2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ഉത്തരാസ്വയംവരം മൂന്നാം രംഗം (ആദ്യത്തെ സഭ)

രംഗത്ത്-ദുര്യോധനന്‍, കര്‍ണ്ണന്‍‍‍‍(കുട്ടിത്തരം പച്ചവേഷം‍)‍, ഭീഷ്മര്‍(കുട്ടിത്തരം മിനുക്കുവേഷം‍),ദൂതന്‍(ഇടത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:കാമോദരി
“ഗാന്ധാരകര്‍ണ്ണസുരസിന്ധുജസിന്ധുരാജ-
 ശല്യാതികല്യതരബന്ധുജനൈ: പരീതം
 അദ്ധാ കദാചന സുയോധനമഭ്യുപേത്യ
 ബദ്ധാഞ്ജലിസ്സദസി കോപി ജഗാദ ദൂത:”
{ഒരിക്കല്‍ ഗാന്ധാരരാജാവായ സുബലന്‍, കര്‍ണ്ണന്‍, ഗംഗാപുത്രനായ ഭീഷ്മര്‍, സിന്ധുരാജാവായ ജയദ്രഥന്‍, ശല്യര്‍ മുതലായ സമര്‍ത്ഥന്മാരായ ബന്ധുജനങ്ങളാല്‍ ചുറ്റപ്പെട്ട് സഭയിലിരിക്കുന്ന സുയോധനന്റെ മുന്നില്‍ ഒരു ദൂതന്‍ ചെന്നിട്ട് കൂപ്പുകൈയോടെ പറഞ്ഞു.}

വലത്തുവശത്തായി വാള്‍കുത്തിപ്പിടിച്ചുകൊണ്ട് ദുര്യോധനനും, ചാപബാണധാരിയായി കര്‍ണ്ണനും, ഇടതുഭാഗത്തായി ഭീഷ്മരും പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തില്‍ പിന്നില്‍നിന്നും ഇരട്ടിവട്ടം ചവുട്ടിക്കൊണ്ട് പ്രവേശിക്കുന്ന ദൂതന്‍ ‘കിടതധിം,താം’ മേളത്തിനൊപ്പം മുന്നോട്ടുവന്ന് ദുര്യോധനനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ദുര്യോധനന്‍ അനുഗ്രഹിക്കുന്നു. ഭീഷ്മാദികളേയും കുമ്പിട്ടശേഷം ദൂതന്‍ ദുര്യോധനസമീപം വന്ന് ഓച്ഛാനിച്ച് നില്‍ക്കുന്നു. അനന്തരം ദൂതന്‍ പദാഭിനയം ആരംഭിക്കുന്നു.

ദൂതന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ജയ ജയ നാഗകേതന ജഗതീപതേ”
അനുപല്ലവി:
“നയവിനയ ജലധേ നമാമി നിന്‍പദസരോരുഹം”
{നാഗം കൊടിയടയാളമായുള്ളവനേ, ഭൂലോകാധിപതേ, വിജയിച്ചാലും, വിജയിച്ചാലും. നയവിനയങ്ങളുടെ സമുദ്രമേ, അങ്ങയുടെ പാദപത്മത്തെ നമിക്കുന്നു.}

“ജയ ജയ നാഗകേതന”(ദുര്യോധനന്‍-കലാ:രാമന്‍‌കുട്ടിനായര്‍, ദൂതന്‍-കലാ:ഷണ്മുഖന്‍)
ദുര്യോധനന്‍:‘ഇവിടെ വാ’
ദൂതന്‍ ദുര്യോധനസമീപം വന്ന് തൊഴുതു നില്‍ക്കുന്നു.
ദുര്യോധനന്‍:‘രാജ്യത്ത് എന്റെ പ്രജകള്‍ക്കെല്ലാം സൌഖ്യം തന്നെയല്ലെ?’
ദൂതന്‍:‘വഴിപോലെ അറിയിക്കാം’
ദുര്യോധനന്‍:‘പറയൂ’
ദൂതന്‍:
ചരണം1:
“സാദരം നിന്നുടെയ നിദേശം കൈക്കൊണ്ടെല്ലാരും
 മേദിനീതന്നിലോരോ ദേശന്തോറുമധികം
 മോദേന വാണീടുന്നനിശം ഉള്ളിലാര്‍ക്കുമേ
 ഖേദമില്ലൊരു ലവലേശം അത്രയുമല്ല
 കുരുപ്രവരനിഹ സുയോധനന്‍ രിപുപ്രകരമദവിനാശനന്‍
 ഹരിപ്രതിമനതിയശോധനന്‍ ഇതി പ്രശംസതി മഹാജനം”
(“ജയ ജയ നാഗകേതന ജഗതീപതേ”)
{സാദരം അങ്ങയുടെ കല്പന കൈക്കൊണ്ട് എല്ലാവരും ഭൂമിയില്‍ ഓരോരോ ദേശങ്ങളില്‍ എപ്പോഴും അധികം സന്തോഷത്തോടെ വാഴുന്നു. ആര്‍ക്കും തന്നെ ഉള്ളില്‍ ലേശം പോലും ദു:ഖമില്ല. അത്രമാത്രവുമല്ല, കുരുശ്രേഷ്ഠനായ സുയോധനന്‍ ശത്രുക്കളുടെ അഹങ്കാരത്തെ നശിപ്പിക്കുന്നവനാണ്, സിംഹതുല്യനാണ്, അതിയശ്വസിയാണ്, എന്നിങ്ങനെ ജനങ്ങള്‍ അങ്ങയെ പ്രശംസിക്കുകയും ചെയ്യുന്നു.}

ദുര്യോധനന്‍:‘പാണ്ഡവരുടെ വൃത്താന്തം വല്ലതും അറിഞ്ഞുവോ?’
ദൂതന്‍:
ചരണം2:
“പാര്‍ത്ഥിവേന്ദ്ര ഞാനിവിടെനിന്നുതിരിച്ചു വേഗം
 പാര്‍ത്തലന്തന്നില്‍ സ്വൈരമിന്നു ഗൂഢമായിട്ടു
 പാര്‍ത്ഥന്മാരെങ്ങു മരുവുന്നുവെന്നുള്ള‍ പര-
 മാര്‍ത്ഥമറിഞ്ഞീടുവതിനു അവരെ നന്നായ്
 വിരിഞ്ഞു മുരരിപുപുരത്തിലും ചിരംജലനിധികള്‍തടത്തിലും
 തിരിഞ്ഞു ബഹുജനപദത്തിലും തിരിഞ്ഞതില്ലൊരുവിധത്തിലും”
(“ജയ ജയ നാഗകേതന ജഗതീപതേ”)
{രാജേന്ദ്രാ, ഞാന്‍ ഇവിടെ നിന്നും വേഗത്തില്‍ തിരിച്ചിട്ട്, ഇന്ന് സ്വൈര്യമായി പാര്‍ത്ഥന്മാര്‍ പാരില്‍ ഗൂഢമായിട്ട് എവിടെയാണ് കഴിയുന്നതെന്നുള്ള പരമാര്‍ത്ഥം അറിഞ്ഞീടുവാനായി  ദ്വാരകയിലും അനവധി സമുദ്രതടങ്ങളിലും വളരെ പ്രദേശങ്ങളിലും അവരെ നന്നായി തിരഞ്ഞു. ഒരു വിധത്തിലും ഒന്നും അറിഞ്ഞില്ല.}

ദുര്യോധനന്‍:‘ഛേ, ഒന്നും അറിയാന്‍ കഴിഞ്ഞില്ലെ?’
ദൂതന്‍:‘ഒരു കാര്യം കൂടി അറിയിക്കുവാനായി ഉണ്ട്’
ദുര്യോധനന്‍:‘വേഗം പറയൂ’
ദൂതന്‍:
ചരണം3:
“പിന്നെയുമവരെയന്വേഷിച്ചു വിരാടഭൂപന്‍
 തന്നുടെ രാജ്യത്തില്‍ ഗമിച്ചു അവിടെയൊരു
 കന്നല്‍മിഴിതന്നെക്കുറിച്ചു കീചക വീരന്‍
 തന്നുള്ളിലാഗ്രഹമുറച്ചു ഗന്ധര്‍വ്വന്മാരി-
 ലൊരുത്തനവനെ ഹനിച്ചുപോല്‍ തരത്തിലനുജരും ധരിച്ചുപോല്‍
 പെരുത്ത രണമതു ഭവിച്ചുപോല്‍ കരുത്തനവരെയും വധിച്ചുപോല്‍”
{പിന്നെയും അവരെ അന്യൂഷിച്ച് വിരാടരാജന്റെ രാജ്യത്തില്‍ പോയി. അവിടെ ഒരു സുന്ദരിയെകുറിച്ച് കീചകവീരന്റെ ഉള്ളില്‍ ആഗ്രഹമുറച്ചു. ഗന്ധര്‍വ്വന്മാരില്‍ ഒരുത്തന്‍ അവനെ വധിച്ചുവത്രേ. കീചന്റെ അനുജര്‍ ഇത് ധരിച്ചുപോല്‍. വലിയ രണമുണ്ടായത്രേ. കരുത്തനായ ഗന്ധര്‍വ്വന്‍ അവരേയും വധിച്ചുപോല്‍.}

ദുര്യോധനന്‍:(അമ്പരപ്പോടെ ആത്മഗതമായി) ‘കഷ്ടം! ആ സുന്ദരി ആരാണ്? കീചകനെ വധിച്ച ഗന്ധര്‍വ്വന്‍ ഏതാണ്? ഏതായാലും ബന്ധുജനങ്ങളോടുകൂടി ആലോചിക്കുക തന്നെ.’

പദാഭിനയവും വട്ടംവെച്ചു കലാശവും കഴിഞ്ഞ് ‘കിടതകധീം,താം’ മേളത്തിനൊപ്പം ദൂതന്‍ ദുര്യോധനനേയും ഭീഷ്മാദികളേയും കുമ്പിട്ട് അനുഗ്രഹം വാങ്ങി പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു. അനന്തരം ദുര്യോധനന്‍ എഴുന്നേറ്റ് പദമാടുന്നു.

ദുര്യോധനന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“മേദിനീപാലവീരന്മാരെ കേള്‍പ്പിന്‍
 സാദരമെന്നുടെ ഭാഷിതം”
അനുപല്ലവി:
“സൂതസുതന്തന്റെ വൃത്താന്തം ഇന്നു
 ദൂതന്‍ പറഞ്ഞത് കേട്ടില്ലേ”
ചരണം1:
“വൃദ്ധവിരാടപുരംതന്നില്‍ ഗൂഢം
 മുഗ്ദ്ധന്മാരാകിയ പാര്‍ത്ഥന്മാര്‍
 ബദ്ധമോദം നിവസിച്ചീടുന്നെന്നു
 ബുദ്ധിയില്‍ സംശയമുണ്ടു മേ”
ചരണം2:
“സിന്ധുരവൈരിപരാക്രമ സുര-
 സിന്ധുതനൂജ മഹാമതേ
(താളം:മുറിയടന്ത)
 ബന്ധുക്കളാകിയ നിങ്ങളുമതു
 ചിന്തിച്ചു വൈകാതെ ചൊല്ലുവിന്‍”
{രാജവീരന്മാരേ, ഞാന്‍ പറയുന്നത് സാദരം കേള്‍പ്പിന്‍. കീചകന്റെ വൃത്താന്തം ഇന്ന് ദൂതന്‍ പറഞ്ഞത് കേട്ടില്ലെ? വൃദ്ധനായ വിരാടന്റെ പുരിയില്‍ മൂഢന്മാരായ പാര്‍ത്ഥന്മാര്‍ സന്തോഷത്തോടെ ഗൂഡമായി നിവസിക്കുന്നു എന്ന് എന്റെ ബുദ്ധിയില്‍ സംശയമുണ്ട്. സിഹപരാക്രമാ, ഗംഗാപുത്രാ, മഹാ‍മതേ, ബന്ധുകളായ നിങ്ങള്‍ ഇത് ചിന്തിച്ചിട്ട് വൈകാതെ അഭിപ്രായം പറയുവിന്‍.}

ഭീഷ്മരുടെ പദം-രാഗം:കല്യാണി, താളം:പഞ്ചാരി
ചരണം1:
“സാരവേദിയായ നിന്റെ വാക്കുപാര്‍ത്തു കാണ്‍കിലിന്നു
 ചേരുമിങ്ങതിനു തെല്ലുമില്ല സംശയം”
ചരണം2:
“ഭീമബാഹുവീര്യനായ കീചകനെ കൊല്‍‌വതിന്നു
 ഭീമസേനനെന്നിയെ മറ്റാരുഭൂതലേ”
ചരണം3:
“മത്തവാരണേന്ദ്രകുംഭകൃത്തനം നിനക്കിലിന്നു
 ശക്തനായ ഹരിവരന്നൊഴിഞ്ഞു കൂടുമോ”
ചരണം4:
“നാരിമൌലിയായിടുന്ന യാജ്ഞസേനി തന്നെയതിനു
 കാരണം ധരിച്ചുകൊള്‍ക നിപുണതരമതേ”
{സാരജ്ഞനായ നിന്റെ വാക്ക് ഓര്‍ത്തുനോക്കുമ്പോള്‍ ഇന്ന് ശരിയാണ്. ഇവിടെ അതിന് ഒട്ടും സംശയമില്ല. വലിയ ബാഹുവീര്യമുള്ള കീചകനെ കൊല്ലുന്നതിന് ഭീമസേനനല്ലാതെ മറ്റാരാണ് ഭൂമിയില്‍ ഉള്ളത്? മദിച്ച ഗജേന്ദ്രന്റെ മസ്തകം പിളര്‍ക്കുവാന്‍ ശക്തനായ സിംഹശ്രേഷ്ഠനല്ലാതെ സാധിക്കുമോ? സുന്ദരിയായ പാഞ്ചാലിതന്നെയാണ് അതിനുള്ള കാരണമെന്നും ബുദ്ധിവൈഭവമുള്ളവനേ, നീ ധരിച്ചുകൊള്ളുക.}
“മത്തവാരണേന്ദ്രകുംഭ....”
ദുര്യോധനന്‍:
ചരണം3:
“എന്നാല്‍ വിരാടന്റെ ഗോധനം ഇന്നു
 ഒന്നൊഴിയാതെ ഹരിക്കണം
 സന്നദ്ധരായവര്‍ വന്നിടുന്നാകിലോ
 ഇന്നിയും കാട്ടിലയച്ചിടാം”
{എന്നാല്‍ വിരാടന്റെ ഗോധനം ഒന്നൊഴിയാതെതന്നെ ഇന്ന് അപഹരിക്കണം. യുദ്ധസന്നദ്ധരായി അവര്‍ വന്നീടുകയാണെങ്കില്‍ വീണ്ടും കാട്ടിലയച്ചിടാം.}

ശേഷം ആട്ടം-
ദുര്യോധനന്‍:‘എന്നാല്‍ അങ്ങിനെ നിശ്ചയിക്കുകയല്ലേ?’
ഭീഷ്മരും കര്‍ണ്ണനും:‘അങ്ങിനെ തന്നെ’
ദുര്യോധനന്‍:‘ഇനി അതിനുവേണ്ട ശ്രമങ്ങള്‍ ചെയ്യുകതന്നെ. എന്നാല്‍ ഇപ്പോള്‍ സഭ പിരിയാം.’
സഭപിരിഞ്ഞ് എല്ലാവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: