2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ഉത്തരാസ്വയംവരം 1,2 രംഗങ്ങള്‍

ഒന്നാം രംഗം (വിരാടന്റെ പതിഞ്ഞപദം)

ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
-----------------------------------------------------------------------------------------------------------------------------------
രണ്ടാം രംഗം (ഏകലോചനം-പാടിപ്പദം)

രംഗത്ത്-ദുര്യോധനന്‍(ഒന്നാംതരം കത്തിവേഷം), ഭാനുമതി(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി

“ഉന്മീലത്പത്രവല്ലീം പൃഥുലകുചഭരാം രാജമാനാദ്വിജാളീം
 സാന്ദ്രച്ഛായാ‍ഭിരാമാം സ്ഫുടരസകുസുമേഷ്വാത്തഗന്ധാം നിതാന്തം
 ആരാദാരാമലക്ഷ്മീമപി നിജദയിതാം വീക്ഷ്യവിഭ്രാജമാനാം
 കാലേ തസ്മിന്‍ കുരൂണാംപതിരിതി മുദിത:പ്രാഹ ദുര്യോധനാഖ്യ:“
{അക്കാലത്ത് കുരുക്കളുടെ പതിയായ ദുര്യോധനന്‍ വിടരുന്ന ഇലകളോടുകൂടിയ ലതകളോടും വലിയ അയനിചക്കകളോടും ശോഭിക്കുന്ന പക്ഷിക്കൂട്ടങ്ങളോടും കൂടിയതും ഇടതൂര്‍ന്ന് തണലുകൊണ്ട് അഭിരമിപ്പിക്കുന്നതും തേന്‍ നിറഞ്ഞ പൂക്കളില്‍നിന്ന് സുഗന്ധം വമിക്കുന്നതുമായ ആരാമലക്ഷിയേയും, തിളങ്ങുന്ന പത്തിക്കീറ്റണിഞ്ഞ് സ്ഥൂലിച്ച കുചഭാരത്തോടുകൂടിയവളും തിളങ്ങുന്ന ദന്തനിരയോടുകൂടിയവളും ഈടുറ്റ ദേഹകാന്തികൊണ്ട് അഭിരമിക്കുന്നവളും ശോഭിക്കുന്നവളുമായ സ്വപത്നിയേയും അടുത്തുകണ്ടിട്ട് ഏറ്റവും സന്തുഷ്ടനായി ഇങ്ങിനെ പറഞ്ഞു.}

ശൃഗാരപ്രധാനവും മേലാപ്പ്, ആലവട്ടങ്ങളോടുകൂടിയതും പതിഞ്ഞകാലത്തിലുള്ളതുമായ ദുര്യോധനന്റെ തിരനോട്ടം-
തിരനോട്ടത്തിനുശേഷം ദുര്യോധനന്‍ രംഗമദ്ധ്യത്തില്‍ ഇടതുകൈകൊണ്ട് പത്നിയെ ആലിംഗനം ചെയ്തുകൊണ്ട് നാലാമിരട്ടി മേളത്തിനൊപ്പം വലതുകൈകൊണ്ട് തിരതാഴ്ത്തുന്നു.
ദുര്യോധനന്‍:(മുന്നില്‍ ഉദ്യാനം കണ്ട് ഭംഗിനടിച്ച് കണ്ണുകള്‍ കൊണ്ട് ഉദ്യാനം പ്രിയയ്ക്ക് കാട്ടിക്കൊടുത്തശേഷം) ‘അല്ലയോ പ്രിയേ, നമുക്ക് ഈ ഉദ്യാനത്തിലേയ്ക്ക് പോവുകയല്ലേ?’
ഭാനുമതിയുടെ സമ്മതം അറിഞ്ഞ് ദുര്യോധനന്‍ അവളെ വീണ്ടും പുണര്‍ന്നുകൊണ്ട് പതിഞ്ഞ ‘കിടതകധിം,താ’മിനൊപ്പം മുന്നോട്ടുവരുന്നു. ഭാനുമതിയെ സാവധാനം വേര്‍പെടുത്തി ഇടതുവശത്തുനിര്‍ത്തിയിട്ട് ദുര്യോധനന്‍ നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.
ദുര്യോധനന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“കല്യാണീ കാണ്‍ക മമ വല്ലഭേ മാമകം നല്ലോരുദ്യാനമിദം”
അനുപല്ലവി:
“മല്ലീസായക കേളി ചെയ്‌വതിനതി വേലം

 ഉല്ലാസമകതാരില്‍ വളരുന്നു സാമ്പ്രതം”
ചരണം2:
‘കോകി നിന്‍ മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
 ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
 ഏകലോചനം കൊണ്ടു കോപമോടു നിന്നേയും
 ശോകമോടപരേണ നോക്കുന്നു പതിയേയും”
{മംഗളവതീ, എന്റെ വല്ലഭേ, എന്റെ ഈ നല്ല ഉദ്യാനം കണ്ടാലും. കാമകേളി ചെയ്യാന്‍ ഏറ്റവും തിടുക്കം. ഉള്ളിലിപ്പോള്‍ ഉല്ലാസം വളരുന്നു. ചക്രവാകപ്പിട നിന്റെ മുഖം കണ്ട് ചന്ദ്രനാണന്ന് ചിന്തിച്ച് ഏകാന്തവിരഹത്തെ വിചാരിച്ച് ഒരു കണ്ണുകൊണ്ട് കോപത്തോടെ നിന്നേയും മറ്റേകണ്ണുകൊണ്ട് ശോകത്തോടെ അവളുടെ പതിയേയും നോക്കുന്നു.}
“കല്യാണീ......” (ദുര്യോധനന്‍-കലാ:രാമന്‍‌കുട്ടിനായര്‍, ഭാനുമതി-കലാ:മുകുന്ദന്‍)
ഭാനുമതിയുടെ മറുപടി പദം-രാഗം:എരിക്കലകാമോദരി, താളം;ചെമ്പട(രണ്ടാം കാലം)
പല്ലവി:
“സുന്ദര ശൃണു കാന്താ മാമക വാചം
 നിന്ദിതരതികാന്ത”
അനുപല്ലവി:
“മന്ദപവനനാകും സ്യന്ദനമതിലേറി
 കുന്ദവിശിഖനുമമന്ദമരികിലിതാ
 വന്നു കണകള്‍ ചൊരിയുന്നു മുതിര്‍ന്നു”
(“സുന്ദര ശൃണു കാന്താ മാമക വാചം നിന്ദിതരതികാന്ത”)
ചരണം1:
“നിര്‍ജ്ജനമീ വിപിനം നിനക്കധീനമിജ്ജനമെന്നു നൂനം
 നിര്‍ജ്ജിതരിപുബല നിര്‍ജ്ജരവരസമ
 സജ്യശരാസി ജഗജ്ജയിമന്മഥ-
 നുജ്ജ്വലയതി മമ സജ്വരമധികം’
(“സുന്ദര ശൃണു കാന്താ മാമക വാചം നിന്ദിതരതികാന്ത”)
ചരണം2:
 ‘നല്പരിമളസഹിതം ദരദലിത പുഷ്പനികരഭരിതം
 കല്പതരുശിഖരം കെല്പോടുകാണുന്നേരം
 സ്വല്പമപി മധു കുടിപ്പതിനിഹ വദ
 ഷള്‍പദമാല മടിപ്പതുമിണ്ടോ”
(“സുന്ദര ശൃണു കാന്താ മാമക വാചം നിന്ദിതരതികാന്ത”)
ചരണം3:
“പരിചിനൊടതിരുചിരം വൈകാതെ തവ തരിക മധുരമധരം
 കുരുകുലനായക കുരു പരിരംഭണം
 സ്മരനുടെ കളികളിലുരുസുഖമൊടു തവ
 പരവശതകള്‍ കാണ്മാന്‍ കൊതിപെരുകുന്നു‍”
{സുന്ദരാ, കാന്താ, കാമദേവനിലും കവിഞ്ഞ സൌന്ദര്യമുള്ളവനേ, എന്റെ വാക്കുകള്‍ കേട്ടാലും‍. മന്ദമാരുതനാകുന്ന തേരിലേറി തയ്യാറെടുത്ത് കാമദേവന്‍ പെട്ടന്ന് അരികില്‍ വന്ന് അസ്ത്രങ്ങള്‍ ചൊരിയുന്നു. ഏകാന്തമാണീ ഉദ്യാനം. തീര്‍ച്ചയായും ഈയുള്ളവള്‍ ഭവാന് അധീനയുമാണ്. ശത്രുസേനയെ ജയിച്ചവനേ, ഇന്ദ്രതുല്യാ, കുലയേറ്റിയ വില്ലോടുകൂടി ലോകജേതാവായ കാമദേവന്‍ എന്റെ ദു:ഖത്തെ വല്ലാതെ ആളികത്തിക്കുന്നു. നല്ല പരിമളത്തോടെ അല്പമാത്രം വിടര്‍ന്ന പൂക്കുലനിറഞ്ഞ കല്പവൃക്ഷശിഖരം കാണുമ്പോള്‍ സ്വല്പമെങ്കിലും തേന്‍ കുടിക്കുവാന്‍ ഷട്പദങ്ങള്‍ മടിക്കാറുണ്ടോ? പറയുക. അതിമനോഹരമായ ഭവാന്റെ മധുരാധരം വൈകാതെ സാദരം തന്നാലും. കുരുകുലനായകാ, ആലിംഗനം ചെയ്താലും. കാമകേളികളില്‍ ഭവാന്റെ വര്‍ദ്ധിച്ച സുഖത്തോടുകൂടിയ പരവശതകള്‍ കാണാന്‍ കൊതിയേറുന്നു.}

“സുന്ദര ശൃണു കാന്താ” (ദുര്യോധനന്‍-വാഴേങ്കട വിജയന്‍, ഭാനുമതി-കലാ:ഷണ്മുഖന്‍)
ശേഷം ആട്ടം-
ദുര്യോധനന്‍ ഭാനുമതിയെ ആലിംഗനം ചെയ്യുന്നു.
ദുര്യോധനന്‍:‘അല്ലയോ പ്രിയേ, നമുക്ക് ഈ ഉദ്യാനത്തില്‍ അല്പസമയം സഞ്ചരിക്കാം?’ (അനുസരണകേട്ട് ഭാനുമതിയുടെ കൈകള്‍ കോര്‍ത്ത് നടന്നതിനുശേഷം മുന്നില്‍ ഉയരത്തില്‍ കാട്ടിക്കൊണ്ട്) ‘ഇതാ പൂണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നു. ഇതു കണ്ടാല്‍ കാമദേവന്റെ ആഗമനവേളയില്‍ വെണ്‍ക്കൊറ്റക്കുട പിടിച്ചതാണോ എന്ന് തോന്നും.’ (വീണ്ടും സഞ്ചരിക്കവെ മുന്നില്‍ കണ്ട്) ‘അതാ മയിലുകള്‍ പീലിവിടര്‍ത്തി ആടുന്നു.’
ഭാനുമതി:‘ഇത് കണ്ടാല്‍ കാമദേവന്റെ ആഗമനവേളയില്‍ ആലവട്ടങ്ങള്‍ പിടിച്ചതാണോ എന്നു തോന്നും’
ദുര്യോധനന്‍:‘അതെ, ശരിയാണ്’ (മുന്നേപ്പോലെ നടക്കവെ മുന്നില്‍ മുകളിലായി കണ്ടിട്ട്) ‘അതാ വെളുത്ത പൂങ്കുലകള്‍ ഇളംകാറ്റില്‍ ആടുന്നു. ഇതു കണ്ടാല്‍ കാമന്‍ വരുമ്പോള്‍ വെഞ്ചാമരം വീശുകയാണോ എന്ന് തോന്നും’ (പെട്ടന്ന് മധുരമായ ശബ്ദം കേട്ട് ആഭാഗത്തേയ്ക്ക് നോക്കിയിട്ട്) ‘ഇതാ മുല്ലമൊട്ടിന്മേലിരുന്ന് ഒരു വണ്ട് മധുരമായി മുരളുന്നു^.’
ഭാനുമതി:‘കാമന്റെ എഴുന്നള്ളത്തിന് ശംഖ് മുഴക്കുന്നതുപോലെ തോന്നുന്നു’




[^ഈ ആട്ടം “മല്ലികാ മികുളേ ഭാതി മഞ്ജു കൂജയന്‍ മധുവ്രത
                   പഞ്ചബാണ പ്രയാണായ ശംഖമാപൂരയന്നിവ” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

ദുര്യോധനന്‍:‘അതെ,അതെ’ (ചുറ്റും കണ്ണോടിച്ചിട്ട്) ‘നമ്മുടെ ഉദ്യാനം ഇപ്പോള്‍ വസന്തലക്ഷ്മിയുടെ നൃത്തരംഗമായി വന്നിരിക്കുന്നു.’ (ഭാനുമതിയെ ആലിംഗനം ചെയ്ത്, ചുംബിച്ച്, സുഖദൃഷ്ടിയില്‍ കുറച്ചുസമയം നിന്നശേഷം) ‘എന്നാല്‍ ഇനി നമുക്ക് അന്ത:പുരത്തിലേയ്ക്ക് പോവുകയല്ലെ?’
ഭാനുമതി:‘അങ്ങിനെ തന്നെ’
ദുര്യോധനനും ഭാനുമതിയും ആലിംഗനം ചെയ്തുകൊണ്ട് സാവധാനത്തില്‍ പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: