2010, ഡിസംബർ 20, തിങ്കളാഴ്‌ച

തോരണയുദ്ധം രണ്ടാംരംഗം

രംഗത്ത്-സുഗ്രീവന്‍‍(ഒന്നാംത്തരം ചുവന്നതാടിവേഷം), അംഗദന്‍‍(കുട്ടിത്തരം മിനുക്കുവേഷം), കുട്ടിഹനുമാന്‍‍(കുട്ടിത്തരം വെള്ളത്താടിവേഷം), ജാംബവാന്‍‍(കുട്ടിത്തരം മിനുക്കുവേഷം), ലക്ഷ്മണന്‍

ശ്ലോകം-രാഗം:കാമോദരി
“ഏവം കപീന്ദ്രമഹിഷീമൊഴികേട്ടു കിഞ്ചില്‍
 സൌമിത്രി കോപവുമടക്കി മനസ്സിലപ്പോള്‍
 താവന്നികാമചകിതം രവിനന്ദനതം
 പാര്‍ശ്വസ്ഥിതം പുരുഷമോടയമിത്യുവാച”‍
{വാനരേന്ദ്രപത്നിയുടെ ഇപ്രകാരമുള്ള വാക്കുകള്‍ കേട്ട് സൌമിത്രി കോപത്തെ അല്പം അടക്കി. ഭയന്നുവിറച്ച് സമീപത്തുവന്നുനിന്ന സുഗ്രീവനോട് അദ്ദേഹം ഇങ്ങിനെ പരുഷമായി പറഞ്ഞു.}

സുഗ്രീവന്റെ തിരനോട്ടം-
കുട്ടിഹനുമാന്റെ തിരനോട്ടം-

സുഗ്രിവന്റെ തന്റേടാട്ടം-
തിരനോട്ടങ്ങള്‍ക്കുശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തുന്ന സുഗ്രീവന്‍ ഉത്തരീയം വീശി ഗൌരവത്തില്‍ ഇരിക്കുന്നു.
സുഗ്രീവന്‍:(എഴുന്നേറ്റ് രംഗാഭിവാദ്യം ചെയ്തശേഷം ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്നിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ച് മനസ്സിലാക്കിയിട്ട്) ‘ഉം, ഉണ്ട്. എന്റെ ജേഷ്ഠനായ ബാലിയുടെ വിരോധത്താല്‍ വളരെക്കാലം ദുഃഖത്തോടെ ഋഷ്യമൂകാചലത്തില്‍ കഴിഞ്ഞുകൂടിയിരുന്ന എന്നെ ശ്രീരാമചന്ദ്രന്‍ രക്ഷിച്ചു. ശ്രീരാമചന്ദ്രസ്വാമി ബാലിയെ വധിച്ച് എന്നെ കിഷ്കിന്ധാരാജാവാക്കി വാഴിച്ചു. വാനരരാജാവായിതീര്‍ന്ന ഞാന്‍ ഇന്ന് സന്തുഷ്ടിയോടെ കിഷ്കിന്ധാരാജ്യം ഭരിക്കുന്നു. എന്നേപ്പോലെ ഭാഗ്യമുള്ളവര്‍ ഇന്ന് ലോകത്തില്‍ ആരുണ്ട്? ഏയ്, ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’ (വീണ്ടും ഉത്തരീയം വീശി പീഠത്തില്‍ ഇരിക്കവെ) ‘ഉം, ഇനി അല്പം മദ്യം സേവിക്കുകതന്നെ’ (ഇടത്തേയ്ക്കുനോക്കി ഭൃത്യനെ മാടിവിളിച്ചുവരുത്തി ഇടംകൈകൊണ്ട് അനുഗ്രഹിച്ചശേഷം) ‘നീ വേഗത്തില്‍ അല്പം മദ്യം കൊണ്ടുവരിക’
ഭൃത്യനെ അയച്ച് സുഗ്രീവന്‍ അല്പനേരം ഉത്തരീയം വീശി ഇരിക്കുന്നു. തുടര്‍ന്ന് ഭൃത്യന്‍ കൊണ്ടുവരുന്ന മദ്യം വാങ്ങി കുടിച്ചുകൊണ്ട് മദോന്മത്തനായി ഇരിക്കുന്നു.
സുഗ്രീവന്‍:(പെട്ടന്ന് കിടിലംകൊള്ളിക്കുന്ന ഞാണോലി തുടര്‍ച്ചയായി കേട്ടിട്ട് അസഹ്യതയോടെ) ‘കര്‍ണ്ണകഠോരമായി ഇപ്രകാരം ഞാണോലിയിടുന്നത് ആര്?’ (ആലോചിച്ച് കണക്കുകൂട്ടി നോക്കിയിട്ട് പരിഭ്രമത്തോടെ) ‘അയ്യോ! ശ്രീരാമസ്വാമി എന്നോട് ചെല്ലുവാന്‍ പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നുവല്ലോ. എന്നെ കാണാഞ്ഞ് കോപിച്ചുവന്ന ലക്ഷ്മണനായിരിക്കും ഞാണോലിയിടുന്നത്. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കുവാനുള്ള ഉപായമെന്ത്? (ആലോചിച്ചുറപ്പിച്ചശേഷം) ‘എന്തായാലും ഇനി വേഗം അംഗദാദികളോടുകൂടി ചെന്നുകണ്ട് വന്ദിക്കുകതന്നെ’
സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നതോടെ തിരയുയര്‍ത്തുന്നു.
വീണ്ടും തിരനീക്കുമ്പോള്‍ ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്ന സുഗ്രീവനും അംഗദനും ജാംബവാനും ഹനുമാനും മുന്നോട്ടുവന്ന് വലതുവശത്തായി വില്ലുകുത്തിപ്പിടിച്ച് പീഠത്തില്‍ ഇരിക്കുന്ന ലക്ഷ്മണനെ കണ്ട്, കുമ്പിട്ടിട്ട് തുഴുതുമാറി ഭയത്തോടെ നില്‍ക്കുന്നു. ലക്ഷ്മണന്‍ അനുഗ്രഹിച്ചശേഷം സഗൌരവം എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:കാമോദരി,താളം:ചെമ്പട(രണ്ടാം കാലം)
ലക്ഷ്മണന്‍:
പല്ലവി:
“സുഗ്രീവ ദിവാകരാത്മജ കപിവര”
ചരണം1:
“അഗ്രജനെ കൊന്നു തവ രാജ്യം തന്ന വീരനാമെന്‍
 അഗ്രജനെ മറന്നു നീ ആത്തമോദം വാണീടുമോ”
(“സുഗ്രീവ ദിവാകരാത്മജ കപിവര”)
ചരണം2:
“ബാലിമാര്‍ഗ്ഗത്തെ നീയനുസരിക്കുമേവമെങ്കിലോ
 ബാലതകൊണ്ടധികം നീ മൂഢനായി വാണീടൊല്ലാ”
(“സുഗ്രീവ ദിവാകരാത്മജ കപിവര”)
{സുഗ്രീവാ, സൂര്യപുത്രാ, കപിശ്രേഷ്ഠാ, ജേഷ്ടനെ കൊന്ന് നിനക്ക് രാജ്യം തന്ന വീരനായ എന്റെ ജേഷ്ഠനെ മറന്ന് അത്യാനന്ദത്തോടെ വാഴുവാന്‍ നിനക്ക് സാധിക്കുമോ? അങ്ങിനെയാണെങ്കില്‍ ബാലിപോയവഴിക്ക് നീയും പോകും. ചപലതകൊണ്ട് നീ അധികം മൂഢനായി ഇരിക്കരുത്.}

സുഗ്രീവന്‍:
ചരണം3:
“ബാലിയെ ഭയപ്പെട്ടു ഞാന്‍ കാനനത്തില്‍ വാണകാലം
 ബാലിയെക്കാലന്നു നല്‍കി രാജ്യം തന്ന രഘുവീരന്‍‍”
പല്ലവി:
“രക്ഷിക്കേണം പിഴപൊറുത്തു അടിയനെ”
{ബാലിയെ ഭയപ്പെട്ട് ഞാന്‍ കാനനത്തില്‍ വാണകാലത്ത് ബാലിയെ കൊന്ന് രാജ്യം നല്‍കിയ രഘുവീരന്‍തന്നെ പിഴപുറുത്ത് അടിയനെ രക്ഷിച്ചീടേണം.}

ലക്ഷ്മണന്‍:
ചരണം4:
“സുഗ്രീവ വൈകാതെ ഇനി തത്ര ശൈലപുംഗവേ എന്‍
 അഗ്രജസമീപേ പോക സേനയോടും നാമെല്ലാരും”
(“സുഗ്രീവ ദിവാകരാത്മജ കപിവര”)
{സുഗ്രീവാ, നമെല്ലാരും സേനയോടുകൂടി ഇനി വൈകാതെ എന്റെ ജേഷ്ഠന്‍ ഇരിക്കുന്ന പര്‍വ്വതമുകളിലേയ്ക്ക് പോകാം.}

സുഗ്രീവന്‍:
ചരണം5:
“മാരുതേ വൈകാതെ നാനാ വാനരസൈന്യങ്ങള്‍ക്കെല്ലാം
 ചാരരെയയ്ക്ക ഭവാന്‍ അതിവേഗമോടിദാനീം‍“
{ഹനുമാന്‍, വൈകാതെ നാനാ വാനരസൈന്യങ്ങള്‍ക്കെല്ലാം ഭവാനിപ്പോള്‍ അതിവേഗത്തില്‍ ദൂതന്മാരെ അയയ്ക്കുക.}

ശേഷം ആട്ടം-
സുഗ്രീവന്റെ ആജ്ഞകേട്ട് ഹനുമാന്‍ അനുസ്സരിച്ച് വന്ദിക്കുന്നു.
സുഗ്രീവന്‍:(അനുഗ്രഹിച്ചശേഷം) ‘ഇനി ഒട്ടും താമസിക്കാതെ, വേഗത്തില്‍ പോയാലും’
ഹനുമാന്‍ അനുസ്സരിച്ച് സുഗ്രീവനേയും ലക്ഷ്മണനേയും കുമ്പിട്ടിട്ട് അംഗദനും ജാബവാനും ഒപ്പം നിഷ്ക്രമിക്കുന്നു.
സുഗ്രീവന്‍:(ഹനുമാനാദികളെ യാത്രയാക്കിതിരിഞ്ഞിട്ട് ലക്ഷ്മണസമീപം വന്ന് വന്ദിച്ചിട്ട്) ‘സ്വാമിന്‍ ഇതാ പല്ലക്ക് എത്തിയിരിക്കുന്നു. ദയാപൂര്‍വ്വം അതില്‍ അയറിയാലും‘
ലക്ഷ്മണന്‍:‘അങ്ങിനെ തന്നെ’
തുടര്‍ന്ന് നാലാമിരട്ടി എടുത്തുകലാശിപ്പിക്കുന്നതിനൊപ്പം ലക്ഷ്മണനും സുഗ്രീവനും ചേര്‍ന്ന് പല്ലക്കിലേയ്ക്ക് ചാടിക്കയറി പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: