നിഷ്ക്രമിക്കുന്നു. യുദ്ധാന്ത്യത്തിൽ നാലാമിരട്ടിയെടുത്ത് നരകാസുരൻ അസ്ത്രമയക്കുന്നതോടെ ശ്രീകൃഷ്ണൻ തളർന്നുവീഴുന്നു. തുടർന്ന് ഗരുഢനും നരകാസുരനുമായി പൊരുതി തളർന്നുവീഴുന്നു. ആസമയം സത്യഭാമ അമ്പും വില്ലുമെടുത്ത് ശ്രീകൃഷ്ണനെ വലംവെച്ചുവന്ന് നരകാസുരനുനേരെ ശരംതൊടുക്കുന്നു. ഇതുകണ്ട്, സ്ത്രീയോട് യുദ്ധംചെയ്യാൻ വൈമുഖ്യം നടിച്ച് നരകാസുരൻ ആയുധങ്ങളെല്ലാം താഴെയിടുന്നു. തൽസമയം ശ്രീകൃഷ്ണൻ ചാടിയെഴുന്നേറ്റ് വിശ്വരൂപം ധരിക്കുന്നു(സുദർശനചക്രവുമേന്തി രംഗമദ്ധ്യത്തിലെ പീഠത്തിൽകയറി നിൽക്കുന്നു). (ശംഖനാദത്തോടുകൂടി വലന്തലമേളവും പുഷ്പവൃഷ്ടിയും) ഇതുകണ്ട് പൂർവ്വസ്മരണയുദിച്ച് ഭാവം മാറിയ നരകാസുരൻ ഭക്തിപൂർവ്വം മാതാപിതാക്കളെ സമീപിച്ച് വണങ്ങുന്നു. ശ്രീകൃഷ്ണൻ ചക്രം കഴുത്തിൽ ചേർത്ത് വധിച്ച് നരകാസുരനെ അനുഗ്രഹിക്കുന്നു. സത്യഭാമയും നരകനെ അനുഗ്രഹിക്കുന്നു.
-----(തിരശ്ശീല)-----
നരകാസുരവധം
വീണ്ടും തിരനീക്കി ഇടതുഭാഗത്തായി സത്യഭാമയോടും വലതുഭാഗത്തായി ഗരുഢനോടും കൂടി ശ്രീകൃഷ്ണൻ  രംഗത്തുവരുന്നു.
ശ്രീകൃഷ്ണൻ:
'അല്ലയോ പ്രിയേ, നരകന്റെ അഹങ്കാരത്തെ നശിപ്പിച്ചു. നരകപുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷത്തിലെ രാജാവായി അഭിഷേകവും കഴിപ്പിച്ചു. ഇനി നമുക്ക് നരകാസുരനാൽ അപഹരിക്കപ്പെട്ട വസ്തുക്കളേയും സ്ത്രീകളേയും കൊണ്ടുപോയി ഇന്ദ്രനുനൽകുകയല്ലേ?'
സത്യഭാമ:
'അപ്രകാരം തന്നെ'
ശ്രീകൃഷ്ണൻ സത്യഭാമയോടും ഗരുഢനോടും കൂടി പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----
ധനാശിശ്ലോകം-"ഹത്വാ സംശയതി ചണ്ഡവീര്യമസുരംഭൂമ്യാ നുതഃകുണ്ഡലേ
 ദത്വാതേ സുരനായകസ്യജനനീഹസ്തേ മുദാ സമ്യുതഃ
 കൃത്വാതത്തനയം മഹാബലയുതം പ്രാഗ്ജ്യോതിഷാധീശ്വരം
 മുഗ്ദ്ധാക്ഷീജനസമ്യുതസ്സഭഗവാൻ കൃഷ്ണോസ്തു വഃശ്രേയസേ"
{ഉഗ്രവീര്യനായ നരകാസുരനെ യുദ്ധത്തിൽ വധിച്ചിട്ട് ദേവമാതാവിന്റെ കയ്യിൽ കുണ്ഡലങ്ങൾ നൽകി, സസന്തോഷം മഹാബലവാനായ നരകപുത്രനെ പ്രാഗ്ജ്യോതിഷാധീശനായി വാഴിച്ച്, സുന്ദരീകളോടൊത്ത് ഭഗവാൻ ശ്രീകൃഷ്ണൻ ശ്രേയസ്സോടെ വസിച്ചു.}

3 അഭിപ്രായങ്ങൾ:

RamanNambisanKesavath പറഞ്ഞു...

KPS മേനോന്റെ ആട്ടപ്രകാരത്തില്‍ അദിതിയുടെ കുണ്ഡലങ്ങള്‍ ചോദിച്ചുവാങ്ങുകയാണ്. കാതറുക്കുന്നില്ല.ധനാശിശ്ലോകത്തില്‍ കുണ്ഡലം തിരിച്ചു കൊടുക്കുന്നു. ചെവി പോയ വൃദ്ധക്ക് എന്തിനാണ് കുണ്ഡലം? അദിതിയുടെ ചെവി മുറിക്കുന്നത് പിന്നീട് വന്നതാണോ?

മണി,വാതുക്കോടം പറഞ്ഞു...

ശരിയാണ്. KPS മേനോന്റെ ആട്ടപ്രകാരത്തില്‍ അദിതിയുടെ കുണ്ഡലങ്ങള്‍ ചോദിച്ചുവാങ്ങുകയാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ
പത്മനാഭൻ നായരാശാന്റെ 'ചൊല്ലിയാട്ട'ത്തിൽ('കഥകളി വേഷം' രണ്ടാം ഭാഗം) കാണുന്നത് കുണ്ഡലങ്ങൾ അറുത്തെടുക്കുന്നതായാണ്. രാമൻകുട്ടിയാശാനുൾപ്പെടെ ഇന്നുള്ള കലാകാർന്മാർ ഇങ്ങിനെയാണ് ആടിക്കണ്ടിട്ടുമുള്ളത്. ഇതിനാൽ പഴയരീതി 'അറുത്തെടുക്കൽ' തന്നെയാണന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. തെക്കൻ ചിട്ടപ്രകാരം പിടിച്ചുപറിച്ചെടുക്കുന്നതായാണ് (ചെങ്ങനൂരാശാന്റെ ആട്ടപ്രകാരം) ആടുക. കാതിന്റെ മുറിവിന്റെ ഔചിത്യചിന്തയ്ക്കപ്പുറം നരകാസുരന്റെ പരാക്രമം കാട്ടുക എന്നതിനെ ഉദ്ദേശിച്ചായിരിക്കാം ആട്ടം ഈ രീതിയിൽ ചെയ്തുവെച്ചത്. ഔചിത്യത്തെ ചിന്തിച്ചായിരിക്കാം കെ.പി.എസ്സ്.മേനോൻ ചോദിച്ചുവാങ്ങുന്നതായി ഈ ആട്ടം മാറ്റി എഴുതിയത്. അദ്ദേഹം തന്റെ ആട്ടപ്രകാരത്തിൽ ഇതുപോലെ പലഭാഗത്തും നടപ്പിലുള്ള ആട്ടങ്ങളെ ഔചിത്യപരമായി മാറ്റി എഴുതിയിട്ടുണ്ട്. എന്നാൽ അവയൊന്നും അരങ്ങിലേയ്ക്ക് ആരും പകർത്തിക്കണ്ടിട്ടില്ല.

RamanNambisanKesavath പറഞ്ഞു...

സംശയം തീര്ത്തതിന്നു നന്ദി.രണ്ടു കൊല്ലം മുന്നം കലാമണ്ഡലത്തില്‍ നടന്ന കളിയില്‍ അവസാനം സത്യഭാമ തൊഴുതു കുണ്ഡലങ്ങള്‍ അണിയിക്കുന്നതും ഭഗദത്തനെ കൃഷ്ണനും സത്യഭാമയും കൂടി അഭിഷേകം ചെയ്യുന്നതും കണ്ടപ്പോള്‍ തോന്നിയതാണ്.