2011, ഫെബ്രുവരി 23, ബുധനാഴ്‌ച

തോരണയുദ്ധം

കൊട്ടാരക്കര തമ്പുരാന്‍ രാമായണകഥ പൂര്‍ണ്ണമായി
ആട്ടകഥാരൂപത്തില്‍ രചിച്ചതില്‍ ആറാമതായുള്ള ആട്ടകഥയാണ് തോരണയുദ്ധം. ശ്രീരാമദൂതനായി ലങ്കയിലെത്തി സീതയെ ദര്‍ശ്ശിച്ചശേഷം ശ്രീഹനുമാന്‍ പ്രമദാവനത്തിന്റെ തോരണത്തിങ്കല്‍(ഗോപുരത്തിങ്കല്‍) ഇരുന്ന് രാക്ഷസരുമായി ചെയ്ത യുദ്ധത്തിനെ സൂചിപ്പിക്കുന്നതാണ് ‘തോരണയുദ്ധം’ എന്ന പേര്.

കഥാസംഗ്രഹം
ബാലിവധാനന്തരമുള്ള കിഷ്കിന്ധാകാണ്ഡകഥയും
ഹനുമാന്‍ ലങ്കാദഹനം നടത്തി മടങ്ങിയെത്തുന്നതുവരേയുള്ള സുന്ദരകാണ്ഡകഥയുമാണ് തോരണയുദ്ധം ആട്ടകഥയുടെ ഇതിവൃത്തം.

ബാലിവധാനന്തരം സുഗ്രീവനെ കിഷ്കിന്ധയിലെ 
രാജാവായിവാഴിച്ചശേഷം ശ്രീരാമന്‍ ലക്ഷ്മണനോടൊപ്പം സമീപത്തുള്ള കാനനത്തിലെ ഒരു ഗുഹയില്‍ വസിച്ചു. വര്‍ഷകാലം കഴിഞ്ഞിട്ടും സഖ്യം ചെയ്തതുപ്രകാരം സീതാന്വേഷണത്തിന് ശ്രമം നടത്താതെയിരിക്കുന്ന സുഗ്രീവന്റെ നേര്‍ക്ക് കോപം തോന്നിയ ശ്രീരാമചന്ദ്രന്‍, ആ വാനരരാജാവിനെ കൂട്ടിക്കൊണ്ടുവരുവാന്‍ ലക്ഷ്മണനെ നിയോഗിക്കുന്നതാണ് ആദ്യരംഗം. ലക്ഷ്മണന്‍ കിഷ്കിന്ധാഗോപുരദ്വാരത്തിങ്കല്‍ ചെന്ന് ലോകംവിറയ്ക്കുമാറ് ഞാണോലിയിട്ടു. അതുകേട്ട് വരുന്ന താര, സീതാന്വേഷണത്തിനായി നനാപര്‍വ്വതങ്ങളില്‍ നിന്നും വാനരരെ സുഗ്രീവന്‍ വിളിച്ചുവരുത്തിക്കൊണ്ടിരിക്കുകയാണെന്നും, അതിനാല്‍ കോപം അടക്കണമെന്നും ലക്ഷ്മണനോട് പറയുന്നു.തുടര്‍ന്ന് രണ്ടാം രംഗത്തില്‍ യുവരാജാവായ അംഗദനോടും മന്ത്രിമാരായ ഹനുമാന്‍, ജാബവാന്‍ എന്നിവരോടുംകൂടി സുഗ്രീവന്‍ ലക്ഷ്മണസമീപം വന്ന് സ്വീതാന്വേഷണത്തിന് കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിക്കുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് ശ്രീരാമസമീപം വന്ന് വന്ദിക്കുന്നു രംഗം മൂന്നില്‍. രാമനിര്‍ദ്ദേശാനുസ്സരണം സുഗ്രീവന്‍ വാനരപ്രമുഖരെ ഓരോരോ ദിക്കുകളിലേക്ക് സീതാന്വേഷണാര്‍ത്ഥം അയക്കുന്നു. ഈ സമയത്ത് ദക്ഷിണദിക്കിലേക്കുപോകുന്ന ഹനുമാനെ വിളിച്ച് ശ്രീരാമസ്വാമി അടയാളമായി ‘അത്ഭുതാംഗുലീയം’ ഏല്‍പ്പിക്കുന്നു. ദക്ഷിണദിക്കിലേക്കുപോകുന്ന വാനരരെ വഴിയില്‍ അയഗ്രീവന്‍ എന്ന രാക്ഷസന്‍ എതിര്‍ക്കുന്നതും, അംഗദന്‍ അവനെ എതിര്‍ത്ത് വധിക്കുന്നതുമാണ് നാലാം രംഗത്തില്‍. രംഗം അഞ്ചില്‍ സഞ്ചരിച്ച് തളര്‍ന്ന അംഗദാദികള്‍ സ്വയം‌പ്രഭയെന്ന താപസിയുടെ ആശ്രമത്തില്‍ അഥിത്യം സ്വീകരിച്ച് ക്ഷീണമകറ്റി യാത്രതുടരുന്നു. വീണ്ടും സഞ്ചരിച്ച് ദക്ഷിണഭാഗത്ത് സമുദ്രതീരത്തെത്തുന്ന അംഗദാദിവാനരര്‍ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ദു:ഖിക്കുന്നു. ഈ സമയത്ത് സമ്പാതിയെന്ന പക്ഷിശ്രേഷ്ഠനെ ഇവര്‍ കണ്ടുമുട്ടുന്നു. സീത സമുദ്രത്തിലുള്ള ലങ്കാദ്വീപില്‍ ഉണ്ടെന്നും സമുദ്രം ചാടികടക്കുന്നവര്‍ക്ക് സീതയെ കാണാനാകുമെന്നും സമ്പാതി വാനരരെ അറിയിക്കുന്നു. ഈ ഭാഗമാണ് രംഗം ആറില്‍. ഏഴാം രംഗത്തില്‍ ജാബവാന്‍ പൂര്‍വ്വചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഹനുമാനില്‍ ആത്മവിശ്വാസം വളര്‍ത്തി സമുദ്രതരണത്തിന് പ്രാപ്തനാക്കുന്നു. ഹനുമാന്‍ സമുദ്രതരണം ചെയ്യുന്ന ഭാഗമാണ് എട്ടാം രംഗം. രംഗം ഒന്‍പതില്‍ ലങ്കയിലെത്തുന്ന ഹനുമാനെ ലങ്കാലക്ഷ്മി തടയുന്നു. ഹനുമാന്റെ താഡനമേറ്റ് ലങ്കാലക്ഷ്മിക്ക് ശാപമോക്ഷം ലഭിക്കുന്നു. തുടര്‍ന്ന് ലങ്കാനഗരിയില്‍ പ്രവേശിവേശിച്ച് സീതയെ തിരഞ്ഞ് അശോകവനികയില്‍ എത്തുന്ന ഹനുമാന്‍ ശിംശപാവൃക്ഷമൂലത്തില്‍ രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് ഇരിക്കുന്ന സീതയെ കണുന്നു. ഈ സമയത്ത് രാവണന്‍ അവിടെക്കുവരുന്നതു കണ്ട് ഹനുമാന്‍ പെട്ടന്ന് വൃക്ഷശിഘരത്തില്‍ കയറി ഒളിച്ചിരിക്കുന്നു. അന്ത:പുരത്തില്‍ മണ്ഡോദരിയോടോപ്പം രമിക്കുന്ന രാവണന്‍ സീതയെ ഓര്‍ത്ത് കാമവിവശനാകുന്നതും, സര്‍വ്വപ്രൌഢിയോടും കൂടി ‘അഴകുരാവണ‘നായി അശോകവനികയിലെത്തി വസ്ത്രാഭരണങ്ങളാലും മധുരവചനങ്ങളാലും സീതയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ഭാഗമാണ് പത്താം രംഗം. തന്നെ രാമനുനല്‍കി രാമപാദത്തില്‍ ശരണം പ്രാപിക്കുന്നതാണ് നിനക്ക് നല്ലതെന്നുള്ള സീതയുടെ വചനം കേട്ട് ക്രുദ്ധിച്ച രാവണന്‍ ചന്ദ്രഹാസമെടുത്ത് സീതയെ വെട്ടാന്‍ ഓങ്ങുന്നു. ഈ സമയത്ത് മണ്ഡോദരി അവിടെയെത്തി രാവണനെ തടയുന്നു. പതിനൊന്നാം രംഗത്തില്‍ ത്രിജട മറ്റുരാക്ഷസസ്ത്രീകളോടും സീതയോടുമായി തന്റെ സ്വപ്നവൃത്താന്തം അറിയിക്കുന്നു. രാക്ഷസസ്ത്രീകള്‍ അടുത്തില്ലാത്ത സമയം നോക്കി ഹനുമാന്‍ സീതയെ സമീപിച്ച് വൃത്താന്തങ്ങള്‍ അറിയിച്ച് രാമദത്തമായ അത്ഭുതാഗുലീയം സീതയ്ക്ക് കൈമാറുന്ന ഭാഗമാണ് പന്ത്രണ്ടാം രംഗം. സീത രാമനെയേല്‍പ്പിക്കുവാനായി ആശ്ചര്യചൂഡാമണി ഹനുമാന്റെ കൈയ്യില്‍ നല്‍കുന്നു. ഒരുമാസത്തിനുള്ളില്‍ രാമസ്വാമി വാനരസേനയുമായി ഇവിടെയെത്തി ദേവിയെ രക്ഷിക്കും എന്നുപറഞ്ഞ് സീതയെ ആശ്വസിപ്പിച്ചശേഷം ഹനുമാന്‍ പ്രമദാവനത്തിലേക്ക് നീങ്ങുന്നു. പ്രമദാവനം തല്ലിതകര്‍ക്കുന്ന ഹനുമാന്‍, എതിരെ വരുന്ന ഉദ്യാനപാകരേയും സൈനീകരേയും വധിക്കുന്നു. രംഗം പതിമൂന്നില്‍ ഈ വിവരങ്ങളറിഞ്ഞുവന്ന് ഹനുമാനോട് എതിരിടുന്ന രാവണപുത്രനായ അക്ഷകുമാരനേയും ഹനുമാന്‍ വധിക്കുന്നു. ഇതറിഞ്ഞ് കോപിഷ്ടനാകുന്ന രാവണനോട് പുത്രന്‍ ഇന്ദ്രജിത്ത് ‘മര്‍ക്കടനെ വധിക്കാന്‍ ഞാന്‍ പോരും’ എന്നു പറഞ്ഞ് യുദ്ധത്തിനുപുറപ്പെടുന്നു രംഗം പതിനാലില്‍. പതിനഞ്ചാം രംഗത്തില്‍ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രപെയോഗത്താല്‍ ഹനുമാനെ ബന്ധിക്കുന്നു. ബന്ധിതനായ ഹനുമാനെ രാവണസമക്ഷം ഹാജരാക്കുന്നു രംഗം പതിനാറില്‍. ഹനുമാന്റെ ധിക്കാരവാക്കുകള്‍ ശ്രവിച്ച് കുപിതനായിതീരുന്ന രാവണന്‍ ‘ഈ മര്‍ക്കടന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി അയക്കാന്‍’ ആജ്ഞാപിക്കുന്നു. വാലില്‍ കൊളുത്തിയ തീകൊണ്ട് ലങ്കചുട്ടെരിച്ചിട്ട് ഹനുമാന്‍ മടങ്ങുന്നു. സമുദ്രം തരണംചെയ്ത് ഹനുമാന്‍ അംഗദാദികളുടെ സമീപം എത്തുന്ന ഭാഗമാണ് രംഗം പതിനേഴ്. അന്ത്യ രംഗത്തില്‍ ശ്രീരാമന്റെയടുക്കല്‍ എത്തി ഹനുമാന്‍ നടന്ന കാര്യങ്ങളെല്ലാം അറിയിച്ച്, സീതാദേവി നല്‍കിയ ആശ്ചര്യചൂടാമണിയും സമര്‍പ്പിക്കുന്നു.

മൂലകഥയില്‍ നിന്നുള്ള വെതിയാനങ്ങള്‍
വാത്മീകിരാമായണത്തെ ഏതാണ്ട് അതേപടി പിന്തുടരുകയാണ്
ആട്ടകഥയും ചെയ്തിരിക്കുന്നതെങ്കിലും, ഇതില്‍ കൂടിയാട്ടകഥകളായ ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’ യിലെ ‘അശോകവനികാങ്കം’, ഭാസന്റെ ‘അഭിഷേകനാടക’ത്തിലെ ‘തോരണയുദ്ധാങ്കം’ എന്നിവയുടെ സ്വാധീനം പ്രകടമായി കാണാം.

1.സീതക്കുനല്‍കുവാനായി രാമന്‍ ‘രാമനാമാങ്കിതമായ അംഗുലീയ’വും തിരിച്ച് രാമനുനല്‍കാനായി സീത ‘ചൂഡാമണിയും’ ഹനുമാന്റെ കൈവശം കൊടുത്തയച്ചു എന്നുമാത്രമെ മൂലകഥയില്‍ പറയുന്നുള്ളു. എന്നാല്‍ ആട്ടകഥയിലാകട്ടെ ‘ആശ്ചര്യചൂഡാമണി’ നാടകത്തിലേതുപോലെ രാമന്‍ കൊടുത്തയക്കുന്നത് ഋഷിമാര്‍ അനുഗ്രഹിച്ചു നല്‍കിയ ‘അത്ഭുതാഗുലീയവും’, സീത കൊടുത്തയക്കുന്നത് ‘ആശ്ചര്യചൂഡാമണി’യുമാണ്.

2.മൂലകഥയില്‍ സീതയെ വെട്ടാന്‍ ചന്ദ്രഹമെടുക്കുന്ന രാവണനെ തടയുന്നത് ‘ധന്യമാലി’ എന്ന രാവണപത്നിയാണ്. എന്നാല്‍ ആട്ടകഥയില്‍ ‘ആശ്ചര്യചൂഡാമണി’ നാടകത്തെ അവലംബിച്ച് മണ്ഡോദരിയാണ് രാവണനെ തടയുന്നത്.

രംഗാവതരണത്തിലെ പ്രധാന പ്രത്യേകതകള്‍

1.മുറിയടന്ത താളത്തിലുള്ള സമുദ്രലംഘനസഞ്ചാരം, മൈനാകത്തോടുള്ള കേട്ടാടല്‍, സുരസയെ ജയിച്ച് മുന്നേറുന്നതിന്റെ പകര്‍ന്നാട്ടശൈലിയിലുള്ള സംഭവാഖ്യാനം, നാലാമിരട്ടിമേളത്തോടെ ഛായാഗ്രഹണിയെ വധിക്കല്‍, ചെമ്പടതാളത്തിലേക്ക് പകര്‍ന്നുകൊണ്ട് ലങ്കയെ പ്രാപിക്കല്‍, ഇങ്ങിനെയുള്ള എട്ടാം‌രംഗത്തിലെ ഹനുമാന്റെ ആട്ടങ്ങളെല്ലാം മേളക്കൊഴുപ്പോടെ സംവിധാനം ചെയ്തിരിക്കുന്നവയാണ്.

2.പത്താംരംഗത്തില്‍ പ്രവേശിക്കുന്ന രാവണന് സാധാരണകത്തിവേഷങ്ങളേപ്പോലെ തിരനോട്ടം ഇല്ല. ഇവിടെ വലന്തലമേളത്തില്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ട് അന്ത:പുരത്തില്‍ വസിക്കുന്നരീതിയിലാണ് രാവണന്‍ പ്രത്യക്ഷനാകുന്നത്. കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് തോരണയുദ്ധത്തിലെ രാവണന്‍. ബാലിവധം, രാവണോത്ഭവം, ബാലിവിജയം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍.

3.പത്താം രംഗത്തില്‍ തന്നെ, സീതയെ ഓര്‍ത്ത് മദനോഷ്ണബാധിതനായ രാവണന്റെ ‘വര്‍ഷവരാ’, ‘ഹിമകരഗര്‍ഭാ’, ‘രാജ്യച്യുതം’ എന്നീ ശ്ലോകങ്ങളുടെ ആട്ടങ്ങള്‍ സവിശേഷവും ചിട്ടപ്രധാനമായവയും ആണ്.

4.സീതയെ വെട്ടാനോങ്ങുന്ന രാവണനെ മണ്ഡോദരി എത്തി തടയുന്നതുമുതല്‍‍, ഇച്ഛാഭംഗത്താല്‍ ലജ്ജിച്ച് രാവണന്‍ മാറുന്നതുവരെയുള്ള പത്താം‌രംഗത്തിന്റെ അന്ത്യഭാഗത്ത് ഗായകര്‍ ചെമ്പടതാളമിട്ട് തോടി രാഗം ആലപിക്കും.

5.പന്ത്രണ്ടാം‌രംഗത്തിലെ ഹനുമാന്റെ പ്രമദാവനഭഞ്ജനവും കിങ്കരരുമായുള്ള യുദ്ധവും ലോകധര്‍മ്മി കലര്‍ന്നതും ജനരഞ്ജകവുമായ ഭാഗമാണ്.

6.പതിനാറാം‌രംഗത്തിന്റെ അന്ത്യത്തില്‍ ഹനുമാന്‍ ലങ്കാദഹനശേഷം പന്തങ്ങള്‍ കൈയ്യിലേന്തിക്കൊണ്ടുള്ള നാലാമിരട്ടിചവുട്ടല്‍ വിശേഷമായതാണ്.

ഇപ്പോള്‍ നടപ്പിലുള്ള അവതരണരീതി
*ഒന്നുമുതല്‍ ഏഴ്വരേയുള്ള രംഗങ്ങള്‍ ഒഴിവാക്കി, ഹനുമാന്‍ സമുദ്രതരണം ചെയ്യുന്ന എട്ടാം രംഗം മുതലാണ് ഇപ്പോള്‍ സാധാരണയായി ഈ ആട്ടകഥ രംഗത്ത് അവതരിപ്പിച്ചുവരുന്നത്. 
*പതിനൊന്നാം രംഗവും പന്ത്രണ്ടാം രംഗത്തില്‍ ഹനുമാന്റെ പ്രവേശത്തിനുള്ള പദവും, പതിനാല്, പതിനഞ്ച്, പതിനേഴ്, പതിനെട്ട് രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ല. 
*പതിമുന്നാം രംഗത്തില്‍ അക്ഷകുമാരനും, പതിനാറാം രംഗത്തില്‍ ഇന്ദ്രജിത്തും ഉണ്ടായിരിക്കില്ല. യുദ്ധാവസാനത്തില്‍ പ്രഹസ്താദി രാക്ഷസര്‍ ഹനുമാനെ ബന്ധിച്ച് കൊണ്ടുപോയി രാവണസന്നിധിയില്‍ ഹാജരാക്കുന്നതായാണ് രംഗത്ത് അവതരിപ്പിക്കുക പതിവ്.

1 അഭിപ്രായം:

Narayanan പറഞ്ഞു...

Amazing and extremely useful blog by you sir.