2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ദക്ഷയാഗം പത്താംരംഗം

രംഗത്ത്-ദക്ഷൻ(ഇടത്തരം പച്ചവേഷം), ഇന്ദ്രൻ

ശ്ലോകം-രാഗം:വേകട
“തതഃ ശ്രുത്വാ ദക്ഷസ്സപദി ശിവനീതാം നിജസുതാം
 നിതാന്തം രോഷാന്ധസ്ത്രിപുരഹരമാഹാത്മ്യമവിദൻ
 സ്വജാമാതേത്യുചൈർമ്മനസി കലിതാനാദരഭരോ
 ജഗാദൈവം ദേവാൻ പരിസരഗതാൻ വീക്ഷ്യവിമനാഃ”
{അനന്തരം തന്റെ സുതയെ ശിവൻ പെട്ടന്നു കൊണ്ടുപോയവിവരം കേട്ട ദക്ഷപ്രജാപതി കോപത്താൽ ഏറ്റവും മതിമറന്ന്, ത്രിപുരഹരമാഹാത്മ്യത്തെ വിസ്മരിച്ച്, ശിവൻ സ്വന്തം ജാമാതാവുമാത്രമാണെന്നു ചിന്തിച്ച്, ഭഗവാനോട് മനസ്സിൽ കടുത്ത അനാദരവോടുകൂടി സമീപത്തുവന്ന ദേവന്മാരെനോക്കി അവജ്ഞയോടുകൂടി ഇങ്ങിനെ പറഞ്ഞു.}

നാലാമിരട്ടിമേളത്തോടുകൂടി തിരശ്ശീല താഴ്ത്തുമ്പോൾ ഇന്ദ്രൻ ഇടത്തുഭാഗത്തായി പീഠത്തിലിരിക്കുന്നു. വലതുവശത്തുകൂടി ചാപബാണങ്ങളെന്തിക്കൊണ്ട് ദക്ഷൻ ക്രുദ്ധനായി പ്രവേശിക്കുന്നു.
ദക്ഷൻ:(ദേവന്മാരെ വീക്ഷിച്ചിട്ട് ആത്മഗതമായി) ‘അനവധി ദേവന്മാർ ഇവിടെ എത്തിയിട്ടുണ്ട്. എനിക്കുനേരിട്ട അപമാനത്തെപ്പറ്റി ഇവരോട് പറയുകതന്നെ’ (ദേവന്മാരോടായി) ‘അല്ലയോ ദേവകളെ, ആ ശിവൻ എന്നെ അപമാനിച്ച് പൊയ്ക്കളഞ്ഞു. അവൻ ചെയ്ത പ്രവൃർത്തികൾ അറിഞ്ഞില്ലെ? എന്നാൽ ഞാൻ വഴിപോലെ പറയാം. ശ്രവിച്ചാലും.’
ദക്ഷൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
 
ദക്ഷന്റെ പദം-രാഗം:വേകട, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“അറിയാതെ മമ പുത്രിയെ നൽകിയ-
 തനുചിതമായിതഹോ”

“അറിയാതെ മമ പുത്രിയെ...”(ദക്ഷൻ-കലാ:രാമൻ‌കുട്ടിനായർ, ഇന്ദ്രൻ-കലാ:ഹരിനാരായണൻ)
അനുപല്ലവി:
“പരിപാകവുമഭിമാനവും ലൌകിക-
 പദവിയുമില്ലാത്ത ഭർഗ്ഗന്റെ ശീലത്തെ”
(“അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ”)
ചരണം1:
“ചൊല്ലാർന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു
 നല്ലവനിവനെന്നു കരുതീടിനേൻ മുന്നം
 കല്യാണം കഴിഞ്ഞപ്പോളുടനെയാരോടുമിവൻ
 ചൊല്ലാതെ പോയതുമെല്ലാർക്കും ബോധമല്ലോ”
(“അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ”)
ചരണം2:
“ജാതിയിവനേതെന്നാരറിഞ്ഞീടുന്നു
 ജ്ഞാതിജനവുമിവനില്ല പാർക്കിലാരും
 ചേതസി മമതയുമില്ലിവനാരിലും
 ഭൂതിലാഭം കൊണ്ടേറ്റം മോദിച്ചുമരുവുന്നു”
(“അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ”)
ചരണം3:
“വസ്ത്രമില്ലാഞ്ഞോ ചർമ്മമുടുത്തീടുന്നു
 പരിവാരങ്ങൾ ഭൂതങ്ങൾ പിശാചങ്ങളുണ്ടനേകം
 നിസ്ത്രപനാഢ്യന്താനെന്നുണ്ടൊരു ഭാവമുള്ളിൽ
 നിത്യവും ഭിക്ഷയേറ്റു നീളെ നടന്നീടുന്നു”
(“അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ”)
ചരണം4:
“സതിയായ നന്ദിനി മമ സാധുശീലാ ഇവന്റെ
 ചതികളെയറിയാതെ വിശ്വസിച്ചധുനാ
 അതിമാത്രം തപം ചെയ്തു നിൽക്കുമ്പോൾ വന്നിവളെ
 ആരും ഗ്രഹിച്ചീടാതെ കൊണ്ടവൻ ഗമിച്ചുപോൽ”
(“അറിയാതെ മമ പുത്രിയെ നൽകിയതനുചിതമായിതഹോ”)
{പക്വതയും അഭിമാനവും ലൌകീകപദവിയും ഇല്ലാത്ത ശിവന്റെ സ്വഭാവം അറിയാതെ എന്റെ പുത്രിയെ നൽകിയത് അനുചിതമായിപ്പോയി. കഷ്ടം! യോഗ്യരായ നിങ്ങളുടെ വാക്കുവിശ്വസിച്ച് മുൻപ് ഇവൻ നല്ലവനാണന്ന് കരുതിപോയി. കല്യാണം കഴിഞ്ഞപ്പോൾ ഉടനെ ഇവൻ അരോടും പറയാതെ പോയത് എല്ലാവർക്കും അറിയുന്നതാണല്ലോ. ഇവന്റെ ജാതി ഏതാണന്ന് ആരറിയുന്നു? വിചാരിച്ചാൽ, ബന്ധുജനങ്ങളും ഇവനില്ല. മനസ്സിലാരോടും സ്നേഹവും ഇവനില്ല. ചുടലഭസ്മംകൊണ്ട് ഏറ്റവും മോദിച്ച് കഴിയുന്നു. വസ്ത്രമില്ലാഞ്ഞാണോ തോൽ ഉടുക്കുന്നത്? പരിവാരങ്ങളായി അനേകം ഭൂതങ്ങളും പിശാചുക്കളും ഉണ്ട്. ലജ്ജയില്ലാത്ത ഇവന് ഉള്ളിൽ താൻ ആഢ്യനാണെന്നൊരു ഭാവവുമുണ്ട്. എന്നിട്ടും നിത്യവും ഭിക്ഷയെടുത്തുകൊണ്ട് നാടുനീളെ നടക്കുകയാണ്. സാധുശീലയായ എന്റെ പുത്രി സതി ഇവന്റെ ചതികളെ അറിയാതെ വിശ്വാസപൂർവ്വം കൊടുംതപം ചെയ്തുകൊണ്ട് നിൽക്കുമ്പോൾ അവൻ വന്ന് ആരുമറിയാതെ ഇവളെയും കൊണ്ടുപോയത്രെ.}

“ജാതിയിവനേതെന്നാരറിഞ്ഞീടുന്നു“(ദക്ഷൻ-കലാ:ഗോപാലകൃഷ്ണൻ)
ഇന്ദ്രന്റെ പദം-രാഗം:ശ്രീരാഗം, താളം:ചമ്പ(മൂന്നാം കാലം)
ചരണം1:
“അരവിന്ദഭവതനയ സുമതേ തവ
 ഹരനിന്ദ തെല്ലുമരുതേ”
ചരണം2:
“പുരവൈരിതന്നുടയ ചരണം തന്നെ
 ഭുവനമീരേഴിലൊരു ശരണം”
ചരണം3:
“ശർവ്വനൊടു ചെയ്കിലവമാനം ഹന്ത
 സർവ്വാപദാമതു നിദാനം”
ചരണം4:
“സർവ്വദാ ചെയ്ക ശിവമോദം ഭവാൻ
 സാമ്പ്രദമതിന്നരുതു വാദം”
ചരണം5:
“കണ്ടാശു വരിക ശിവമമലം എങ്കി-
 ലുണ്ടാം ഭവാനു ശിവമഖിലം”
{ബ്രഹ്മപുത്രാ, സുമനസ്സേ, നീ ശിവനെ തെല്ലും നിന്ദിക്കരുതേ. പുരവൈരിയുടെ ചരണമൊന്നുതന്നെയാണ് ഈരേഴുഭുവനത്തിനും ശരണമായുള്ളത്. കഷ്ടം! ശിവനെ അപമാനിക്കുന്നത് സർവ്വ ആപത്തുകൾക്കും കാരണമാണ്. ഭവാൻ സർവ്വദാ ശിവനു മോദത്തെ ചെയ്യുക. ഇതിന് ഇവിടെ സംശയമരുത്. ഉടനെ നിർമ്മലസ്വരൂപനായ ശിവനെ കണ്ടുവരിക. എന്നാൽ ഭവാന് എല്ലാ മംഗളങ്ങളും ഭവിക്കും.}

“ഹരനിന്ദ തെല്ലുമരുതേ”(ദക്ഷൻ-സദനം ഹരികുമാർ)
ശേഷം ആട്ടം-
ദക്ഷൻ:(ഇന്ദ്രന്റെ വാക്കുകൾ കേട്ട് സ്വല്പം കോപം ശമിച്ചിട്ട്) ‘എന്നോട് ഒരു വാക്കും മിണ്ടാതെ ഉപായത്തിൽ വന്ന് മകളേയും കൊണ്ട് കടന്നുകളഞ്ഞ ശിവനെ ഞാൻ കൈലാസത്തിൽ ചെന്നുകാണണമെന്നോ?’
ഇന്ദ്രൻ:‘അതെ. ചെന്നുകണ്ടാൽ അങ്ങയുടെ മകൾക്കും മഹേശ്വരനും വളരെ സന്തോഷമാകും.’
ദക്ഷൻ:‘എന്നെ അപമാനിച്ച അവനെ ഞാൻ ചെന്നുകാണണമെന്നോ?’
ഇന്ദ്രൻ:‘അതെ, അങ്ങുചെന്ന് കാണണം’
ദക്ഷൻ:(ആതമഗതമായി) ‘ദേവകളുടെ വാക്ക് അനാദരിക്കുന്നത് ഉചിതല്ലല്ലോ. അതിനാൽ കൈലാസത്തിലേയ്ക്ക് പോയ്ക്കളയാം. പുത്രിയെ ഒന്ന് കാണുകയും ചെയ്യാമല്ലോ.’ (ഇന്ദ്രനോടായി) ‘എന്നാൽ ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ഇപ്പോൾത്തന്നെ കൈലാസത്തിലേയ്ക്ക് പോകുന്നു.’
ദക്ഷൻ ചാപബാണങ്ങൾ ഇരുവശങ്ങളിലായി നിവത്തിപ്പിടിച്ച് ഇരുവശങ്ങളിലേയ്ക്കും ദേവന്മാരെ മാറിമാറി നോക്കിക്കൊണ്ട് സസന്തോഷം പിന്നിലേയ്ക്കു കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: