2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ദക്ഷയാഗം ഇരുപത്തിരണ്ടാം രംഗം

രംഗത്ത്-ശിവന്‍, ദക്ഷന്‍‍‍(ആട്ടിന്‍‌തല പോലെയുള്ള മുഖം‌മൂടിധരിച്ച്)

ശ്ലോകം-രാഗം:ഭൂപാളം
“ദക്ഷസ്തത്ക്ഷണമേവ മേഷശിരസാ സംയുക്തകണ്ഠസ്ഥല-
 സ്ത്രക്ഷാനുഗ്രഹജീവിതോഥ വിധിവല്‍ സമ്പൂര്യ യജ്ഞോത്സവം
 ഖട്വാംഗാദിലസല്‍കരം ശശികലാ ഭാസ്വജ്ജടാമണ്ഡലം
 സാഷ്ടാംഗം പ്രണതേഷ്ടമൂര്‍ത്തിമമനാക്ക് തുഷ്ടാവ ഹൃഷ്ടാശയ:“
{അപ്പോള്‍ത്തന്നെ ആട്ടിന്‍‌തല കഴുത്തില്‍ ചേര്‍ത്തുവെച്ച് ശിവന്റെ അനുഗ്രഹത്താല്‍ പുനര്‍ജ്ജീവിക്കപ്പെട്ട ദക്ഷന്‍ വിധിയാംവണ്ണം യജ്ഞോത്സവം പൂര്‍ത്തിയാക്കിയിട്ട് ഖട്വാംഗാദികളെക്കൊണ്ടും ചന്ദ്രക്കലയണിഞ്ഞ ജടാമണ്ഡലത്തെക്കൊണ്ടും ശോഭിക്കുന്ന അഷ്ടമൂര്‍ത്തിയെ സാഷ്ടാംഗം പ്രണമിച്ച് സസന്തോഷം സ്തുതിച്ചു.}

രംഗമദ്ധ്യത്തിലെ പീഠത്തില്‍ ശിവന്‍ ഇരിക്കുന്നു. ദക്ഷന്‍ പ്രവേശിച്ച് കൈകള്‍ ശിരസ്സിനുമുകളില്‍ കൂപ്പിക്കൊണ്ട് സ്തുതിപദത്തിന് ചുവടുവെച്ചുകൊണ്ട് ശിവനെ പ്രദക്ഷിണം ചെയ്യുന്നു.

ദക്ഷന്റെ സ്തുതിപ്പദം-രാഗം:ഭൂപാളം, താളം:മുറിയടന്ത
ചരണം1:
“ചന്ദ്രചൂഡ നമോസ്തു തേ ജയ സന്തതം ജഗദീശ
 സര്‍വ്വഥാ സഹനീയമേവ മമാപരാധമിതീശ”

“ചന്ദ്രചൂഡ നമോസ്തു തേ“ (ശിവന്‍-കലാനി:ബാലകൃഷ്ണന്‍, ദക്ഷന്‍-സദനം ഹരികുമാര്‍)
പല്ലവി:
“ഹര ഹര വിഭോ പശുപതേ”
ചരണം2:
“ഭക്തിനിങ്കലെനിക്കു ഹാനി വരാതെ തരിക മഹേശ
 അത്ര മാം തവ ഭൃത്യനെന്നു നിനച്ചുകൊള്‍ക ഗിരീശ”
(“ഹര ഹര വിഭോ പശുപതേ”)
ചരണം3:
“ചിന്മയാകൃതിയായിടും പരമാത്മരൂപ ദയാനിധേ
 നിന്മഹത്വമറിഞ്ഞിടുന്നതിനിജ്ജനം പുനരാളോ”
(“ഹര ഹര വിഭോ പശുപതേ”)
ചരണം4:
“മല്‍കുമാരി സതീ സതീ തവ ശക്തിയെന്നതറിയാതെ
 ധിക്കരിച്ചതിനിങ്ങനുഗ്രഹമേകിയതു കരുണാ തേ”
(“ഹര ഹര വിഭോ പശുപതേ”)
ചരണം5:
“പാണിതന്നുടെ വൃത്തി വില്വദളങ്ങള്‍കൊണ്ടു തവാര്‍ച്ചനം
 വാണിവൃത്തി മമാസ്തു തവഗുണനാമസങ്കീര്‍ത്തനം ജയ‍”
ചരണം6:
“ദുരിതഹര തവ ചരിതസുധയതു പിബതു മേ ശ്രവണം സദാ
 വരദ ശങ്കര ഗിരിശ വിഹരതു ഭവതി മമ ഹൃദയം മുദാ ജയ”
(“ഹര ഹര വിഭോ പശുപതേ”)
ചരണം7:
“ഉരഗഭൂഷണ സരസഭാഷണ സുജനതോഷണ പാഹിമാം
 നിരയമോചന ശശിവിരോചന ശിഖിവിലോചന പാഹിമാം”
(“ഹര ഹര വിഭോ പശുപതേ”)
ചരണം8:
“വിപദപാസന വിഹഗവാഹന വിധികൃതാര്‍ച്ചന പാഹിമാം
 ത്രിപുരശാസന ഗിരിശരാസന വൃഷഭകേതന പാഹിമാം”
(“ഹര ഹര വിഭോ പശുപതേ”)
{ചന്ദ്രചൂഡാ, അവിടുത്തേയ്ക്ക് നമസ്ക്കാരം. ജഗദീശ്വരാ, എന്നെന്നും ജയിച്ചാലും. എന്റെ അപരാധം എല്ലാ പ്രകാരത്തിലും ക്ഷമിക്കേണമേ. പ്രഭോ, ഹരഹര, ജീവജാലങ്ങളുടെ നാഥാ, മഹേശ്വരാ, എനിക്ക് അങ്ങയില്‍ കുറവില്ലാത്ത ഭക്തി തരേണമേ. ഗിരീശാ, ഇവിടെ ഞാന്‍ അങ്ങയുടെ ഭൃത്യനെന്ന് നിനച്ചുകൊള്ളുക. ജ്ഞാനസ്വരൂപനായ പരബ്രഹ്മമൂര്‍ത്തേ, ദയാലോ, അവിടുത്തെ മഹത്വം അറിഞ്ഞീടുന്നതിന് ഞാന്‍ ആളാണോ? എന്റെ പുത്രിയും പതിവൃതയയുമായ സതി അങ്ങയുടെ ശക്തിയാണന്ന് അറിയാതെ ധിക്കരിച്ചിട്ടുപോലും എനിക്ക് അനുഗ്രഹമേകിയത് അവിടുത്തെ കാരുണ്യം തന്നെ. ഇനി എന്റെ കൈകളുടെ പ്രവൃത്തി വില്വദളങ്ങള്‍ കൊണ്ട് അങ്ങയെ അര്‍ച്ചിക്കലാകട്ടെ. എന്റെ നാക്കിന്റെ പ്രവൃത്തി അങ്ങയുടെ ഗുണഗണങ്ങള്‍ സങ്കീര്‍ത്തനം ചെയ്യലുമാകട്ടെ. എല്ലായിപ്പോഴും എന്റെ കര്‍ണ്ണങ്ങള്‍ ദുരിതഹരനായ അങ്ങയുടെ കഥാമൃതപാനത്താല്‍ ധന്യമാകട്ടെ. ശങ്കരാ, ഗിരിശാ, അങ്ങ് സന്തോഷത്തോടുകൂടി എന്റെ ഹൃദയത്തില്‍ വിളങ്ങാന്‍ അനുഗ്രഹിച്ചാലും. നാഗഭൂഷണാ, സരസഭാഷണാ, സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നവനേ, എന്നെ രക്ഷിച്ചാലും. സൂര്യചന്ദ്രാഗ്നികളാകുന്ന ത്രിനേത്രങ്ങളോടുകുടിയവനേ, എന്നെ രക്ഷിച്ചാലും. ത്രിപുരാന്തകാ, ഗിരിശാ, വൃഷഭകേതനാ, എന്നെ രക്ഷിച്ചാലും.}

“ഹര ഹര വിഭോ പശുപതേ” (ശിവന്‍-കോട്ട:സുധീര്‍, ദക്ഷന്‍-കോട്ട:കേശവന്‍)
പദം കലാശിക്കുന്നതോടെ ദക്ഷന്‍ ശിവന്റെ പാദങ്ങളില്‍ നമസ്ക്കരിക്കുന്നു. ശിവന്‍ അനുഗ്രഹിക്കുന്നു. ദക്ഷന്‍ എഴുന്നേറ്റ് കൈകൂപ്പി നില്‍ക്കുന്നു. തുടര്‍ന്ന് ശിവന്‍ പദം അഭിനയിക്കുന്നു.

ശിവന്റെ മറുപടിപ്പദം-രാഗം:പുറനീര, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“നീരജസംഭവനന്ദന സുമതേ
 നീരസഭാവമിതരുതരുതിനിമേല്‍
 പാരം നിന്നുടെ ദര്‍പ്പനിമിത്തം
 പരിഭവമിങ്ങിനെ വന്നുഭവിച്ചു”
ചരണം2:
“ആര്‍ത്തികളെല്ലാം തീര്‍ന്നു ഭവാനും
 ആനന്ദേന വസിക്ക നികാമം
 കീര്‍ത്തിയുമാചന്ദ്രാര്‍ക്കം വിലസതു
 കെല്പൊടു ശിവകൃപയാ ഭവതു ശുഭം”
{ബ്രഹ്മപുത്രാ, സുമനസ്സേ, ഇനി മേലില്‍ നീരസഭാവം അരുതരുത്. നിന്റെ വര്‍ദ്ധിച്ച അഹങ്കാരം നിമിത്തം ഇങ്ങിനെ പരിഭവം വന്നുഭവിച്ചു. ദു:ഖങ്ങളെല്ലാം തീര്‍ന്ന് ഭവാന്‍ നികാമം ആനന്ദത്തോടെ വസിക്കുക. സൂര്യചന്ദ്രന്മാര്‍ ഉള്ളകാലത്തോളം താങ്കളുടെ കീര്‍ത്തി വിലസട്ടെ. ശിവകാരുണ്യത്താല്‍ മംഗളം ഭവിക്കട്ടെ.}

“നീരസഭാവമിതരുതരുതിനിമേല്‍“
ശേഷം ആട്ടം-
ദക്ഷന്‍ വീണ്ടും ശിവനെ കുമ്പിടുന്നു.
ശിവന്‍:(അനുഗ്രഹിച്ചിട്ട്) ‘എന്നാല്‍ ഇനി സന്തോഷത്തോടുകൂടി വസിച്ചാലും’
ദക്ഷന്‍:‘അവിടുത്തെ ദയ പോലെ’
ദക്ഷന്‍ വീണ്ടും ശിവനെ വണങ്ങിയ ശേഷം നിഷ്ക്രമിക്കുന്നു.

കഥ ഇവിടെ പൂര്‍ണ്ണമാകുന്നു. തുടര്‍ന്ന് ശിവവേഷം ധരിച്ച നടന്‍ ധനാശി കലാശം എടുത്ത് നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----
ധനാശിശ്ലോകം-രാഗം:ഇന്ദളം
“അഗേന്ദ്രഭൂഷിതം ദേവ-
 മപി നാഗേന്ദ്രഭൂഷിതം
 സര്‍വ്വമംഗളയോപേതം
 സര്‍വ്വമംഗളദം ഭജേ”
{കൈലാസവാസിയും നാഗേന്ദ്രഭൂഷിതനും ശ്രീപാര്‍വ്വതീസമേതനും സര്‍വ്വമംഗളപ്രദനുമായ ശീപരമേശ്വരനെ ഭജിക്കുന്നേന്‍}

അഭിപ്രായങ്ങളൊന്നുമില്ല: