2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ദക്ഷയാഗം പതിനൊന്നാംരംഗം

രംഗത്ത്-നന്ദികേശ്വരന്‍‍, ദക്ഷൻ

ശ്ലോകം-രാഗം:സാരംഗം
“ദക്ഷസ്തത്ക്ഷണമിത്യമർത്ത്യവചസാ ദാക്ഷായണീവല്ലഭം
 സാക്ഷാത്രീക്ഷണമീക്ഷിതും ഹൃദി വഹന്നാസ്ഥാം പ്രതസ്ഥേ മുദാ
 ആയാന്തം പ്രസമീക്ഷ്യതം ഭഗവതശ്ചന്ദ്രാർദ്ധചൂഡാമണേ-
 നന്ദീ പാർഷദപുംഗവസ്സമതനോച്ചിന്താമഥോച്ചാവചാം”
{ദക്ഷൻ ദേവന്മാരുടെ ഇപ്രകാരമുള്ള വാക്കുകൾ കേട്ടിട്ട് ദാക്ഷായണീവല്ലഭനായ മുക്കണ്ണനെ നേരിട്ടുകാണുവാൻ ആഗ്രഹിച്ച് സസന്തോഷം ഉടനെ പുറപ്പെട്ടു. കൈലാസത്തിലേയ്ക്ക് വരുന്ന ദക്ഷനെ കണ്ടിട്ട് ചന്ദ്രക്കലാധരനായ ഭഗവാന്റെ പാർഷദരിൽ ശ്രേഷ്ഠനായ നന്ദി ഇങ്ങിനെ ഓരോന്ന് ചിന്ദിച്ചു.}

നന്ദികേശ്വരന്റെ ഇടക്കാലത്തിലുള്ള തിരനോട്ടം-
നന്ദികേശ്വരന്റെ തന്റേടാട്ടം-

തിരനോട്ടം കഴിഞ്ഞ് രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തി നന്ദികേശ്വരൻ ഉത്തരീയം വീശുന്നു.
നന്ദികേശ്വരൻ:(എഴുന്നേറ്റിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിനുകാരണം എന്ത്?’ (ചിന്തിച്ച് മനസ്സിലാക്കിയിട്ട്) ‘ഉം, മനസ്സിലായി. ത്രൈലോക്യനാഥനായുള്ള ശ്രീപരമേശ്വരന് ഏറ്റവും വിശ്വാസമുള്ള ഒരു ഭൃത്യൻ ഞാൻ ആകുന്നു. അതിനാൽ ഈ ഗോപുരം കാക്കുവാനായി സ്വാമി എന്നെത്തന്നെ നിയോഗിച്ചിരിക്കുന്നു. അങ്ങിനെ സ്വാമിയുടെ കാരുണ്യം കൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.‘ (വീണ്ടും പീഠത്തിലിരുന്ന് സ്വസ്ഥമായി ഉത്തരീയം വീശവെ അകലെ ആരേയോകണ്ട് എഴുന്നേറ്റ് ഒരുകാൽ പീഠത്തിലുയർത്തിവെച്ചുനിന്ന് സൂക്ഷിച്ചുനോക്കിയിട്ട്) ‘നേരെ വരുന്നത് ആര്? അടിവാരത്തിൽ നിന്നും ഒട്ടും കൂസൽ കൂടാതെ സധൈര്യം വരുന്നത് ആര്?’ (മുന്നിലേയ്ക്കുവന്ന് സൂക്ഷിച്ചുനോക്കിയശേഷം) ‘ഉം ആരാണന്ന് അറിയുകതന്നെ’
നന്ദികേശ്വരൻ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

നന്ദികേശ്വരന്റെ ചിന്താപദം-രാഗം:സാരംഗം, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ശങ്കരഗിരീന്ദ്രശിഖരേ ആരിഹ
 വിശങ്കം വരുന്നതെതിരേ”
അനുപല്ലവി:
“തിങ്കളണിമൌലിയുടെ തിരുമുമ്പിൽ വരുവതിനു
 പങ്കജസംഭവൻപോലുമെൻ കരുണ തേടുന്നു”
ചരണം1:
“ലക്ഷ്മീശനോ വരുണനോ സുരപതിയോ
 യക്ഷേശനോ ദഹനനോ
 അക്ഷീണകാന്തിയിവനവരിലൊരുവനുമല്ല
 ലക്ഷണമവർക്കുള്ളതക്ഷിപരിചിതമഹോ”
ചരണം2:
“ദുർവാരരാജസഗുണം കൊണ്ടിവനു
 ഗർവ്വമുണ്ടുള്ളിലധികം
 സർവ്വേശ്വരൻ മരുവുമുർവീധരം ജഗതി
 ദുർവിനീതന്മാർക്കു ദുഷ്പ്രാപ്യമേറ്റവും”
ചരണം3:(മൂന്നാം കാലം)
“ചതുരാനനന്റെ തനയൻ ദക്ഷനിവൻ
 ചതുരതയൊടിഹ വരുന്നു
 അതിമാത്രമിവനുടയ മതിയതിൽ വളർന്നുള്ള
 മദമാശു തീർത്തീടുവനതില്ല സംശയം”
ചരണം4:(രണ്ടാം കാലം)
“ശങ്കര ഗിരീശ ഭഗവൻ തവചരണ-
 പങ്കജമഹം തൊഴുന്നേൻ”
{ഈ കൈലാസഗിരിശ്രേഷ്ഠന്റെ മുകളിലേയ്ക്ക് ശങ്കകൂടാതെ വരുന്നതാരാണ്? ഇന്ദുചൂഡന്റെ തിരുമുമ്പിൽ വരുന്നതിനായി ബ്രഹ്മദേവൻ പോലും എന്റെ കരുണതേടുന്നു. ഇത് വിഷ്ണുവാണോ? വരുണനാണോ? ദേവേന്ദ്രനൊ? വെശ്രവണനൊ? അഗ്നിയൊ? അതീവകാന്തിയെഴുന്ന ഇവൻ ഇവരിലൊരുവനുമല്ല. അവരുടെ ലക്ഷണങ്ങൾ എന്റെ കണ്ണുകൾക്ക് പരിചിതമാണ്. തടുക്കുവാനാവാത്ത രാജസഗുണം കൊണ്ട് ഇവന്റെ ഉള്ളിൽ ഏറ്റവും ഗർവ്വമുണ്ട്. സർവ്വേശ്വരൻ മരുവുന്ന പർവ്വതം വിനയമില്ലാത്തവർക്ക് ഒട്ടും പ്രാപ്യമായ സ്ഥലമല്ല. കേമത്തം നടിച്ച് ഇങ്ങോട്ടുവരുന്നത് ബ്രഹ്മദേവന്റെ പുത്രനായ ദക്ഷനാണ്. ഇവന്റെ മനസ്സിൽ വർദ്ധിച്ചുവരുന്ന അഹങ്കാരത്തെ ഞാൻ തീർക്കുന്നുണ്ട്. അതിനു സംശയമില്ല. ശങ്കരാ, ഗിരീശാ, ഭഗവാനേ, അങ്ങയുടെ ചരണപങ്കജം ഞാൻ തൊഴുന്നേൻ.}

നന്ദികേശ്വരൻ:(വരുന്ന ദക്ഷനെ അമർഷത്തോടെ വീക്ഷിച്ചിട്ട്) ‘എന്റെ സ്വാമിയെ അപമാനിച്ചുകൊണ്ട് സംസാരിച്ച ഇവനെ ഇവിടെനിന്നും അപമാനിച്ചയക്കണം. അതിനാൽ ഇവനെ തടുക്കുകതന്നെ.’
നന്ദികേശ്വരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് വലതുകാൽ പീഠത്തിൽ കയറ്റിവെച്ച് ഗദയുമേന്തി നിക്കുന്നു. തുടർന്ന് ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി(ഭൈരവിയിലും പതിവുണ്ട്)
“പുരഹരഗോപുരോപകണ്ഠം
 പ്രവിശതി പത്മഭവാത്മജഥേ തസ്മിൻ
 പ്രസഭമഭിസരന്നിരുദ്ധ്യ നന്ദീ
 പ്രകടരുഷാ പരുഷാക്ഷരം ബഭാഷേ”
{ബ്രഹ്മപുത്രൻ ശിവപുരിയുടെ ഗോപുരദ്വാരത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ നന്ദികേശ്വരൻ മുന്നോട്ടുവന്ന് ബലാൽക്കാരമായി തടുത്തിട്ട് കോപാവേശത്തോടെ പരുഷമായി പറഞ്ഞു.}

ശ്ലോകമവസാനിക്കുന്നതോടെ ഇരുകൈകളിലുമായി ചാപബാണങ്ങൾ ധരിച്ചുകൊണ്ട് ഇടത്തുഭാഗത്തുനിന്നും ഓടിക്കൊണ്ട് പ്രവേശിക്കുന്ന ദക്ഷൻ ‘അഡ്ഡിഡ്ഡിക്കിട’വെച്ച് മുന്നോട്ടുവരുന്നു.
ദക്ഷൻ:(മുന്നിൽ കണ്ടിട്ട്) ‘കൈലാസപർവ്വതമിതാ മുന്നിൽ ശോഭിച്ചുകാണുന്നു. ഇനി വേഗം കയറിചെന്ന് എന്റെ പുത്രിയേയും ശിവനേയും കാണുകതന്നെ’
ദക്ഷൻ വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി ഗോപുരത്തിലേയ്ക്ക് കടക്കാൻ തുടങ്ങുമ്പോൾ പെട്ടന്ന് നന്ദികേശ്വരൻ കോപത്തോടെ വന്ന് തടുക്കുന്നു. ദക്ഷൻ അമ്പരപ്പോടെ നന്ദിയെ നോക്കുന്നു.
നന്ദികേശ്വരൻ:‘എടാ, എന്റെ സമ്മതം കൂടാതെ അകത്തേയ്ക്കുകടക്കുന്നോ? നോക്കിക്കോ’
നന്ദികേശ്വരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദം അഭിനയിക്കുന്നു.


ദക്ഷനെ(കോട്ട:കേശവൻ) നന്ദികേശ്വരൻ(കോട്ട:ഹരീശ്വരൻ) തടയുന്നു
പദം-രാഗം:നാട്ടക്കുറിഞ്ഞി(ഭൈരവിയിലും പതിവുണ്ട്), താളം:പഞ്ചാരി(നാലാം കാലം)
നന്ദികേശ്വൻ:
ചരണം1:
“രൂഢമാമ്മദേന ചന്ദ്രചൂഡമന്ദിരമതിൽ വന്നു
 ഗൂഢമായ് കടന്നിടുന്ന മൂഢനാരടാ”
{വർദ്ധിച്ച മദത്തോടുകൂടി ചന്ദ്രചൂഡമന്ദിരത്തിൽ ഗൂഢമായി കടന്നുവരുന്ന മൂഢനാരടാ?.}

ദക്ഷൻ:
ചരണം2:
“ഇത്രിലോകപതി വിരിഞ്ചപുത്രനെ തടുത്ത നീയു-
 മെത്രമൂഢനത്രനിന്നു പോക പോക നീ”
{ത്രിലോകപതിയായ ബ്രഹ്മാവിന്റെ ഈ പുത്രനെ തടുത്ത നീയും എത്ര മൂഢനാണ്? ഇവിടെനിന്നും പോ. നീ പോവുക.}

നന്ദികേശ്വരൻ:
ചരണം3:
“തവ പിതാവിനും സമസ്തഭുവന വാസികൾക്കുമെന്റെ
 ശിവനധീശനറിക ദാസനവനു ഞാനഹോ”
{നിന്റെ പിതാവിനും സമസ്തലോകവാസികൾക്കും എന്റെ ശിവൻ അധിശനാണന്ന് അറിയുക. അദ്ദേഹത്തിന്റെ ദാസനാണ് ഞാൻ.}

ദക്ഷൻ:
ചരണം4:
“ഹന്ത ഹന്ത മമ മഹത്വമെന്തറിഞ്ഞു മത്സുതയ്ക്കു
 കാന്തനാം ശിവന്റെ ദാസഹതകനായ നീ”
{കഷ്ടം! കഷ്ടം! എന്റെ സുതയുടെ കാന്തനായ ശിവന്റെ കൊള്ളരുതാത്ത ഒരു ദാസനായ നീ എന്റെ മഹത്വം എന്തറിയുന്നു?}

നന്ദികേശ്വരൻ:
ചരണം5:
“കുമതികൾക്കു ദൃശ്യനല്ല മമ മഹേശനറിക മൂഢ
 കിമപി താമസിച്ചിടാതെ യാഹി ദുർമ്മതേ”
{മൂഢാ, ദുർബുദ്ധികൾക്ക് ദൃശ്യനല്ല എന്റെ മഹേശൻ എന്ന് അറിയുക. ദുർബുദ്ധേ, ഒട്ടും താമസിക്കാതെ ഇവിടെനിന്നും പോവുക.}

ശേഷം ആട്ടം-
ദക്ഷൻ:‘എനിക്ക് അകത്തുകടന്നുകൂടാ?’
നന്ദികേശ്വരൻ:‘കടന്നുപോ’
ദക്ഷൻ:‘ഛീ, പോടാ. എനിക്ക് നിന്റെ അനുവാദം വേണ്ടാ’ (വീണ്ടും അകത്തുകടാക്കാൻ ശ്രമിക്കവെ നന്ദി ബലമായി തടയവെ ആലോചിച്ചിട്ട് ആത്മഗതമായി) ‘ദേവന്മാരുടെ വാക്കുകേട്ട് പോന്നിട്ട് ഇപ്പോൾ അപമാനിക്കപ്പെട്ടു. ഇനി ഞാൻ ഒരു ഭൃത്യനോട് യുദ്ധം ചെയ്തെന്ന് കേട്ടാൽ ജനങ്ങൾ പരിഹസിക്കും. അതിനാൽ മടങ്ങിപോവുകതന്നെ’ (നന്ദിയോടായി) ‘എടാ, ഇതിന്റെ ഫലം താമസിയാതെ കാണിച്ചുതരാം’
നന്ദികേശ്വരൻ:‘ഓഹോ, നിന്റെ യോഗ്യതയെല്ലാം എനിക്കറിയാം. വൈകാതെ മടങ്ങിപ്പൊയ്ക്കോ’
ദക്ഷൻ നന്ദികേശ്വരനെ രൂക്ഷമായി വീക്ഷിച്ചുകൊണ്ട് പിന്മാറി ഇടത്തുഭാഗത്തുകൂടിതന്നെ നിഷ്ക്രമിക്കുന്നു.
നന്ദികേശ്വരൻ:(ദക്ഷൻ പോകുന്നത് പരിഹാസത്തോടെ നോക്കിനിന്നശേഷം) ‘എന്റെ സ്വാമിയെ അനാദരിച്ചതിന്റെ ഫലം ഇവൻ അനുഭവിക്കും. ഇനി ഈ വിവരം വേഗത്തിൽ സ്വാമിയെ അറിയിക്കുകതന്നെ’
നന്ദികേശ്വരൻ ഗദാധാരിയായി നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നതോടെ പിന്നിലേയ്ക്കകാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ഇടശ്ലോകം-രാഗം:കേദാരഗൌഡം
“ശൈലാദിനൈവം പ്രതിരുദ്ധവർമ്മാ
 കൈലാസശൈലാന്നഗിരീം പ്രവേശ്യ
 ശർവ്വസ്യ ഹവ്യാർപ്പണമദ്ധ്വരേഷു
 സർവ്വത്ര രോഷേണ രുരോധ ദക്ഷഃ”
{ഇപ്രകാരം നന്ദികേശ്വരനാൽ വഴിതടയപ്പെട്ട ദക്ഷൻ കോപത്തോടുകൂടി കൈലാസശൈലത്തിൽ നിന്നും സ്വനഗരിയിൽ മടങ്ങിവന്നിട്ട്, യാഗങ്ങളിൽ ശിവന് ഒരിടത്തും ഹവിർഭാഗം നൽകരുത് എന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: