2011, ഫെബ്രുവരി 23, ബുധനാഴ്‌ച

സീതാസ്വയംവരം

കൊട്ടാരക്കര തമ്പുരാന്‍ രാമായണകഥ എട്ട് ആട്ടകഥകളായി
എഴുതിയിട്ടുള്ളതില്‍ രണ്ടാമത്തേതാണ് ‘സീതാസ്വയംവരം’.
കഥാസംഗ്രഹം
രാമായണം ബാലകാണ്ഡത്തില്‍ വിശ്വാമിത്രന്റെ
ആഗമനം മുതല്‍ സീതാസ്വയംവരാനന്തരം പരശുരാമനുമായുണ്ടായ ഏറ്റുമുട്ടല്‍ വരെയുള്ള കഥാഭാഗമാണ് ഈ ആട്ടകഥയുടെ ഇതിവൃത്തം.

കോസലരാജാവായ ദശരഥന്‍ തന്റെ പുത്രന്മാരായ 
രാമ,ഭരത,ലക്ഷ്മണ,ശത്രുഘ്നന്മാരോട് കുശലപ്രശ്നം ചെയ്യുന്നതാണ് ആദ്യരംഗത്തില്‍. രണ്ടാം രംഗത്തില്‍ തന്റെ കൊട്ടാരത്തിലെത്തിയ ബ്രഹ്മര്‍ഷി വിശ്വാമിത്രനെ ദശരഥമഹാരാജന്‍ ആദരിച്ച്, ആഗമനോദ്ദേശം ചോദിച്ചറിയുന്നു. താന്‍ ഒരു വലിയ യാഗത്തിന് ഒരുങ്ങുകയാണെന്നും അതിന്റെ രക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കണമെന്നും വിശ്വാമിത്രന്‍ ദശരഥനോടാവിശ്യപ്പെടുന്നു. ബാലന്മാരായ രാമലക്ഷ്മണന്മാരെ അയയ്ക്കുവാന്‍ ദശരഥന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നു. ഇതുകേട്ട് കോപിച്ച് പോകുവാനൊരുങ്ങുന്ന വിശ്വാമിത്രനെ സാകേതത്തിലെ കുലഗുരുവായ വസിഷ്ഠന്‍ തടഞ്ഞ്, സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് വസിഷ്ഠനിര്‍ദ്ദേശാനുസ്സരണം ദശരഥന്‍ രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്റെയൊപ്പം അയക്കുന്നു. തന്റെകൂടെ കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാര്‍ക്ക് വിശപ്പും ദാഹവും അകറ്റുവാനായി വിശ്വാമിത്രന്‍ ‘ബല’, ‘അതിബല’ എന്നീ ദിവ്യമന്ത്രങ്ങള്‍ ഉപദേശിച്ചുകൊടുക്കുന്ന ഭാഗമാണ് രംഗം മൂന്ന്. നാലാം രംഗത്തില്‍ കാനനത്തില്‍ സഞ്ചരിക്കുന്ന രാമനെ താടക എന്ന നിശാചരി നേരിടുന്നു. മായായുദ്ധം ചെയ്യുന്ന താടകയെ വിശ്വാമിത്രനിര്‍ദ്ദേശാനുസ്സരണം രാമന്‍ വധിക്കുന്നു. തുടര്‍ന്ന് സന്തോഷവാനായ വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാര്‍ക്ക് അനവധി ദിവ്യാസ്ത്രങ്ങള്‍ ഉപദേശിക്കുന്നു അഞ്ചാം രംഗത്തില്‍. ആറാം രംഗത്തില്‍ കൌശികാശ്രമത്തിലെത്തി വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ യാഗരക്ഷ ഏല്‍പ്പിക്കുന്നു. യാഗം മുടക്കുവാനായി വരുന്ന മാരീചസുബാഹുമാര്‍ രാമലക്ഷ്മണന്മാരുമായി ഏറ്റുമുട്ടുന്നു. രാമന്‍ മാരീചനെ അസ്ത്രപ്രയോഗത്താല്‍ സാഗരത്തിലെത്തിക്കുകയും, സുബാഹുവിനെ വധിക്കുകയും ചെയ്യുന്നു രംഗം ഏഴില്‍. എട്ടാം രംഗത്തില്‍ രാക്ഷസശല്യമകന്ന് യാഗം സമംഗളം പര്യവസാനിപ്പിക്കാനായതില്‍ വിശ്വാമിത്രന്‍ സന്തോഷം പ്രകടിപ്പിക്കുകയും, ഇനി നമുക്ക് ഗംഗാനദികടന്ന് മിഥിലയിലേയ്ക്ക് പോകാം എന്ന് രാമലക്ഷ്മണന്മാരോട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. മിഥിലയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും സുമതിരാജാവിന്റെ സത്ക്കാരം സ്വീകരിക്കുന്നഭാഗമാണ് രംഗം ഒന്‍പത്. പത്താം രംഗത്തില്‍ ഗൌതമാശ്രമത്തിലെത്തുന്ന രാമന്‍ ശിലയായി കിടന്നിരുന്ന അഹല്യയ്ക്ക് ശാപമോക്ഷം നല്‍കുന്നു. മിഥിലാപുരിയിലെത്തുന്ന വിശ്വാമിത്രനെ സ്വീകരിച്ചാനയിക്കുന്ന ജനകമഹാരാജാവ് കൂടെയുള്ള ബാലന്മാര്‍ ആരെന്ന് ചോദിച്ചറിയുന്നു രംഗം പതിനൊന്നില്‍. തുടര്‍ന്ന് കൌശികനിര്‍ദ്ദേശാനുസ്സരണം ജനകന്‍ ദിവ്യമായ ‘ശൈവചാപം’ അവിടേയ്ക്ക് വരുത്തുന്നു. ശ്രീരാമന്‍ ആ ചാപം എടുത്ത് കുലയ്ക്കുന്നതോടെ അത് പൊട്ടിപോകുന്നു. ജനകന്‍ തന്റെ പുത്രിയായ സീതയെ വില്ലുഖണ്ഡിച്ച രാമന് നല്‍കുന്നു. രംഗം പന്ത്രണ്ടില്‍ രാമന്റെ വര്‍ത്തമാനങ്ങള്‍ ജനകദൂതന്‍ ചെന്ന് ദശരഥനെ അറിയിക്കുന്നു. സന്തോഷവാനായ ദശരഥന്‍ പുത്രരോടും പരിവാരത്തോടും കൂടി മിഥിലയിലെത്തി ജനകനെ കാണുന്ന ഭാഗമാണ് രംഗം പതിമൂന്ന്. വിവാഹരംഗമാണ് പതിനാലാമത്തേത്. ദശരഥനന്ദനന്മാരായ രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്നന്മാര്‍ യഥാക്രമം ജനകപുത്രിമാരായ സീത, ഊര്‍മ്മിള, മാണ്ഡവി, ശ്രുതകീര്‍ത്തിമാരെ വിവാഹം കഴിക്കുന്നു. വിവാഹാനന്തരം അയോദ്ധ്യയിലേയ്ക്കു മടങ്ങുന്ന ദശരഥനേയും പുത്രരേയും മാര്‍ഗ്ഗമദ്ധ്യേ പരശുരാമന്‍ തടയുന്ന ഭാഗമാണ് അന്ത്യരംഗത്തില്‍. തന്റെ ഗുരുവായ ശ്രീപരമേശ്വരന്റെ ദിവ്യമായ ചാപം മുറിച്ച രാമനോട് പരശുരാമന്‍ കയര്‍ക്കുന്നു. ബാലന്മാരായ തന്റെ തനയരില്‍ കോപിക്കരുതേയെന്ന് അപേക്ഷിക്കുന്ന ദശരഥനെ ഭാര്‍ഗ്ഗവരാമന്‍ അപമാനിക്കുന്നു. ഇതുകണ്ട് ശ്രീരാമനും കോപിഷ്ടനാവുന്നു. പരശുരാമന്‍ നല്‍കുന്ന വൈഷ്ണവചാപം ശ്രീരാമന്‍ കുലയ്ക്കുന്നു. ഇതോടെ ശ്രീരാമന്റെ മഹത്വം മനസ്സിലാക്കി, കോപം ശമിച്ച പരശുരാമന്‍ ശ്രീരാമനെ സ്തുതിച്ച്, വന്ദിച്ച് പോകുന്നു.
ഇപ്പോഴത്തെ അവതരണരീതി
*അന്ത്യരംഗം മാത്രമാണ് സാധാരണയായി അവതരിപ്പിച്ചുവരുന്നത്.
*പതിനൊന്നാം രംഗം അപൂര്‍വ്വമായി അവതരിപ്പിക്കപ്പെടാറുണ്ട്.
*ആദ്യ പത്തുരംഗങ്ങളും പന്ത്രണ്ട്, പതിമൂന്ന്, പതിന്നാല്, രംഗങ്ങളും ഇപ്പോള്‍ നടപ്പില്ല

അഭിപ്രായങ്ങളൊന്നുമില്ല: