2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ദക്ഷയാഗം പതിനാലാംരംഗം

രംഗത്ത്-ദക്ഷന്‍‍, ദധീചി(ഇടത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:സാവേരി
“തതക്കാലേ സുരശില്പികല്പിതവിചിത്രാനല്പശില്പോജ്വലാം
 ശാലാം പ്രാപ്യ സുരൈസ്സമം സമതനോർദ്ദക്ഷോപി യജ്ഞോത്സവം
 സാവജ്ഞഃ പുരവൈരിണീതി മുനിഭിസ്ത്യക്തോ വസിഷ്ഠാദിഭി-
 സ്സോയം വീക്ഷ്യ കദാചിദന്തികഗതം പ്രോചേ ദധീചീം മുനിം”
{അക്കാലത്ത് ദക്ഷനാകട്ടെ ദേവശില്പിയായ വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട വിചിത്രവും വളരെ ശില്പവേലകളാൽ ശോഭിക്കുന്നതുമായ യാഗശാലയെ പ്രാപിച്ച് ദേവന്മാരോടുകൂടി യജ്ഞോത്സവം ആരംഭിച്ചു. ശിവനിന്ദയുള്ളവൻ എന്ന നിലയിൽ വസിഷ്ഠാദിമുനികളാൽ ഉപേക്ഷിക്കപ്പെട്ടവനായ ആ ദക്ഷൻ ഒരിക്കൽ തന്റെ സമീപം വന്നുചേർന്ന ദധീചിമഹർഷിയോട് പറഞ്ഞു.}

ദക്ഷൻ വലതുവശത്തായി വില്ലുകുത്തിപ്പിടിച്ച് പീഠത്തിൽ ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി സ്തുതിപദത്തിന് ചുവടുവെച്ചുകൊണ്ട് ദധീചി പ്രവേശിക്കുന്നു.

ദധീചിയുടെ സ്തുതിപദം-രാഗം:ചെഞ്ചുരുട്ടി(ശഹാനയിലും പതിവുണ്ട്), താളം:മുറിയടന്ത
പല്ലവി:
“കാരുണ്യാകരം ഗൌരീകാന്തമുദാരം
 കലയേ സന്തതം സച്ചിദാനന്ദാകാരം”
ചരണം1:
“ജഗദുദയാദിവിധാനവിഹാരം
 ജനിമൃതിസംസാരസാഗരപാരം”
ചരണം2:
“മുനിജനഹൃദയാംബുജസവിതാരം
 മുഹുരപി വിരചിതദുഷ്ടസംഹാരം”
ചരണം3:
“മൃത്യുസന്ത്രാതമൃകണ്ഡുകുമാരം
 മൃഡമഖിലാഭീഷ്ടദാനമന്ദാരം”
(“കാരുണ്യാകരം...................സച്ചിദാനന്ദാകാരം”)
{കാരുണ്യാകരനും സച്ചിദാനന്ദസ്വരൂപനുമായ ഗൌരീകാന്തനെ ഞാനെപ്പോഴും ഭജിക്കുന്നു. ജഗത്തിൽ സൃഷ്ടി സ്ഥിതി സംഹാര ലീലകൾ ചെയ്തു വിഹരിക്കുന്നവനും, ജനിമൃതി രൂപത്തിലുള്ള സംസാരസമുദ്രത്തിന് മറുകരയായുള്ളവനും, മുനിജനങ്ങളുടെ ഹൃദയങ്ങളാകുന്ന താമരകൾക്ക് സൂര്യനായുള്ളവനും, വീണ്ടും വീണ്ടും ദുഷ്ടരെ സംഹരിക്കുന്നവനും, മാർക്കണ്ഡേയനെ മൃത്യുവിൽ നിന്നും രക്ഷിച്ചവനും, അഭീഷ്ടദാനത്തിൽ കല്പവൃക്ഷമായുള്ളവനും ആയ മൃഡനെ ഞാൻ ഭജിക്കുന്നു.}

സ്തുതിപദം കലാശിക്കുന്നതോടെ ദധീചിയും ദക്ഷനും പരസ്പരം കാണുന്നു. ദക്ഷൻ ദധീചിയെ ആദരിച്ച് ആസനസ്ഥനാകാൻ ക്ഷണിക്കുന്നു. ദധീചി ഇടത്തുഭാഗത്തെ പീഠത്തിൽ ഇരിക്കുന്നു. ദക്ഷൻ പദാഭിനയം ആരംഭിക്കുന്നു.

ദക്ഷന്റെ പദം-രാഗം:സാവേരി, താളം:മുറിയടന്ത
പല്ലവി:
“പരിതോഷമേറ്റം വളരുന്നു മാമുനേ
 ഭവദീയാഗമം കൊണ്ടു മേ”
അനുപല്ലവി:
“ദുരിതങ്ങൾ നശിപ്പാനും സുകൃതങ്ങൾ ലഭിപ്പാനും
 പരമൊരു വഴി പാർത്താൽ സുജനസംഗമമല്ലോ”
ചരണം1:
“അനഘൻ നാരദൻ തപോധനനാകും വസിഷ്ഠനും
 സനകാദികളായുള്ള മുനികളെന്തു വന്നില്ല
 വനജസംഭവനേകൻ ജനകനിജ്ജനങ്ങൾക്കു
 പുനരെന്തിങ്ങിനെ തോന്നി മനസി ഹന്ത വൈഷമ്യം”
ചരണം2:
“വാമദേവനിലേറ്റം പ്രേമം കൊണ്ടവർക്കിന്നു
 മാമകാദ്ധ്വരേ വരുവാൻ വൈമുഖ്യമുളവാകിൽ
 കാമമെന്തിഹ ചേതം താമസശീലനാകും
 സോമചൂഡന്റെ ഭാഗം നാമിങ്ങു കൊടുത്തീടാ”
{മമുനേ, ഭവാന്റെ ആഗമനം കൊണ്ട് എന്നിൽ സന്തോഷം ഏറ്റവും വളരുന്നു. ദുരിതങ്ങൾ നശിക്കാനും സുകൃതങ്ങൾ ലഭിക്കാനും ആലോചിച്ചാൽ ഒരേയൊരുവഴി സജ്ജനസംഗമം മാത്രമാണല്ലൊ. പാപമേശാത്തവനായ നാരദനും തപോധനനായ വസിഷ്ഠനും സനകാദിമുനികളും എന്തേ വന്നില്ല? ഞങ്ങളുടെയൊക്കെ അച്ഛൻ ബ്രഹ്മാവ് ഒരാളുതന്നെയാണ്. പിന്നയുമെന്തേ ഇവർക്ക് മനസ്സിലിങ്ങിനെ വൈഷമ്യം തോന്നി? കഷ്ടം! ശിവനിൽ കൂടുതൽ ഇഷ്ടം ഉള്ളതുകൊണ്ടാണ് എന്റെ യാഗത്തിനുവരുവാൻ അവർക്ക് വൈമുഖ്യം തോന്നുന്നതെങ്കിൽ ആയിക്കോട്ടെ. എനിക്കെന്തു ചേതം? ഏതായാലും താമസശീലനാകുന്ന ചന്ദ്രചൂഡന്റെ യാഗഭാഗം ഞാൻ കൊടുക്കുകയില്ല.}

“പുനരെന്തിങ്ങിനെ തോന്നി” (ദക്ഷൻ-സദനം ഹരികുമാർ)
ദധീചിയുടെ മറുപടിപ്പദം-രാഗം:മോഹനം, താളം:മുറിയടന്ത
പല്ലവി:
“മംഗലമൂർത്തിയായുള്ള മഹേശനെ
 മാനിച്ചുകൊൾക നല്ലൂ”
അനുപല്ലവി:
“ഗംഗാധരന്റെ മഹത്വമറിയാതെ
 ഗർഹനം ചെയ്യുന്നതർഹതയില്ലഹോ“
ചരണം1:
“അന്തകന്റെ ചിത്താഹന്തകളഞ്ഞതും
 ദന്തീവരാസുരകൃന്തനം ചെയ്തതും
 അന്തരംഗം തന്നിൽ ചിന്തിച്ചുകാൺകിൽ
 പുരാന്തകവൈഭവമെന്തിഹ ചൊല്ലേണ്ടൂ”
ചരണം2:
“സന്തതമീശ്വരൻ ശാന്തനെന്നാകിലും
 ഹന്ത കോപിച്ചാൽ കല്പാന്താനലൻപോലെ
 സന്തോഷിച്ചാലീശൻ സന്താനശാഖിപോ-
 ലെന്തെങ്കിലും ഭക്തചിന്തിതം നൽകീടും”
{മംഗളമൂർത്തിയായുള്ള മഹേശനെ മാനിക്കുന്നതാണ് നല്ലത്. ഗംഗാധരന്റെ മഹത്വമറിയാതെ നിന്ദ ചെയ്യുന്നത് ഉചിതമല്ല. അന്തകന്റെ ചിത്തത്തിലെ അഹന്ത കളഞ്ഞതും, ഗജാസുരനെ നിഗ്രഹിച്ചതും ഉള്ളിൽ ചിന്തിച്ചുനോക്കിയാൽ പുരാന്തകന്റെ വൈഭവത്തെപറ്റി എന്തു പറയേണ്ടൂ? ഈശ്വരൻ സദാ ശാന്തനാണെങ്കിലും കോപിച്ചാൽ പ്രളയാഗ്നി പോലെയാണ്. സന്തോഷിച്ചാൽ ഈശൻ കല്പവൃക്ഷം പോലെ ഭക്തരുടെ എന്താഗ്രഹവും നൽകീടും.}

ദക്ഷൻ:

ചരണം3:
“കുടിലമാനസനാകും നിടിലലോചനൻ സന്ധ്യാ-
 നടനാകുമവനേറ്റം പടുതയുണ്ടറിവൻ ഞാൻ
 കടുക്കും കോപമെന്നുള്ളിൽ കടക്കകൊണ്ടധുനാ ധൂ-
 ജ്ജടിക്കു യജ്ഞഭാഗം ഞാൻ കൊടുക്കയില്ല നിർണ്ണയം”
ചരണം4:
“ഗുണദോഷമതിനാരുമതിന്നു പറയേണ്ട
 കുതുകമില്ല മേ കേൾപ്പാനും”
{ദുഷ്ടമാനസനായ ശിവൻ സന്ധ്യക്ക് നൃത്തം ചെയ്യുന്നവനാണ്. അവന് ഏറ്റവും സാമർത്ഥ്യമുണ്ടെന്ന് എനിക്കറിയാം. കടുത്തകോപം എന്റെയുള്ളിൽ കിടക്കുന്നതുകൊണ്ട് ഇപ്പോൾ ശിവന് യജ്ഞഭാഗം ഞാൻ കൊടുക്കില്ല, തീർച്ച. അതിന് ആരും ഗുണദോഷം പറയണ്ടാ. എനിക്കതുകേൾക്കാൻ താലപ്പര്യവും ഇല്ല.}

ദധീചി:
ചരണം3:
“ഭുവനമാന്യനായുള്ള ഭവനാകും ഭഗവാങ്കൽ
 അവമാനം തുടങ്ങുന്ന തവ യാഗം മുടങ്ങീടും
 അവിവേകാൽ നിനക്കുള്ള ഭവിതവ്യം തടുക്കാമോ
 ശിവ ശിവ തവ പാദം ശിവദം ഞാൻ വണങ്ങുന്നേൻ”
(“മംഗലമൂർത്തിയായുള്ള മഹേശനെ മാനിച്ചുകൊൾക നല്ലൂ”)
{ലോകാരാദ്ധ്യനായുള്ള ഭഗവാൻ ശിവനെ അവമാനിച്ചുകൊണ്ട് തുടങ്ങുന്ന നിന്റെ യാഗം മുടങ്ങും. അവിവേകത്താൽ നിനക്കു വന്നുഭവിക്കാനിരിക്കുന്നതിനെ തടുക്കാനാകുമോ? പരമശിവാ, പരമശിവാ, മംഗളകരമായ അവിടത്തെ പാദത്തെ ഞാൻ വണങ്ങുന്നേൻ.}

ശേഷം ആട്ടം-
പദാഭിനയം കലാശിക്കുന്നതോടെ ദധീചി നിഷ്ക്രമിക്കുന്നു.
ദക്ഷൻ:(ദധീചി പോകുന്നത് പരിഹാസത്തോടെ നോക്കിനിന്നശേഷം) ‘ഇവർക്കെല്ലാം ശിവനെ ഭയമാണ്. വിഢികൾ! ഇവരാരും വന്നില്ലായെങ്കിൽ എനിക്കെന്ത്? ഏതായാലും എന്റെ നിശ്ചയത്തിന് അല്പവും മാറ്റമില്ല. ആകട്ടെ, ഇനി യാഗത്തിന് ഒരുക്കങ്ങൾ ചെയ്യുകതന്നെ’
ദക്ഷൻ ചാപബാണങ്ങൾ ധരിച്ചുകൊണ്ട് നാലമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: