2011, ജൂലൈ 15, വെള്ളിയാഴ്‌ച

രുഗ്മിണീസ്വയംവരം ഒൻപതാം രംഗം (ശിശുപാലവട്ടം)

രംഗത്ത്-ശിശുപാലൻ(രണ്ടാംതരം കത്തിവേഷം*), കലിംഗൻ(ഭീരുവേഷം)

ശ്ലോകം-രാഗം:ഘണ്ടാരം, താളം:അടന്ത
"ദീപ്യദ്ദിവ്യവിമാനസഞ്ചയലസന്മഞ്ചാവലീമണ്ഡനേ
 ശ്രീഖണ്ഡദ്രവസിച്യമാനവിശിഖാ ഖേലജ്ജനേ കുണ്ഡിനേ
 ആകർണ്ണ്യാച്യുതമാഗതം നൃപസുതാമാഹർത്തുകാമം രുഷാ
 രാജന്യാൻ ദമഘോഷജഃ കുടിലധീരേവം ബഭാഷേ ഗിരം"
{തിളങ്ങുന്ന ദിവ്യവിമാനങ്ങളുടെ കൂട്ടമെന്നപോലെ പരിലസിക്കുന്ന മഞ്ചങ്ങളാൽ അലംകൃതവും ചന്ദനവെള്ളം കൊണ്ട് തളിയ്ക്കപ്പെടുന്ന തെരുവുകളിൽ കളിയ്ക്കുന്ന ജനങ്ങളോടുകൂടിയതായുമിരിക്കുന്ന കുണ്ഡിനത്തിൽ ശ്രീകൃഷ്ണൻ രാജപുത്രിയെ അപഹരിച്ച് കൊണ്ടുപോകുവാൻ ആഗ്രഹിച്ചുകൊണ്ട് എത്തിയിരിക്കുന്നു എന്നുകേട്ടിട്ട് കുടിലബുദ്ധിയായ ശിശുപാലൻ രാജാക്കന്മാരോട് ഇപ്രകാരം പറഞ്ഞു.}

വീരരസത്തിലുള്ള ശിശുപാലന്റെ തിരനോട്ടം-

ശിശുപാലന്റെ(കലാ:മയ്യനാട് രാജീവൻ) തിരനോട്ടം
 ശിശുപാലന്റെ ആട്ടം*-(ശിശുപാലവട്ടം)തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തുന്ന ശിശുപാലൻ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഞെളിഞ്ഞിരുന്ന് ഉത്തരീയംവീശുന്നു
ശിശുപാലൻ:
(എഴുന്നേറ്റ് രംഗംവന്ദിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്) 'ലോകത്തിൽ എനിക്കുതുല്യബലവീര്യങ്ങൾ ഉള്ളവരായി ആരാണുള്ളത്?' (ആലോചിച്ചിട്ട്)'ആരുമില്ല. അതിനാൽ രാജാക്കന്മാർ എന്റെ പേരുകേട്ടാൽ തന്നെ ഭയപ്പെടുന്നു.' (വീണ്ടും ഉത്തരീയം വീശിക്കൊണ്ട് പീഠത്തിൽ ഇരിക്കവെ ദൂരെ ഒരാളെ കണ്ടിട്ട്) 'എന്റെ നേരെ വരുന്നതാര്?' (എഴുന്നേറ്റ് ഒരുകാൽ പീഠത്തിൽ വെച്ചുനിന്ന് സൂക്ഷിച്ചുനോക്കിയിട്ട്) 'ഒരു ദൂതൻ തന്നെ' (ഇടത്തുവശം വന്ന് ദൂതനായി നടിച്ച്^, ശിശുപാലനെ വന്ദിച്ച് ഓച്ഛാനിച്ച് നിന്നശേഷം വലതുവശംവന്ന് ശിശുപാലനായി മുന്നേപ്പോലെനിന്ന് ദൂതനെ അനുഗ്രഹിച്ചിട്ട്)'നീ ആര്? വന്നകാര്യമെന്ത്? പറയൂ' (ദൂതനായി ഇടത്തുവശം വന്ന്)'ഞാൻ വിദർഭപുരിയിൽ നിന്നുവരുന്നു. ഭീഷ്മകരാജാവിന്റെ ദൂതനാണ്. രാജപുത്രി രുഗ്മിണീദേവിയുടെ സ്വയംവരത്തിന് അങ്ങയെ ക്ഷണിക്കുവാൻ വന്നതാണ്. കത്ത് ഇതാ.' (എഴുത്ത് ശിശുപാലനു സമർപ്പിക്കുന്നതായി കാട്ടിയിട്ട് വലതുവശംവന്ന് ശിശുപാലനായി ഓലവാങ്ങി വായിച്ച് സന്തോഷം നടിച്ച്)'അല്ലയോ ദൂതാ, ഞാൻ സമയത്തുതന്നെ അവിടെ എത്തിക്കൊള്ളാം എന്ന് അവിടെ അറിയിച്ചാലും' (ദൂതന് സമ്മാനം നൽകി അനുഗ്രഹിച്ച് അയച്ചിട്ട്, ആത്മഗതമായി)'ഇനി വേഗം പുറപ്പെടുകതന്നെ' ('അഡ്ഡിഡ്ഡിക്കിട' ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെകണ്ട്, അനുഗ്രഹിച്ചിട്ട്)‌'എടോ സൂതാ, എന്റെ രഥം വേഗത്തിൽ തയ്യാറാക്കിക്കൊണ്ടുവന്നാലും' (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ഇടത്തുവശം വന്ന് സൂതനായി നടിച്ച്^ശിശുപാലനെ വണങ്ങി തിരിഞ്ഞ് 'അഡ്ഡിഡ്ഡിക്കിട'വച്ചുനിന്ന് രഥപ്പുര തുറന്ന് രഥം കൈകളാൽ പിടിച്ചു പുറത്തുകൊണ്ടുവന്ന്, കുലുക്കിനോക്കിയിട്ട്)'ഇളക്കമില്ല' (രഥത്തിലെ കൊടിമരത്തിൽ കൊടിക്കൂറകെട്ടി പൊക്കുകയും, ആലവട്ടങ്ങളും അലങ്കാരങ്ങളും വെച്ചുകെട്ടുകയും, വില്ല്,വാൾ,ഗദ മുതലായ ആയുധങ്ങൾ ഒരുക്കി വെയ്ക്കുകയും ചെയ്തിട്ട്)'ഇനി കുതിരകളെ ബന്ധിക്കുകതന്നെ' ('അഡ്ഡിഡ്ഡിക്കിട'വെച്ച് കുതിരപ്പന്തിയിൽ ചെന്നതായി ഭാവിച്ച് രണ്ടു നല്ല കുതിരകളെ തിരഞ്ഞുകണ്ടെത്തി പിടിച്ചുകൂട്ടിക്കൊണ്ടുവന്ന് തേരിൽ ബന്ധിച്ചിട്ട്)'എല്ലാം തയ്യാറായി' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് വലത്തായി ശിശുപാലനെ കണ്ട് വന്ദിച്ചശേഷം വലത്തുഭാഗത്തുവന്ന് ശിശുപാലനായി ദൂതനെ അനുഗ്രഹിച്ചിട്ട്)'കൊണ്ടുവന്നുവോ?' (ഉത്തരം കേട്ടിട്ട്)'തേരുതളിക്കാൻ വരട്ടെ' ('അഡ്ഡിഡ്ഡിക്കിട' ചവുട്ടി നിന്ന് വലത്തുഭാഗത്തായി ബന്ധുക്കളേയും സൈന്യങ്ങളേയും കണ്ട്)'രുഗ്മിണീസ്വയംവരത്തിനായി പോകുന്ന എനിക്കൊപ്പം എല്ലാവരും കുണ്ഡിനപുരത്തിലേയ്ക്ക് പുറപ്പെട്ടാലും' (ആത്മഗതമായി)'ഇനി നന്നായി ഒരുങ്ങുകതന്നെ' (വേശേഷമായ വേഷഭൂഷാദികൾ ധരിച്ച് സുഗന്ധലേപനങ്ങൾ പൂശി ഒരുങ്ങിയിട്ട്)'ഇനി വേഗം പുറപ്പെടുകതന്നെ' ('അഡ്ഡിഡ്ഡിക്കിട' വെച്ചുനിന്ന് ഇടത്തായി സൂതനെ കണ്ട്)'ഇനി രഥം വിദർഭപുരിയിലേയ്ക്ക് വഴിപോലെ തെളിച്ചാലും' (വലത്തുവശത്തേയ്ക്കുനോക്കി ബന്ധുക്കളോടും സൈന്യങ്ങളോടുമായി)'എല്ലാവരും കുണ്ഡിനനഗരത്തിലേയ്ക്ക് ഗമിച്ചാലും.'
ശിശുപാലൻ ആയുധങ്ങളോടുകൂടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ തേരിലേയ്ക്കുചാടിക്കയറി സഞ്ചരിക്കുന്നതായി നടിച്ച് പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
[^ദൂതനായും സൂതനായും പകർന്നാടാതെ അവരുടെ വാക്യങ്ങൾ കേട്ട് ആത്മഗതമായി ലഘുമുദ്രകളിലൂടെ കാണിക്കുകയും മാത്രമായും(കേട്ടാട്ടം) പതിവുണ്ട്]

വീണ്ടും തിരനീക്കുമ്പോൾ കലിംഗൻ ഇടതുവശത്തുനിൽക്കുന്നു. വലത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന ശിശുപാലൻ മുന്നോട്ടുവന്ന് കലിംഗാദി രാജാക്കന്മാരെ കണ്ട് ഉപചരിക്കുന്നു.
ശിശുപാലൻ:
'രാജാക്കന്മാരേ, ഞാൻ പറയുന്നത് വഴിപോലെ കേട്ടാലും'
ശിശുപാലൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ശിശുപാലന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത
പല്ലവി:
"ഭൂപവരന്മാരേ കേട്ടിതോ നിങ്ങൾ
 ഗോപകുലാധമചേഷ്ടിതം"
ചരണം1:
"ഏതു സംശയം കൂടാതെ നൃപ-
 കേതുതതനയയെ വാഞ്ഛിച്ചു"
ചരണം2:
"മാതുലൻ തന്നെ ഹനിച്ചൊരുനര-
 പാതകിയിന്നിഹ വന്നുപോൽ"
ചരണം3:
"രാജവരന്തന്റെ പുത്രിയെ ദ്രുതം
 വ്യാജേന കൊണ്ടുപോമവൻ"
ചരണം4:*
"മാനധനന്മാരെ നിങ്ങളുമതു
 മാനസേ ചിന്തിച്ചു ചൊല്ലുവിൻ"
{രാജശ്രേഷ്ഠന്മാരേ, ഗോപകുലാധമന്റെ പ്രവർത്തി നിങ്ങൾ കേട്ടുവോ? ഒട്ടും സംശയം കൂടാതെ ഭീഷ്മകപുത്രിയെ അവൻ ആഗ്രഹിച്ചു. അമ്മാവനെ വധിച്ച ആ നരപാതകി ഇന്ന് ഇവിടെ വന്നിട്ടുണ്ടുപോൽ. രാജശ്രേഷ്ഠന്റെ പുത്രിയെ അവൻ പെട്ടന്ന് ചതിച്ച് കൊണ്ടുപോകും. അഭിമാനികളേ, നിങ്ങൾ ഇത് മനസ്സിൽ ചിന്തിച്ചിട്ട് പറഞ്ഞാലും.}

കലിംഗന്റെ പദം-രാഗം:പന്തുവരാളി, താളം:മുറിയടന്ത
പല്ലവി:
"ചേദിപവംശശിഖാമണേ ശൃണു
 സാദരം ഞങ്ങളുടെ ഭാഷിതം"
ചരണം1:
"വീരരാം നാമിങ്ങിരിക്കവേ രണ-
 ഭീരുവാം ശൗരി ഹരിക്കുമോ"
ചരണം2:
*
"എങ്കിലവനെ ഹനിപ്പതിന്നൊരു
 ശങ്കയില്ലിങ്ങു ധരിക്കണം"
{ചേദിപവംശത്തിന്റെ ശിരോരത്നമേ, ഞങ്ങളുടെ വാക്കുകൾ സാദരം കേട്ടാലും. വീരന്മാരായ നാമൊക്കെ ഇവിടെയുള്ളപ്പോൾ യുദ്ധഭീരുവായ ശ്രീകൃഷ്ണൻ രുഗ്മിണിയെ ഹരിക്കുമോ? എങ്കിലവനെ വധിക്കുന്നതിന് ഇവിടെ സംശയമില്ലന്ന് അറിഞ്ഞാലും.}

ശേഷം ആട്ടം-
ശിശുപാലൻ:
'അല്ലയോ രാജാക്കന്മാരേ, നിങ്ങളെല്ലാവരും അങ്ങിനെ ഉറപ്പിച്ചുവോ? എന്നാൽ ഈ നിസ്സാരനായ ഗോപബാലനെ നേരിടാൻ ഞാൻ ഒരുവൻ മതി. നിങ്ങൾക്ക് എന്റെ വിക്രമം കാണാം. എന്നാൽ ഇനി നമുക്ക് സ്വയംവരസഭയിലേയ്ക്ക് പുറപ്പെടുകയല്ലെ?'
കലിംഗൻ:
'അങ്ങിനെ തന്നെ'
ശിശുപാലൻ നാലാമിരട്ടി ചവുട്ടുന്നു, ഒപ്പം വികൃതമായരീതിയിൽ കലിംഗനും. കലാശിക്കുന്നതോടെ ഇരുവരും പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----


തെക്കൻ ചിട്ടയനുസ്സരിച്ച് ഒൻപതാംരംഗത്തിന്റെ അവതരണത്തിലുള്ള പ്രധാന മാറ്റങ്ങൾ

*
ശിശുപാലൻ കുറുംകത്തി വേഷമാണ്.

*
ശിശുപാലവട്ടം ആട്ടത്തിൽ ദൂതൻ നിഷ്ക്രമിക്കുന്നതുവരേയുള്ള ഭാഗത്തിന്റെ അവതരണത്തിൽ ചില മാറ്റങ്ങളുണ്ട്. തെക്കൻ സമ്പ്രദായമനുസ്സരിച്ച് ഈ ഭാഗത്തിന്റെ അവതരണം താഴെപ്പറയുന്ന പ്രകാരമാണ്.
തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തുന്ന ശിശുപാലൻ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഞെളിഞ്ഞിരുന്ന് ഉത്തരീയംവീശുന്നു
ശിശുപാലൻ:
(എഴുന്നേറ്റ് രംഗംവന്ദിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ചു നിന്നിട്ട്) 'ലോകത്തിൽ എനിക്കുതുല്യബലവീര്യങ്ങൾ ഉള്ളവരായി ആരാണുള്ളത്?' (ആലോചിച്ചിട്ട്)'ആരുമില്ല. എന്തെന്നാൽ, രാവണാദികളായിരിക്കുന്ന ദുഷ്ടരാക്ഷസന്മാർ ബ്രഹ്മാവാദിയായിരിക്കുന്ന ദുർദ്ദൈവതകളെ സേവിച്ച് അനുഗ്രഹം വാങ്ങി പ്രതാപികളായിട്ടുള്ളവരാണ്. ഞാൻ അപ്രകാരമല്ല. എന്റെ പ്രതാപം ജന്മസിദ്ധമായ്ത്തന്നെ ഉള്ളതാകുന്നു. അതിനാൽ എനിക്കുതുല്യനായി ത്രൈലോക്യത്തിങ്കലും ആരുമില്ല.' (വീണ്ടും ഉത്തരീയം വീശിക്കൊണ്ട് പീഠത്തിൽ ഇരിക്കവെ ദൂരെ ഒരാളെ കണ്ടിട്ട്) 'എന്റെ നേരെ വരുന്നതാര്?' (എഴുന്നേറ്റ് ഒരുകാൽ പീഠത്തിൽ വെച്ചുനിന്ന് സൂക്ഷിച്ചുനോക്കിയിട്ട്) 'ഒരു ദൂതൻ തന്നെ' (ഇടത്തുവശം വന്ന് ദൂതനായി നടിച്ച്, ശിശുപാലനെ വന്ദിച്ച് ഓച്ഛാനിച്ച് നിന്നശേഷം വലതുവശംവന്ന് ശിശുപാലനായി മുന്നേപ്പോലെനിന്ന് ദൂതനെ അനുഗ്രഹിച്ചിട്ട്)'നീ ആര്? വന്നകാര്യമെന്ത്? പറയൂ' (ദൂതനായി ഇടത്തുവശം വന്ന്)'ഞാൻ വിദർഭപുരിയിൽ നിന്നുവരുന്നു. ഭീഷ്മകരാജാവിന്റെ ദൂതനാണ്. രാജപുത്രിയായ രുഗ്മിണീദേവിയെ അങ്ങേയ്ക്ക് വിവാഹം കഴിച്ചുനൽകുവാൻ നിശ്ചയിച്ച് ഒരു കത്തുതന്നയച്ചിട്ടുണ്ട്. ഇതാ.' (എഴുത്ത് ശിശുപാലനു സമർപ്പിക്കുന്നതായി കാട്ടിയിട്ട് വലതുവശംവന്ന് ശിശുപാലനായി, ഓലവാങ്ങി വായിച്ച് സന്തോഷം നടിച്ചശേഷം അത് മടിയിൽ ഭദ്രമായി സൂക്ഷിച്ചിട്ട്)'ഏടോ ദൂതാ, രാജപുത്രിയായ രുഗ്മിണിയെ വിവാഹംചെയ്യുന്നതിനായി ഞാൻ ബന്ധുമിത്രാദികളോടുകൂടി കുണ്ഡിനപുരിയിൽ വന്നുചേർന്നുകൊള്ളാം എന്ന് സുഹൃത്തായ രുഗ്മിയെ അറിയിച്ചാലും' (വലത്തുവശത്തേയ്ക്കുതിരിഞ്ഞ്)'ഏടോ ഭൃത്യാ, ഒരു സ്വർണ്ണവള വേഗം കൊണ്ടുവരിക' (ഇടത്തേയ്ക്കുതിരിഞ്ഞ് ദൂതനോടായി)'നിൽക്കു' (വീണ്ടും വലത്തേയ്ക്കുതിരിഞ്ഞ് ഭ്രത്യനോടായി) 'കൊണ്ടുവന്നുവോ? (വള വാങ്ങി, നോക്കി ഭംഗി നടിച്ചശേഷം ഇടത്തേയ്ക്കുതിരിഞ്ഞ് ദൂതനോടായി)'വാ' (വള ദൂതനുസമ്മാനിച്ച് അനുഗ്രഹിച്ചശേഷം ഇടതുവശം വന്ന് ദൂതനായി ഭാവിച്ച്, വളവാങ്ങി, നോക്കി ഭംഗി നടിച്ച് സന്തോത്തോടുകൂടി ശിശുപാലനെ വണങ്ങി പോകുന്നതായി ഭാവിച്ചശേഷം വലത്തുവശം വന്ന് ശിശുപാലനായി നടിച്ച്, ആത്മഗതമായി)'ഇനി എന്ത്? വേഗം വിവാഹത്തിനായി പുറപ്പെടുകതന്നെ'

*ശിശുപാലന്റെ പദത്തിലെ നാലാംചരണം മുറിയടന്തതാളത്തിലാണ് അവതരിപ്പിക്കുക.

*
"എങ്കിലവനെ ഹനിപ്പതിന്നൊരു ശങ്കയില്ലിങ്ങു ധരിക്കണം" എന്ന അവസാനചരണം കലിംഗനല്ല, ശിശുപാലനാണ് ആടുക.

അഭിപ്രായങ്ങളൊന്നുമില്ല: