2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ദക്ഷയാഗം ഒൻപതാംരംഗം

രംഗത്ത്-സതി, സരസ്വതി(മുടിവെച്ച കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:സുരുട്ടി
“ഇതി ബഹുചിന്താതാന്താം
 വിലപന്തീം താം സമേത്യ ശിവകാന്താം
 വാണീ ഗർവ്വാണിഭിസ്സഹ
 മൃദ്യുവചനേന സാന്ത്വയാമാസ”
{ഇപ്രകാരം ബഹുവിധ ചിന്തകളാൽ പരവശയായി വിലപിച്ചുകൊണ്ടിരിക്കുന്ന ശിവകാന്തയെ ദേവസ്ത്രീകളോടൊപ്പം സമീപിച്ച് വാണീദേവി മൃദുവചനങ്ങളെക്കൊണ്ട് സാന്ത്വനിപ്പിച്ചു.}

വലതുവശത്തുകൂടി ‘കിടതകധീം,താം’മേളത്തിനൊപ്പം പ്രവേശിക്കുന്ന സരസ്വതി മുൻരംഗത്തിലേതുപോലെതന്നെ ഇടത്തുഭാഗത്തായി പീഠത്തിലിരിക്കുന്ന സതിയെ കണ്ട്, ആശ്ലേഷിച്ച് ആശ്വസിപ്പിച്ചുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.


സരസ്വതിയുടെ പദം-രാഗം:സുരുട്ടി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“അരുതരുതേ ഖേദം ബാലേ അംബുജാക്ഷി ദാക്ഷായണി”
അനുപല്ലവി:
“പരിണയനശേഷമേവം പരിതപിക്ക യോഗ്യമല്ല”
ചരണം1:
“ഇന്ദുചൂഡൻ നിന്നരികിൽ ഇന്നു നാളെ വരുമല്ലോ
 സുന്ദരീരത്നമേ പാരിൽ ശോകമെന്തേ തേടീടുന്നു”
ചരണം2:
“ഇത്ര കാരുണ്യമുണ്ടായിട്ടീശനെപ്പോലാരുമില്ല
 ഇത്രിലോകമതിലെന്നതെത്രയും വിശ്രുതമല്ലോ”
ചരണം3:
“മാനസാർത്തികൊണ്ടു നിന്റെ മേനികൂടെ വാടുന്നയ്യോ
 സ്നാനപാനാദികൾ ചെയ്തു സാനന്ദം നീ വാഴ്ക ധന്യേ”
{കുട്ടീ, അംബുജാക്ഷീ, ദക്ഷപുത്രീ, ഖേദം അരുതേ. വിവാഹം കഴിഞ്ഞ ഉടനെ ഇങ്ങിനെ ദുഃഖിക്കുന്നത് ഉചിതമല്ല. ഇന്ദുചൂഡൻ ഇന്നോ നാളെയൊ നിന്നരികിൽ വരുമല്ലോ. സുന്ദരീരത്നമേ, എന്തിനു വെറുതേ ദുഃഖിക്കുന്നു? ഈശനെപ്പോലെ ഇത്ര കാരുണ്യമുള്ളവനായി ഈ ത്രിലോകത്തിൽ ആരുമില്ല എന്ന് എത്രയും പ്രസിദ്ധമാണല്ലോ. അയ്യോ! മനസ്താപം കൊണ്ട് നിന്റെ ശരീരംകൂടെ വാടുന്നു. സ്നാനപാനാദികൾ ചെയ്ത് നീ സുഖമായി ഇരിക്കു.}

പദാഭിനയം കഴിഞ്ഞ് സതിയെ വീണ്ടും ആശ്ലേഷിച്ച് സമാധാനപ്പെടുത്തിയിട്ട് സരസ്വതി പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. അല്പം സമാധാനം കൈവന്ന സതിയും സരസ്വതിയെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: