2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ഉത്തരാസ്വയംവരം

ഇരയിമ്മന്‍ തമ്പി രണ്ടാമതായി രചിച്ച ആട്ടകഥയാണ് ഉത്തരാസ്വയംവരം.

കഥാസംഗ്രഹം

കീചകവധത്തെ തുടര്‍ന്നുള്ള അജ്ഞാതവാസകാലത്തിന്റെ 
അന്ത്യഭാഗത്തെ കഥകളാണ് ഈ ആട്ടകഥയുടെ ഇതിവൃത്തം.
കിചകനും ഉപകീചകന്മാരും വധിക്കപ്പെട്ടു 
എന്നറിഞ്ഞ് ഭയാശങ്കപൂണ്ട സ്വപത്നി സുദേഷ്ണയെ സമാശ്വസിപ്പിക്കുന്ന രംഗമാണ് ആദ്യത്തേത്. രണ്ടാം രംഗം ദുര്യോധനനും ഭാനുമതിയുമായുള്ള ശൃഗാരപ്പദമാണ്. അജ്ഞാതവാസം ചെയ്യുന്ന പാണ്ഡവരെ കണ്ടെത്തുവാനായി ദുര്യോധനന്‍ നിയോഗിച്ചിരുന്ന ചാരന്മാരില്‍ ഒരുവന്‍ കൌരവസഭയിലെത്തി കീചകന്റെ മരണവൃത്താന്തം അറിയിക്കുന്നു മൂന്നാം രംഗത്തില്‍‍. മഹാബലശാലിയായ കീചകനെ കൊല്ലുവാന്‍ ഭീമനല്ലാതെ മറ്റാര്‍ക്കും സാദ്ധ്യമല്ലെന്നും അതിനുകാരണക്കാരിയായ സ്ത്രീ പാഞ്ചാലിതന്നെ ആയിരിക്കണമെന്നുമുള്ള ദുര്യോധനന്റെ സംശയത്തെ ഭീഷ്മരും ശരിവയ്ക്കുന്നു. അപ്പോള്‍ പാണ്ഡവരെ പുറത്തുകൊണ്ടുവരുവാനുള്ള ഉപായമായി വിരാടന്റെ ഗോധനം അപഹരിക്കുവാനായി ദുര്യോധനന്‍ തീരുമാനിക്കുന്നു. നാലാം രംഗത്തില്‍ ദുര്യോധനന്റെ സഹായത്താല്‍ പ്രതാപിയായി കഴിയുന്ന സുശര്‍മ്മാവ് എന്നുപേരായ ത്രിഗര്‍ത്തരാജാവ് ദുര്യോധന സവിധത്തിലെത്തുന്നു. ദുര്യോധനന്‍ വിരാടന്റെ ഗോധനം അപഹരിക്കുവാനായി ത്രിഗര്‍ത്തനെ നിയോഗിക്കുന്നു. മറ്റൊരുമാര്‍ഗ്ഗത്തിലൂടെ സേനാസമേതം വന്ന് താനും ഗോധനാപഹരണം ചെയ്തുകൊള്ളാം എന്നുപറഞ്ഞ് ദുര്യോധനന്‍ സുശര്‍മ്മാവിനെ യാത്രയാക്കുന്നു. തുടര്‍ന്ന് ത്രിഗര്‍ത്തന്‍ സേനാസമേതനായി മാത്സ്യദേശത്തിലെത്തി ഗോക്കളെ അപഹരിക്കുന്നു. ഇതറിഞ്ഞ് തടുക്കാനെത്തുന്ന വിരാടനെ ത്രിഗര്‍ത്തന്‍ യുദ്ധത്തില്‍ ബന്ധിക്കുന്നു. പെട്ടന്ന് അവിടെയെത്തുന്ന വലലന്‍ തന്റെ സ്വാമിയെ മോചിപ്പിക്കുകയും സുശര്‍മ്മാവിനെ നേരിടുകയും ചെയ്യുന്നു. വലലന്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയെങ്കിലും കങ്കന്റെ നിദ്ദേശം മാനിച്ച് ത്രിഗര്‍ത്തനെ കൊല്ലാതെ വിടുന്നു. സുശര്‍മ്മാവ് അവിടെനിന്നും പാലായനം ചെയ്യുന്നു. വിരാടപുത്രനും സ്ത്രീലമ്പടനുമായ ഉത്തരരാജകുമാരന്‍ അന്ത:പുരസ്ത്രീകളുകളുമായി സല്ലപിക്കുന്നതാണ് രംഗം അഞ്ചില്‍. വിരാടന്‍ ത്രിഗര്‍ത്തനെ നേരിടാന്‍ പോയതക്കത്തിന് വന്‍സേനയുമായി മറ്റൊരുവഴിയ്ക്ക് വിരാടത്തിലെത്തിയ ദുര്യോധനന്‍ ഗോക്കളെ ഹരിക്കുന്നു. പശുപാലകര്‍ അന്ത:പുരത്തിലെത്തി യുവരാജാവായ ഉത്തരനെ ഈ വിവരം ധരിപ്പിക്കുന്നു. അര്‍ജ്ജുനന് കൃഷ്ണന്‍ എന്നതുപോലെ തേര്‍തെളിക്കുവാനായി യോഗ്യനായ ഒരാളെ കിട്ടിയാല്‍ പാര്‍ത്ഥനെപ്പോലെ വില്ലാളിവീരനായ താന്‍ കൌരവരെ ക്ഷണത്തില്‍ തൊല്‍പ്പിച്ച് ഗോക്കളെ വിണ്ടെടുക്കുമെന്ന് ഉത്തരന്‍ നാരീസമക്ഷത്തില്‍ വെച്ച് വീരവാദം മുഴക്കുകയും, അങ്ങിനെയായാല്‍ പരാജിതരായ ദുര്യോധനാദികളുടെ പട്ടുവസ്ത്രങ്ങള്‍ കൊണ്ടുവന്ന് തരാമെന്ന് സ്ത്രീകള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. ആറാം രംഗത്തില്‍ പാര്‍ത്ഥസദൃശനാണ് താനെന്ന ഉത്തരന്റെ വീമ്പിളക്കല്‍ കേട്ടറിഞ്ഞ സൈരന്ധ്രി(പാഞ്ചാലി) ബൃഹന്ദളയെ(അര്‍ജ്ജുനന്‍) സമീപിച്ച് വൃത്താന്തങ്ങള്‍ അറിയിക്കുന്നു. ഉത്തരന്റെ ജളത്വം ശമിപ്പിക്കാമെന്നും, വിരാടനെ ആപത്തില്‍നിന്നും രക്ഷിക്കേണ്ടത് തന്റെ കടമയാണന്നും, അജ്ഞാതവാസകാലം തികഞ്ഞ ഈ അവസരത്തില്‍ കൌരവരോട് പകവീട്ടാന്‍ ഇതൊരു അവസരാണന്നും ആലോചിച്ച ബൃഹന്ദള; ‘ഉത്തരന്റെ തെര്‍ തെളിക്കുവാന്‍ ഞാന്‍ വരാം’ എന്ന് അവനെ അറിയിക്കുവാന്‍ സൈരന്ധ്രിയോട് പറയുന്നു. സൈരന്ധ്രി ഉത്തരമുഖാന്തരം ബൃഹന്നളയുടെ സന്നദ്ധത ഉത്തരനെ അറിയിക്കുന്നു രംഗം 7ല്‍.  തുടര്‍ന്ന് ഉത്തരന്റെ സമീപമെത്തുന്ന ബൃഹന്നള തേര്‍ ഒരുക്കിക്കൊണ്ടുവന്ന് ഉത്തരനെയും കയറ്റി യുദ്ധത്തിനായി പുറപ്പെടുന്നു. എട്ടാം രംഗത്തില്‍ ബൃഹന്നളയാല്‍ അതിവേഗത്തില്‍ തെളിക്കപ്പെടുന്ന തേരില്‍ സഞ്ചരിക്കവെ ഭയവിഹ്വലനാവുന്ന ഉത്തരന്‍ തേര്‍ തിരിക്കുവാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ബൃഹന്നള അത് കൂട്ടാക്കുന്നില്ല. ക്ഷത്രിയോചിതമായ യുദ്ധവീര്യമില്ലാത്ത ഉത്തരന്‍ തേരില്‍ നിന്നു ചാടി തിരിഞ്ഞോടുന്നു. ബൃഹന്നള അവനെ പിടിച്ചുകൊണ്ടുവന്ന് ക്ഷത്രിയധര്‍മ്മം ഉപദേശിക്കുകയും പരമാര്‍ത്ഥം വെളിപെടുത്തുകയും ചെയ്യുന്നു. വില്ലാളിവീരനായ അര്‍ജ്ജുനന്‍ തന്നെയാണ് താനെന്ന് വിശ്വസിപ്പിച്ച് ഉത്തരന് മനോധര്യം പകര്‍ന്നിട്ട് ബൃഹന്നള അയാളെ തേരോടിക്കുവാന്‍ നിയോഗിക്കുന്നു. അജ്ഞാതവാസകാലത്തിനുമുന്‍പ് ശ്മശാനത്തിലെ ശമീവൃക്ഷത്തില്‍ ഒപ്പിച്ചുവെച്ച ഗാണ്ഡീവം ഉത്തരനെകൊണ്ട് എടുപ്പിച്ച ശേഷം ബൃഹന്നള ശ്രീഹനുമാനെ ധ്യാനിക്കുന്നു. കദളീവനത്തിലിരിക്കുന്ന ഹനുമാന്‍ പെട്ടന്ന് ധ്യാനത്തിനിന്നും ഉണരുന്നു രംഗം ഒന്‍പതില്‍.  അര്‍ജ്ജുനന്‍ തന്നെ സ്മരിച്ചതാണ് പെട്ടന്ന് ഉണരുവാനുള്ള കാരണമെന്ന് മനസ്സിലാക്കിയ ഹനുമാന്‍ ഉടനെ അര്‍ജ്ജുനസമീപത്തേയ്ക്ക് പുറപ്പെടുന്നു.  പത്താം രംഗത്തില്‍ സമീപമെത്തിയ ഹനുമാനോട് ബൃഹന്നള കൌരവരോട് യുദ്ധത്തിന് മുതിരുന്ന തന്റെ തേര്‍കൊടിമരത്തില്‍ ഇരുന്നരുളേണമേ എന്ന് അപേക്ഷിക്കുന്നു. വിജയന് വിജയം ആശംസിച്ചുകൊണ്ട് ഹനുമാന്‍ കൊടിമരത്തില്‍ കയറി വസിക്കുന്നു. തുടര്‍ന്ന് ബൃഹന്നള ഉത്തരന്‍ തെളിക്കുന്ന തേരിലേറിചെന്ന് കൌരവരെ പോരിനുവിളിക്കുന്നു രംഗം 11ല്‍. പന്ത്രണ്ടാം രംഗത്തില്‍ ഞാണോലികേട്ട് എതിരിടാന്‍ വരുന്നത് അര്‍ജ്ജുനനാണന്ന് മനസ്സിലാക്കിയ ദുര്യോധനന്‍ സഭാവാസികളുമായി കാര്യം ചര്‍ച്ച ചെയ്യുന്നു. അര്‍ജ്ജുനനെ താന്‍ വധിക്കുമെന്ന കര്‍ണ്ണന്റെ വീരവാദം കേട്ട് സഹിയാഞ്ഞ് കൃപാചാര്യര്‍ പാര്‍ത്ഥസദൃശനായി ലോകത്തില്‍ മറ്റാരുമില്ലെന്നും കര്‍ണ്ണന്റെ വീര്യമെല്ലാം വാക്കില്‍ മാത്രമെയുള്ളുവെന്നും മറ്റും പറഞ്ഞ് കര്‍ണ്ണനെ പരിഹസിക്കുന്നു. ഇതുകേട്ട് ക്രുദ്ധിച്ച് കര്‍ണ്ണന്‍ കൃപനോട് എതിരിടാനൊരുങ്ങുന്നു. ഭീഷ്മര്‍ ഇടപെട്ട് ഇരുവരേയും ശാന്തരാക്കുന്നു. രംഗം 13ല്‍ ഉത്തരന്‍ തെളിക്കുന്ന തേരിലെത്തി കൌരവപ്പടയെ ‍സമീപിക്കുന്ന പാര്‍ത്ഥന്‍ അസ്ത്രങ്ങളാല്‍ ദോണന്‍, ഭീഷ്മര്‍, കൃപര്‍ എന്നിവരെ വന്ദിച്ചശേഷം ഘോരമായ യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തില്‍ ബൃഹന്നളയുടെ മോഹനാസ്ത്രപ്രയോഗത്താല്‍ കൌരപ്പടയെല്ലാം മോഹാലസ്യപ്പെട്ട് വീഴുന്നു. തുടര്‍ന്ന് ദുര്യോധനാദികളുടെ പട്ടുവസ്ത്രങ്ങള്‍ ശേഘരിച്ചുകൊണ്ട് തേര്‍തെളിക്കുന്ന ഉത്തരനോടുകൂടി  അപഹരിക്കപ്പെട്ട ഗോവൃന്ദത്തേയും തെളിച്ചുകൊണ്ട് ബൃഹന്നള വിരാടപുരിയിലേയ്ക്ക് മടങ്ങുന്നു. സ്വല്പസമയത്തിനു ശേഷം മോഹാലസ്യം വിട്ടുണരുന്ന ദുര്യോധനാദികള്‍ ലജ്ജിതരായി ഹസ്തിനാപുരത്തിലേയ്ക്ക് മടങ്ങിപോകുന്നു. പതിനാലാം രംഗത്തില്‍ വിരാടനും കങ്കനും ചൂതുകളിച്ചുകൊണ്ടിരിക്കെ ഒരു ദൂതന്‍ വന്ന് ഉത്തരന്‍ കൌരവരെ ജയിച്ച് ഗോക്കളെ വീണ്ടെടുത്ത വിവരം ധരിപ്പിക്കുന്നു. ഉത്തരനല്ല ക്ഷത്താവായ ബൃഹന്നളയാണ് ശത്രുക്കളെ ജയിച്ചതെന്ന കങ്കന്റെ അഭിപ്രായം കേട്ട് കോപിക്കുന്ന വിരാടന്‍ കയ്യിലിരുന്ന പകിടകള്‍ ആ സന്യാസിയുടെ മുഖത്തേയ്ക്ക് ഏറിയുന്നു. കങ്കന്റെ മുഖത്തുണ്ടായ മുറിവില്‍ നിന്നും രക്തം വാര്‍ന്നപ്പോള്‍ സൈരന്ധ്രി ഓടിയെത്തി രക്തം നിലത്തേയ്ക്കു വീഴാതെ തുടച്ചെടുക്കുന്നു. ഉത്തരന്‍ വിരാടസമീപമെത്തി ഒരു ഇന്ദ്രപുത്രനാണ് ശത്രുക്കളെ പരാജയപ്പെടുത്തിയതെന്നുള്ള വിവരം അറിയിക്കുന്നു രംഗം15ല്‍. പതിനാറാം രംഗത്തില്‍ വിരാടന്‍ ജേഷ്ഠനെ ഉപദ്രവിച്ചതറിഞ്ഞ് കോപിഷ്ഠനാകുന്ന വലലനെ കങ്കന്‍ സമാധാനിപ്പിച്ച് ശന്തനാക്കുന്നു. പാണ്ഡവരും പാഞ്ചാലിയും സ്വരൂപങ്ങളെ ധരിച്ച് വിരാടസന്നിധിയിലെത്തി പരമാര്‍ത്ഥാങ്ങള്‍ അറിയിക്കുന്നു രംഗം 17ല്‍‍‍. വിരാടന്‍ ധര്‍മ്മപുത്രനോട് ആളറിയാതെ താന്‍ ചെയ്തുപോയ പിഴകള്‍ക്ക് മാപ്പുചോദിക്കുന്നു. ഓപ്പം തന്റെ പുത്രിയായ ഉത്തരയെ അര്‍ജ്ജുനനു നല്‍കാനുള്ള സന്നദ്ധതയും അറിയിക്കുന്നു. ഉത്തരയ്ക്ക് താന്‍ ഗുരുവും പിതൃസമാനനുമാകയാല്‍ അവളെ തന്റെ പുത്രനായ അഭിമന്യുവിന് വിവാഹം കഴിച്ചുനല്‍കണമെന്ന അര്‍ജ്ജുനന്റെ അഭിപ്രായത്തോട് വിരാടന്‍ യോജിക്കുന്നു. പതിനെട്ടാം രംഗത്തില്‍ ശ്രീകൃഷ്ണസാന്നിധ്യത്തില്‍ ഉത്തരയും അഭിമന്യുവുമായുള്ള വിവാഹം നടക്കുന്നു. ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ് അന്ത്യരംഗത്തില്‍.

മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള്‍

മഹാഭരതം ‘വിരാടപര്‍വ്വ’ത്തില്‍ കീചകവധത്തെ തുടര്‍ന്നുവരുന്ന 
‘ഗോഹരണം’, ’വൈവാഹികം‘ എന്നീ ഉപ പര്‍വ്വങ്ങളെ(25 മുതല്‍ 72വരെ അദ്ധ്യായങ്ങള്‍) അടിസ്ഥാനമാക്കിയാണ് ഇരയിമ്മന്‍ തമ്പി ഉത്തരാസ്വയംവരം ആട്ടകഥ രചിച്ചിട്ടുള്ളത്.

1.കീചകന്‍ മരണപ്പെട്ട വിവരം ദൂതന്‍ അറിയിക്കുന്ന സമയത്ത് ത്രിഗര്‍ത്തനാഥനായ സുശര്‍മ്മാവ് ദുര്യോധനന്റെ സഭയില്‍തന്നെ വസിക്കുന്നതായാണ് മഹാഭാരതത്തില്‍ പറയുന്നത്. എന്നാല്‍ ആട്ടകഥയില്‍ സഭകഴിഞ്ഞുമാത്രമാണ് സുശര്‍മ്മാവ് ദുര്യോധനസമീപം എത്തുന്നത്.

2.വിജയിച്ച് വരുമ്പോള്‍ പട്ടുവസ്ത്രങ്ങള്‍ കൊണ്ടുവരണമെന്ന് ഉത്തരന്റെ തേരാളിയായി പുറപ്പെടുന്ന ബൃഹന്നളയോട് ഉത്തര ആവിശ്യപ്പെടുന്നതായാണ് മൂലത്തില്‍. എന്നാല്‍ യുദ്ധത്തിനുപുറപ്പെടുന്ന ഉത്തരന്‍, ‘വിജയിച്ച് വരുമ്പോള്‍ പട്ടുവസ്ത്രങ്ങള്‍ കൊണ്ടുവന്ന് തരാം‘ എന്ന് അന്ത:പുരസ്ത്രീകളോട് വാഗ്ദാനം ചെയ്യുന്നതായാണ് ആട്ടത്തില്‍.

3.അജ്ഞാതവാസകാലത്ത് ധര്‍മ്മപുത്രന്‍ ‘കുങ്കന്‍’ എന്നും ഭീമസേനന്‍ ‘വല്ലഭന്‍’ എന്നും പേര്‍ സ്വീകരിക്കുന്നതായാണ് ഭാരതത്തില്‍ കാണുന്നത്. എന്നാല്‍ ആട്ടക്കഥയിലാകട്ടെ യഥാക്രമം ‘കങ്കന്‍’, ‘വലലന്‍’ എന്നിങ്ങിനെയാണ് ഇവരുടെ പേരുകള്‍.

രംഗാവതരണത്തിലെ സവിശേഷതകള്‍

ഈ ആട്ടകഥയില്‍ രണ്ട് ആദ്യാവസാനക്കാര്‍ക്കും(ഒന്നാം ദുര്യോധനനും 
ബൃഹന്നളയും‍), ഒന്നാംതരം താടിവേഷക്കാരനും(ത്രിഗര്‍ത്തന്‍) അനേകം ഇടത്തരം, കുട്ടിത്തരം വേഷക്കാര്‍ക്കും നല്ല സാദ്ധ്യതയുണ്ട്.

*രണ്ടാം രംഗത്തിലെ ദുര്യോധനന്റെ ശൃഗാരപ്പദം പതിഞ്ഞകാലത്തിലുള്ളതും ചിട്ടപ്രധാനമായതുമാണ്. ഇതിലെ ‘ഏകലോചനം’ എന്ന ഭാഗം അഭിനയപ്രധാനമാണ്. ഭാനുമതിയുടെ ‘സുന്ദര ശൃണു കാന്താ‘ എന്നുതുടങ്ങുന്ന മറുപടിപ്പദം സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ളതാണ്.

*‘ത്രിഗര്‍ത്തവട്ടം’ എന്നറിയപ്പെടുന്ന സുദീര്‍ഘമായ രംഗമാണ് നാലാമത്തേത്. ഒന്നാതരം താടിവേഷമായ ത്രിഗര്‍ത്തന്റെ ഈ രംഗത്തിലെ ‘ഗോഗ്രഹണം’ ഉള്‍പ്പെടെയുള്ള ആട്ടങ്ങള്‍ നല്ലമേളം ആവശ്യമുള്ളതും അരങ്ങുകൊഴുപ്പിക്കാവുന്നതുമാണ്.

* അഞ്ചാം രംഗത്തിലെ സുപ്രസിദ്ധമായ ‘വീരവിരാട’ എന്ന കുമ്മി മനോഹരമായ ഒരു നൃത്തവിശേഷത്തോടുകൂടിയതാണ്.

*എട്ടാം രംഗത്തിലെ ഉത്തരനോടായുള്ള ബൃഹന്നളയുടെ ‘ഉര്‍വ്വശീശാപവൃത്താന്തം’ ഉള്‍പ്പെടെയുള്ള തന്റെ ജീവിതകഥകള്‍ അറിയിക്കുന്ന ആട്ടം സുപ്രധാനമായതാണ്.

ഇപ്പോള്‍ നിലവിലുള്ള അവതരണരീതി

*ആദ്യരംഗവും, 14മുതല്‍ 17വരെ രംഗങ്ങളും, അന്ത്യ രംഗവും തീരെ അവതരിപ്പിക്കുക പതിവില്ല.

*ഹനുമാന്‍ രംഗത്തുവരുന്ന9,10 രംഗങ്ങളും 12,13,18 രംഗങ്ങളും അപൂര്‍വ്വമായിമാത്രമെ അരങ്ങിലെത്താറുള്ളു.

*2മുതല്‍ 4വരെയുള്ള പൂര്‍വ്വഭാഗവും 5മുതല്‍ 11വരെയുള്ള ഉത്തരഭാഗവുമാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല: