2010, ഡിസംബർ 19, ഞായറാഴ്‌ച

തോരണയുദ്ധം പത്താം രംഗം (അഴകുരാവണന്‍)

രംഗത്ത്- രാവണന്‍(ഒന്നാംതരം കത്തിവേഷം), മണ്ഡോദരി(കുട്ടിത്തരം സ്ത്രീവേഷം), പ്രഹസ്തന്‍‍(ദൂതവേഷം)‍, കിങ്കരന്മാര്‍, സീത(കുട്ടിത്തരം സ്ത്രീവേഷം)
 

ശ്ലോകം-രാഗം:പാടി
“ഇത്ഥം മത്വാഹനൂമാന്‍ വിരവൊടു ധൃതിമാന്‍ ശിംശിപാശാഖതന്നില്‍
 സ്ഥിത്വാ ശോകാതുരോഭൂല്‍ തദനു ദശമുഖന്‍ സീതതന്‍ സന്നിധാനേ
 രാത്ര്യാമര്‍ദ്ധാര്‍ദ്ധഗായാ മലര്‍ശരപരിതാപാതുരോലം കൃതസ്സന്‍
 ഗത്വാ ചൊന്നാനിവണ്ണം മതിമുഖിയിലഹോ കാംക്ഷയാല്‍ തല്‍ക്ഷണേന”
{ധീരനായ ഹനുമാന്‍ ഈവിധം വിചാരിച്ച് ശിംശിപാവൃക്ഷത്തിന്റെ ശാഖയില്‍ ശോകാതുരനായി ഇരുന്നു. രാത്രിയുടെ മുക്കാല്‍ഭാഗവും പിന്നിട്ട ആ നേരത്ത് ദശമുഖന്‍ കാമാതുരനായി വേഷഭൂഷാദികളണിഞ്ഞ് സീതയുടെ സന്നിധിയില്‍ വന്ന് ആ മതിമുഖിയിലുള്ള ആഗ്രഹത്താല്‍ ഇങ്ങിനെ പറഞ്ഞു.}
രാവണന്റെ അന്ത:പുര രംഗം
^-
(മേളം:തൃപുടതാളം ഒന്നാം കാലം‍)
തിരശ്ശീല താഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തില്‍ രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയില്‍ നില്‍ക്കുന്നു. പെട്ടന്ന് മനസ്സ് സീതയില്‍ ചെല്ലുന്നതിനാല്‍ രാവണനില്‍ സ്മൃതി, ഹര്‍ഷം, വിഷാദം എന്നീ ഭാവങ്ങളുണ്ടാകുന്നു. രാവണന്‍ വീണ്ടും മണ്ഡോദരിയെ കടാക്ഷിച്ച്, സുഖദൃഷ്ടിയില്‍ ലയിക്കുന്നു.
(മേളം:തൃപുടതാളം രണ്ടാം കാലം‍)
രണ്ടാമതും സീതയെ ഓര്‍ത്ത് രാവണനില്‍ ഭാവമാറ്റങ്ങള്‍ ഉണ്ടാകുന്നു. വീണ്ടും മണ്ഡോദരിയെ കടാക്ഷിച്ച്, സുഖദൃഷ്ടിയില്‍ ലയിക്കുന്നു.
(മേളം:തൃപുടതാളം മുന്നാം കാലം‍)
മൂന്നാമതും രാവണനില്‍ ഭാവഭേദങ്ങള്‍ ഉണ്ടാകുന്നു. വിഷാദം വര്‍ദ്ധിച്ച്, അസഹ്യമായ ചൂടുനടിച്ച് രാവണന്‍ തിരശ്ശീല ഉയര്‍ത്തുന്നു.

രാവണന്റെ(കലാ:പത്ഭനാഭന്‍ നായര്‍) അന്ത:പുര രംഗം
രംഗമദ്ധ്യത്തില്‍ നിന്നുകൊണ്ട് രാവണന്‍ നാലാമിരട്ടിമേളത്തിനൊപ്പം വീണ്ടും തിരശ്ശീല താഴ്ത്തി വിഷാദവും അസഹ്യമായ ചൂടും നടിക്കുന്നു.
(മേളം:തൃപുടതാളം ഒന്നാം കാലം‍)
രാവണന്‍:‘ചൂട് സഹിക്കാനാവുന്നില്ല. അതിനു കാരണമെന്ത്?’ (വിചാരിച്ചിട്ട്, ആകാശത്തിലേയ്ക്ക് നോക്കി) ‘ആദിത്യരശ്മി ദേഹത്തില്‍ തട്ടിയിട്ടാണോ?’ (കാവല്‍ക്കാരനോട്) ‘വര്‍ഷവരാ^, ഞാന്‍ വളരേക്കാലം മുന്‍പ് ആട്ടിഓടിച്ച സൂര്യന്‍ ഇപ്പോള്‍ ലങ്കയില്‍ വരുവാന്‍ കാരണമെന്ത്?’ (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘അല്ല, ഇവന്‍ സൂര്യനല്ല. പിന്നെ ആര്?’ (സൂക്ഷിച്ചുനോക്കിയിട്ട്) ‘ഓ, മനസ്സിലായി. ഞാന്‍ ഭയംകൂടാതെ സഞ്ചരിപ്പാന്‍ സമ്മതം നല്‍കിയ ചന്ദ്രനാകുന്നു. ഈ പൂര്‍ണ്ണചന്ദ്രന്റെ രശ്മി ദേഹത്തിന് ചൂടുണ്ടാക്കുവാന്‍ കാരണമെന്ത്? ഇവനോടുതന്നെ ചോദിക്കാം.’ (കൈകള്‍ കെട്ടി, ചന്ദ്രനെനോക്കി, സൌമ്യമായി) ‘എടോ ചന്ദ്രാ’ (കേള്‍ക്കുന്നില്ല എന്നു കണ്ട്, കൂടുതല്‍ ഉച്ചത്തില്‍) ‘എടോ ചന്ദ്രാ’ (ശ്രദ്ധിച്ചിട്ട്) ‘കേട്ടില്ലെ?‘ (ഏറ്റവും ഘനസ്വരത്തില്‍) ‘എടോ ചന്ദ്രാ, ഇളക്കമില്ലെ?’ (ക്രുദ്ധനായി) ‘നിന്റെ ചെവി പൊട്ടിയോ?’ (ചന്ദ്രന്‍ ഭയന്ന് വിളികേട്ടതായറിഞ്ഞ് സന്തോഷിച്ച്) ‘എടോ ചന്ദ്രാ^, നിന്റെ തണുത്ത മഞ്ഞുതുള്ളികളോടുകൂടിയ രശ്മികള്‍ കാമാധീനനായ എന്നില്‍ തീക്കനലുകള്‍ എന്നപോലെ വര്‍ഷിപ്പാന്‍ കാരണമെന്ത്?’ (ചന്ദ്രനെ ശ്രദ്ധയോടെ വീക്ഷിച്ച് നിന്നശേഷം) ‘അല്ല, അത് നിന്റെ ബലമല്ല.’ (സ്വഗതമായി) ‘പിന്നെ കാമന്റെ ബലമാണോ?’ (ചിന്തിച്ചിട്ട്) ‘അല്ല, പിന്നെ ആരുടെ? (വിചാരിച്ച്, വിഷാദത്തോടെ) ‘മനസ്സിലായി. ദു:ഖഭാജനവും ജനകരാജപുത്രിയുമായ സീതയുടെ ശക്തിതന്നെ. അതിനാല്‍ ഇനി ചൂട് ശമിപ്പിക്കുവാനായി സീതയുടെ സമീപത്തേക്ക് പോവുകതന്നെ.’
‘എടോ ചന്ദ്രാ’ രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍
(മേളം:തൃപുടതാളം രണ്ടാം കാലം‍)
ഇടത്തുഭാഗത്തുകൂടി പ്രഹസ്തന്‍ പ്രവേശിച്ച് രാവണനെ വണങ്ങുന്നു.
രാവണന്‍: (അനുഗ്രഹിച്ചിട്ട്) ‘എടോ മന്ത്രീ, അശോകവനത്തിലേക്കുള്ള വഴി കാണിച്ചാലും’
-----(തിരശ്ശീല)-----
രാവണന്‍-കലാ:പത്മനാഭന്‍ നായര്‍, പ്രഹസ്തന്‍-ഹരിനാരായണന്‍
നാലാമിരട്ടിമേളത്തോടെ വീണ്ടും തിരശ്ശീല നീക്കുമ്പോള്‍ ഇടതുവശത്ത് നിലത്ത് സീത ദു:ഖിച്ചിരിക്കുന്നു.
(വലന്തലമേളം:തൃപുടതാളം ‍)
മേലാപ്പ്, ആലവട്ടം, ഇരുഭാഗങ്ങളിലും കിരീടങ്ങള്‍ എന്നീ ആഡബരങ്ങളോടുകൂടി, അഴകുരാവണന്‍ വലതുകോണിലൂടെ പ്രവേശിക്കുന്നു. പ്രഹസ്തനും കിങ്കരരും രാവണന്റെ ഇരുവശങ്ങളിലുമായി ‘പോയ്, പോയ്’ എന്നു വിളിച്ചുകൊണ്ട് പ്രവേശിക്കും. സ്മൃതിയും വിഷാദവും മാറിമാറിനടിച്ചുകൊണ്ട് രാവണന്‍ സാവധാനം സീതാസമീപമെത്തുന്നു.
അഴകുരാവണന്‍(കലാ:പത്മനാഭന്‍ നായര്‍) സീതാ(കലാ:ഷണ്മുഖദാസ്) സമീപത്തേക്ക് വരുന്നു. പ്രഹസ്തന്‍:ഹരിനാരായണന്‍
(മേളം:തൃപുടതാളം ഒന്നാം കാലം‍)
രാവണന്‍ സീതയെ കണ്ട് ആശ്ചര്യം, ശൃംഗാരം, വിഷാദം, രോമാഞ്ചം, ഇവകള്‍ നടിക്കുന്നു.
രാവണന്‍:(ദീര്‍ഘനിശ്വാസത്തോടെ ആത്മഗതം) ‘കഷ്ടം! ഇവിടെ അതിവിശിഷ്ടമായ സ്ഥലത്തിരിക്കുന്ന ഇവള്‍, ആ രാമന്‍ വസിക്കുന്ന തപോവനത്തെതന്നെ ചിന്തിച്ച് ദു:ഖിക്കുന്നു. കഷ്ടം തന്നെ. ഇവളെ സന്തോഷിപ്പിക്കുവാന്‍ ഉപായമെന്ത്?‘ (വിചാരിച്ചിട്ട്) ‘ഉണ്ട്.’ (ശൃംഗാരഭാവത്തില്‍ സീതാസമീപം ഇരുന്ന്, സീതയുടെ മുഖത്തുനോക്കി) ‘അല്ലയോ സീതേ^, ഭവതി രാമനെ ഓര്‍ത്ത് ദു:ഖിക്കുന്നതെന്തിന്?’ (എഴുന്നേറ്റ് നിന്ന്) ‘രാജ്യത്തുനിന്ന് പുറംതള്ളപെട്ടവനും ജടാവല്‍ക്കലങ്ങള്‍ ധരിച്ച് കാട്ടില്‍ സഞ്ചരിക്കുന്നവനും ദുര്‍ബ്ബലനുമായ മനുഷ്യപുഴുവത്രേ രാമന്‍. അവനെ വിട്ട് സ്വര്‍ഗ്ഗസുന്ദരികളാല്‍ പുകഴ്ത്തപ്പെടുന്ന മഹാത്മ്യത്തോടുകൂടിയ എന്നോട് ചേര്‍ന്ന് വസിച്ചാലും. ^സുന്ദരീ, ഈ കല്പവൃക്ഷങ്ങള്‍ നോക്കു. ഈ വൃക്ഷങ്ങള്‍ ദേവഗംഗയുടെ തീരത്തല്ലാതെ മറ്റെങ്ങും കാണുകയില്ല. ഭൂമിയിലേക്ക് ഞാന്‍ കൊണ്ടുവന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ചെന്ന് മോഷ്ടിച്ച് കൊണ്ടുപോന്നതല്ല. ഇന്ദ്രനോട് ഇരന്നുവാങ്ങിയതുമല്ല. ഇന്ദ്രന്‍ നോക്കിയിരിക്കെ ഞാന്‍ ധൈര്യസമേതം പറിച്ചുകൊണ്ടുപോന്നതാണ്. അല്ലയോ സീതേ, എന്നോട് ചേര്‍ന്നാല്‍ ഭവതിക്ക് നിത്യവും ഗംഗാസ്നാനം ചെയ്യാം. കല്പകവൃക്ഷപൂക്കള്‍ കൊണ്ട് ദേവപൂജ ചെയ്യാം. കൈലാസപര്‍വ്വതത്തിലോ നന്ദനോദ്യാനത്തിലോ ചെന്ന് യഥേഷ്ടം ക്രീഡിക്കാം. വരൂ’ (സീതയുടെ ഭാവത്തിന് ഒരു മാറ്റവും കാണായ്കയാല്‍ നെടുവീര്‍പ്പോടെ) ‘സുന്ദരീ, സര്‍വാഭരണവിഭൂഷിതനായി ഞാന്‍ ഈവിധം പ്രേമാര്‍ഭ്യര്‍ദ്ധന ചെയ്യുന്ന സമയത്ത് ഭവതി ഒന്നു നോക്കുകപോലും ചെയ്യാതെ ഇരിക്കുന്നുവല്ലൊ? കഷ്ടം! കാമപീഡിതനായ എന്നെ ഒന്നു് നോക്കു‘ (ശ്രദ്ധിച്ച്, ഈര്‍ഷ്യനടിച്ച്, ആത്മഗതം) ‘ഇനി എന്താണ് ചെയ്യേണ്ടത്?’ (ചിന്തിച്ച്) ‘സ്ത്രീകള്‍ സ്വതേ ആഭരണങ്ങളിലും വസ്ത്രങ്ങളിലും ആഗ്രഹമുള്ളവരാണ്. അതിനാല്‍ ധാരാളം ദ്രവ്യങ്ങള്‍ നല്‍കി ഇവളെ സന്തോഷിപ്പിക്കുക തന്നെ’
(മേളം:തൃപുടതാളം രണ്ടാം കാലം‍)
രാവണന്‍:(കിങ്കരന്മാരോട്) ‘ഹേ കിങ്കരന്മാരേ, വിശേഷപ്പെട്ട രത്നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും വേഗം കൊണ്ടുവരുവിന്‍’
ഭൃത്യര്‍ കൊണ്ടുവരുന്ന വള,കുറുനിര,കഴുത്താരം,കൊല്ലാരം, തുടങ്ങിയ ആഭരണങ്ങള്‍ ഓരോന്നായി വാങ്ങി രാവണന്‍സീതയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് കണ്ണാടിയും സിന്ദൂരവും സമര്‍പ്പിക്കുന്നു. ഇതിനിടെ പിന്നീലൂടെ കണ്ണാടില്‍ എത്തിനോക്കുന്ന ഒരു കിങ്കരനെ രാവണന്‍ കഴിത്തില്‍ പിടിച്ച് പിന്നീലേയ്ക്ക് അയയ്ക്കുന്നു. ആ കിങ്കരന്‍ ഓടി നിഷ്ക്രമിക്കുന്നു. പിന്നീട് വിശേഷപ്പെട്ട പട്ടുവസ്ത്രം അളന്നുനോക്കി കിങ്കരനില്‍ നിന്നും രാവണന്‍ വാങ്ങുന്നു. പട്ടുവസ്ത്രത്തിനിടയിലൂടെ തലയിടുന്ന ഒരു കിങ്കരനെ രാവണന്‍ കഴിത്തില്‍ പിടിച്ച് പുറത്താക്കുന്നു. ആ കിങ്കരനും ഓടി നിഷ്ക്രമിക്കുന്നു. അനന്തരം പ്രഹസ്തനും മറ്റുകിങ്കരന്മാരും നിഷ്ക്രമിക്കുന്നു.
അഴകുരാവണന്‍(കലാ:രാമന്‍‌കുട്ടി നായര്‍) പ്രഹസ്തന്റെ(കലാനി:മധുമോഹന്‍) കൈയ്യില്‍ നിന്നും കഴുത്താരം വാങ്ങി സീതയ്ക്ക്(സദനം സദാനന്ദന്‍) സമീപത്തേക്ക് വരുന്നു.
(മേളം:ചെമ്പടതാളം‍)
രാവണന്‍:(ആത്മഗതം) ‘ഇനി ഇതുംകൂടി നല്‍കി നല്ലവാക്കുകള്‍ പറഞ്ഞ് സന്തോഷിപ്പിക്കുകതന്നെ’
രാവണന്‍ നാലാമിരട്ടിയെടുത്ത് അവസാനിക്കുന്നതോടെ പട്ട് സമര്‍പ്പിച്ചുകൊണ്ട് സീതയുടെ സമീപം നിലത്ത് ഇരുന്ന് പദാഭിനയം ആരംഭിക്കുന്നു

പദം-രാഗം:പാടി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും
 വേരിയാണ്ട ചാരുസുമ രാജിതാനനേ”
ചരണം2:
“മര്‍ത്ത്യനായ രാമനില്‍ നീ ചിത്തം വെച്ചിടൊല്ല
 ഇത്രൈലോക്യനാഥനാമെന്നെ ചേര്‍ന്നുവാഴ്ക വൈദേഹി”
ചരണം3:
“നിന്നുടെ അടിമലരില്‍ അടിമപ്പെടുന്നേന്‍
 ധന്യശീലേ പാലയ പാലയ പാലയ മാം”
{കൂരിരുട്ടിനോട് മത്സരിക്കുന്ന അഴകേറിയ മുടിയില്‍ ചൂടിയ തേന്‍ നിറഞ്ഞ മനോഹരസുമം പോലെ ശോഭിക്കുന്ന ആനനത്തോടു കൂടിയവളേ, മര്‍ത്ത്യനായ രാമനില്‍ നീ ചിത്തം വെച്ചീടരുത്. വൈദേഹീ, ഈ ത്രൈലോക്യത്തിനും നാഥനായ എന്നോട് ചേര്‍ന്നുവാഴുക. നിന്റെ അടിമലരില്‍ ഞാന്‍ അടിമപ്പെടുന്നു. ധന്യശീലേ, രക്ഷിച്ചാലും. എന്നെ രക്ഷിച്ചാലും}
“രാമനില്‍ നീ ചിത്തം വെച്ചിടൊല്ല” രാവണന്‍-കലാ:കൃഷ്ണന്‍‌നായര്‍, സീത-കലാ:രാജശേഘരന്‍
പദാവസാനത്തില്‍ സീതയുടെ പാദങ്ങളില്‍ അടിമപ്പെട്ട് രാവണന്‍ നിലത്തിരിക്കുന്നു. സീത ഇരുന്നുകൊണ്ടുതന്നെ രാവണനെ വീക്ഷിക്കാതെ പദം അഭിനയിക്കുന്നു.

സീത:
ചരണം4:
“എന്നോടേവം പറയാതെ മന്നവര്‍ മൌലിയാം
 എന്നാര്യപുത്രനോടിതു നന്നായോതുക”
ചരണം5:(മൂന്നാം കാലം)
“എന്നെയും രാമനു നല്‍കി ധന്യന്റെ പാദാബ്ജേ
 ചെന്നു നമസ്ക്കരിക്കായ്കില്‍ കൊന്നീടും നിന്നെ രാഘവന്‍”
{എന്നോടിങ്ങിനെ പറയാതെ മന്നവശ്രേഷ്ഠനായ എന്റെ ആര്യപുത്രനോട് ഇത് വഴിപോലെ പറയുക. എന്നെയും രാമനുനല്‍കി ആ ധന്യന്റെ പാദാബ്ജേ ചെന്ന് നമസ്ക്കരിക്കായ്കില്‍ രാഘവന്‍ നിന്നെ കൊല്ലും}
“കൊന്നീടും നിന്നെ രാഘവന്‍” രാവണന്‍-കലാ:പത്മനാഭന്‍‌നായര്‍, സീത-കലാ:ഷണ്മുഖദാസ്

രാവണന്‍:
ചരണം6:
“കുത്രമമ ചന്ദ്രഹാസം അത്രസീതേ നിന്നെ
 കൃത്തയാക്കിച്ചെയ്യുന്നുണ്ടോരത്തല്‍ കൂടാതെ”
{എവിടെ എന്റെ ചന്ദ്രഹാസം? സീതേ നിന്നെ ഇപ്പോള്‍ മടികൂടാതെ വെട്ടിനുറുക്കുന്നുണ്ട്.}

പദാവസാനം നാലാമിരട്ടിചവുട്ടി രാവണന്‍ ചന്ദ്രഹാസംകൊണ്ട് സീതയെ വെട്ടുവാന്‍ ഓങ്ങുന്നു. മണ്ഡോദരി പ്രവേശിച്ച് രാവണനെ തടയുന്നു. ഈ സമയത്ത് ഗായകര്‍ ചെമ്പടതാളത്തില്‍(നാലാം കാലം) തോടിരാഗം ആലപിക്കും. രാവണന്‍ പലതവണ കുതറി സീതയെ വെട്ടുവാന്‍ ശ്രമിക്കുന്നു. മണ്ഡോദരി തടയുന്നു. അന്ത്യത്തില്‍ രാവണന്‍ തനിക്കുപറ്റിയ ഇച്ഛാഭംഗമോര്‍ത്ത് ലജ്ജിച്ച് പിന്‍‌തിരിയുന്നു. രാവണനും മണ്ഡോദരിയും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
സീതയെ(സദനം സദാനന്ദന്‍) വെട്ടാനോങ്ങുന്ന രാവണനെ(കലാ:രാമന്‍‌കുട്ടിനായര്‍) മണ്ഡോദരി(കലാ:ഷണ്മുഖദാസ്) തടയുന്നു
[^രാവണന്‍ മേലാപ്പ്, ഇരുവശത്തും ആലവട്ടങ്ങള്‍, കിരീടങ്ങള്‍, പന്തങ്ങള്‍ ഇവകളുടെ അകമ്പടികളോറ്റുകൂടി മണ്ഡോദരിയെ ആലിംഗനം ചെയ്ത് മുന്നിലേക്കും പിന്നിലേക്കും പലതവണ കാല്‍നീക്കി നീങ്ങുന്ന രീതിയിലാണ് പണ്ട് ഈ രംഗം തുടങ്ങിയിരുന്നത്. നീങ്ങുന്നതിനിടയില്‍ രാവണന്‍ സീതയെ ഓര്‍ത്ത് സ്മൃതി, ഹര്‍ഷം, വിഷാദം, സുഖം, എന്നീഭാവങ്ങള്‍ ആവര്‍ത്തിച്ച് നടിക്കുകയും ചെയ്യും. കലാമണ്ഡലം കളരിയില്‍ ശ്രീ കലാമണ്ഡലം പത്മനാഭന്‍‌നായരുടെ നേതൃത്വത്തിലാണ് ഇത് പുതിയ രീതിയിലേക്ക് മാറ്റിചിട്ടപ്പെടുത്തപ്പെട്ടത്.]
അഴകുരാവണന്റെ(കലാ:രാമന്‍‌കുട്ടിനായര്‍) പഴയ ചിട്ടപ്രകാരമുള്ള പ്രവേശം.മണ്ഡോദരി-കലാ:ഷണ്മുഖദാസ്
[രാവണന്റെ ഈ ആട്ടങ്ങള്‍ യഥാക്രമം
^“വര്‍ഷവരാനനുമയാ ചിരം
    നിര്‍വാസിതസ്യ
    സൂര്യസ്യ ലങ്കയാം കഃപ്രസംഗഃനായം
    സൂര്യഃ മയാ ദത്താഭയശ്ചന്ദ്രമാഃ”,

^“ഹിമകര ഹിമകരഗര്‍ഭാ രശ്മയ സ്താവകീനാ-
    മയി മദന വിധേയേ യേന വഹ്നിം വമന്തി
    ന തവബല മനംഗസ്യാപി വാ ദുഃഖഭാജോ
    ജനക ദുഹിതൃരേഷാ ശര്‍വരീനാഥ ശക്തി”,

^“രാജ്യാച്ചുതം വിപിനചാരിണമാത്ത ചിരം
    തം ദുര്‍ബലം മനുജകീടമപാസ്യ ബുദ്ധ്യാ
    സീതേ ഭജസ്വ വിബുധേന്ദ്ര പുരീപുരന്ധ്രീ-
    സംകീര്‍ത്ത്യമാന യശസം ദശകണ്ഠമേനം”,

^“ഏതേ സ്വര്‍ഗ്ഗവിഭൂഷണം വിടപിനോ മന്ദാകിനീരോധസോ
    ധീരം പശ്യതി ദേവഭര്‍ത്തരിമഹീം നേതും മയാസ്ഥാലിതം
    ഏഷാചുംബതി രാജഹംസമിഥുനം ഹെമാംബുജാന്യേകതോ
    ദൃഷ്ട്വാ പല്ലവമന്യതശ്ചകലികാ മാദ്യന്തിപുംസ്കോകിലഃ” എന്നീ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ്.]

2 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

"അഴകുരാവണന്റെ(കലാ:രാമന്‍‌കുട്ടിനായര്‍) പഴയ ചിട്ടപ്രകാരമുള്ള പ്രവേശം. സീത-കലാ:ഷണ്മുഖദാസ്"

ee photoyil seetha illallo. appo shanmukhante perukotukkunnath thetiddhaarana untakkum manee. manDOdari allE ath? who was it? (enikkum Ormmayilla :):))
-S-

മണി,വാതുക്കോടം പറഞ്ഞു...

സു-ഏട്ടാ,
സീതയല്ല, മണ്ഡോദരി....തെറ്റിപ്പോയി...