2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ദക്ഷയാഗം പതിനഞ്ചാംരംഗം

രംഗത്ത്-ശിവന്‍‍, നാരദൻ(കുട്ടിത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:മുഖാരി
“ഇത്യുക്ത്വാ ഗതവതി താപസേ ദധീചൌ
 ബുദ്ധ്വേതത് കലഹപരായണോ മുനീന്ദ്രഃ
 കൈലാസം ഗിരിമഥ നാരദഃ പ്രപദേ
 കാലാരിർമ്മുദിതമനാ ഹഗാദ ചൈനം”
{ഇപ്രകാരം പറഞ്ഞ് ദധീചീമുനി പോയപ്പോൾ കലഹപ്രിയനായ നാരദമുനി ഈ വിവരം അറിഞ്ഞ് കൈലാസപർവ്വതത്തിൽ ചെന്നു. ശിവൻ സന്തുഷ്ടനായി മുനീന്ദ്രനോട് ഇങ്ങിനെ പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന നാരദൻ മുന്നോട്ടുവന്ന് വലതുവശത്തായി പീഠത്തിലിരിക്കുന്ന ശിവനെ കണ്ട്, കുമ്പിട്ട് നിൽക്കുന്നു. ശിവൻ അനുഗ്രഹിച്ചശേഷം എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മുഖാരി, താളം:പഞ്ചാരി(രണ്ടാം കാലം)
ശിവൻ:
പല്ലവി:
“താപസേന്ദ്ര കേൾക്ക മേ ഗിരം”
ചരണം1:
“എന്തു വിശേഷങ്ങളുള്ളു ജഗത്ത്രയേ
 ഇന്നു ഭവാനറിയാതെയില്ലൊന്നുമേ
 ഹന്ത തവാഗമം ചിന്തിച്ചു വാഴുമ്പോൾ
 അന്തികേ വന്നതും സന്തോഷമായി മേ”
{താപസേന്ദ്രാ, ഞാൻ പറയുന്നത് കേട്ടാലും. ത്രൈലോക്യത്തിൽ എന്തുണ്ട് വിശേഷങ്ങൾ? ഇന്ന് ഭവാനറിയാത്തതായി ഒന്നുമിലല്ലോ. ഹോ! അങ്ങയുടെ വരവിനെ ചിന്തിച്ചിരിക്കുമ്പോൾത്തന്നെ സമീപം വന്നതിനാൽ എനിക്ക് എത്രയും സന്തോഷമായി.}
 

നാരദൻ:
ചരണം2:
“സർവ്വൈകസാക്ഷി ഭവാനറിഞ്ഞിടാതെ
 സാമ്പ്രതമൊന്നുമില്ലെങ്കിലും ചൊല്ലുവൻ
 ദുർവ്വാരഗർവ്വാന്ധനാകിയ ദക്ഷന്റെ
 ദുർഭാഷണങ്ങൾ ഞാനെങ്ങിനെ ചൊല്ലേണ്ടൂ”
പല്ലവി:
“ചന്ദ്രചൂഡ കേൾക്ക മേ ഗിരം”
ചരണം3:
“ഇക്കാലമങ്ങൊരു യാഗം തുടങ്ങിപോൽ
 സൽക്കാരഭാഗം ഭവാനതിലില്ല പോൽ
 ധിക്കരിക്കുന്നു ഭവാനെയെന്നുള്ളതും
 തൃക്കാൽ വണങ്ങീട്ടുണർത്തിപ്പാൻ വന്നു ഞാൻ”
{സർവ്വസാക്ഷിയായുള്ള ഭവാന് അറിയാത്തതായി ഒന്നുമില്ലെങ്കിലും പറയാം. കടുത്ത ഗർവ്വിനാൽ അന്ധനായ ദക്ഷന്റെ ദുർഭാഷണങ്ങൾ ഞാനെങ്ങിനെയാണ് പറയുക? ചന്ദ്രചൂഡാ, എന്റെ വാക്കുകൾ ശ്രവിച്ചാലും. ഇപ്പോൾ അവിടെ ഒരു യാഗം തുടങ്ങിപോലും. അതിൽ ഭവാന് ഹവിർഭാഗം ഇല്ലത്രെ. ഭവാനെ ധിക്കരിക്കുന്നു എന്നുള്ള വിവരം തൃക്കാൽ വണങ്ങി ഉണർത്തിക്കുവാനായി വന്നതാണ് ഞാൻ.}

ശിവൻ:
ചരണം4:
“ദുഷ്ടന്മാർ ചെയ്യുന്ന ദുഷ്ക്കർമ്മത്തിൻ ഫലം
 പെട്ടന്നനുഭവിച്ചീടുവർതന്നെ
 ശിഷ്ടന്മാർ നിങ്ങൾക്കു പക്ഷപാതമെന്നി-
 ലൊട്ടല്ലതുകൊണ്ടു തോന്നീടുമിങ്ങിനെ”
{ദുഷ്ടന്മാർ ചെയ്യുന്ന ദുഷ്ക്കർമ്മങ്ങളുടെ ഫലം പെട്ടന്നുതന്നെ അവർ അനുഭവിക്കും. ഭക്തന്മാരായ നിങ്ങൾക്ക് എന്നോടുള്ള പക്ഷപാതം കൂടുതലായുള്ളതുകൊണ്ട് ഇങ്ങിനെ തോന്നുന്നതാണ്.}

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശിവനെ വണങ്ങി നാരദൻ സമീപം നിൽക്കുന്നു.
ശിവന്‍:(അനുഗ്രഹിച്ചശേഷം) ‘അതിനാൽ ഒട്ടും വിഷമിക്കാതെ സന്തോഷത്തോടുകൂടി പോയാലും.’
നാരദൻ:‘കല്പനപോലെ തന്നെ’
നാരദൻ വീണ്ടും വണങ്ങി നിഷ്ക്രമിക്കുന്നു. ശിവന്‍ ഇരുന്നുകൊണ്ടുതന്നെ അനുഗ്രഹിച്ച് നാരദനെ യാത്രയാക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: