2010, ഡിസംബർ 19, ഞായറാഴ്‌ച

തോരണയുദ്ധം ഒന്‍പതാം രംഗം

രംഗത്ത്-ഹനുമാന്‍, ലങ്കാലക്ഷ്മി(രണ്ടാംതരം പെണ്‍കരിവേഷം)‍, ലങ്കാശ്രീ(രണ്ടാംതരം സ്ത്രീവേഷം)
 

ശ്ലോകം-രാഗം: പന്തുവരാടി
“സീതാമന്വേഷണം ചെയ്‌വതിനതിതരസാ ലങ്കയില്‍ പുക്കശേഷം
 ലങ്കാ സാ കാമരൂപാ കപിവര നികടം പ്രാപ്യ ഘോരാട്ടഹാസൈ
 ആരക്താവൃത്തനേത്രാ ഘനതരരദനാ രാവണസ്യാജ്ഞയാലേ
 രക്ഷാം കര്‍ത്തും പുരസ്യ ഭൂകുടികലുഷം തം ഹനുമന്തമൂചേ”
{സീതാന്വേഷണം ചെയ്യാനായി ഹനുമാന്‍ അതിവേഗത്തില്‍ ലങ്കയില്‍ ചെന്നനേരത്ത് കാമരൂപിണിയും രാവണന്റെ ആജ്ഞപ്രകാരം ലങ്കയെ കാക്കുന്നവളുമായ ലങ്കാലക്ഷ്മി ഘോരമായ ദംഷ്ട്രങ്ങള്‍കാട്ടി ഭയങ്കരമായി അട്ടഹസിച്ചുകൊണ്ടും ചുന്നകണ്ണുകള്‍ വട്ടംചുഴറ്റിക്കൊണ്ടും കോപത്താല്‍ പുരികം ചുളിച്ചുകൊണ്ടും ഹനുമാനോട് പറഞ്ഞു.}

ലങ്കാലക്ഷ്മിയുടെ തിരനോട്ടം- 

ലങ്കാലക്ഷ്മിയുടെ ആട്ടം-
തിരനോട്ടത്തിനുശേഷം വീണ്ടും തിരതാഴ്ത്തി ലങ്കാലക്ഷി രംഗമദ്ധ്യത്തിലെ പീഠത്തില്‍ ഉത്തരീയം വീശി ഇരിക്കുന്നു.
ലങ്കാലക്ഷ്മി:(ശരീരത്തില്‍ ആകെ നോക്കിയിട്ട്) ‘കഷ്ടം! ഇപ്രകാരം വൈരൂപ്യം വന്നുവല്ലൊ. ഇതെങ്ങിനെ ഭവിച്ചു?‘ (ആലോചിച്ച്) ‘ഈ രാക്ഷസസംസര്‍ഗ്ഗം കൊണ്ടുതന്നെ. ഞാന്‍ അതീവ സുന്ദരിയായിരുന്നു. ബ്രഹ്മശാപത്താല്‍ ഈ വേഷത്തില്‍ ഇവിടെവന്ന് ഈ ലങ്കാപുരി കാക്കുവാന്‍ സംഗതിവന്നു. വൈശ്രവണന്റെ കാലത്ത് എനിക്ക് സുഖമായിരുന്നു. രാക്ഷസര്‍ വന്നതുമുതല്‍ സുഖമില്ലാതെയായി. ഈ ദുഷ്ടരുടെ ഇടയില്‍ ഇങ്ങിനെ എത്രകാലം കഴിയണം ആവോ? എന്നാണ് എനിക്ക് പൂര്‍വ്വസ്ഥിതി പ്രാപിക്കാനാവുക? വാനരന്റെ പ്രഹരമേറ്റാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് ബ്രഹ്മദേവന്‍ കല്‍പ്പിച്ചിട്ടുണ്ട്. കടല്‍കടന്ന് ഇവിടെ എത്തുവാന്‍ കരുത്തുള്ള ഒരു വാനരന്‍ ഉണ്ടോ? ത്രിലോകങ്ങളും ജയിച്ച രാവണനെ ധിക്കരിച്ച് ഒരു വാനരന്‍ വരുമോ? തീര്‍ച്ചയായും ഇല്ല. ഏതായാലും ഇപ്പോള്‍ കോട്ടകാത്ത് വസിക്കുകതന്നെ.’
ലങ്കാലക്ഷ്മി നാലാമിരട്ടിയെടുത്ത് തിരശ്ശീല ഉയര്‍ത്തുന്നു.

വീണ്ടും തിരശ്ശീല താഴ്ത്തുമ്പോള്‍ ലങ്കാലക്ഷ്മി വലതുഭാഗത്ത് പീഠത്തില്‍ നില്‍ക്കുന്നു. ഹനുമാന്‍ ഇടതുവശത്തുകൂടി പ്രവേശിച്ച് സാവധാനം വലത്തേക്ക് നീങ്ങുന്നു. ഇതു കണ്ട് ലങ്കാലക്ഷ്മി താഴെയിറങ്ങി തടുത്ത്, ഹനുമാനോട് കയര്‍ക്കുന്നു. ഹനുമാന്‍ ലങ്കാലക്ഷിയുടെ ആകാരം കണ്ട് കൌതുകത്തോടെ അടിമുടി വീക്ഷിക്കുന്നു.
ലങ്കാലക്ഷ്മി:‘എടാ, ഞാനിവിടെ ഗോപുരം കാക്കുന്നവളാണ്. എന്റെ സമ്മതമില്ലാതെ ആര്‍ക്കും ലങ്കയില്‍ പ്രവേശിച്ചുകൂടാ. നോക്കിക്കോ’
ലങ്കാലക്ഷ്മി നാലാമിരട്ടി ചവുട്ടിയിട്ട്, പദാഭിനയം ചെയ്യുന്നു.
 

പദം-രാഗം:പന്തുവരാടി, താളം:ചെമ്പട(മൂന്നാം കാലം)
ലങ്കാലക്ഷ്മി‍:
പല്ലവി:
“ആരിവിടെ വന്നതാരെടാ മൂഢാ
 ആരിവിടെ വന്നതാരെടാ”
ചരണം1:
“രാവണവചസാ പാലിതുമിഹ ഞാന്‍
 കേവലമിവിടെ മൃതിയേഗതനായ്”
(“ആരിവിടെ വന്നതാരെടാ മൂഢാ“)
{ആരാണിവിടെ വന്നത്? ഇവിടെ വന്നതാരെടാ മൂഢാ? രാവണന്റെ കല്പനപ്രകാരം ഞാന്‍ ഇവിടം കാക്കുമ്പോള്‍ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ച നീ മരിച്ചതായി കരുതിക്കൊള്ളുക.}

ലങ്കാലക്ഷ്മിയും ഹനുമാനും
ഹനുമാന്‍:
ചരണം2:
“ആശരനാരിയതാകിയ ഘോരേ
 ആശയമതിലതി കുപിതാ നിതരാം”
പല്ലവി:
“ആരിവിടെ വന്നതാരെടി മൂഢേ
 ആരിവിടെ വന്നതാരെടീ”
{രാക്ഷസസ്ത്രീയായിട്ടുള്ള ഘോരരൂപിണി, നീ വല്ലാതെ കോപിച്ചിരിക്കുന്നല്ലോ. ആരാണിവിടെ വന്നത്? ഇവിടെ വന്നതാരെടി മൂഢേ? .}

ലങ്കാലക്ഷ്മി‍:
ചരണം3:
“ശില്പതര രേ മര്‍ക്കട രേ രേ
 ശില്പം മമ തവ തനുവയികളവന്‍”
(“ആരിവിടെ വന്നതാരെടാ മൂഢാ“)
{എടാ, നിസ്സാരനായിട്ടുള്ളവനേ, എടാ, എടാ, മര്‍ക്കടാ, നിന്റെ ശരീരം തല്ലിതകര്‍ക്കുവാന്‍ എനിക്ക് കഴിവുണ്ട്.}

ഹനുമാന്‍:
ചരണം4:
“പുരമിതു കണ്മാന്‍ ഗതനഹമൊരുകപി
 പരമതി രോഷം നഹി നഹി കുരുതേ”
(“ആരിവിടെ വന്നതാരെടി മൂഢേ“)
{ഈ പുരം കാണ്മാനായി വന്ന ഒരു കപിയാണ് ഞാന്‍. എന്നോട് വല്ലാതെ കോപിക്കരുതേ.}

ലങ്കാലക്ഷ്മി:
ചരണം5:
“പേര്‍ത്തുമിവണ്ണമുരയ്ക്കും നിന്നുടെ
 ചീര്‍ത്തൊരുടലതടിച്ചു പൊടിപ്പന്‍”
(“ആരിവിടെ വന്നതാരെടാ മൂഢാ“)
{വീണ്ടുമിങ്ങിനെ പറയുന്ന നിന്റെ ചീര്‍ത്തുതടിച്ച ഉടല്‍ അടിച്ചുപൊടിച്ചുകളയും.}

ഹനുമാന്‍:
ചരണം6:
“രാക്ഷസവനിതേ ഇക്ഷണമിഹ തേ
 ദക്ഷതയോടൊരു ഗണ്ഡമുടപ്പന്‍”
(“ആരിവിടെ വന്നതാരെടി മൂഢേ“)
{രാക്ഷസവനിതേ, ഈ ക്ഷണം ഇവിടെ ശക്തിയോടെ നിന്റെ കവിള്‍തടം തല്ലിയുടയ്ക്കുന്നുണ്ട്.}

ഹനുമാന് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ലങ്കാലക്ഷിയുടെ ചെകിട്ടത്ത് അടിക്കുന്നു. അടിയേല്‍ക്കുന്നതോടെ ലങ്കാലക്ഷ്മിക്ക് ശാപമോക്ഷം ലഭിച്ച് ലങ്കാശ്രീയായി മാറുന്നു.(ലങ്കാലക്ഷ്മി തിരിഞ്ഞ് വലത്തേക്ക് നിഷ്ക്രമിക്കുകയും ഉടന്‍‌തന്നെ വലതുകോണില്‍ പിടിച്ചിരിക്കുന്ന തിരശ്ശീല വലന്തലമേളത്തോടെ പകുതിതാഴ്ത്തി ലങ്കാശ്രീ പ്രത്യക്ഷയാകുകയും ചെയ്യുന്നു.) ഹനുമാന്‍ അത്ഭുതാദരങ്ങളോടെ ലങ്കാശ്രീയെ നോക്കി നില്‍ക്കുന്നു. ലങ്കാശ്രീ പദം ആടുന്നു.

ഹനുമാന്‍(കലാ:രാമന്‍‌കുട്ടിനായര്‍) ലങ്കാലക്ഷ്മിയെ(കലാ:സോമന്‍) പ്രഹരിക്കുന്നു
ലങ്കാശ്രീയുടെ പദം-രാഗം:നാഥനാമക്രിയ, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“സ്വസ്തി ഭവതു തവ മര്‍ക്കടവീര
 നിസ്തുല വിക്രമ മല്‍ക്കലി മോചന”
ചരണം2:
“വിധിശാപാലഹമിഹ വാഴുന്നു
 അതിനാല്‍ മോചനം തവ കരഹതിയാല്‍”
ചരണം3:
“പോകുന്നേനഹം ലങ്കാലക്ഷ്മി
 സുഖമായ് പോയ് നീ കാണ്‍ക സീതയെ”
{അതിരുറ്റ വിക്രമത്തോടുകൂടിയ മര്‍ക്കടവീരാ, എന്റെ പാപം പോക്കിയവനേ, നിനക്ക് മംഗളം ഭവിക്കട്ടെ. ശാപവിധിയാലാണ് ഞാന്‍ ഇവിടെ വാണത്. നിന്റെ കരപ്രഹരത്താല്‍ എനിക്ക് ശാപമോചനം ലഭിച്ചിരിക്കുന്നു. ലങ്കാലക്ഷ്മിയായ ഞാന്‍ പോകുന്നു. നീ സുഖമായി പോയി സീതയെ കാണുക.}
“സ്വസ്തി ഭവതു തവ“ (ലങ്കാശ്രീ-കലാ:കേശവന്‍ നമ്പൂതിരി, ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ഹനുമാന്‍ കുമ്പിടുന്നു. അനുഗ്രഹിച്ച് ലങ്കാശ്രീ അപ്രത്യക്ഷയാകുന്നു(തിരശ്ശീല ഉയര്‍ത്തുന്നു). ഹനുമാന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ട് നീങ്ങുന്നു.
ഹനുമാന്‍:‘ഇതാ രാവണന്റെ മണിമാളിക കാണുന്നു. ഇനി വേഗം ഉള്ളില്‍ കടന്ന് തിരയുകതന്നെ.’
ഹനുമാന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു
ഹനുമാന്റെ ചിന്താപദം^-രാഗം:ആഹരി, താളം:ചമ്പ(രണ്ടാം കാലം)
ചരണം1:
“അത്ര ഭയമുള്ളതിലൊരുത്തനപിവരുമോ
 ചിത്രമിതു പങ്ക്തിമുഖ‍ രാത്രിഞ്ചരവാസം”
ചരണം2:
“പങ്ക്തിമുഖ മഞ്ചമതില്‍ ബന്ധുരതരാംഗിയവള്‍
 ഹന്ത ശയിക്കുന്നതേവള്‍ കിന്തു വൈദേഹിയോ”
ചരണം3:
“സാധുതര രൂപമിതി നാരിയിവള്‍ തന്നില്‍
 വൈധവ്യ ലക്ഷണം കാണുന്നു നൂനം”
ചരണം4:
“വൈദേഹിയല്ലിവള്‍ സീതാം നപശ്യാമി
 കേവലം മൃഗയിതും ആഹന്തയാമി”
ചരണം5:
“ശിംശിപാമൂലമതില്‍ വാഴുന്ന തയ്യലിവള്‍
 സംശയം തോന്നുന്നു വൈദേഹിയെന്നു”
ചരണം6:(നാലാം കാലം)
“ഇവളുടെ മൂലമായ് ബാലി ഹതനായതും
 കേവലം ഖരാദികളുമൊക്കെ മൃതരായതും”
ചരണം7:(രണ്ടാം കാലം)
“ഖിന്നതരമാനസം വാസം കരോമ്യഹം
 ആഹന്ത ഹന്ത ശിവ കഷ്ടമിതു കഷ്ടം”
{ഭീരുക്കള്‍ക്ക് ഇവിടെ വരാനാകുമോ? ദശകണ്ഠന്റെ ഈ രാക്ഷസപുരി വിചിത്രം തന്നെ. പങ്ക്തിമുഖന്റെ മഞ്ചത്തില്‍ ശയിക്കുന്ന ഈ സുന്ദരി ആരാണ്? വൈദേഹിയായിരിക്കുമോ? സുന്ദരരൂപിണിയായ ഈ നാരിയില്‍ വൈധവ്യലക്ഷണം കാണുന്നുണ്ട്. ഇവള്‍ തീര്‍ച്ചയായും വൈദേഹിയല്ല. സീതയെ കാണുന്നില്ലല്ലോ? ഇനിയും തിരഞ്ഞു പോവുകതന്നെ. ശിംശിപാവൃക്ഷത്തിന്റെ ചുവട്ടിലിരിക്കുന്ന സുന്ദരിയെ കണ്ട് വൈദേഹിയാണോ എന്ന് സംശയം തോന്നുന്നു. അതെ, ഇവള്‍ മൂലമാണ് ബാലി കൊല്ലപ്പെട്ടതും ഖരാദികള്‍ മൃതരായതും. ശിവ,ശിവ കഷ്ടം! ശോകതരമായ മനസ്സോടെ ഇവിടെ വസിക്കുന്ന ദേവിയുടെ ഈ അവസ്ഥ മഹാകഷ്ടം തന്നെ.}

[^ഈ പദം അവതരിപ്പിക്കാതെ ഈ ഭാഗം ആട്ടം മാത്രമായും കഴിക്കാറുണ്ട്.]

ശേഷം ആട്ടം-
ഹനുമാന്‍:‘ഘോരരൂപിണികളായ അനവധി രാക്ഷസിമാരുടെ നടുവില്‍ ദു:ഖിതയായി ദേവി ഇരിക്കുന്നു.’ (കൈകള്‍ കൂപ്പിക്കൊണ്ട്) ‘അല്ലയോ ശ്രീരാമസ്വാമി, അവിടുത്തെ ആഗ്രഹം പോലെ അടിയന്‍ സീതാദേവിയെ കണ്ടുകഴിഞ്ഞു. അവിടുത്തെ അനുഗ്രഹം തന്നെ’ (കൈകൂപ്പി കണ്ണുകളടച്ച് നില്‍ക്കുമ്പോള്‍ തുടരെ തുടരെ ശബ്ദഘോഷങ്ങള്‍ കേട്ട്) ‘പെരുമ്പറ ആദികളുടെ ശബ്ദം വര്‍ദ്ധിച്ചു കേള്‍ക്കുന്നതെന്താണ്?’ (നോക്കി കണ്ടിട്ട്) ‘അനവധി കിങ്കരന്മാരോടും രാജകീയ ആഡബരങ്ങളോടും കൂടി വരുന്നതാര്? ഓ, രാവണന്‍ തന്നെ. ഇപ്പോള്‍ ഇങ്ങോട്ട് വരുന്നതെന്തിന്?’ (ആലോചിച്ചിട്ട്) ‘ഇനി ഇവിടെ ഉണ്ടാകുന്നത് എന്തെന്നറിയുവാനായി ഈ ശിംശിപാവൃക്ഷത്തിന്റെ മുകളില്‍ കയറി ഒളിച്ചിരിക്കുകതന്നെ.’
ഹനുമാന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം വൃക്ഷത്തിലേക്ക്(വലതുവശത്തുള്ള പീഠത്തിലേക്ക്) ചാടികയറി ഒളിച്ചിരിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: