2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദക്ഷയാഗം ആറാംരംഗം

രംഗത്ത്-ശിവൻ, സതി, ദക്ഷൻ,  ഇന്ദ്രൻ(കുട്ടിത്തരം പച്ചവേഷം)

ദണ്ഡകം-
ചരണം1:
“ഏണാങ്കമൌലിയുടെ ചേണാർന്നരൂപ മുട-
 നേണാക്ഷി കണ്ടവൾ തെളിഞ്ഞു
 രക്ഷികൾ പറഞ്ഞു ദക്ഷനതറിഞ്ഞു
 പ്രിയദുഹിതൃപരിണയനമഴകൊടു കഴിപ്പതിന്
 സുഗുണനിധി വിരവൊടു തുനിഞ്ഞു”
ചരണം2:
“കല്യാണവാർത്തയതു ചൊല്ലാർന്ന ദൂതരുടെ
 ചൊല്ലാലറിഞ്ഞു മുദമാർന്നു
 സുരതതികൾ വന്നു പുരമതിൽ നിരന്നു
 മുനികളൊടുസമമഴകിലവനുപചരിച്ചു പുന-
 രധികസുഖമഖിലരുമിരുന്നു”
ചരണം3:
“ഉദ്യോഗമോടു ബഹു വിദ്യാധരാദിയുടെ
 വിദ്യാരവം ദിവി മുഴങ്ങി
 പ്രീതിയൊടു സംഗീതാദികൾ തുടങ്ങീ
 തത്ര സുരയുവതിജന ചിത്രതരരസലളിത
 നൃത്തമതു സഭയതിൽ വിളങ്ങി”
ചരണം4:
“ഫണിഭൂഷണപ്രിയയെ മണിഭൂഷണങ്ങളുട-
 നണിയിച്ചു വാണി വഴിപോലെ
 തദനു ശുഭകാലേ
ത്രിജഗദനുകൂലേ^
 ഭുവനപതി ഗിരിശനഥ സതിയുടയ കരകമല-
 മിതമൊടു പിടിച്ചു വിധിപോലെ”
{ചന്ദ്രശേഘരന്റെ സുന്ദരരൂപം കണ്ടിട്ട് ആ പേടമാൻ മിഴിയാൾ സന്തോഷിച്ചു. കാവൽക്കാർ പറഞ്ഞ് ഈ വിവരം ദക്ഷൻ അറിഞ്ഞു. പ്രിയപുത്രിയുടെ പരിണയം ഭംഗിയായി കഴിക്കുവാൻ സുഗുണനിധിയായ ദക്ഷൻ വേഗത്തിൽ ശ്രമം തുടങ്ങി. സമർദ്ധന്മാരായ ദൂതന്മാരുടെ വാക്കുകളാൽ കല്യാണവാർത്ത അറിഞ്ഞ് മുനികളോടുകൂടി ദേവകൾ സസന്തോഷം ദക്ഷപുരിയിൽ വന്നുനിറഞ്ഞു. ദക്ഷന്റെ ഭംഗിയായ സത്ക്കാരമേറ്റ് അവരെല്ലാം സുഖമായി വസിച്ചു. ഉത്സാഹിതരായ വിദ്യാധരാദികൾ സസന്തോഷം സംഗീതാദികൾ തുടങ്ങി. ഇവരുടെ ബഹുവിധമായ വാദ്യാരവങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. അവിടെ ദേവയുവതികളുടെ സവിശേഷവും സരസവുമായ നൃത്തവും സഭയിൽ വിളങ്ങി. നാഗഭൂഷണന്റെ പ്രിയയെ സരസ്വതീദേവി ഉടനെ ഭംഗിയായി രത്നഭൂഷണങ്ങൾ അണിയിച്ചു. ത്രിലോകങ്ങളിലും ശുഭം സംഭവിക്കുന്ന സുമുഹൂർത്തത്തിൽ ലോകനാഥനായ ഗിരിശൻ സന്തോഷപൂർവ്വം വിധിപോലെ സതിയുടെ പാണിഗ്രഹണം ചെയ്തു.}

[
^‘ത്രിജഗതനുകൂലേ’ എന്നാലപിക്കുന്നതോടെ തിരശ്ശീല പകുതി താഴ്ത്തുന്നു. ഇടത്തുഭാഗത്ത് ഇന്ദ്രനും വലത്തുഭാഗത്ത് ദക്ഷനും ഇരിക്കുന്നു. രംഗമദ്ധ്യത്തിൽ വലതുവശത്തായി കൈകൾകെട്ടി ശിവനും ഇടത്തായി സതിയും നിൽക്കുന്നു. മേൽക്കട്ടിയും ശിവന് ആലവട്ടങ്ങളും പിടിച്ചിരിക്കും. സതി ശിവനെ മാലയിട്ടുവരിക്കുന്നു. (വലന്തലമേളം) ‘ഇതമൊടു പിടിച്ചു’ എന്നാലപിക്കുന്നതിനൊപ്പം ശിവൻ വലംകൈയ്യാൽ സതിയുടെ ഇടംകൈ പിടിക്കുന്നു. ദേവകൾ പുഷ്പവൃഷ്ടി ചെയ്യുന്നു.]
“കരകമല-മിതമൊടു പിടിച്ചു” ശിവൻ(കലാനി:ബാലകൃഷ്ണൻ) സതിയെ(കോട്ട:വാസുദേവൻ) പാണിഗ്രഹണം ചെയ്യുന്നു. (ദക്ഷൻ-സദനം ഹരികുമാർ, ശിവൻ-കോട്ട:ഹരികുമാർ)
ശിവൻ സതിയുടെ കരം ദേഹത്തോടുചേർത്ത് സുഖദൃഷ്ടിയിലും സതി നമ്രമുഖിയായും നിൽക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: