2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ദക്ഷയാഗം

ഇരയിമ്മൻ തമ്പി മൂന്നാമതായി രചിച്ച ആട്ടകഥയാണ് 
ദക്ഷയാഗം. പാണ്ഡവരുടെ അജ്ഞാതവാസകഥകളെ അധികരിച്ചുള്ള തമ്പിയുടെ ആദ്യ ആട്ടകഥകളേക്കാൾ പ്രമേയമഹത്വമേറിയതും ലക്ഷണയുക്തവുമായ നാട്ട്യപ്രബന്ധമാണിത്.

കഥാസംഗ്രഹം
പ്രപഞ്ചത്തിന്റെ സുഗമമായ സൃഷ്ടിക്കുവേണ്ടി 
ബ്രഹ്മാവ് സൃഷ്ടിച്ച 21പ്രജാപതികളിൽ ഒരാളായ ദക്ഷൻ സ്വായംഭുമനുവിന്റെ പുത്രിയായ വേദവല്ലിയെയാണ് വിവാഹം ചെയ്തത്. ദക്ഷനും വേദവല്ലിയുമായുള്ള ശൃഗാരപ്പദമാണ് ആദ്യരംഗത്തിൽ. രണ്ടാം രംഗത്തിൽ, ഒരു ദിവസം പ്രഭാതസ്നാനത്തിനായി പത്നിയോടുകൂടി കാളിന്ദീനദീതീരത്തെത്തുന്ന ദക്ഷപ്രജാപതി അവിടുത്തെ മനോഹരദൃശ്യങ്ങൾ കൺകുളിർക്കെ കാണുന്നു. കാളിന്ദീനദിയിലെ താമരയിലയിൽ വിലസുന്ന ഒരു ശംഖ് കാണുന്ന ദക്ഷൻ കൌതുകാത്ഭുതങ്ങളോടെ നീന്തിച്ചെന്ന് അത് കൈക്കലാക്കുന്നു. അപ്പോൾ ആ ശംഖ് ഒരു ദിവ്യശിശുമായി മാറുന്നു. ശങ്കരന്റെ പ്രണയിനി തന്റെ മകളായി അവതരിച്ചതാണ് എന്ന് സംശയിച്ച് ദക്ഷൻ ശിശുവിനെ പത്നിയെ ഏൽ‌പ്പിക്കുന്നു. തുടർന്ന് മാതാപിതാക്കളാൽ ആനന്ദപൂർവ്വം വളർത്തപ്പെട്ട ആ ബാലിക സതി എന്ന പേരിൽ ഖ്യാതയായിതീർന്നു. ബാല്യകാലം മുതൽക്കെ ശ്രീപരമേശ്വരനെ മനസിൽ ഭർതൃഭാവത്തിൽ കരുതിയിരുന്ന സതി, യൌവനയുക്തയായതോടെ ശിവനെ ഭർത്താവായി ലഭിക്കുവാനായി കഠിനതപസ്സ് ആരംഭിച്ചു. ഈശ്വരന്റെ കേശാദിപാദം ധ്യാനിച്ചുകൊണ്ട് സതി തപസ്സനുഷ്ടിക്കുന്നു രംഗം 3ൽ. നാലാം രംഗത്തിൽ, വനത്തിൽ തപം ചെയ്യുന്ന കന്യകയായ സതിയെ കണ്ട് കാമാസക്തനായിത്തീരുന്ന കരാളദംഷ്ട്രൻ എന്ന അസുരൻ സതിയെ ബലാൽക്കാരമായി പ്രാപിക്കുവാൻ മുതിരുന്നു. എന്നാൽ സതിയുടെ തപോമയാഗ്നിയിൽ അവൻ ശലഭദശയെ പ്രാപിക്കുന്നു. തപസ്സ് തുടരുന്ന സതിയുടെ പ്രേമദാർഢ്യം പരീക്ഷിക്കുന്നതിനായി ഒരു വൃദ്ധബ്രാഹ്മണവേഷത്തിൽ സമീപമെത്തുന്ന ശ്രീപരമേശ്വരൻ അവളുടെ ആഗ്രഹം മനസ്സിലാക്കിയിട്ട് പരിഹസിക്കുകയും ശിവനെ ദുഷിച്ച് പറയുകയും ചെയ്യുന്നു രംഗം 5ൽ. ഈശ്വരദൂഷണാലാപം കേട്ടുകൊണ്ടിരിക്കുവാൻ കഴിയാതെ സതി അവിടെ നിന്നും പിൻ‌വാങ്ങുവാൻ തുനിഞ്ഞപ്പോൾ ശിവൻ തന്റെ യഥാർത്ഥരൂപവും മനോഭാവവും വെളിവാക്കിയിട്ട് അപ്രത്യക്ഷനാകുന്നു. ഈ വൃത്താന്തങ്ങൾ രക്ഷികൾ പറഞ്ഞ് അറിഞ്ഞ ദക്ഷൻ സതിയുടെ വിവാഹോത്സവത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്തു. ആറാം രംഗത്തിൽ, ശ്രീപരമേശ്വരൻ മംഗളകരമായ മുഹൂർത്തത്തിൽ ദേവന്മാരുടെ സാന്നിദ്ധ്യത്തിൽ വെച്ച് സതീദേവിയെ പാണിഗ്രഹണം ചെയ്യുന്നു. തുടർന്ന് ഇന്ദ്രാദികൾ ദക്ഷന്റെ ഭാഗ്യത്തെ പ്രകീർത്തിക്കുനതാണ് രംഗം 7ൽ. പാണിഗ്രഹണം കഴിഞ്ഞ ഉടനെ പരമേശ്വരൻ ദക്ഷപുരിയിൽനിന്നും അപ്രത്യക്ഷനകുന്നു. എട്ടാം രംഗത്തിൽ, അപ്രതീക്ഷിതമായുണ്ടായ വിരഹദുഃഖത്താൽ സതി വിലപിക്കുന്നു. സതീസമീപമെത്തുന്ന സരസ്വതീദേവി അവളെ സ്വാന്തനപ്പെടുത്തുന്നു ഒൻപതാം രംഗത്തിൽ. ഭഗവാനെ കാണുവാനായി സതി വീണ്ടും തപസ്സാരംഭിക്കുകയും ഒരുനാൾ താപസവേഷത്തിലെത്തി ശിവൻ അരോടും ഒന്നും പറയാതെ സതിയെ കൈലാസത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പത്താം രംഗത്തിൽ, തന്റെ ജാമാതാവിന്റെ ഈ ധിക്കാരത്തേയും അനാദരവിനേയും ഓർത്ത് രോഷാന്ധനായിത്തീരുന്ന ദക്ഷൻ ഇന്ദ്രാദികളുടെ മുന്നിൽ വെച്ച് ശിവനെ ദുഷിക്കുകയും ‘അറിയാതെ തന്റെ പുത്രിയെ ശിവനു നൽകിയത് അനുചിതമായിപ്പോയി’ എന്ന് പ്രസ്ഥാപിക്കുകയും ചെയ്യുന്നു. ‘ഹരനെ നിന്ദിക്കരുത്’ എന്നുപദേശിച്ച് ഇന്ദ്രൻ കൈലാസത്തിൽ പോയി പുത്രിയേയും ശിവനേയും ഒന്നു കണ്ടുവരുവാൻ ദക്ഷനെ നിർബന്ധിക്കുന്നു. ഇതുകേട്ട് ദക്ഷൻ കൈലാസത്തിലേയ്ക്ക് പുറപ്പെടുന്നു. കൈലാസഗോപുരദ്വാരത്തിലെത്തുന്ന ദക്ഷനെ നന്ദികേശ്വരൻ തടുത്തുനിർത്തുന്നു രംഗം 11ൽ. അപമാനിതനായി, ശിവനോടുള്ള വിരോധം വർദ്ധിച്ച് മടങ്ങിപ്പോന്ന ദക്ഷൻ ‘ഇനിമേലിൽ യാഗങ്ങളിൽ ശിവന് ഹവിർഭാഗം കൊടുത്തുകൂട’ എന്ന് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു.  പന്ദ്രണ്ടാം രംഗത്തിൽ, ശിവന്റെ സമീപമെത്തുന്ന ബ്രഹ്മദേവൻ താൻ നടത്താനുദ്ദേശിക്കുന്ന യാഗത്തിൽ സന്നിഹിതനാകുവാൻ ശിവനെ ക്ഷണിക്കുന്നു. ബ്രഹ്മപുത്രനായ ദക്ഷൻ തന്നെ അപമാനിക്കും എന്നുള്ളതിനാൽ യാഗത്തിൽ താൻ സംബന്ധിക്കുകയില്ലേന്നും പ്രതിനിധിയായി നന്ദിയെ അയയ്ക്കാമെന്നും പറഞ്ഞ് ശിവൻ ബ്രഹ്മാവിനെ മടക്കുന്നു. വിഷ്ണു മുതലായ ദേവകളും സനകാദിമഹർഷിമാരും നിറഞ്ഞ ബ്രഹ്മദേവന്റെ യാഗസദസ്സിൽ വെച്ച് ദക്ഷൻ ക്രൂരമായ വാക്കു്ശരങ്ങളാൽ നന്ദികേശ്വരനെ അപമാനികുന്നു രംഗം 13ൽ. വർദ്ധിതകോപനായി നന്ദികേശ്വരൻ യാഗശാലയിൽ നിന്നും ഇറങ്ങിപോകുന്നു. അനന്തരം ദക്ഷൻ നടത്തുവാൻ തീരുമാനിച്ച വാജപേയയാഗത്തിൽ വസിഷ്ഠാദിമുനികൾ പങ്കെടുക്കുവാൻ വിസമ്മതിക്കുന്നു. പതിനാലാം രംഗത്തിൽ, ഒരുനാൾ അനുരജ്ഞന സംഭാഷണത്തിനായി ദധീചിമഹർഷി ദക്ഷപുരിയിലെത്തുന്നു. എന്തൊക്കെ പറഞ്ഞിട്ടും ശിവനു ഹവിർഭാഗം നൽകില്ല എന്ന് ശഠിക്കുന്ന ദക്ഷന്റെ യാഗം മുടങ്ങിപ്പോകും എന്ന് മുന്നറിയിപ്പ് നൽകിയിട്ട് ദധീചിമുനി മടങ്ങിപ്പോകുന്നു. കൈലാസത്തിലെത്തുന്ന നാരദമഹർഷി ശിവനെ ധിക്കരിക്കുവാനായി ദക്ഷൻ യാഗമാരംഭിക്കുന്ന വിവരം ശിവനോട് ഉണർത്തുന്നു രംഗം 15ൽ. ദുഷ്ടന്മാർ അനുഷ്ടിക്കുന്ന കർമ്മത്തിന്റെ ഫലം ഉടന്തന്നെ അനുഭവിക്കുവാനിടവരും എന്നറിയിച്ച് ശിവൻ നാരദരെ അയയ്ക്കുന്നു. പതിനാറാം രംഗത്തിൽ, തുടർന്ന് സതീദേവി, അച്ഛൻ നടത്തുന്ന യാഗത്തിനു പോകുവാൻ ശിവനോട് അനുവാദം ചോദിക്കുന്നു. ക്ഷണിക്കാത്ത യാഗത്തിനുപൊയ്ക്കൂടാ എന്നും ഭവതി ചെന്നാൽ ദുഷ്ടനായ ദക്ഷൻ അപമാനിക്കുമെന്നും പറഞ്ഞ് ശിവൻ സതിയെ തടയുന്നു. എന്നാൽ ഈ എതിർപ്പ് വകവയ്ക്കതെ സതി പിതൃഗൃഹത്തിലേയ്ക്ക് പോകുന്നു. അതുകണ്ട് ശിവൻ ഭൂതഗണങ്ങളെ സതിയ്ക്കൊപ്പം പറഞ്ഞയയ്ക്കുന്നു. യാഗശാലയിലെത്തുന്ന സതിയെ കണ്ട് കോപിഷ്ടനാകുന്ന ദക്ഷൻ ‘നിന്നിൽ എനിയ്ക്ക് തെല്ലും പ്രീതിയില്ല’ എന്നും, ‘നിന്റെ താതൻ ഞാനല്ല’ എന്നും അക്രോശിച്ചുകൊണ്ട് സതിയെ അപമാനിച്ചയയ്ക്കുന്നു രംഗം 17ൽ. പതിനെട്ടാം രംഗത്തിൽ കൈലാസത്തിൽ മടങ്ങിവരുന്ന സതീദേവി വിവരങ്ങളെല്ലാം ശിവനെ അറിയിക്കുന്നു. മേലിൽ അവൻ തന്റെ താതനല്ലായെന്നും താമസശീലനായ ദക്ഷനെ കൊല്ലുവാൻ ഒട്ടും താമസിക്കരുതേയെന്നും അഭ്യർത്ഥിക്കുന്ന സതിയെ ശത്രുനിഗ്രഹം ഉടൻ ചെയ്യുമെന്നുപറഞ്ഞ് ശിവൻ അശ്വസിപ്പിക്കുന്നു. അനന്തരം ഉഗ്രകോപിയായിത്തീരുന്ന ഭഗവാന്റെ നെറ്റിക്കണ്ണിലെ രൂക്ഷമായ അഗ്നിയിൽനിന്നും ജാതനാകുന്ന വീരഭദ്രനും സതീദേവി സൃഷ്ടിച്ച ഭദ്രകാളിയും അനേകം ശിവഭൂതഗണങ്ങളോടുകൂടി ശിവസന്നിധിയിലെത്തി നമസ്ക്കരിക്കുന്നു രംഗം 19ൽ. തുടർന്ന് ‘യജ്ഞഭാഗം തന്നില്ലായെങ്കിൽ ദക്ഷനെ ഹനിക്കുക’ എന്ന ശിവന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് വീരഭദ്രാദികൾ ദക്ഷപുരിയിലേയ്ക്ക് തിരിക്കുന്നു. ഇരുപതാം രംഗത്തിൽ ദക്ഷന്റെ യാഗശാലയിലെത്തുന്ന വീരഭദ്രാദികൾ യാഗശാല ഭജ്ഞിച്ച് യാഗം മുടക്കുകയും ഹരന് യാഗഭാഗം നൽകാൻ വിസമ്മതിച്ച ദക്ഷന്റെ ശിരസ്സറുത്ത് ദക്ഷിണാഗ്നിയിൽ ഹോമിക്കുകയും ചെയ്യുന്നു. സതീസമേതനായി വൃഷ്ഭാരൂഢനായി ദക്ഷന്റെ യഗവേദിയിലെത്തുന്ന ശിവനെ ദേവന്മാർ സ്തുതിക്കുന്നു രംഗം 21ൽ. മുടങ്ങിപോയ യാഗം പൂർത്തിയാക്കണമെന്നും അതിനായി ദക്ഷനെ പുനരുജ്ജീവിപ്പിക്കണമെന്നും ഇന്ദ്രൻ ശിവനോട് അഭ്യർത്ഥിക്കുന്നു. ആടിന്റെ തല വെച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കാനും യാഗം യഥാവിധി പൂർത്തിയാക്കാനും ഈശൻ സമ്മതിക്കുന്നു. തുടർന്ന് മഹേശ്വരപ്രസാദത്താൽ അജശിരസ്ക്കനായി പുനഃർജ്ജീവിക്കപ്പെട്ട ദക്ഷൻ യാഗം യഥാവിധി പൂർത്തിയാക്കുന്നു. അന്ത്യരംഗത്തിൽ, അഹങ്കാരം നിശ്ശേഷം നശിച്ചവനായ ദക്ഷൻ ശ്രീപരമേശ്വരനെ സാഷ്ടാംഗം പ്രണമിച്ച് സ്തുതിക്കുന്നു. ദക്ഷനെ ആശംസിച്ച് ശിവൻ കൈലാസത്തിലേയ്ക്ക് മടങ്ങുന്നതോടെ ആട്ടകഥ പൂർണ്ണമാകുന്നു.

മൂലകഥയിൽ നിന്നുള്ള വ്യതിയാനങ്ങൾ
ദക്ഷന്റെ കഥകൾ മഹാഭാരതം, ദേവീഭാഗവതം, വാമനപുരാണം, ശ്രീമഹാവിഷ്ണുപുരാണം, സ്കന്ദപുരാണം, ശ്രീമഹാഭാഗവതം എന്നിങ്ങനെ പല പുരാണഗ്രന്ധങ്ങളിലുമുണ്ട്. ശ്രീമഹാഭാഗവതത്തിൽ ചതുർത്ഥസ്കന്ധത്തി(2മുതൽ 7വരെ അദ്ധ്യായങ്ങൾ)ലാണ് ദക്ഷയാഗകഥ വിവരിച്ചിട്ടുള്ളത്. ഇരയിമ്മൻ തമ്പി മുഖ്യമായി ആശ്രയിച്ചിരികുന്നത് ഭാഗവതത്തെയാണെങ്കിലും^ പാത്രസ്വഭാവത്തിലും കഥഗതിയിലും സാരമായ വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.

[^‘വാസ്തവത്തിൽ ഭാഗവതമല്ല ദക്ഷയാഗം ആട്ടകഥയുടെ മൂലം, സ്കന്ദപുരാണമാണ്. അതിൽ ‘ശിവരഹസ്യഖണ്ഡ’ത്തിൽ ‘ദക്ഷകാണ്ഡ’മെന്നൊരു ഭാഗമുണ്ട്. അതിലെ ദക്ഷയാഗകഥ യാതൊരു മാറ്റവും കൂടാതെ തമ്പി സ്വീകരിച്ചിരിക്കുകയാണ്. കരാളദംഷ്ട്രനെന്ന ഒരു അസുരനെമാത്രമെ കവി സൃഷ്ടിച്ചിട്ടുള്ളു.‘ എന്ന് പണ്ഡിതവരേണ്യനായ കെ.പി.നാരായണപിഷാരോടി തൃശ്ശൂർകഥകളിക്ലബ്ബിന്റെ 1980ലെ സൊവനീറിൽ എഴുതിയ ‘ദക്ഷയാഗത്തിലെ ഇതിവൃത്തം’ എന്ന ലേഘനത്തിൽ പ്രസ്ഥാപിച്ചിട്ടുണ്ട്.]

1.ആട്ടകഥയിൽ ദക്ഷപത്നിക്ക് ‘വേദവല്ലി’ എന്നാണ് നാമം. എന്നാൽ ഭാഗവതപ്രകാരം ‘പ്രസ്തുതി’ എന്നാണ് ദക്ഷപത്നിക്കു പേർ. വിഷ്ണുപുരാണത്തിലാകട്ടെ ‘അസക്നി’ എന്നാണ് ഇവരുടെ നാമം കാണുന്നത്.

2.ആട്ടകഥയിൽ സതി അയോനിജയായ ദിവ്യകന്യകയാണ്. ദക്ഷന്റെ കേവലം വളർത്തുപുത്രി മാത്രം. എന്നാൽ ഭാഗവതത്തിൽ സതി ദക്ഷന്റെ ഔരസപുത്രി തന്നെയാണ്. ഇതര പുരാണനായികമാരായ സീത, പാഞ്ചാലി എന്നിവരെപ്പോലെതന്നെ സതിയേയും അയോനിജയായി കല്പിച്ചതിലൂടെ ആട്ടകഥാകാരന് ഒരു ഉത്തമ ദ്ദൃശ്യകാവ്യത്തിന്റെ ഇതിവൃത്തതിന് അനുയോജ്യമായ രീതിയിലുള്ളതും അഭിനയപ്രാധാന്യമുള്ളതുമായ ഒരു പൂർവ്വരംഗം ഘടിപ്പിക്കുവാൻ സാധിച്ചു. എന്നു മാത്രമല്ല, പിന്നീടുള്ള രംഗങ്ങളിൽ ‘നിന്നുടെ താതനും ഞാനല്ല സമ്പ്രതി’ എന്ന് ദക്ഷനും ‘മമ താതനല്ലവനിനിമേൽ’ എന്ന് സതിയും പറയുന്നതിന് ഒരു അടിസ്ഥാനവും നൽകാനായി.

3.ശ്രീപരമേശ്വരനെ തപസ്സുചെയ്യുന്ന സതിയെ കണ്ട് കാമാസക്തനായിതീരുന്ന കരാളദംഷ്ട്രനെന്ന അസുരകഥാപാത്രവും നാലാംരംഗംതന്നെയും പുരാണങ്ങളിലൊന്നും ഇല്ലാത്തതാണ്. ഇവ സൃഷ്ടിച്ചതിലൂടെ കവി ഒരു കത്തിവേഷത്തെ എത്തിച്ച് രംഗം പൊലിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. എന്നാൽ അനവസരത്തിലുള്ള ഈ കത്തിവേഷത്തിന്റെ പ്രവേശവും പാടിപ്പദവും ദൃശ്യകാവ്യത്തിന്റെ സൌന്ദര്യത്തിന് തെല്ലൊന്നു ക്ഷതപെടുത്തുകയല്ലെ ചെയ്തത് എന്ന് സംശയിക്കുന്നു. ഇതിനാൽ തന്നെയാകാം ഈ രംഗം പണ്ടുമുതൽതന്നെ ഒഴിവാക്കപ്പെട്ടതും.

4.ശിവൻ ഒരു വടുവേഷത്തിൽ വന്ന് തപസ്സുചെയ്യുന്ന സതിയെ പരീക്ഷിക്കുന്നതായി പുരാണങ്ങളിലൊന്നും പ്രസ്ഥാവനയില്ല. പാർവ്വതീപരിണയ കഥയിൽനിന്നും പ്രേരണയുൾക്കൊണ്ട് നിർമ്മിച്ച ഈ രംഗത്തിലൂടെ നായികാനായകന്മാരുടെ പരസ്പരപ്രേമത്തിന്റെ ദാർഢ്യം വെളിപ്പെടുത്തുവാൻ തമ്പിക്ക് സാധിച്ചു.

5.വിവാഹശേഷം ശിവൻ പെട്ടന്ന് അപ്രത്യക്ഷനാകുന്നതായും, ദേവി ദുഃഖാർത്തയായി വീണ്ടും തപം ചെയ്യുന്നതായും, പെട്ടന്ന് പ്രത്യക്ഷനാകുന്ന ശിവൻ ആരോടും പറയാതെ സതിയേയും കൂട്ടി കൈലാസത്തിലേയ്ക്കു ഗമിക്കുന്നതായുമുള്ള കഥാഭാഗവും പുരാണങ്ങളിലൊന്നും പരാമർശ്ശിക്കാത്തവയാണ്. ജാമാതാവിന്റെ ഈ പ്രവർത്തികളാണ് ദക്ഷനിൽ ശിവവിരോധത്തിന് കാരണമാകുന്നതായി ആട്ടകഥയിൽ പറയുന്നത്. ഭാഗവതപ്രകാരം ജഗത്പിതാക്കൾ നടത്തിയ ഒരു യാഗവേദിയിൽ സന്നിഹിതനായിരുന്ന ശിവൻ, ഭാര്യാപിതാവായ തന്നെ ആദരിക്കാതെയിരിക്കുന്നതാണ് ദക്ഷനിൽ ശിവവൈരത്തിന് കാരണമായി ഭവിക്കുന്നത്.

6.ദേവന്മാരുടെ നിർബന്ധമനുസ്സരിച്ച് ശിവദമ്പതികളെ കാണുവാനായി ദക്ഷൻ കൈലാസത്തിലേയ്ക്ക് ചെല്ലുന്നതും, നന്ദികേശ്വരൻ ദക്ഷനെ അപമാനിച്ചയയ്ക്കുന്നതുമായ രംഗവും മൂലത്തിൽ ഇല്ലാത്തതാണ്. കഥയുടെ മൂലബീജമായ ദക്ഷന്റെ ശിവവിരോധം എന്ന അംശത്തെ കൂടുതൽ ജ്വലിപ്പിക്കുവാനും, കഥഗതിയിലെ സംഘർഷാത്മകത ഉത്തരോത്തരം വർദ്ധിപ്പിക്കുവാനും ഈ വ്യതിയാനത്തിലൂടെ തമ്പിക്ക് സാധിച്ചു. എന്നുമാത്രമല്ല, നന്ദികേശ്വരൻ എന്ന വെള്ളത്താടിവേഷത്തിന്റെ പ്രവേശത്തിന് ഇടയാകുവാനും, ഇതിലൂടെ വേഷവൈവിധ്യവും രംഗപ്പൊലിമയും വർദ്ധിപ്പികുവാനുംകൂടി സാധ്യമായി.

7.യാഗത്തിനായി ബ്രഹ്മാവ് ശിവനെ ക്ഷണിക്കുന്നതും, ശിവൻ അത് നിരസിച്ചുകൊണ്ട് പകരമായി നന്ദിയെ അയയ്ക്കുന്നതും, യാഗവേദിയിൽ വെച്ച് ദക്ഷൻ നന്ദിയോട് സംഘടനത്തിന് മുതിരുന്നതുമായ കഥാഭാഗവും ആട്ടകഥാകാരന്റെ സൃഷ്ടിയാണ്. മൂലകഥയിൽ ഇല്ലാത്തവയായ ഈ രംഗങ്ങൾ കൂട്ടിചേർത്തതിലൂടെ ദക്ഷന്റെ ശിവവിരോധത്തിന് ആക്കം കൂട്ടുകയും സംഘടനാത്മകത വളർത്തുകയുമാണ് കവി ലക്ഷ്യമിട്ടിരിക്കുന്നത്.

8.ദക്ഷന്റെ യാഗവൃത്താന്തം നാരദൻ കൈലാസത്തിൽ വന്ന് അറിയിക്കുന്നതായാണ് ആട്ടകഥയിലുള്ളത്. എന്നാൽ സതീദേവി യാഗവൃത്താന്തം അങ്ങിനെയോ കേട്ടറിഞ്ഞു എന്നുമാത്രമെ മൂലത്തിൽ കാണുന്നുള്ളു.

9.യാഗശാലയിൽ ക്ഷണിക്കപ്പെടാതെ എത്തിച്ചേരുന്ന സതിയെ കണ്ടിട്ടും കണ്ടതായിപ്പോലും ദക്ഷൻ നടിച്ചില്ല എന്നു മാത്രമെ പുരാണത്തിൽ പ്രസ്ഥാപിക്കുന്നുള്ളു. എന്നാൽ ആട്ടകഥയിൽ ഈ സന്ദർഭത്തിൽ സതിയും ദക്ഷനുമായി ആദർശ്ശപരമായ വാക്ക്സംഘട്ടനം നടക്കുന്നതായാണ് കാണുന്നത്. ദക്ഷന്റെ വൈഭവം പ്രദർശ്ശിപ്പിക്കുന്നതിനും, നടന്മാരുടെ അഭിനയത്തിന് കൂടുതൽ വകകൾ ഉണ്ടാക്കുന്നതിനും, സർവ്വോപരി സംഘടനാത്മകമായ മറ്റൊരു ഉജ്ജ്വലരംഗം ഒരുക്കുന്നതിനും ഈ മാറ്റത്തിലൂടെ ആട്ടകഥാകാരനു സാധിച്ചു.

10.ദക്ഷനാൽ അധിക്ഷേപിതയായ സതി യാഗശാലയിൽവെച്ചുതന്നെ സ്വദേഹത്തെ യഗാഗ്നിയിൽ ദഹിപ്പിച്ച് ആത്മാഹുതി ചെയ്യുന്നതായും സതിയെ അനുഗമിച്ചിരുന്ന ഭൂതഗണങ്ങൾ മടങ്ങിവന്ന് ശിവനെ വിവരങ്ങൾ ധരിപ്പിക്കുന്നതായുമാണ് പുരാണകഥ. എന്നാൽ ആട്ടകഥയിൽ സതി ആത്മാഹുതി ചെയ്യുന്നില്ല. സതിതന്നെ മടങ്ങിവന്ന് ശിവനോട് സങ്കടമുണർത്തിക്കുന്നതായാണ് ആട്ടകഥയിൽ ഉള്ളത്. ദക്ഷനിഗ്രഹശേഷം ശിവനോടോപ്പം സതിയും യാഗശാലയിൽ വരുന്നതായും, അന്ത്യത്തിൽ ശിവനോടൊപ്പം കൈലാസത്തിലേയ്ക്ക് മടങ്ങുന്നതായുമാണ് ആട്ടകഥയിൽ പറയുന്നത്. ശിവകഥയുടെ ഉത്തരകാണ്ഡത്തിന്റെ പ്രസക്തിയും സാദ്ധ്യതയും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഈ വ്യതിയാനം മൂലം ദക്ഷയാഗകഥയുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട് എന്ന് പറയാതെ തരമില്ല.

11.സതീദഹനവാർത്തയറിഞ്ഞ് കോപിഷ്ടനായ ശ്രീപരമേശ്വരൻ ജട പറിച്ചെറിഞ്ഞപ്പോൾ ശത്രുസംഹാരത്തിനായി വിരഭദ്രൻ പ്രത്യക്ഷനായി എന്നുമാത്രമെ ഭാഗവതകഥയിലുള്ളു. ജടയിൽനിന്നും വീരഭദ്രനൊപ്പം ഭദ്രകാളിയും ആവിർഭവിച്ചു എന്ന് ദേവീഭാഗവതത്തിൽ പറയുന്നു. ആട്ടകഥയിലാകട്ടെ യാഗധ്വംസനത്തിനായി ശിവൻ ലലാടാഗ്നിയിൽ  നിന്നും വീരഭദ്രനേയും സതീദേവി ഭദ്രകാളിയേയും സൃഷ്ടിച്ചു എന്നാണ് കാണുന്നത്. അത്യുഗ്രങ്ങളായ രണ്ടുവേഷങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് സംഹാരതാണ്ഡവമാടുന്നതിലൂടെ അന്ത്യഭാഗത്തിന് ഉജ്ജ്വലത കൈവരുത്തുവാൻ ഇതിലൂടെ ആട്ടകഥാകരന് സാധിച്ചിട്ടുണ്ട്.

രംഗാവതരണത്തിലെ സവിശേഷതകൾ
ഭക്തിരസപ്രധാനമായ ഈ ആട്ടക്കഥയുടെ അവതരണത്തിൽ 
രണ്ട് ഒന്നാംതരം പച്ചവേഷങ്ങൾക്കും(ദക്ഷൻ-I&II), ഒന്നാംതരം സ്ത്രീവേഷത്തിനും(സതി), ഒന്നാംതരം താടിവേഷത്തിനും(വിരഭദ്രൻ), രണ്ട് ഇടത്തരം താടിവേഷക്കാർക്കും(നന്ദികേശ്വരൻ, ഭദ്രകാളി) മറ്റനേകം ഇടത്തരം കുട്ടിത്തരം വേഷക്കാർക്കും സാധ്യതകൾ ഉണ്ട്.

1.ആദ്യരംഗത്തിലെ ദക്ഷന്റെ ‘പൂന്തേൻ വാണി’ എന്ന പതിഞ്ഞ ശൃഗാരപ്പദം ചിട്ടപ്രധാനവും മനോഹരവുമാണ്. കിർമ്മീരവധത്തിലെ ധർമ്മപുത്രരുടെ ‘ബാലേകേൾ’ എന്ന പതിഞ്ഞപദത്തിന്റെ അതേ മാതൃകയിലാണ് ‘പൂന്തേൻ വാണിയും‘ ചിട്ടചെയ്തിരിക്കുന്നത്. ധർമ്മപുത്രർക്ക് കരുണവും ദക്ഷനു ശൃഗാരവുമാണ് സ്ഥായീരസം എന്നതാണ് ഇവിടെ വത്യാസമായുള്ളത്. പല്ലവിയ്ക്കുശേഷമുള്ള പതിഞ്ഞ വട്ടംവെയ്ച്ചുകലാശം ഈ രണ്ടു പദങ്ങളുടേയും ഒരു പ്രത്യേകതയാണ്.

2.രണ്ടാം രംഗത്തിലെ ഭക്തിരസപ്രധാനമായ ‘കണ്ണിണയ്ക്കാനന്ദം’ എന്നു തുടങ്ങുന്ന ദക്ഷന്റെ പദം അഭിനയപ്രധാന്യമുള്ളതും മനോഹരവുമാണ്.

3.പത്താം രംഗത്തിലെ ദക്ഷന്റെ ‘അറിയാതെ’ എന്നുതുടങ്ങുന്ന പദവും ചിട്ടയ്ക്കും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ളതാണ്.

4.വീരഭദ്രൻ, ഭദ്രകാളി എന്നീ രണ്ട് അത്യുഗ്രവേഷങ്ങൾ ഭൂതഗണങ്ങളോടൊപ്പമെത്തി സംഹാരതാണ്ഡവമാടുന്ന 19, 20 രംഗങ്ങൾ കഥകളിയുടെ ദൃശ്യപരതയ്ക്ക് മോടിനൽകുന്നതും ജനരഞ്ജകമായവയുമാണ്.

ഇപ്പോൾ നിലവിലുള്ള അവതരണരീതി
*2,3,5,6,10 രംഗങ്ങളും, 16മുതൽ 20വരേയുള്ള രംഗങ്ങളും, ഇരുപത്തിരണ്ടാം രംഗവുമാണ് ഇപ്പോൾ സാധാരാണയായി അവതരിപ്പിക്കുക പതിവുള്ളത്.

*1,11,14 രംഗങ്ങൾ അപൂർവ്വമായി മാത്രം അവതരിപ്പിക്കപ്പെടാറുണ്ട്.

*4,7,8,9,12,13,15,21 രംഗങ്ങളുടെ അവതരണം തീരെ പതിവില്ല.

*ഇരുപത്തിരണ്ടാം രംഗത്തിൽ ശിവനോടൊപ്പം സതിയും രംഗത്തുള്ളതായാണ് ആട്ടകഥയിൽ പറയുന്നതെങ്കിലും അരങ്ങിൽ സതി പതിവില്ല. ആട്ടകഥയിൽ സതി ആത്മാഹുതി നടത്തുന്നതായി പറയുന്നില്ലെങ്കിലും ചിലപ്പോൾ(നടന്റെ മനോധർമ്മാനുസ്സരണം) പതിനെട്ടാം രംഗത്തിനൊടുവിൽ(ശിവനോട് സങ്കടമുണർത്തിച്ച് അദ്ദേഹത്തിന്റെ മറുപടിയും ശ്രവിച്ചശേഷം) സതി ആത്മാഹുതി ചെയ്യുന്നതായി ആടാറുണ്ട്.

ആട്ടകഥയുടെ അവതരണശ്ലോകം- 

“ശ്രീരാമവർമ്മ കുലശേഖരസോദരസ്യ
 മാർത്താണ്ഡവർമ്മ യുവഭൂമിപതേർന്നിദേശാത്
 കേനാപി തല്പദജുഷാ കില ദക്ഷയാഗ-
 നാട്ട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”
{ശ്രീരാമവർമ്മ കുലശേഖരന്റെ അനുജനായ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ നിർദ്ദേശമനുസ്സരിച്ച് അദ്ദേഹത്തിന്റെ പാദസേവകനായ ഒരുവനാൽ വർണ്ണിക്കപ്പെട്ട ദക്ഷയാഗമെന്ന നാട്ട്യപ്രബന്ധത്തെ വിദ്വാന്മാർ പരിശോധിച്ച് പാവനമാക്കിതീർക്കട്ടെ.}

അഭിപ്രായങ്ങളൊന്നുമില്ല: