2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ആട്ടകഥാകാരന്‍

ഇരയിമ്മന്‍ തമ്പി
.

ആട്ടകഥാകാരന്മാരില്‍ കോട്ടയത്തുതമ്പുരാന്‍ കഴിഞ്ഞാല്‍ 
പ്രാധാന്യമര്‍ഹിക്കുന്നയാളാണ് ഇരയിമ്മന്‍ തമ്പി. ഇദ്ദേഹം 1783ല്‍ തിരുവനന്തപുരത്ത് കോട്ടക്കകത്ത് കിഴക്കേമഠത്തില്‍ ഭൂജാതനായി. ധര്‍മ്മരാജാവ് എന്ന് പ്രശസ്തനായ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തികതിരുനാളിന്റെ കനിഷ്ഠസോദരനായിരുന്ന രവിവര്‍മ്മ ഇളയതമ്പുരാന്റെ പുത്രി അന്തിയറക്കാട്ട് പുതുമന അമ്മവീട്ടിലെ പാര്‍വ്വതിപിള്ളത്തങ്കച്ചിയാണ് അദ്ദേഹത്തിന്റെ മാതാവ്. പിതാവ് ചേര്‍ത്തല വാരനാട് നടുവിലേക്കോവിലകത്തെ കേരളവര്‍മ്മ തമ്പാനും. ശാസ്ത്രിതമ്പുരാനെന്നു പ്രസിദ്ധനായിരുന്ന പിതാവ് തന്നെയായിരുന്നു ഇരയിമന്റെ പ്രഥമ ഗുരു. പണ്ഡിതമതിയായിരുന്ന മൂത്താട്ട് ശങ്കരന്‍ ഇളയതായിരുന്നു സംസ്കൃതത്തിലെ ഉപരിപഠനത്തിന് ഇരയിമ്മന്‍ തമ്പിയുടെ ആചാര്യന്‍. മുത്തശ്ശന്റെ പേരായിരുന്ന രവിവര്‍മ്മ എന്നതുതന്നെയായിരുന്നു തമ്പിയുടെ യഥാര്‍ത്ഥനാമധേയം. സാഹിത്യപഠനത്തിനൊപ്പം സംഗീതത്തിലും ശ്രദ്ധവെച്ച ഇദ്ദേഹം സ്വയമേവ അതും സ്വായത്തമാക്കി. തന്റെ പതിനാലാം വയസ്സില്‍ തന്നെ പദ്യരചന ആരംഭിച്ച കഥാപുരുഷന്‍ ധര്‍മ്മരാജാവിന്റെ പ്രശംസയ്ക്ക് പാത്രമായി. അങ്ങിനെ ചെറുപ്രായത്തില്‍തന്നെ രാജസേവകനായിതീര്‍ന്ന അദ്ദേഹം തന്റെ മുപ്പത്തിരണ്ടാം വയസ്സോടെ തിരുവിതാംകൂറിലെ അനിഷേധ്യനായ ആ‍സ്ഥാനകവിയായി തീര്‍ന്നു. തുടര്‍ന്ന് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ, അവിട്ടംതിരുനാള്‍ ബാലവര്‍മ്മ, സ്വാതിതിരുനാള്‍ രാമവര്‍മ്മ, ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, എന്നീ രാജാക്കന്മാരുടേയും ഗൌരീലക്ഷ്മീഭായ്, ഗൌരീപാര്‍വ്വതീഭായ് എന്നീ റാണിമാരുടേയും സദസ്യനായി വര്‍ത്തിക്കുവാനും ഇവരുടെയെല്ലാം സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനാകാനുമുള്ള ഭാഗ്യം ഇരയിമ്മന്‍ തമ്പിയ്ക്ക് ലഭിച്ചു. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഗുരുസ്ഥാനീയനും, ശാസ്ത്രീയസംഗീതകൃതികളുടെ രചയിതാവെന്ന നിലയില്‍ സന്തതസഹചാരിയായും ആയിരുന്ന തമ്പി ആട്ടകഥാകാരന്‍ എന്ന നിലയില്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റേയും ഉത്രംതിരുനാള്‍ മഹാരാജാവിന്റേയും പ്രത്യേക പ്രീതിക്കും പാത്രമായിരുന്നു. അമ്മാവനായിരുന്ന കൃഷ്ണന്‍ തമ്പിയുടെ പുത്രി ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചി ആയിരുന്നു ഇരയിമ്മന്റെ ധര്‍മ്മപത്നി. ഇദ്ദേഹത്തിന്റെ പുത്രിയായിരുന്ന കുട്ടിക്കുഞ്ഞിതങ്കച്ചിയും(1820-1914) പ്രസിദ്ധയായ കവയത്രി ആയിരുന്നു. ഇരയിമ്മന്‍ തമ്പി തന്റെ എഴുപത്തിമ്മൂന്നാം വയസ്സില്‍ 1856ല്‍ ഇഹലോകവാസം വെടിഞ്ഞു.
ഗര്‍ഭസ്ഥശ്രീമാനായിരുന്ന സ്വാതിതിരുനാള്‍ കുമാരനെ 
താരാട്ടുന്നതിനായി റാണി ഗൌരീലക്ഷ്മീഭായി തമ്പുരാട്ടിക്ക് എഴുതി നല്‍കിയ ‘ഓമനതിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ട് മാത്രം മതി ഈ കവിസാര്‍വ്വഭൌമന് ചിരന്തനയശസ്സ് നേടിക്കൊടുക്കുവാന്‍. കുറിഞ്ഞി രാഗത്തിലും ആദിതാളത്തിലുമുള്ള ഈ താരാട്ട് കൂടാതെ ‘പ്രാണനാഥനെനിക്കു നല്‍കിയ’ എന്ന ഗാനവും ‘കരുണചെയ്‌വാന്‍ എന്തു’(ശ്രീരാഗം, ചെമ്പടതാളം), ‘അടിമലരിണതന്നെ’(മുഖാരിരാഗം) എന്നീ പദങ്ങളും ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ രചനകളാണ്. സംസ്കൃതത്തിലും മണിപ്രവാളത്തിലുമുള്‍പ്പെടെ ഏതാണ്ട് 500ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായി ഉണ്ടന്ന് പറയപ്പെടുന്നു. ഇതില്‍ 39ഓളം കീര്‍ത്തനങ്ങളും 5ഓളം വര്‍ണ്ണങ്ങളും 3ആട്ടകഥകളും, സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, നവരാത്രിപ്രബന്ധം, രാസക്രീഡ, രാജസേവാക്രമം മണിപ്രവാളം, തുടങ്ങിയവയാണ് ഇന്ന് ലഭ്യമായവ.
എന്നിവയാണ് തമ്പിയാല്‍ രചിക്കപ്പെട്ട ആട്ടകഥകള്‍. രചനാസൌഷ്ഠവം, മണിപ്രവാളശുദ്ധി, സംഗീതഗുണം, രംഗപ്രയോഗചാരുത എന്നിവയാല്‍ ഈ ആട്ടകഥകള്‍ ഉന്നതസ്ഥാനത്തെ ആരോഹണം ചെയ്യുന്നവയാണ്. ധര്‍മ്മരാജാവിന്റെ കാലത്തോ അതിനു തൊട്ടടുത്തോ ആയിട്ടാണ് തമ്പി കീചകവധവും ഉത്തരാസ്വയംവരവും എഴുതിയിട്ടുള്ളത്. കാലങ്ങള്‍ക്കുശേഷം സ്വാതിതിരുനാളിന്റെ കാലത്താണ് ദക്ഷയാഗം രചിക്കപ്പെട്ടത്. സ്വാതിയുടെ അനുജനും കഥകളിപ്രിയനുമായ യുവരാജാവ് ഉത്രംതിരുനാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. സ്വാതിതിരുനാള്‍ നാടുനീങ്ങിയതോടെ രാജാഭിഷിക്തനായിതീര്‍ന്ന ഉത്രംതിരുനാള്‍ ‘വലിയകൊട്ടാരംകളിയോഗം’ പുന:സംഘടിപ്പിച്ച് വിപുലമാക്കുകയും ‘കേരളവിലാസം’ എന്നൊരു അച്ചുകൂടം സ്ഥാപിക്കുകയും ചെയ്തു. ഇതിനെല്ലാം മഹാരാജാവിന്റെ സഹായികളായി വര്‍ത്തിച്ചിരുന്നത് ഇരയിമ്മന്‍ തമ്പിയും സുപ്രസിദ്ധ കഥകളിനടനായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാരും ആയിരുന്നു. തമ്പിയുടേതുള്‍പ്പടെ 54 ആട്ടകഥകള്‍ അടങ്ങുന്ന പുസ്തകമാണ് കേരളവിലാസത്തില്‍ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല: