2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ദക്ഷയാഗം പതിനാറാം രംഗം

രംഗത്ത്-ശിവന്‍‍, സതി

ശ്ലോകം-രാഗം:എരിക്കലകാമോദരി
“ഇതീരിതവതീശ്വരേ കൃതനതൌ ഗതേ നാരദേ
 ക്രതൂത്സവമഥോര്‍ജ്ജിതം പിതുരതീവ സാ വീക്ഷിതും
 കുതൂഹലവതീ തദാഖിലസതീശിരോമാലികാ
 സതീ ഭഗവതീ നിജപതിമുവാച പദാനതാ”
{ഈശ്വരന്‍ ഇങ്ങിനെ പറയുകയും നാരദന്‍ നമസ്ക്കരിച്ച് പോവുകയും ചെയ്തപ്പോള്‍ പിതാവിന്റെ ഗംഭീരമായ യാഗോത്സവം വീക്ഷിക്കുന്നതിലുള്ള കൌതുകത്തോടെ പതിവൃതകള്‍ക്കെല്ലാം ശിരോഭൂഷണമായുള്ള സതീദേവി കാല്‍ക്കല്‍ കുമ്പിട്ടുകൊണ്ട് പതിയോട് പറഞ്ഞു.}

ശിവനും സതിയും വലതുവശത്തായി പീഠത്തില്‍ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ഇരിക്കുന്നു.
സതി:(എഴുന്നേറ്റിട്ട്) ‘ഞാന്‍ ഒരു കാര്യം അറിയിച്ചുകൊള്ളട്ടെ?’
ശിവന്‍:‘പറഞ്ഞുകൊള്ളൂ. എന്താണ്?’
സതി ശിവന്റെ കാല്‍ക്കല്‍ കുമ്പിട്ടശേഷം പദാഭിനയം ആരംഭിക്കുന്നു.

സതി(കലാ:ഷണ്മുഖൻ) ശിവനെ(കലാ:പ്രദീപ്) കുമ്പിടുന്നു.
സതിയുടെ പദം-രാഗം:എരിക്കലകാമോദരി, താളം:മുറിയടന്ത
പല്ലവി:
“ലോകാധിപ കാന്താ കരുണാലയ വാച-
 മാകര്‍ണ്ണയ മേ ശംഭോ”
അനുപല്ലവി:
“ആകാംക്ഷയൊന്നെന്റെ മനതാരില്‍ വളരുന്നു
 അതിനനുവദിക്കേണമാശ്രിത ജനബന്ധോ”
ചരണം1:
“ഇന്നു മേ ജനകന്‍ ചെയ്യുന്ന യാഗഘോഷങ്ങള്‍
 ചെന്നു കണ്ടു വരുവാനെന്നില്‍ നിന്‍ കൃപ വേണം
 എന്നുടെ സോദരിമാരെല്ലാപേരുമവിടെ
 വന്നീടുമവരേയും വടിവില്‍ കണ്ടീടാമല്ലോ”
ചരണം2:
“തത്ര ഞാന്‍ ഗമിച്ചെങ്കില്‍ താതനുള്ള വിദ്വേഷം
 അത്രയുമകന്നീടും അത്രമാത്രവുമല്ല
 എത്രയും പരിതോഷമെല്ലാര്‍ക്കുമുളവാകും
 സത്രവും വഴിപോലെ സഫലമായ് ഭവിച്ചീടും”
{ലോകാധിപാ, കാന്താ, കരുണാനിധേ, ശംഭോ, എന്റെ വാക്കുകള്‍ ശ്രവിച്ചാലും. ആശ്രയിക്കുന്നവര്‍ക്ക് ബന്ധുവായുള്ളവനേ, എന്റെ മനസ്സില്‍ ഒരാഗ്രഹം വളരുന്നു. അതിന് അനുവദിച്ചാലും. ഇന്ന് എന്റെ ജനകന്‍ ചെയ്യുന്ന യാഗഘോഷങ്ങള്‍ ചെന്ന് കണ്ടുവരുവാന്‍ ഭവാന്‍ എന്നില്‍ കനിയേണം. എന്റെ എല്ലാ സോദരിമാരും അവിടെ വരും. അവരേയും നന്നായി കാണാമല്ലൊ. ഞാൻ അവിടെ ചെന്നുവെങ്കിൽ താതനുള്ള വിദ്വേഷമത്രയും അകന്നീടും. എന്നു മാത്രമല്ല, എല്ലാവർക്കും സന്തോഷവുമാവും. യാഗവും വേണ്ടതുപോലെ സഫലമായി ഭവിക്കും.}സതിയുടെ ഈ പദം കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ചത് ഇവിടെ ശ്രവിക്കാം.
 
“ലോകാധിപ കാന്താ.....”(ശിവൻ-കലാ:പ്രദീപ്, സതി-കലാ:ഷണ്മുഖൻ)
ശിവന്റെ മറുപടിപ്പദം- രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ
 ഹവകർമ്മകഥ നമ്മോടറിയിക്കാതിരിക്കുമ്പോൾ
 ഭവതിയങ്ങുചെന്നെങ്കിൽ പലരും കേൾക്കവേ പാരം
 അവമാനിച്ചയച്ചീടുമതിനില്ല സന്ദേഹം”

പല്ലവി:
“ബാലേ മൃദുകരശീലേ ദയിതേ മേ
 ഭാഷിതമിതു കേൾക്ക നീ”
{കരിങ്കൂവളമിഴിയാളേ, ദുർബുദ്ധിയായ ദക്ഷൻ യാഗകഥ നമ്മോട് അറിയിക്കാതെയിരിക്കുമ്പോൾ ഭവതി അവിടെ ചെന്നെങ്കിൽ പലരും കേൾക്കവേ ഏറ്റവും അവമാനിച്ചയച്ചീടും. അതിന് സന്ദേഹമില്ല. കുട്ടീ, മൃദുതരമായ ശീലത്തോടുകൂടിയവളേ, പ്രിയേ, എന്റെ വാക്കുകൾ നീ കേൾക്കുക.}


ശിവന്റെ ഈ പദം കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ആലപിച്ചത് ഇവിടെ ശ്രവിക്കാം.

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശിവനെ വന്ദിച്ച് സതി ഉത്ക്കണ്ഠയോടെ നിൽക്കുന്നു.
ശിവന്‍:(അനുഗ്രഹിച്ചശേഷം) ‘പ്രിയേ, ഭവതിയുടെ ആഗ്രഹം നല്ലതിനല്ല. അതിനാൽ ഈ വിചാരം ഉപേക്ഷിച്ചാലും.’
സതി:‘എന്നെ കണ്ടാൽ അച്ഛന് സന്തോഷമാകും’
ശിവന്‍:‘ഇല്ല. അവൻ നിന്നെ അവമാനിക്കുമെന്ന് തീർച്ചയാണ്. അച്ഛന്റെ മനസ്സ് ഭവതി വിചാരിക്കുന്നതുപോലെയൊന്നും അല്ല.’
സതി:‘ഇങ്ങിനെ പറയരുത്. എന്റെ അച്ഛൻ ഒരിക്കലും എന്നെ അവമാനിക്കുകയില്ല. അതിനാൽ പോകാൻ അനുമതി തരണം. ഞാൻ വേഗം മടങ്ങിവന്നുകൊള്ളാം.’
ശിവൻ:‘ഭവതി പോകുന്നത് എനിക്ക് ഒട്ടും സമ്മതമല്ല’
സതി:(സങ്കടത്തോടെ) ‘ഒന്നു പോകട്ടെയോ?’ (ശിവൻ ഗൌരവഭാവത്തിൽ തിരിഞ്ഞിരിക്കുന്നതുകണ്ട്, ആലോചിച്ചിട്ട് ആത്മഗതമായി) ‘പോവുക തന്നെയാണ് കർത്തവ്യം. അതിനാൽ വേഗം പോയ്‌വരികതന്നെ.’
ശിവനെ മുട്ടുകുത്തി വന്ദിച്ചശേഷം സതി ശിവനെ വീക്ഷിച്ചുകൊണ്ട് പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.
ശിവന്‍:(സതി പോയതുകണ്ടിട്ട് പെട്ടന്ന് എഴുന്നേറ്റ്) ‘കഷ്ടം! ഞാൻ പറഞ്ഞത് കേൾക്കാതെ അവൾ പോയി. ഇതുകാരണം അനർത്ഥങ്ങൾ സംഭവിക്കുമല്ലോ’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് ഇടത്തുഭാഗത്തായി ഭൂതഗണങ്ങളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ഭൂതഗണങ്ങളേ, നിങ്ങൾ സതിക്ക് അകമ്പടിയായി ചെല്ലുവിൻ’
ഭൂതഗണങ്ങളെ അനുഗ്രഹിച്ച് അയച്ചശേഷം ശിവൻ വിചാരമഗ്നനായി പീഠത്തിൽ ഇരിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: