2010, ഡിസംബർ 20, തിങ്കളാഴ്‌ച

തോരണയുദ്ധം ഒന്നാം രംഗം

രംഗത്ത്-ശ്രീരാമന്‍‍(മുടിവെച്ച കുട്ടിത്തരം പച്ചവേഷം), ലക്ഷ്മണന്‍‍(മുടിവെച്ച കുട്ടിത്തരം പച്ചവേഷം), താര(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:മദ്ധ്യമാവതി
“സൌമിത്രിയോടു രഘുവീരനമോഘവീര്യന്‍
 സീതാവിയോഗപരിഖിന്നമനാ നികാമം
 വര്‍ഷാഭൂ‍യത്തിനളവില്‍ ഗിരിയില്‍ വസിച്ചു
 നാഭ്യാഗതേ രവിസുതേ സഹജന്തമൂചേ”‍
{നാശമില്ലാത്ത വീര്യത്തോടുകൂടിയവനായ രഘുവീരന്‍ സീതാവിയോഗത്താല്‍ ഏറ്റവും ദുഃഖിതനായി വര്‍ഷകാലം തീരുംവരെ സൌമിത്രിയോടുകൂടി പര്‍വ്വതത്തില്‍ താമസിച്ചു. എന്നിട്ടും സുഗ്രീവനെ കാണാഞ്ഞിട്ട് അനുജനോട് പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി അസ്ത്രശസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ‘കിടതകധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ലക്ഷ്മണന്‍ മുന്നോട്ടുവന്ന് വലതുവശത്തായി പീഠത്തില്‍ ഗൌരവഭാവത്തില്‍ ഇരിക്കുന്ന ശ്രീരാമനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് വില്ലുകുത്തിപ്പിടിച്ച് നില്‍ക്കുന്നു. ശ്രീരാമന്‍ അനുഗ്രഹിച്ചശേഷം എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മദ്ധ്യമാവതി,താളം:അടന്ത(രണ്ടാം കാലം)
ശ്രീരാമന്‍:
പല്ലവി:
“പോക ബാലക കിഷ്കിന്ധയില്‍ കപിരാജധാനിയില്‍ നീ”
ചരണം1:
“ഇന്നവനില്‍ മദമുണ്ടെന്നുള്ളതും
 നന്നുനന്നെന്നു തന്നെ കരുതുന്നേന്‍”
ചരണം2:
“എത്രയെങ്കിലും ഐഹികമായല്ലൊ
 മിത്രമെന്നതവനോടുരയ്ക്ക നീ”
ചരണം3:
“ബാലതകൊണ്ടു ഈ വണ്ണം ചരിക്കിലോ
 മിത്രമാര്‍ഗ്ഗമനുസരിക്കുമവന്‍”
{ബാലകാ, നീ കപിരാജധാനിയായ കിഷ്കിന്ധയിലേയ്ക്ക് പോവുക. അവനില്‍ അഹങ്കാരമുണ്ടെന്നത് വിചിത്രമായി കരുതുന്നു. എന്തായാലും ഇഹലോകജീവിതത്തില്‍ സഹായിക്കുന്നവാനാണ് മിത്രം എന്ന് അവനോട് നീ പറയുക. അറിവില്ലായ്മകൊണ്ട് ഈവണ്ണം ചെയ്താല്‍ ബാലിപോയവഴിക്ക് അവനും പോകും.}

ലക്ഷ്മണന്‍:താളം:മുറിയടന്ത(ദ്രുതകാലം)
ചരണം5:
“മര്‍ക്കടത്തിന്‍ സ്വഭാവമല്ല്ലോയിതു‍
ധിക്കാരമേറെയുണ്ടായ്‌വരുന്നതും”
പല്ലവി:
“ചെന്നവനെയിന്നാഴികയില്‍തന്നെ കൊന്നീടുന്നുണ്ടു ഞാന്‍“
ചരണം6:
“ചൊല്ലിയ സമയത്തെ മറന്നിട്ടു
 കല്യാണമോടവന്‍ വസിച്ചീടുമോ”
(“ചെന്നവനെയിന്നാഴി...................................ഞാന്‍“)
ചരണം7:
“ഉഗ്രനാകിയ ബാലിയെ കൊന്നു നീ
 സുഗ്രീവനെ വധിപ്പാന്‍ ഞാന്‍ പോരുമേ”
(“ചെന്നവനെയിന്നാഴി...................................ഞാന്‍“)
{ധിക്കാരം ഏറേയുണ്ടായ്‌വരുന്നത് മര്‍ക്കടന്റെ സ്വഭാവമാണ്. ഈ നാഴികയില്‍തന്നെ ചെന്ന് ഞാനവനെ കൊന്നീടുന്നുണ്ട്. പറഞ്ഞ സമയത്തെ മറന്നിട്ട് അവന്‍ സുഖമായി വസിക്കുമോ? ഉഗ്രനായ ബാലിയെ ഇവിടുന്ന് കൊന്നു. സുഗ്രീവനെ വധിക്കാന്‍ ഞാന്‍ മതിയാകും.}

ശ്രീരാമന്‍:
ചരണം8:
“കാര്യം സാധിക്കേണമവനെക്കൊണ്ടു
 ശൌര്യവാരിധേ കോപമുണ്ടാകൊല്ലാ‍‍”
ചരണം9:
“കോപമേവം ചെയ്യാതെ അവനെ നീ
 ഭൂപനന്ദന കൊണ്ടുവരേണമേ”
{അവനെക്കൊണ്ട് കാര്യം സാധിക്കേണ്ടതുണ്ട്. ശൌര്യസമുദ്രമേ, കോപമുണ്ടാകരുത്. രാജനന്ദനാ, ഇപ്രകാരം കോപിക്കാതെ നീ അവനെ കൂട്ടിക്കൊണ്ടുവരണം.}

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് മുന്‍പോലെ പീഠത്തിലിരിക്കുന്ന ശ്രീരാമനെ ലക്ഷ്മണന്‍ കെട്ടിച്ചാടി കുമ്പിട്ടിട്ട് തൊഴുതുമാറി നില്‍ക്കുന്നു.
ശ്രീരാമന്‍:(അനുഗ്രഹിച്ചശേഷം) ‘അതിനാല്‍ നീ ക്ഷമയോടെ പോയി സുഗ്രീവനെ കൂട്ടിക്കൊണ്ടുവന്നാലും’
ലക്ഷ്മണന്‍:‘കല്‍പ്പനപോലെ’
ലക്ഷ്മണന്‍ വീണ്ടും ജേഷ്ഠനെ കുമ്പിട്ട് യാത്രയാകുന്നു. ലക്ഷ്മണനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട് ശ്രീരാമന്‍ നിഷ്ക്രമിക്കുന്നു. ലക്ഷ്മണന്‍ തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്കുവരുന്നു.
ലക്ഷ്മണന്‍:‘ഇനി വേഗം കിഷ്കിന്ധയിലേയ്ക്ക് പോവുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന്, മുന്നില്‍ കണ്ട്, ഇരുവശങ്ങളിലേയ്ക്കും വീക്ഷിച്ചിട്ട്) ‘കിഷ്കിന്ധാരാജധാനി ഇതാ മുന്നില്‍ കാണുന്നു. ഇനി ഇവിടെ വന്നത് സുഗ്രീവനെ അറിയിക്കുകതന്നെ’
ലക്ഷ്മണന്‍ വില്ലുവളച്ചുകുത്തി ഞാന്‍ മുറുക്കിക്കെട്ടി തൊട്ടുവന്ദിച്ചിട്ട് മൂന്നുതവണ ഞാണോലിയിടുന്നു. തുടര്‍ന്ന് നാലാമിരട്ടി എടുത്തുകലാശിപ്പിച്ചിട്ട് വലതുവശത്തായി ഒരു കാല്‍ പീഠത്തില്‍ കയറ്റിവെച്ച് വില്ലുകുത്തിപ്പിടിച്ച് ഗൌരവഭാവത്തില്‍ നില്‍ക്കുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:പുന്നാഗവരാളി
“ശ്രീരാമന്‍ ചൊന്നവാക്യം വിരവൊടു സഹജന്‍ കേട്ടു സമ്മാനയിത്വാ
 വീര്യോത്തുംഗാഗ്രണ്യന്‍ കപിവരസദനദ്വാരി പുക്കക്ഷണത്തില്‍
 പാരം നീര്‍ത്തുള്ളിടും ഞാണൊലിയുടനുടനേ കേട്ടു സുഗ്രീവനപ്പോള്‍
 പാരം ദീത്യാ മയങ്ങീ നൃപമഥ തരസാ താരവന്നേവമൂചേ”
{ശ്രീരാമന്‍ പറഞ്ഞ വാക്യം കേട്ടനുസ്സരിച്ച് വിരാഗ്രഗണ്യനായ അനുജന്‍ ലക്ഷ്മണന്‍ വേഗം സുഗ്രീവന്റെ ഗോപുരദ്വാരത്തില്‍ ചെന്ന് ഗംഭീരമായി വീണ്ടും വീണ്ടും ഞാണൊലിയിട്ടു. അതുകേട്ട് സുഗ്രീവന്‍ ഭയപരവശനായിതീര്‍ന്നു. അപ്പോള്‍ താര വന്ന് ലക്ഷ്മണനോട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകാവസാനത്തില്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന താര മുന്നോട്ടുവന്ന് ലക്ഷ്മണനെ കണ്ട്, സമീപം ചെന്ന് മുട്ടുകുത്തി വന്ദിക്കുന്നു. ലക്ഷ്മണന്‍ അനുഗ്രഹിക്കുന്നു. താര പദാഭിനയം ആരംഭിക്കുന്നു.

താരയുടെ പദം-രാഗം:പുന്നാഗവരാളി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“നരവരസുതവീര രഘുവരസഹജ
 തരണിനന്ദനനോടു കോപമരുതേ”
അനുപല്ലവി:
“ത്വദ്വിധാരായുള്ള വീരന്മാരേതും
 അല്പരില്‍ കോപത്തെ ചെയ്കയില്ലല്ലോ”
ചരണം1:
“ദു:ഖമോടും കാട്ടില്‍ വാഴുന്നവനെ
 കിഷ്കിന്ധയില്‍ രാമന്‍ വാഴിക്കകൊണ്ടു
 അല്പസമയത്തിനന്തരം വന്നു
 അല്പവും നിന്ദയുണ്ടാക കൊണ്ടല്ല”
ചരണം2:
“വാനരസൈന്യങ്ങള്‍ വന്നതു കാണ്‍ക
 നാനാ നഗരവാസികളല്ലോ കപികള്‍
 നൂനമതിനങ്ങു കോപിക്കരുതേ
 വാനരരാജനെ രക്ഷിച്ചുകൊള്‍ക”
{രാജപുത്രാ, വീരാ, രാമാനുജാ, സുഗ്രീവനോട് കോപമരുതേ. അവിടുത്തേപോലെയുള്ള വീരന്മാര്‍ നിസാരന്മാരില്‍ കോപിക്കാറില്ലല്ലോ. ദു:ഖമോടെ കാട്ടില്‍ കഴിഞ്ഞിരുന്നവനെ രാമന്‍ കിഷ്കിന്ധയില്‍ വാഴിക്കകൊണ്ട് അല്പം സമയമാറ്റം വന്നുപോയി. അല്ലാതെ അല്പവും നിന്ദയുണ്ടാവുക കൊണ്ടല്ല. വാനരസൈന്യങ്ങള്‍ വന്നതു കണ്ടാലും. നാനാ പര്‍വ്വതങ്ങളില്‍ വസിക്കുന്നവരല്ലോ കപികള്‍. കാലതാമസം വന്നതിന് കോപിക്കരുതേ. വാനരരാജനെ രക്ഷിച്ചുകൊള്‍ക.}

ലക്ഷ്മണന്റെ മറുപടിപ്പദം-രാഗം:സാവേരി(കാമോദരിയിലും പതിവുണ്ട്), താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“താരരാജസമ കോമളവദനേ
 താരേ മദിരമദാരുണനയനേ”
ചരണം2:
“വാരുണി പാനത്തെ ചെയ്തുമദിച്ചു
 ശ്രീരാമനേയും മറന്നു നികാമം”
ചരണം3:
“ചെയ്ത സഹായങ്ങളൊക്കെ മറന്നു
 ഏതും ഭയം കൂടാതായതും ചേരും”
{ചന്ദ്രസമാനം കോമളമായ വദനത്തോടുകൂടിയവളേ, താരേ, മദ്യത്തിന്റെ മദത്താല്‍ ചുവന്നകണ്ണുകളോടുകൂടിയവളേ, മദ്യപാനംചെയ്ത് മദിച്ച്, ശ്രീരാമനേയും മറന്ന്, ചെയ്ത സഹായങ്ങളൊക്കെ മറന്ന്, ഒട്ടും ഭയം കൂടാതായത് ഉചിതമായി.}

താര:
ചരണം3:
“ചെയ്ത പിഴകള്‍ പൊറുത്തു രക്ഷിക്ക
 ഏതുമവനോടു കോപമരുതേ”
{ചെയ്ത പിഴകള്‍ പൊറുത്ത് രക്ഷിക്കണം. സുഗ്രീവനോട് ഒട്ടും കോപമരുതേ.}

ശേഷം ആട്ടം-

പദാഭിനയം കഴിഞ്ഞ് താര ലക്ഷ്മണനെ മുട്ടുകുത്തി വന്ദിക്കുന്നു.
ലക്ഷ്മണന്‍:(അനുഗ്രഹിച്ചശേഷം) ‘എന്നാല്‍ സുഗ്രീവനോട് പെട്ടന്ന് വരുവാന്‍ പറഞ്ഞാലും’
താര:‘കല്പനപോലെ’
വീണ്ടും വന്ദിച്ച് താര നിഷ്ക്രമിക്കുന്നു. ലക്ഷ്മണന്‍ അനുഗ്രഹിച്ചിട്ട് കാത്തിരിക്കുന്നു.

-----(തിരശ്ശീല)-----

1 അഭിപ്രായം:

നാമൂസ് പറഞ്ഞു...

പഠനാര്‍ഹമായ കുറിപ്പ്