2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ദക്ഷയാഗം പന്ത്രണ്ടാംരംഗം

രംഗത്ത്-ശിവന്‍‍, ബ്രഹ്മാവ്(കുട്ടിത്തരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:മുഖാരി
“തതോ വിധാതാ വിധിവദ്വിധാനം
 ക്രതും വിധാതും കില നിശ്ചിതാത്മാ
 ദ്രുതം സരൂപ്യാചലമാപ്യ ദേവം
 പതിം പശൂനാമിതി വാചമൂചേ”
{അനന്തരം ബ്രഹ്മാവ് വിധിപ്രകാരം ഒരു യാഗം നടത്തുവാൻ നിശ്ചയിച്ചു. പിന്നെ ബ്രഹ്മദേവൻ വേഗത്തിൽ വെള്ളിമാമലയിൽ ചെന്ന് പശുപതിയോട് ഇപ്രകാരം പറഞ്ഞു.}

ശിവൻ വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം ബ്രഹ്മാവ് പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ ഇരുവരും അഭിവാദ്യം ചെയ്യുന്നു.
ശിവൻ:‘ആസനസ്ഥനായാലും. എന്താണാവോ വന്നതിനുകാരണം?’
ബ്രഹ്മാവ്:‘വഴിപോലെ പറയാം’
ശിവൻ വലത്തുഭാഗത്തായി പീഠത്തിലിരിക്കുന്നു. ബ്രഹ്മാവ് പദാഭിനയം ആരംഭിക്കുന്നു.

ബ്രഹ്മാവിന്റെപദം-രാഗം:മുഖാരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ജയ ജയ ഗിരീശ ഗുണസുന്ധോ സകല-
 ജഗതാമ്പതേ സാധുജനപരമബന്ധോ”
ചരണം1:
“ശിവദർശനേന തവ നിയതം ഭവ്യശീല
 മമ ഹൃദയമതിമുദിതം ഇന്നു
 ധ്രുവമെന്റെ കാമിതശേഷമപി ഫലിതം”
{ഗിരീശാ, ഗുണസമുദ്രമേ, സർവ്വലോകനാഥാ, സാധുജനങ്ങൾക്ക് പരമബന്ധുവായുള്ളവനേ, ജയിച്ചാലും, ജയിച്ചാലും. അങ്ങയുടെ മംഗളപ്രദമായ ദർശ്ശനത്താൽ എന്റെ മനസ്സ് തികച്ചും മുദിതമായി. എന്റെ ആഗ്രഹങ്ങളെല്ലാം സഫലമായിരിക്കുന്നു.}

ശിവന്റെപദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“ഭഗദാഗമേന മമ തോഷം മനസി
 പരിചിൽ വളരുന്നു സവിശേഷം ഇപ്പോൾ
 ഇവിടെ വരുവാൻ ഭവാനെന്തൊരഭിലാഷം”
പല്ലവി:
“ജലജഭവ കേൾക്ക ഗുണസിന്ധോ”
{അങ്ങയുടെ ആഗമനത്താൽ എന്റെ മനസ്സിലും സവിശേഷമായ സന്തോഷം വളരുന്നു. ഇപ്പോൾ ഭവാൻ ഇവിടെ എന്താഗ്രഹത്തോടെയാണ് വന്നത്? ബ്രഹ്മാവേ, ഗുണസമുദ്രമേ, കേട്ടാലും.}

ബ്രഹ്മാവ്:
ചരണം2:
“മനസി മമ രുചിയുണ്ടു യാഗം ചെയ്‌വാൻ
 മാന്യ കൃപയാ കുരു നിയോഗം അങ്ങു
 കനിവോടു വന്നു തവ കൈക്കൊൾക ഭാഗം”
{ഒരു യാഗം ചെയ്യുവാൻ എന്റെ മനസ്സിൽ ആഗ്രഹമുണ്ട്. മാനിക്കപ്പെടേണ്ടവനേ, അങ്ങ് കൃപയോടെ അനുവാദം തന്നാലും. കനിവോടെ വന്ന് അങ്ങയുടെ ഹവിർഭാഗം സ്വീകരിച്ചാലും.}

ശിവൻ:
ചരണം2:
“ഇന്നു ഞാൻ വരുവതവമാനം നിന്റെ
 നന്ദനൻ വൈരി മമ നൂനം
 തത്ര നന്ദിയെ നിയോഗിപ്പനെന്നോടു സമാനം”
{ഇന്ന് ഞാൻ വരുന്നത് അപമാനമാണ്. അങ്ങയുടെ പുത്രൻ എന്റെ വൈരിയാണ്. എന്റെ പ്രതിനിധിയായി നന്ദിയെ അവിടെയ്ക്ക് അയയ്ക്കാം.}

ശേഷം ആട്ടം-
ശിവൻ:‘എന്നാൽ അങ്ങ് ഉദ്ദേശിച്ചതുപോലെതന്നെ യാഗം ചെയ്താലും’
ബ്രഹ്മാവ്:‘അങ്ങയുടെ ഇഷ്ടം പോലെ’
ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തശേഷം ബ്രഹ്മാവും യാത്രയാക്കിക്കൊണ്ട് ശിവനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
ഇടശ്ലോകം-രാഗം:കേദാരഗൌഡം
“തദനു തദനു വാദഹൃഷ്ടചേതാഃ
 കമലഭവഃ കമലാധവാദ്യമർത്ത്യൈഃ
 സഹ സനകമുഖൈശ്ച താപസേന്ദ്രൈ
 സ്സു മഹിതമാരഭതാദ്ധ്വരം മഹാത്മ”
{അനന്തരം ബ്രഹ്മാവ് ശിവന്റെ അനുവാദത്തിൽ സന്തുഷ്ടനായിട്ട്, വിഷ്ണു തുടങ്ങിയ ദേവന്മാരോടും സനകാദി താപസേന്ദ്രന്മാരോടും കൂടി മഹായാഗം ആരംഭിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: