2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ദക്ഷയാഗം പതിമൂന്നാംരംഗം

രംഗത്ത്-ദക്ഷന്‍‍, നന്ദികേശ്വരൻ

ശ്ലോകം-രാഗം:പന്തുവരാളി
“നാരദാദിമുനിവാരസംഗരാപുരന്ദരാദിസുരഭാസുരേ
 സാരസാസനവരാദ്ധ്വരേ സദസി ഭൂരിസൂരിജനമാനിതം
 താ‍രകേശ്വരകിശോരശേഖരപദാരവിന്ദപരിചാരകം
 ക്രൂരവാങ്ങ്മയശോരോല്ക്കരൈരമവാകിരത് സ വിധിനന്ദനഃ”
{നാരദാദി മുനിസമൂഹത്തോടുകൂടി ഇന്ദ്രാദിദേവന്മാരാൽ ശോഭിച്ച ബ്രഹ്മാവിന്റെ യാഗസദസിൽ വെച്ച് അനേകം സജ്ജനങ്ങളാൽ മാനിക്കപ്പെടുന്നവനായ ആ ബാലചന്ദ്രശേഖരന്റെ പാദസേവകനായ നന്ദികേശ്വരന്റെമേൽ ബ്രഹ്മപുത്രൻ ക്രൂരമായ വാക്ശരങ്ങൾ വർഷിച്ചു.}

വലതുവശത്തായി പീഠത്തിൽ കാൽ വെച്ച് ചാപപാണിയായി നിൽക്കുന്ന ദക്ഷൻ വലത്തെ അറ്റം മുതൽ പലരേയും കണ്ട് സന്തോഷം നടിക്കുന്നു. അങ്ങിനെ കണ്ടു കണ്ട് ഇടത്തെ അറ്റത്ത് എത്തുന്നതോടെ ഇടത്തുഭാഗത്തായി പീഠത്തിലിരിക്കുന്ന നന്ദികേശ്വരനെ കണ്ട് പെട്ടന്ന് കോപിഷ്ഠനാകുന്നു.
ദക്ഷൻ:(നന്ദിയുടെ നേരെ കയർത്തുപാഞ്ഞു ചെന്നിട്ട്) ‘എടാ, ഈ യാഗശാലയിൽ വന്നതെന്തിന്? നീ മാന്യന്മാരുടെ ഇടയിൽകയറി ഞെളിഞ്ഞിരിക്കുന്നോ? നോക്കിക്കോ’
ദക്ഷൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
ദക്ഷൻ:
പല്ലവി:
“എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ”
അനുപല്ലവി:
“ഹന്ത മഹാജനസഭയിലിരിപ്പതിനർഹതയില്ലിഹ തേ”
(“എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ”)
ചരണം1:
“അസ്ഥിയണിഞ്ഞിഭകൃത്തിയുടുത്തു കരത്തിലെടുത്തുകപാലം
 നിത്യമിരുന്നു നടക്കുന്നവനുടെ ഭൃത്യനതല്ലേ നീ”
(“എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ”)
{മൂഢാ, നീ ഇവിടെ വരുവാനെന്തു കാര്യം? കഷ്ടം! മഹാജനങ്ങളുടെ ഈ സഭയിലിരിക്കാൻ നിനക്ക് അർഹതയില്ല. അസ്ഥിയണിഞ്ഞ് ആനത്തോലുടുത്ത് കരത്തിൽ തലോട്ടിയുമെടുത്ത് നിത്യവും ഇരന്നുനടക്കുന്നവന്റെ ഭൃത്യനല്ലേ നീ?}

നന്ദികേശ്വരൻ:
ചരണം2:
“ഉൽക്കടമദമോടു ധികൃതിവചനമുരയ്ക്കും നിന്നുടെഗാത്രം
 മൽക്കരഹതികൊണ്ടിക്കാലം നിപതിക്കും പൊടിപൊടിയായി”
പല്ലവി::
“എന്തിനു തവ വെറുതേ ബഹുഗർജ്ജനം എന്തിനു”
{വർദ്ധിച്ച മദമോടെ ധിക്കാരവചനം പറയുന്ന നിന്റെ ശരീരം എന്റെ കരപ്രഹരം കൊണ്ട് ഇപ്പോൾ പൊടിപൊടിയായി നിപതിക്കും. നീ എന്തിനിങ്ങിനെ അലറുന്നു?}

ദക്ഷൻ:
ചരണം3:
“പങ്കജഭവസുതനെങ്കിലഹം യുധി കാൺക ജവേന ദുരാത്മൻ
 ശങ്കരകിങ്കര സമ്പ്രതി നിന്റെയഹംകൃതി തീർത്തീടുവൻ”
(“എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ”)
{ദുരാത്മാവേ, ശങ്കരകിങ്കരാ, ഞാൻ ബ്രഹ്മസുതനാണേങ്കിൽ നിന്റെ അഹങ്കാരം ഇപ്പോൾ യുദ്ധത്തിൽ തീർക്കുന്നുണ്ട്, കണ്ടുകൊൾക.}

നന്ദികേശ്വരൻ:
ചരണം4:
“ത്രക്ഷന്തന്റെ കടാക്ഷം കൊണ്ടുനടനക്ഷതമെൻ മഹിമാ
 ദക്ഷന്മാരൊരു ലക്ഷമെനിക്കൊരു മക്ഷികയോടു സമം”
(“എന്തിനു തവ വെറുതേ ബഹുഗർജ്ജനം എന്തിനു”)
{ശിവന്റെ കടാക്ഷം കൊണ്ട് നശ്വരമാണ് എന്റെ മഹിമ. ഒരുലക്ഷം ദക്ഷന്മാർ എനിക്കൊരു ഈച്ചയ്ക്കു സമമാണ്.}

ശേഷം ആട്ടം-
ദക്ഷൻ:‘എടാ, നിന്നെ ഇവിടെ കണ്ടുപോകരുത്. കടന്നുപോ’
നന്ദികേശ്വരൻ:(രൂക്ഷമായി നോക്കിയിട്ട്, ചിന്തിച്ച് ആത്മഗതമായി) ‘ഇങ്ങിനെ സ്വാമിയെ ദുഷിക്കുന്നത് സഹിച്ച് വസിക്കുവാൻ വയ്യ. യാഗസ്ഥലത്തുവെച്ച് ഇവനോട് പൊരുതുന്നതും ഉചിതമല്ല. അതിനാൽ ഉടനെ പോവുകതന്നെ’
ദക്ഷൻ:‘ചിന്തിച്ചുനിൽക്കുന്നതെന്ത്? ഉടനെ പോ’
നന്ദികേശ്വരൻ അസഹ്യമായ കോപത്തോടെ കൈഞെരിച്ചുകൊണ്ടും ദക്ഷനെ രൂക്ഷമായി വീക്ഷിച്ചുകൊണ്ടും പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
ദക്ഷൻ:(നന്ദികേശ്വരൻ പോകുന്നത് പരിഹാസത്തോടെ നോക്കിനിന്നശേഷം) ‘ഇനി വഴിപോലെ യാഗത്തിന് ഉത്സാഹിക്കുകതന്നെ’
ദക്ഷൻ നാലമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം
“ഭുജഗഭൂഷണ ദൂഷണഭാഷണ-
 ശ്രവണരോഷകഷായിതലോചനേ
 സകലവേദിനി നന്ദിനി നിർഗ്ഗതേ
 വിധിമുഖേ ച മുഖേജനി കുണ്ഠിതാ”
{ശിവനെ ദുഷിച്ചുകൊണ്ടുള്ള ഭാഷണം കേട്ട് കോപിച്ച് നന്ദികേശ്വരൻ അവിടെനിന്നും ഇറങ്ങി പോയപ്പോൾ ബ്രഹ്മദേവന്റെ മുഖത്തും യാഗരംഗത്തും മ്ലാനത അനുഭവപ്പെട്ടു.}

അഭിപ്രായങ്ങളൊന്നുമില്ല: