2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദക്ഷയാഗം അഞ്ചാംരംഗം

രംഗത്ത്-സതി, വൃദ്ധബ്രാഹ്മണൻ(ഇടത്തരം മിനുക്കുവേഷം),  ശിവൻ(ഒന്നാംതരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:ബലഹരി

“സതീം സ തീവ്രേ തപസി സ്ഥിതാമിമാം
 നിരീക്ഷിതുഞ്ചാപി പരീക്ഷിതും തതഃ
 ജരാതുരോക്ഷോണിസുരാകൃതിഃ പ്രിയാം
 പുരാരിരാസാദ്യ പുരോബ്രവീദ് ഗിരം”
{കഠിന തപസ്സിൽ സ്ഥിതിചെയ്യുന്നവളും പ്രിയയുമായ ഈ സതിയെ നിരീക്ഷിക്കുവാനും പരീക്ഷിക്കുവാനുമായി ആ പുരാന്തകൻ ഒരു വൃദ്ധബ്രാഹ്മണരൂപം ധരിച്ച് അവളുടെ മുന്നിൽ വന്ന് ഇങ്ങിനെ പറഞ്ഞു}

ഇടത്തുഭാഗത്തായി പീഠത്തിൽ തപോമുദ്രയോടെ ഇരിക്കുന്ന സതി വലതുവശത്തുകൂടി ‘കിടതകധിം,താം’മേളത്തിനൊപ്പം പ്രവേശിക്കുന്ന വൃദ്ധബ്രാഹ്മണനെ കാണുന്നതോടെ എഴുന്നേറ്റ് ഭക്തിപൂർവ്വം വന്ദിക്കുന്നു. അനുഗ്രഹിച്ചശേഷം വൃദ്ധബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

വൃദ്ധബ്രാഹ്മണൻ(കലാനി:കരുണാകരക്കുറുപ്പ്) തപസ്സുചെയ്യുന്ന സതി(കുടമാളൂർ മുരളീകൃഷ്ണൻ)യുടെ സമീപത്തേയ്ക്ക് വരുന്നു
വൃദ്ധബ്രാഹ്മണന്റെ പദം-രാഗം:ബലഹരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കന്യകമാർമൌലിമണേ കല്യാണശീലേ”
അനുപല്ലവി:
“അന്യഭാവമെന്നിൽ വേണ്ട ആശയം നീചൊൽക ബാലേ”
(“കന്യകമാർമൌലിമണേ കല്യാണശീലേ”)
ചരണം1:
“ചെന്തളിർകോമളം ഗാത്രം ചെയ്കൊലാ നീ ക്ലേശപഗാത്രം
 എന്തു മോഹമത്രമാത്രം ഇണ്ടൽകൊൾവാനഹോരാത്രം”
(“കന്യകമാർമൌലിമണേ കല്യാണശീലേ”)
{കന്യകമാരുടെ ശിരോരത്നമേ, മംഗളശീലേ, ബാലേ, ഞാൻ അന്യനാണന്ന് വിചാരിക്കേണ്ട. നിന്റെ ആഗ്രഹമെന്തെന്ന് പറയുക. ചെന്തളിരുകണക്കെ കോമളമായ ശരീരത്തെ നീ ക്ലേശിപ്പിക്കരുത്. ഇങ്ങിനെ അഹോരാത്രം ക്ലേശിക്കുവാന്മാത്രമുള്ള മോഹമെന്താണ്?}

സതിയുടെ മറുപടിപ്പദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“എന്നുടെ പാണിഗ്രഹണം ഇന്ദുചൂഡൻ ചെയ്തീടേണം
 എന്നതിനു കൃപവേണം എന്നെ അനുഗ്രഹിക്കേണം”
പല്ലവി:
“അന്തണേന്ദ്ര കേട്ടുകൊൾക ആശയമേവം”
{എന്റെ പാണിഗ്രഹണം ഇന്ദുചൂഡൻ ചെയ്തീടേണം. അതിനിന്ന് അവിടുത്തെ കൃപവേണം. അതിനെന്നെ അനുഗ്രഹിക്കേണം. ബ്രാഹ്മണേന്ദ്രാ, എന്റെ ആഗ്രഹം കേട്ടാലും.}

വൃദ്ധബ്രാഹ്മണൻ:
ചരണം2:
“ഹന്ത ഹന്ത നിന്റെ ഭാവം അവങ്കലോചെന്നിതേവം
 എന്തവനുള്ള പ്രഭാവം ഇങ്ങനെ നിന്റെ ദുർദൈവം”
(“കന്യകമാർമൌലിമണേ കല്യാണശീലേ”)
ചരണം3:
“ഇന്നവന്നചലം ഗേഹം എരുതൊന്നുണ്ടു പോൽ വാഹം
 പന്നഗഭീഷണം ദേഹം പാഴിലയ്യോ നിന്റെ മോഹം”
(“കന്യകമാർമൌലിമണേ കല്യാണശീലേ”)
{കഷ്ടം! കഷ്ടം! നിന്റെ ഇഷ്ടം ഇങ്ങിനെ അവനിലാണോ ചെന്നത്? എന്താണ് അവനുള്ള മാഹാത്മ്യം? നിന്റെ ദുർവിധി ഇങ്ങിനെയായല്ലോ? ഇന്ന് അവന്റെ ഗേഹം പർവ്വതമാണ്. വാഹനമായി ഒരു കാളയുണ്ടുപോൽ. സർപ്പങ്ങളാൽ ഭയങ്കരമാണ് ദേഹം. കഷ്ടം! നിന്റെ ആഗ്രഹം പാഴിലായല്ലോ?}

ബ്രാഹ്മണന്റെ ശിവദൂഷണം കേട്ട് അസഹ്യത നടിച്ച് നിൽക്കുന്ന സതി ‘പാഴിലയ്യോ മോഹം’ എന്നുകേട്ട് ചെവി പൊത്തിപ്പിടിക്കുന്നു. തുടർന്ന് കോപതാപങ്ങളോടെ അടുത്ത ചരണം അഭിനയിക്കുന്നു.

സതി:
ചരണം2:
“ഈശ്വരദൂഷണാലാപം എന്തിനയ്യോ ശാന്തം പാപം
 ശാശ്വതധർമ്മവിലോപം സമ്പ്രതി വേണ്ട സല്ലാപം”
{അയ്യോ! എന്തിനാണ് ഈശ്വരനെ ദുഷിച്ചുപറയുന്നത്? പാപം ശമിക്കട്ടെ. ശാശ്വതമായ ധർമ്മത്തെ നശിപ്പിക്കുന്നതായ സംഭാഷണം ഇനി വേണ്ടാ.}

സതിയുടെ പദം കലാശിക്കുന്നതോടെ ഗായകർ ശ്ലോകമാലപികുന്നു.

ശ്ലോകം
^-രാഗം:കേദാരഗൌഡം
“ഏവം പറഞ്ഞവൾ നിറഞ്ഞരുഷാ ഗമിപ്പാൻ
 ഭാവിച്ചിടുന്ന സമയേ ഭഗവാൻ മഹേശൻ
 ആവിർഭവിച്ചു നിജവേഷമോടഗ്രഭാഗേ
 കാർവേണിയോടു മൃദുഹാസമുവാച വാചം”
{നിറഞ്ഞ രോഷത്തോടെ ഇങ്ങിനെ പറഞ്ഞിട്ട് അവൾ പോകാൻ ഭാവിച്ച സമയത്ത് ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ യഥാർത്ഥവേഷമോടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് മന്തഹസിച്ചുകൊണ്ട് കാർവേണിയാളോട് ഇങ്ങിനെ പറഞ്ഞു.}

[
^ശ്ലോകം ആരംഭിക്കുമ്പോൾ രോഷസങ്കടങ്ങളോടെ ‘ഇനി ഇവിടെ നിൽക്കുവാൻ വയ്യ, പോവുകതന്നെ’ എന്നുകാട്ടി സതി പിന്തിരിയാൻ തുടങ്ങുന്നു. ഇതേസമയംതന്നെ സതിയുടെ ഉറച്ച ഭക്തിയിൽ പ്രീതനായ വൃദ്ധബ്രഹ്മണൻ എഴുന്നേറ്റ് ‘ഇനി സ്വരൂപം ദർശ്ശിപ്പിക്കുകതന്നെ’ എന്നുകാട്ടിയിട്ട് നിഷ്ക്രമിക്കുന്നു. ‘ആവിർഭവിച്ചു’ എന്നാലപിക്കുന്നതോടെ വലതുകോണിൽ തിരശ്ശീല പകുതിതാഴ്ത്തി ആലവട്ട മേലാപ്പുകളോടെ പീഠത്തിലിരുന്നുകൊണ്ട് ശിവൻ പ്രത്യക്ഷനാകുന്നു. ഈ സമയത്ത് വലന്തലമേളവും ശംഖുനാദവും മുഴക്കുന്നു. പോകാനൊരുങ്ങിയ സതി ഭഗവാനെ കണ്ട് ഓടി അടുത്തുചെന്ന് മുട്ടുകുത്തി നമസ്ക്കരിക്കുന്നു. ശിവൻ അനുഗ്രഹിക്കുന്നു.]

സതി ശിവന്റെ സമീപം തലകുമ്പിട്ട് നിൽക്കുന്നു. ശിവൻ ഇരുന്നുകൊണ്ടുതന്നെ ശ്ലോകം അഭിനയിക്കുന്നു.

ശ്ലോകം-രാഗം:തോടി
“പൂന്തേൻ നേർവ്വാണി ബാലേ സുമുഖിവിമുഖിയായെങ്ങു പോകുന്നിദാനീം
 സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാൻ നിന്നിടുമ്പോൾ
 ഞാൻ തേ ഭാവം ഗ്രഹിപ്പാനവനിസുരമിഷാലപ്രിയം ചൊന്നതെല്ലാം
 കാന്തേ ഹാ ഹന്ത കോപം കളക മയി തവാഭീഷ്ടമെല്ലാം തരുന്നേൻ”
{പൂന്തേനിനു തുല്യമായ വാക്കുകളോടുകൂടിയവളേ, സുമുഖീ, ഞാനിവിടെ  മനസ്സിൽ ഏറ്റവും സന്തോഷം തരുവാനായി വന്നുനിൽക്കുമ്പോൾ നീ വിമുഖിയായി എങ്ങോട്ടാണ് പോകുന്നത്? ഞാൻ ബ്രാഹ്മണനെന്ന വ്യാജേന വന്ന് അപ്രിയം പറഞ്ഞതെല്ലാം നിന്റെ മനോഗതം ഗ്രഹിക്കുവാൻ മാത്രമായിരുന്നു. കാന്തേ, ഹാ! കഷ്ടം! കോപം കളയുക. നിന്റെ അഭീഷ്ടമെല്ലാം ഞാൻ തരുന്നുണ്ട്.}

“സുമുഖിവിമുഖിയായെങ്ങു പോകുന്നിദാനീം“ (ശിവൻ-കോട്ട:സുധീർ, സതി-കോട്ട:ഹരികുമാർ)
വലന്തലമേളം തുടർന്നു. സതി സന്തോഷവതിയായി വീണ്ടും ശിവനെ നമസ്ക്കരിക്കുന്നു. ശിവൻ അനുഗ്രഹിക്കുന്നു. തിര ഉയർത്തി ശിവൻ അപ്രത്യക്ഷനാകുന്നു. സതിയും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: