2010, ഡിസംബർ 19, ഞായറാഴ്‌ച

തോരണയുദ്ധം എട്ടാം രംഗം (സമുദ്രലംഘനം)

രംഗത്ത്-ഹനുമാന്‍(ഒന്നാംതരംവെള്ളത്താടിവേഷം)‍
ശ്ലോകങ്ങള്‍-രാഗം: മദ്ധ്യമാവതി
1.
“ഇത്ഥം പറഞ്ഞു കപിവീരനുടന്‍ ഹനൂമാന്‍
 തസ്മാന്മഹേന്ദ്രശിഖരാദ്ദ്രുതമുല്‍ പപാത
 ഗത്വാഥ മാര്‍ഗ്ഗഗതനാം ഹിമവത്തനൂജം
 തട്ടീട്ടുടന്‍ ത മുരസാ സ തു നിര്‍ജ്ജഗാമ”
{ഇങ്ങിനെ പറഞ്ഞ്(വാനരരോട്) ഹനുമാന്‍ മഹേന്ദ്രപര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്ന് അതിവേഗത്തില്‍ മുകളിലേയ്ക്ക് ചാടി, മാര്‍ഗ്ഗത്തിലുള്ള ഹിമവാന്റെ പുത്രനെ(മൈനാക പര്‍വ്വതത്തെ) മാറിടത്താല്‍ തൊട്ടുരുമ്മിക്കൊണ്ട് കടന്നുപോയി.}
2.
“തതോ ഹനൂമാന്‍ സുരസാമുഖാന്ത:
 പ്രവിശ്യ നിര്‍ഗ്ഗമ്യ ച കര്‍ണ്ണരന്ധ്രാല്‍
 നിഹത്യ വേഗാല്‍ സ തു സിംഹികാന്താം
 വിവേശ ലങ്കാം കപിപുംഗവോയം”
{പിന്നീട് ഹനുമാന്‍ സുരസയുടെ വായിലൂടെ അകത്തുകടന്ന് ചെവിയിലൂടെ പുറത്തുചാടി, തുടര്‍ന്ന് സിംഹികയെ നിഗ്രഹിച്ച് ആ വാനരശ്രേഷ്ഠന്‍ ലങ്കയിലേക്ക് പ്രവേശിച്ചു.}
 

ഹനുമാന്റെ തിരനോട്ടം-

ഹനുമാന്‍ മഹേന്ദ്രഗിരിയുടെ കൊടുമുടിയില്‍(വലതുകോണില്‍ പീഠത്തില്‍) നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തി മുന്നില്‍ കണ്ണെത്താദൂരം വിസ്തൃതമായി കിടക്കുന്ന സമുദ്രത്തെ നോക്കി കാണുന്നു.
ശേഷം സമുദ്രവര്‍ണ്ണന ആട്ടം
^-
ഹനുമാന്‍ സമുദ്രത്തില്‍ പലഭാഗത്തായി പര്‍വ്വതസമാനമായ തിരമാലകളേയും കൂറ്റന്‍ മത്സ്യങ്ങളേയും മുതലകളേയും ശംഖുകളേയും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യരേയും എല്ലാം നോക്കി കാണുന്നു.

[
^ഈ ഭാഗം(സമുദ്രവര്‍ണ്ണന) നടന്റെ മനോധര്‍മ്മാനുസ്സരണം വിസ്തരിച്ച് ആടും]
 

ഹനുമാന്‍:(ആത്മഗതം) ‘സമുദ്രത്തിനെ പൂണ്ണമായി വര്‍ണ്ണിക്കുവാന്‍ ആര്‍ക്കുമാവില്ല. സമുദ്രത്തിനുതുല്യം സമുദ്രം മാത്രം. ഇപ്രകാരം ഏറ്റവും ഘോരമായ സമുദ്രം കടക്കുന്നതെങ്ങിനെ?‘ (ആലോചിച്ച്) ‘ശ്രീരാമസ്വാമിയുടെ കരുണ ഉണ്ടെങ്കില്‍ അതിന് പ്രയാസമെന്ത്? വാനരകുല ശ്രേഷ്ഠനായ ജാംബവാന്‍ എന്റെ ചരിത്രം പറഞ്ഞുകേട്ടതിനാല്‍ എന്റെ പരാക്രമവീര്യം ഏറ്റവും വദ്ധിച്ചിരിക്കുന്നു. ഇനി വേഗം സമുദ്രം കടക്കുകതന്നെ.’ (വാനരരോട്) ‘ഹേ വാനരശ്രേഷ്ഠരേ, നിങ്ങളെല്ലാവരും രാമസ്വാമിയെ ഭജിച്ചുകൊണ്ട് വസിച്ചാലും. ഞാന്‍ വേഗം പോയ്‌വരാം.’ (രാമനെ സ്മരിച്ച് കൈകള്‍കൂപ്പി) ‘അല്ലയോ രാമസ്വാമിന്‍, എന്നില്‍ കാരുണ്യമുണ്ടാകേണമേ.’ (വായുദേവനെ സ്മരിച്ച് കൈകള്‍ കൂപ്പി) ‘അല്ലയോ പിതാവായ വായുദേവാ, എന്നെ അനുഗ്രഹിക്കേണമേ.’
(നാലാമിരട്ടിമേളം)
ഹനുമാന്‍ കൂപ്പുകൈകളോടെ കുനിഞ്ഞ് വന്ദിക്കുന്നു. ശരീരം ഭയങ്കരമായി വലുത്താക്കി(കൈകളില്‍ ഉത്തരീയം പിടിച്ചിളക്കിക്കൊണ്ട് നിവരുന്നു) സിംഹനാദം മുഴക്കുന്നു. മേളാവസാനത്തോടെ ഹനുമാന്‍ സമുദ്രത്തിനുമുകളിലേക്ക് ചാടുന്നു(പീഠത്തില്‍ നിന്നും ഇടംകാല്‍ പൊക്കി നിലത്തേക്ക് കെട്ടിചാടുന്നു)
(മുറിയടന്ത മേളം)
ഹനുമാന്‍ സമുദ്രത്തിനുമുകളിലൂടെ സഞ്ചരിക്കുന്നു(പ്രിത്യേകമായ ഒരു നൃത്തരൂപമായാണ് ഈ സഞ്ചാരം അവതരിപ്പിക്കുക)

ഹനുമാന്‍(കലാ:രാമന്‍‌കുട്ടിനായര്‍) സമുദ്രലംഘനം ചെയ്യുന്ന
ഹനുമാന്‍:(പെട്ടന്ന് ഒരു പര്‍വ്വതത്തെ കണ്ടിട്ട്) ‘നീ ആരാണ്?‘ (മറുപടി ശ്രദ്ധിച്ചിട്ട്) ‘ഹിമവാന്റെ പുത്രനായ മൈനാകപര്‍വ്വതമാണേന്നോ. രാമകാര്യാര്‍ത്ഥമായി പോകുന്ന എന്നെ ഭവാന്റെ മേലിരുന്ന് വിശ്രമിച്ച്, ജലവും ഫലങ്ങളും ഭക്ഷിച്ച് ക്ഷീണം തീര്‍ത്തുവെയ്ക്കുവാനായി വരുണന്‍ അയച്ചതാണേന്നോ. അല്ലയോ മൈനാകം, ഞാന്‍ ശ്രീരാമസ്വാമിയുടെ കാര്യത്തിനായി പോവുകയാണ്. അതിനിടയ്ക്ക് അശനശയനാദികള്‍ ചിന്തിക്കുകപോലും പാടില്ല. ഭവാന്റെ സല്‍ക്കാ‍രം ഞാന്‍ സ്വീകരിച്ചതായി കണക്കാക്കി ഗമിച്ചാലും.’
ഹനുമാന്‍ മൈനാകത്തെ തൊട്ടുതലോടി അയച്ചിട്ട് സഞ്ചാരം തുടരുന്നു. മാര്‍ഗ്ഗത്തില്‍ തടസമായി നില്‍ക്കുന്ന സുരസയെ കണ്ട്, ഹനുമാന്‍ ആപാദചൂടം വീക്ഷിക്കുന്നു.
ഹനുമാന്‍:(സുരസ പറയുന്നത് കേട്ടിട്ട്) ‘നീ ഈ വഴിക്കുവരുന്നവരെ ഭക്ഷിച്ച് കാലംകഴിക്കുവാനായി ബ്രഹ്മാവിന്റെ കല്പനപ്രകാരം വസിക്കുന്നവളാണേന്നോ. ഇപ്പോള്‍ എന്നെ വിഴുങ്ങണമെന്നോ? അല്ലയോ ഭൂതമേ, ഞാന്‍ ശ്രീരാമസ്വാമിയുടെ കല്പനപ്രകാരം സീതാന്വേഷണത്തിനായി പോവുകയാണ്. ദേവിയെ കണ്ട്, വിവരം സ്വാമിയെ അറിയിച്ചശേഷം ഉടനെ ഞാന്‍ വന്ന് ഭവതിയുടെ വദനകുഹരത്തില്‍ പ്രവേശിച്ചുകൊള്ളാം. ഇപ്പോള്‍ മാര്‍ഗ്ഗം തരുക.’ (മറുപടി ശ്രവിച്ചിട്ട്) ‘എന്ത്? എന്നെ വിടുകയില്ലെന്നോ? എന്നാല്‍ നീ വിഴുങ്ങിക്കോളൂ’
ഹനുമാന്‍ പത്തുയോജന ഉയരത്തില്‍ വളരുന്നു. സുരസ വിഴുങ്ങാനായി ഇരുപതുയോജന വിസ്തൃതമായി വായപിളര്‍ക്കുന്നു. ഇതു കണ്ട് ഹനുമാന്‍ മുപ്പതുയോജനയായി വളരുന്നു. സുരസ അമ്പതുയോജന വായപിളര്‍ക്കുന്നു.
ഹനുമാന്‍:‘ഇവള്‍ വായ വീണ്ടും വീണ്ടും പിളര്‍ക്കുന്നുവല്ലോ. ഇനി എന്താണ് വഴി?’ (ചിന്തിച്ചിട്ട്) ‘ഇനി ദേഹം വളരെ ചെറുതാക്കി ഇവളുടെ വായില്‍ കടന്ന് ചെവിയിലൂടെ പുറത്തുചാടുകതന്നെ.’
ഹനുമാന്‍ ശരീരം കൃശമാക്കി സുരസയുടെ വദനത്തില്‍ പ്രവേശിച്ച് കര്‍ണ്ണദ്വാരത്തിലൂടെ പുറത്തുകടന്ന് മാതൃഭാവത്തില്‍ സുരസയെ വന്ദിക്കുന്നു.
ഹനുമാന്‍:(സുരസ പറയുന്നതുകേട്ടിട്ട്) ‘എന്ത്? ഭവതി നാഗമാതാവാണെന്നോ. എന്റെ ബലവേഗങ്ങള്‍ കണ്ടറിയാന്‍ ദേവകള്‍ നിര്‍ദ്ദേശിച്ചിട്ട് വന്നതാണെന്നോ. സന്തോഷം’
ഹനുമാന്‍ സുരസയെ കുമ്പിട്ട് യാത്ര തുടരുന്നു. ആ സമയം സമുദ്രമദ്ധ്യത്തില്‍ വസിക്കുന്ന ഛായാഗ്രഹിണി എന്ന രാക്ഷസി ഹനുമാന്റെ നിഴലില്‍ പിടിച്ച് ഹനുമാനെ നിര്‍ത്താന്‍ ശ്രമിക്കുന്നു. സഞ്ചരിക്കാനാവാതെ വന്നപ്പോള്‍ ഹനുമാന്‍ സൂക്ഷിച്ചുനോക്കി കാര്യം ഗ്രഹിക്കുന്നു.
ഹനുമാന്‍:‘ഒരു ജലരാക്ഷസി എന്നെ വിഴുങ്ങുവാനായി കാലില്‍ പിടിച്ച് വലിക്കുന്നു.’ (പെട്ടന്ന് ക്രുദ്ധനായി) ‘നോക്കിക്കോ’
(നാലാമിരട്ടി മേളം)
മേളം കലാശിക്കുന്നതിനൊപ്പം കൈകൊണ്ട് ഇടിച്ച് ഛായാഗ്രഹണിയെ വധിച്ച് ഹനുമാന്‍ യാത്ര തുടരുന്നു.
(ചെമ്പട മേളം)
ഹനുമാന്‍ ലങ്കാദ്വീപില്‍ പ്രവേശിക്കുന്നു(തിരിഞ്ഞ് മുന്നോട്ടുവരുന്നു.)
ഹനുമാന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇരുവശങ്ങളിലും നോക്കി ആശ്ചര്യപ്പെട്ട്) ‘ഹോ! അതി വിശിഷ്ടമായ ലങ്കാപുരിയില്‍ ഞാന്‍ എത്തികഴിഞ്ഞിരിക്കുന്നു.‘ (ചുറ്റും നോക്കിയിട്ട്) ‘അസംഖ്യം കിടങ്ങുകളോടും കൂറ്റന്‍ മതിലുകളോടും ഉയര്‍ന്ന ഗോപുരങ്ങളോടും കൂടിയ ഈ കോട്ടയില്‍ കടക്കുന്നതെങ്ങിനെ? ആദിത്യന്‍ അസ്തമിച്ചുകഴിഞ്ഞു. ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു. ഇനി വേഗം ശരീരം ചുരുക്കി ഉപായത്തില്‍ അകത്തുകടക്കുകതന്നെ.’ (കൈകള്‍കൂപ്പി) ‘ശ്രീരാമസ്വാമീ’
ഹനുമാന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ദേഹം ചെറുതാക്കി, ശ്രദ്ധിച്ച് നിശബ്ദമായി നടന്ന്, പിന്‍‌തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: