2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദക്ഷയാഗം ഏഴാംരംഗം

രംഗത്ത്-ദക്ഷൻ, സതി, ഇന്ദ്രൻ

ശ്ലോകം-രാഗം:സാവേരി
“ചന്ദ്രാവതംസസ്യ സതീവിവാഹേ
 സംജാതഹർഷഃ കൃതപുഷ്പവർഷാഃ
 ഇന്ദ്രാദസ്തം പ്രണപത്യ ദേവം
 സാന്ദ്രാദരം ദക്ഷമമീ ശംശംസുഃ”
{ചന്ദ്രശേഘരൻ സതിയെ വിവാഹം ചെയ്തതിൽ സന്തുഷ്ടരായ ഇന്ദ്രാദിദേവകൾ പുഷ്പവർഷം ചെയ്ത് ദേവനെ പ്രണമിച്ചിട്ട് ഏറ്റവും ആദരവോടെ ദക്ഷനെ ഇങ്ങിനെ പ്രശംസിച്ചു.}

ദക്ഷൻ വലത്തുഭാഗത്തും ഇന്ദ്രൻ ഇടത്തുഭാഗത്തും പീഠങ്ങളിൽ ഇരിക്കുന്നു. സതി ദക്ഷന്റെ വലതുവശത്തായി നിൽക്കുന്നു. ഇന്ദ്രൻ എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രന്റെ പദം-രാഗം:സാവേരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ഭാഗ്യരാശേ ജഗതി ഭാതി തവ കീർത്തി”
ചരണം1:
“ഉത്തമ ഭവാന്റെ സുത ചെയ്ത തപമേറ്റം
 ഉചിതമതു സഫലമായ്‌വന്നഹോ സഹസാ
 ഇതരമശേഷജഗദീശനോടു സംബന്ധം
 എത്തിയതിനാൽ സുലഭമഭ്യുദയമഖിലം”
ചരണം2:
“പരമശിവമഹിഷി ശൃണു സതീദേവി സുമതേ
 പതിദേവതേ നിന്റെ ഭാഗ്യമേ ഭാഗ്യം
 പരിചിനൊടു പതിചരണപരിചരണവും ചെയ്തു
 പരിപൂർണ്ണമോദമോടും വാഴ്ക ബഹുകാലം”
{ഭാഗ്യനിധേ, അങ്ങയുടെ കീർത്തി ലോകത്തിൽ വിളങ്ങുന്നു. യോഗ്യനായ വരന് സ്വകന്യകയെ നൽകുവാൻ യോഗമുണ്ടായത് അങ്ങയുടെ പുണ്യാതിരേകത്താലാണ്. ഉത്തമയായ ഭവാന്റെ സുത ചെയ്ത തപസ്സ് ഏറ്റവും ഉചിതമായി. അത് പെട്ടന്നുതന്നെ സഫലമായി വരുകയും ചെയ്തല്ലോ. ഇത്തരത്തിൽ ജഗദീശനോട് ബന്ധപ്പെടാനായതിൽ അങ്ങേയ്ക്ക് എല്ലാ അഭ്യുദയങ്ങളും സുലഭമായിതീർന്നു. പരമശിവപത്നീ, സുമതേ, സതീദേവീ, പതിവ്രതേ, നിന്റെ ഭാഗ്യമാണ് ഭാഗ്യം. വേണ്ടതുപോലെ പതിചരണപരിചരണം ചെയ്ത് പരിപൂർണ്ണ സന്തോഷത്തോടെ വളരെക്കാലം വാഴ്ക.}

ശേഷം ആട്ടം-
ദക്ഷൻ:‘എന്റെ പുത്രിയുടെ ആഗ്രഹം സാധിച്ചതിനാൽ ഞാനും സുകൃതിയായ്‌വന്നു. ഭവാന്മാരുടെയെല്ലാം കൃപകൊണ്ട് വിവാഹവും ഭംഗിയായി.’
ഇന്ദ്രൻ:‘എന്നാലിനി ഞങ്ങൾ പോകട്ടെയോ?’
ദക്ഷൻ:‘അങ്ങിനെയകട്ടെ’
ഇന്ദ്രനും, യാത്രയാക്കിക്കൊണ്ട് ദക്ഷനും സതിയും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: