2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ആട്ടകഥാകാരന്‍

കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്
വള്ളുവനാട്ടിലെ ചങ്ങണംകുന്ന് ദേശത്ത് 
കല്ലൂര്‍ ഭഗവതീക്ഷേത്രത്തിനു സമീപമാണ് പുരാതനമായ കല്ലൂര്‍മന. പാരമ്പര്യമായി മന്ത്രശാസ്ത്രപണ്ഡിതരായിരുന്ന കല്ലൂര്‍മനക്കാര്‍ സാമൂതിരിപ്പാടുമായി പിണങ്ങിയതിനെ തുടര്‍ന്ന് പില്‍ക്കാലത്ത് കൊച്ചീദേശത്തേയ്ക്ക് മാറിപ്പാര്‍ത്തു. തൃപ്പൂ‍ണിത്തുറയ്ക്കടുത്തുള്ള മണിയമ്പള്ളി ഭട്ടതിരിയുടെ ഇല്ലം അന്യംനിന്നുപോകയാല്‍ കൊച്ചീമഹാരാജാവ് ആ ഇല്ലത്തെ അവകാശിയാക്കി കല്ലൂര്‍ നമ്പൂതിരിപ്പാടിനെ. ആ ഇല്ലത്താണ് കവിയായ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും ജനിച്ചത്. അനന്തരം തൃശ്ശൂരിനടുത്ത് ആവിണിശ്ശേരി അംശത്തിലെ കാളിനാട്ടുമനയ്ക്കലെ അവകാശവും കല്ലൂര്‍മനക്കാര്‍ക്ക് ലഭിക്കുകയുണ്ടായി. അങ്ങിനെ കവി അവിടെ താമസമാക്കി. പത്താം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില് ജീവിച്ചിരുന്ന നീലകണ്ഠന്‍ നമ്പൂതിരിപ്പാട് കൊച്ചീരാജാവായിരുന്ന വീരകേരളവര്‍മ്മ തമ്പുരാന്റെ സദസ്യനായിരുന്നു. ദേശമംഗലത്ത് ഉഴുത്രുവാര്യരാണ് ഇദ്ദേഹത്തിന്റെ സംസ്കൃതഗുരു. കുഞ്ഞിട്ടിരാഘവന്‍ നമ്പ്യാരും നമ്പൂതിരിപ്പാടിന്റെ ഗുരുസ്ഥാനം വഹിച്ചിട്ടുണ്ട്.
കല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ ധാരണാശക്തിയേയും 
മന്ത്രശാസ്ത്രപ്രാവീണ്യത്തെയും പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. കവിയുടെ അച്ഛന്റെ മാസാടിയന്തിരം മഴക്കാലത്തായിരുന്നു എന്നും, അന്ന് മഴ പെയ്യാതിരിക്കുവാനായി കവി ചമ്രവട്ടത്ത് ശാസ്താവിന് ഒരു ഹര്‍ജ്ജി ശ്ലോകരൂപത്തിലെഴുതി ഭാരതപ്പുഴയിലൊഴുക്കിയെന്നും, മഴകൂടാതെ അടിയന്തിരം ഭംഗിയായി കഴിഞ്ഞുവെന്നുമുള്ള ഒരു കഥ മഹാകവി ഉള്ളൂര്‍ തന്റെ സാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
ബാലിവിജയം കൂടാതെ കല്ലൂര്‍ നമ്പൂതിരിപ്പാട് 
രചിച്ചിട്ടുള്ള മറ്റ് ആട്ടകഥകളാണ് മധുകൈടഭവധം, സ്വാഹാസുധാകരം, സുമുഖീസ്വയംവരം എന്നിവ. 

അഭിപ്രായങ്ങളൊന്നുമില്ല: