2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ബാലിവിജയം

കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് രചിച്ച ആട്ടകഥകളില്‍
ഏറ്റവും പ്രശസ്തമായതാണ് ‘ബാലിവിജയം’. കഥകളിക്കുയോജിച്ചതും നര്‍മ്മരസം നിറഞ്ഞതുമായ രചനയാണിത്.
കഥാസംഗ്രഹം 
വരബലത്താല്‍ പ്രതാപിയായിതീര്‍ന്ന രാവണന്‍
ത്രൈലോക്യവിജയം ചെയ്യുന്നതും, പിന്നീട് നാരദനാല്‍ പ്രേരിതനായി ബാലിയുടെ വാലില്‍ ബന്ധിതനാകുന്നതുമായ ഉത്തരരാമായണത്തിലെ കഥാഭാഗങ്ങളാണ് ഈ ആട്ടകഥയുടെ ഇതിവൃത്തം.
ഇന്ദ്രനും അന്ദ്രാണിയുമായുള്ള ശൃംഗാര രംഗമാണ് ആദ്യത്തേത്
രണ്ടാം രംഗത്തില്‍ രാവണന്‍ ഇന്ദ്രനെ ബന്ധനസ്ഥനാക്കണമെന്നുള്ള തന്റെ മോഹം പുത്രനായ മേഘനാദനെ അറിയിക്കുന്നു. മായായുദ്ധം നടത്തി ഇന്ദ്രനെ ബന്ധിച്ച് അങ്ങയുടെ മുന്‍പില്‍ വെയ്ച്ച് നമസ്ക്കരിച്ചുകൊള്ളാം എന്ന മേഘനാദന്റെ വാക്കുകള്‍ കേട്ട് മോദത്തോടെ രാവണന്‍ പോരിനു പുറപ്പെടുന്നു. മൂന്നാം രംഗത്തില്‍ രാവണന്‍ ഇന്ദ്രനെ പോരിനുവിളിക്കുന്നു. ഇന്ദ്രനുമായുള്ള യുദ്ധത്തില്‍ രാവണനു തളര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ മേഘനാദനെത്തി ഇന്ദ്രനെ നേരിട്ട്, ബന്ധിച്ച് ലങ്കയിലേയ്ക്ക് കൊണ്ടുപോകുന്നു. നാലാം രംഗത്തില്‍ ലങ്കയിലെത്തുന്ന ബ്രഹ്മാവിന്റെ ആജ്ഞയനുസ്സരിച്ച് രാവണന്‍ ഇന്ദ്രനെ ബന്ധിവിമുക്തനാക്കുന്നു. ഇന്ദ്രന്‍ മനോമൌഢ്യത്തോടെ സ്വസ്ഥാനത്തെ പ്രാപിക്കുന്നു. അപമാനഭാരത്താല്‍ ദു:ഖിതനായ ദേവേന്ദ്രസമീപമെത്തുന്ന ശ്രീനാരദമഹര്‍ഷി, ഇന്ദ്രപുത്രനായ ബാലിയെകൊണ്ടുതന്നെ രാവണന്റെ ഗര്‍വ്വഭംഗം വരുത്തുന്നതിന് ഉപായം കണ്ടിട്ടുണ്ടെന്ന് അറിയിച്ച് ഇന്ദ്രനെ സന്തോഷിപ്പിക്കുന്നു അഞ്ചാം രംഗത്തില്‍. രംഗം ആറില്‍ രാവണനും മണ്ഡോദരിയുമായുള്ള ശൃഗാരപദമാണ്. രാവണനെ പ്രകീര്‍ത്തിച്ചുകൊണ്ട് ലങ്കയിലെത്തുന്ന നാരദമഹര്‍ഷിയെ സ്വീകരിച്ചിരുത്തി രാവണന്‍ ലോകവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുന്നു ഏഴാം രംഗത്തില്‍. ലോകവാസികളെല്ലാം രാവണനെ ഭയഭക്തിയോടെയാണ് കരുതുന്നതെന്നും എന്നാല്‍ മത്തനായ ബാലിക്കുമാത്രം രാവണനോട് മത്സരമുണ്ടെന്നും നാരദന്‍ അറിയിക്കുന്നു. ഇതുകേട്ട് ക്രുദ്ധനായ രാവണന്‍ മര്‍ക്കടന്റെ അഹങ്കാരം ഒട്ടും താമസിയാതെ നശിപ്പിക്കുന്നുണ്ട് എന്‍ വീരവാദം മുഴക്കി നാരദനോടൊപ്പം പുറപ്പെടുന്നു. എട്ടാം രംഗത്തില്‍ ബാലിയുടെ സമീപത്തേയ്ക്കു പുറപ്പെടുന്ന രാവണന്‍ ലങ്കയുടെ കാവലിന് ലങ്കാലക്ഷിയെ ചുമതലപ്പെടുത്തുന്നു. തന്റെ പിതാവിനെ രാവണന്‍ കാരാഗൃഹത്തില്‍ പാര്‍പ്പിച്ചുവെന്നും, പകരം വീട്ടാനായി അവനെ ഉപായം പറഞ്ഞ് തന്റെ മുന്നില്‍ വരുത്താമെന്നും ഉള്ള നാരദന്റെ വാക്കുകള്‍ കേട്ട വാനരരാജാവായ ബാലി, ദശമുഖനെ എങ്ങിനെ ശിക്ഷിക്കണമെന്ന് അനുജനായ സുഗ്രീവനോടും മന്ത്രിയായ ഹനൂമാനോടും കൂടിയാലോചികുന്നു രംഗം ഒന്‍പതില്‍‍. പത്താം രംഗത്തില്‍ സമുദ്രസ്തീരത്തെത്തുന്ന ബാലി നാരദന്‍ പറഞ്ഞതനുസ്സരിച്ച് രാവണന്റെ ആഗമനത്തെ പ്രതീക്ഷിച്ച് ഇരിക്കുന്നു. സമുദ്രതീരത്ത് ഉദകതര്‍പ്പണം ചെയ്തിരിക്കുന്ന ബാലിയെ നാരദന്‍ രാവണന് കാട്ടിക്കോടുക്കുന്നു രംഗം പതിനൊന്നില്‍‍. വാനരചക്രവര്‍ത്തിയുടെ ഭയങ്കരസ്വരൂപം കണ്ട് തന്റെ ഉദ്യമം സാഹസമായിപ്പോയി എന്ന്‍ ലങ്കാധിപന്‍ ചിന്തിക്കുന്നു. തുടര്‍ന്ന് അപമാനഭയത്താലും നാരദപ്രേരണയാലും രാവണന്‍ ബാലിയെ ബന്ധിക്കുവാനായി ശ്രമിക്കുന്നു. എന്നാല്‍ രാവണന്‍ ബാലിയുടെ വാലിനാല്‍ ബന്ധിതനായിതീരുന്നു. ഇതു കണ്ട് നാരദന്‍ കൃതാര്‍ത്ഥനായി മറയുന്നു. വാലില്‍ കുടുങ്ങിയ ദശകണ്ഠന്റെ ദീനാലാപം കേട്ട് ബാലി തിരിഞ്ഞുനോക്കി, ആളെ തിരിച്ചറിഞ്ഞതായി നടിച്ച്, സന്തോഷത്തോടുകൂടി രാവണനെ ബന്ധവിമുക്തനാക്കുന്നു. ബാലിയുടെ പരിഹാസങ്ങളില്‍ ലജ്ജിതനായ രാവണന്‍ ക്ഷമചോദിക്കുന്നു. അത്രയും ഭയമുണ്ടെങ്കില്‍ മേലില്‍ നിന്നോട് ശത്രുതയില്ല എന്നു പറഞ്ഞ് ബാലി രാവണനുമായി സഖ്യം ചെയ്തശേഷം ലങ്കേശനെ യാത്രയാക്കുന്നു. നമ്മുടെ കാംക്ഷിതം സഫലമായി എന്നുള്ള വിവരം നാരദന്‍ സ്വര്‍ഗ്ഗത്തിലെത്തി ഇന്ദ്രനെ ധരിപ്പിക്കുന്നതാണ് അന്ത്യരംഗം.
രംഗാവതരണത്തിലെ സവിശേഷതകള്‍
ചൊല്ലിയാട്ടത്തിനും ആട്ടത്തിനും വകയുള്ള ആട്ടകഥയാണ്
ബാലിവിജയം. കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് ബാലിവിജയത്തിലെ രാവണന്‍. ബാലിവധം, തോരണയുദ്ധം, രാവണോത്ഭവം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍.
1.‘അരവിന്ദദളോപമനയനേ’ എന്ന രാവണന്റെ പതിഞ്ഞപദം അടങ്ങുന്ന ആറാം രംഗം ചിട്ടപ്രധാനമായതാണ്. ഇതിലെ ‘കരവിംശതി’ എന്ന ചരണം ചൊല്ലിയാട്ടത്തിനൊപ്പം നല്ല രസാഭിനയവും ആവശ്യമായതാണ്. മണ്ഡോദരിയെ ചുംബിക്കുവാനായി രാവണന്റെ പത്തു മുഖങ്ങളും, ആലിംഗനം ചെയ്യുവാനായി ഇരുപത് കൈകളും തമ്മില്‍ തമ്മില്‍ വലുതായി കലഹിക്കുന്നു എന്നാണ് ഈ ചരണത്തിലെ ആശയം. ഈ ഭാഗത്തെ നവരസാഭിനയവും തുടര്‍ന്നുള്ള ഇരട്ടിയും സവിശേഷമാണ്.
2.ആറാം രംഗാന്ത്യത്തിലെ നാരദന്റെ വരവാട്ടവും, ഏഴാം രംഗാരംഭത്തിലെ നാരദസ്തുതികള്‍ കേട്ടുള്ള പ്രതികരണങ്ങളും രാവണന്റെ മറ്റുചില അഭിനയപ്രാധാന്യമുള്ള ഭാഗങ്ങളാണ്.

3. ഏഴാം രംഗത്തിലെ രാവണന്റെ ‘കൈലാസോദ്ധാരണം’, ‘പാര്‍വതീവിരഹം’ എന്നീ ആട്ടങ്ങളാണ് ഇതിലെ എറ്റവും പ്രാധാനമായ ഭാഗം.
ഇപ്പോള്‍ നടപ്പിലുള്ള അവതരണ രീതി
ഇന്ദ്രനും ഇന്ദ്രാണിയുമായുള്ള ആദ്യ രംഗം മുതല്‍ 
ഇന്ദ്രനും നാരദനുമായുള്ള അഞ്ചാം രംഗം വരെയുള്ള പൂര്‍വ്വഭാഗവും, എട്ട്,ഒന്‍പത്,രംഗങ്ങളും ഒഴിവാക്കിക്കൊണ്ട് ആറ്,ഏഴ്,പത്ത്, പതിനൊന്ന് രംഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതാണ് ഇപ്പോള്‍ നടപ്പിലുള്ള രീതി.

1 അഭിപ്രായം:

വഷളന്‍ ജേക്കെ ★ Wash Allen JK പറഞ്ഞു...

ഈയിടെയാണ് താങ്കളുടെ ബ്ലോഗ്‌ കണ്ടത്. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും.
കഥകളി പടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഉപകാരമായിരുന്നു.
ഒരുപാട് നന്ദി