2010, ഡിസംബർ 20, തിങ്കളാഴ്‌ച

തോരണയുദ്ധം മൂന്നാം രംഗം

രംഗത്ത്-ശ്രീരാമന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍, ഹനുമാന്‍, അംഗദന്‍, ജാംബവാന്‍

ശ്ലോകം-രാഗം:ബലഹരി
“ഇത്ഥം പറഞ്ഞു ശിബികാമധിരുഹ്യ തൌ ദ്വൌ
 സൌമിത്രി മിത്രതനയൌ രഘുവീരവാസം
 ഗത്വാ തതശ്വരണയോഃ പ്രണതൌ ച വീരൌ
 ഉത്ഥാപ്യ തം കപിവരം നിജഗാദ രാമഃ”
{ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണനും സുഗ്രീവനും ഒരുമിച്ച് പല്ലക്കില്‍ കയറി ശ്രീരാമസന്നിധിയില്‍ ചെന്ന് പാദങ്ങളില്‍ നമസ്ക്കരിച്ചു. ആ വീരന്മാരെ എഴുന്നേല്‍പ്പിച്ച് ശ്രീരാമന്‍ കപിശ്രേഷ്ഠനോട് ഇപ്രകാരം പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ലക്ഷ്മണനും സുഗ്രീവനും വലതുവശത്ത് വില്ലുകുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്ന ശ്രീരാമനെ കണ്ട്, കുമ്പിട്ട് തൊഴുതുമാറി നില്‍ക്കുന്നു. ശ്രീരാമന്‍ ഇരുവരേയും അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:ബലഹരി, താളം:ചെമ്പട(രണ്ടാം കാലം)
ശ്രീരാമന്‍:
പല്ലവി:
ഹേ സഖേ ശൃണു മാമകവചനം”
ചരണം1:
“കാലമതിക്രമിക്കുന്നു വൈരിവധം ചെയ്‌വാനായ്
 നാലുദിക്കിലും സൈന്യത്തെപ്രേഷയ ദ്രഷ്ടും വൈദേഹിം”
{ഹേ സഖേ, എന്റെ വാക്കുകേട്ടാലും. വൈരിവധം ചെയ്‌വാനായി കാലം അതിക്രമിക്കുന്നു. സീതയെ കണ്ടെത്തുവാനായി നാലുദിക്കിലേയ്ക്കും സൈന്യത്തെ അയയ്ക്കുക.}

സുഗ്രീവന്‍:
ചരണം2(മൂന്നാം കാലം)
“സ്വാമിന്‍ വാനരന്മാരെ ഞാന്‍ ദിക്കുകളിലേയ്ക്കയക്കുന്നേന്‍
 ഭീമബല ജാനകിയെ അന്വേഷിപ്പതിനായി”
ചരണം3:^
“അംഗദനും ജാംബവാനും മാരുതിയാകും ഹനുമാന്‍
 തുംഗബലവാനാം നീലന്‍ ഗന്ധമാദനന്‍ സുഷേണന്‍”
ചരണം:4
“ഈവണ്ണമനേകം ജാതി വാനരസൈന്യങ്ങള്‍ വന്നു
 എല്ലാരേയും ദിക്കുകളില്‍ ചൊല്ലിയയച്ചീടുവന്‍”
ചരണം5:-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
“ബാലിതനയാംഗദ മാരുതേ ഹനുമാന്‍
 ഭല്ലൂകാധീശ ജാംബവാന്‍ ശൃണുത മേ വാക്കുകള്‍”
ചരണം6:
“ജാനകിയെ നിങ്ങള്‍ പോയി തെക്കെ ദിക്കെല്ലാം
 മാനസം തെളിഞ്ഞു പാരം അന്വേഷിച്ചു വരേണം’
{മഹാബലവാനായ സ്വാമിന്‍, ജാനകീദേവിയെ അന്വേഷിക്കുവാനായി ഞാന്‍ നാനാദിക്കുകളിലേയ്കും വാനരന്മാരെ അയയ്ക്കുന്നുണ്ട്. അംഗദന്‍, ജാംബവാന്‍, വായുപുത്രനായ ഹനുമാന്‍, അധികബലവാനായ നീലന്‍, ഗന്ധമാദനന്‍, സുഷേണന്‍ എന്നിവരടക്കം അനേകം ജാതി വാനരസൈന്യങ്ങള്‍ എത്തിക്കഴിഞ്ഞു. എല്ലാവരേയും ഓരോരോ ദിക്കുകളിലേയ്ക്ക് പറഞ്ഞയച്ചീടാം. ബാലിതനയനായ അംഗദാ, വായുതനയനായ ഹനുമാന്‍, വാനരശ്രേഷ്ഠനായ ജാംബവാന്‍, നിങ്ങള്‍ സന്തോഷപൂര്‍വ്വം തെക്കെദിക്കില്‍ പോയി ജാനകീദേവിയെ അന്വേഷിച്ച് വരേണം.}

ഹനുമാന്‍:
ചരണം7:-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
“ബാലിസഹജ നിന്റെ പാദം പണിഞ്ഞു ഞങ്ങള്‍
 നീളെ അന്വേഷിച്ചു കണ്ടു വരുന്നുണ്ടു നിര്‍ണ്ണയം”
{ബാലിസഹോദരാ, അങ്ങയുടെ പാദം വന്ദിച്ച് ഞങ്ങള്‍ സീതാദേവിയെ അന്വേഷിച്ച് കണ്ടുവരുന്നുണ്ട്, തീര്‍ച്ച.}

ശ്രീരാമന്‍:
ചരണം8:-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
“ഭീമബലഹനുമാന്‍ ജഗല്‍‌പ്രാണനന്ദന
 കാമിനീമൌലി സീതയെ കണ്ടു വരും നീ തന്നെ”
ചരണം9:
“മാമകമംഗുലീയം കൊണ്ടുപോക കയ്യില്‍ നീ
 മാമുനികള്‍ തന്നതിതു അടയാളമെന്നറിക”
{അതിബലവാനായ ഹനുമാന്‍, വായുപുത്രാ, സ്ത്രീരത്നമായ സീതയെ നീതന്നെ കണ്ടു വരും. എന്റെ മൊതിരം നീ കയ്യില്‍ കൊണ്ടുപോവുക. മാമുനികള്‍ തന്നതായ ഇതാണ് അടയാളം എന്നറിയുക.}

[^മൂന്നാം ചരണം ആരംഭിക്കുന്നതോടെ ഇടത്തുഭാഗത്തുകൂടി അംഗദനും ജാംബവാനും ഹനുമാനും പ്രവേശിച്ച് വന്ദിച്ച് നില്‍ക്കുന്നു.]

ശ്രീരാമന്‍ മോതിരം ഹനുമാന്റെ കൈവശം നല്‍കുന്നു. ഹനുമാന്‍ മോതിരം വാങ്ങി ഭക്തിപൂര്‍വ്വം ശിരസ്സിലും മാറിലും ചേര്‍ത്ത് വന്ദിച്ചിട്ട് ശിരസ്സില്‍ വെച്ചുകെട്ടിയശേഷം ചരണം അഭിനയിക്കുന്നു.

ഹനുമാന്‍:
ചരണം:10:-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാം കാലം)
“ശ്രീരാമചന്ദ്രാദേവ സീതാനായക വിഭോ
 ത്വരയോടും സീതയെ ഞാന്‍ കണ്ടു വരുന്നുണ്ടു്”
{ശ്രീരാമചന്ദ്രദേവാ, സീതാനായകാ, പ്രഭോ, ഉടന്‍ തന്നെ ഞാന്‍ സീതാദേവിയെ കണ്ടുവരുന്നുണ്ട്.}

പദത്തിന്റെ കലാശത്തിനുശേഷം ഇരട്ടിനൃത്തത്തിന്റെ സ്ഥാനത്ത് ഹനുമാന്‍ ജാംബവാനോടും അംഗദനോടും കൂടി ശിരസ്സിനുമുകളില്‍ കൈകൂപ്പി നൃത്തത്തോടുകൂടി ശ്രീരാമനെ വലംവെച്ച് നമസ്ക്കരിക്കുന്നു.

ശേഷം ആട്ടം-
സുഗ്രീവന്‍:(വണങ്ങി യാത്രയാവുന്ന വാനരരോടായി) ‘ഇന്നേയ്ക്ക് മുപ്പത്തുനാള്‍ക്കകം എല്ലാവരും സീതാന്വേഷണം നടത്തി മടങ്ങി വന്നുകൊള്ളണം. സീതാദേവിയുടെ വിവരങ്ങള്‍ അറിയാതെ മടങ്ങിയെത്താനിടയായാല്‍ മരണം വരിക്കുവാന്‍ തയ്യാറായിക്കൊള്‍ക. ഇത് ശ്രീപരമേശ്വരനാണെ സത്യം’
ഹനുമാനാദികള്‍:‘ഉത്തരവുപോലെ’
ഹനുമാനും ജാബവാനും അംഗദനും ചേര്‍ന്ന് വീണ്ടും ശ്രീരാമനേയും സുഗ്രീവനേയും വണങ്ങി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)----- 

അഭിപ്രായങ്ങളൊന്നുമില്ല: