2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ദക്ഷയാഗം എട്ടാംരംഗം

രംഗത്ത്-സതി

ശ്ലോകം-രാഗം:ആനന്ദഭൈരവി
“തിരോഹിതേ ദ്രാഗമൃതാത്മനീശ്വരേ
 വിയോഗിതാപാദഥ വിഹ്വലാ സതീ
 വിഹായ സാ മോദവിലാസമാസ്തിതാ
 കുമുദ്വതീവാളികുലകുലേക്ഷിതാ”
{അനന്തരം അമൃതാത്മാവായ ഈശ്വരൻ പെട്ടന്ന് മറഞ്ഞപ്പോൾ സന്തോഷം നഷ്ടപ്പെട്ട് വിയോഗദുഃഖത്താൽ വിഹ്വലയായിതീർന്ന് സഖീജനങ്ങളാൽ സഹതാപത്തോടെ വീക്ഷിക്കപ്പെടുന്നവളായ സതീദേവി, അമൃതസ്വരൂപനായ ചന്ദ്രൻ പെട്ടന്ന് മറയുമ്പോൾ നാഥന്റെ വിരഹത്തിനാൽ വാടിതളർന്ന് പരിമളപ്രസരം വെടിഞ്ഞ് വണ്ടിൻ കൂട്ടത്തിനാൽ സങ്കടത്തോടെ നോക്കപ്പെടുന്നതായ ആമ്പൽ‌പൊയ്ക എന്നതുപോലെ സ്ഥിതിചെയ്തു.}

രംഗമദ്ധ്യത്തിന് സ്വല്പം ഇടത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്ന ദു:ഖിതയായ സതി ഇരുന്നുകൊണ്ടുതന്നെ പദമഭിനയിക്കുന്നു.

സതിയുടെ വിലാപപദം-രാഗം:ആനന്തഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ഹന്ത ദൈവമേ എന്തു ഞാൻ ചെയ്‌വൂ
 ഹന്ത ദൈവമേ
 അന്തരാർത്തി മമ നൽകിയിവണ്ണം
 ബന്ധുരാംഗനവനെങ്ങു മറഞ്ഞു”
ചരണം2:
“മൽ‌പ്രിയന്നു ഞാൻ ചെയ്തില്ല ചെറ്റു-
 മപ്രിയമയ്യോ
 തൽ‌പ്രസാദമിഹ വരുവാൻ ചെയ്തൊരു
 മൽ‌പ്രയാസഫലമിങ്ങിനെ തീർന്നു”
ചരണം3:
“പ്രാണവല്ലഭൻ ചെയ്യുമ്പോളെന്റെ
 പാണി പീഡനം
 നാണമാർന്നു നതമുഖിയായ് നിന്നതിനാലെ
 കോപമവനുള്ളിലുദിച്ചോ”
ചരണം4:
“ദേവദേവനാം നീലകണ്ഠന്റെ
 സേവയിലെന്യേ
 കേവലം കുതുകമൊന്നിലുമില്ലിഹ
 ഖേദഹാനി വരുമതിനാലിനിയും”
പല്ലവി:
“പാലയാശു മാം ഫാലലോചന“
{കഷ്ടം! ദൈവമേ, ഞാൻ എന്താണ് ചെയ്യേണ്ടത്? ഈവിധം എനിക്കു ദുഃഖം നൽകിക്കൊണ്ട് സുന്ദരാംഗനായ അദ്ദേഹം എങ്ങുപോയ് മറഞ്ഞു? എന്റെ പ്രിയനോട് ഇന്ന് ഞാൻ തെല്ലും അപ്രിയം ചെയ്തില്ല. അയ്യോ! അങ്ങയുടെ പ്രസാദം വരുത്തുവാൻ ഇവിടെ ഞാൻ ചെയ്ത പ്രയത്നത്തിന്റെ ഫലം ഇങ്ങിനെയായല്ലോ? പ്രാണവല്ലഭൻ എന്റെ പാണിഗ്രഹണം ചെയ്യുമ്പോൾ നാണത്തോടെ തലകുനിച്ച് നിന്നതിനാൽ അദ്ദേഹത്തിന് ഉള്ളിൽ കോപം തോന്നിയിരിക്കുമോ? ദേവദേവനായ നീലകണ്ഠന്റെ സേവയിലല്ലാതെ മറ്റൊന്നിലും എനിക്കിപ്പോൾ കുതുകമില്ല. അതിനാൽ ഇനിയും എന്റെ ദുഃഖത്തിന് അറുതിവരും. ഫാലലോചനാ, എന്നെ വേഗത്തിൽ രക്ഷിച്ചാലും.}

പദാഭിനയത്തെ തുടർന്നും സതി ദു:ഖിതയായി ഇരിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: