2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ഉത്തരാസ്വയംവരം നാലാം രംഗം (ത്രിഗര്‍ത്തവട്ടം)

ത്രി‍രംഗത്ത്-ത്രിഗര്‍ത്തന്‍(ഒന്നാംതരം ചുവന്നതാടിവേഷം), ദുര്യോധനന്‍, വിരാടന്‍‍(ഇടത്തരം പച്ചവേഷം), വലലന്‍(ഇടത്തരം മിനുക്കുവേഷം)
 

ശ്ലോകം-രാഗം:സാരംഗം
“നിശ്ചിത്യേവം സുഹൃത്ഭിസ്സഹ കുരുവൃഷഭസ്സോഥ സപ്താര്‍ണ്ണവാന്തര്‍-
 ഗോത്രാപാലോപി ഗോത്രാഹരണകൃതമനാ യാവദാരബ്ധ ഗന്തും
 തത്രേദ്‌വൃത്തസ്ത്രിഗര്‍ത്തപ്രഭുരമിതബലൈസാകമഭ്യര്‍ണ്ണമേത്യ
 സ്പക്ഷ്ടം വ്യാചഷ്ട ദുര്യോധനകലിതധന പ്രാപ്തശര്‍മ്മാ സുശര്‍മ്മ”
{ഇപ്രകാരം സുഹൃത്തുക്കളുമായി നിശ്ചയിച്ച് ആ കൌരവശ്രേഷ്ഠന്‍ ഏഴുസമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ഭൂമിയെ പാലിക്കുന്നവനെങ്കിലും ഗോക്കളെ ഹരിക്കുന്നതിനായി പോകാന്‍ തുനിഞ്ഞപ്പോള്‍ ദുര്‍വൃത്തനും ത്രിഗര്‍ത്തപ്രഭുവും അധികബലവാനും ദുര്യോധനന്റെ സഹായത്താല്‍ സുഖം പ്രാപിച്ചവനുമായ സുശര്‍മ്മാവ് സൈന്യസമേതനായി വന്നെത്തി ഇങ്ങിനെ സ്പഷ്ടമായി പറഞ്ഞു.}

ത്രിഗര്‍ത്തന്റെ തിരനോട്ടം-
ത്രിഗര്‍ത്തന്റെ തന്റേടാട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തി ത്രിഗര്‍ത്തന്‍ അഹങ്കാരത്തോടെ ഉത്തരീയം വീശുന്നു.
ത്രിഗര്‍ത്തന്‍:(എഴുന്നേറ്റ് സഭയെവന്ദിച്ച് പിന്നിലേയ്ക്കുമാറി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘മനസ്സിലായി. എന്നേപ്പോലെ ബലപരാക്രമങ്ങള്‍ ഉണ്ടായിട്ട് ഇന്ന് ലോകത്തില്‍ ആരുണ്ട്? ഏയ്, ആരുമില്ല. മാത്രമല്ല, എന്റെ ആത്മമിത്രമായ ദുര്യോധനന്‍ വളരെ ധനം തന്ന് എന്നെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.’ (വീണ്ടും പീഠത്തിലിരുന്ന് താടിയും മീശയും ഒതുക്കിയശേഷം സന്തുഷ്ടിയോടെ ഉത്തരീയം വീശവെ ദൂരെ കണ്ടിട്ട്) ‘എന്റെ നേരെ വരുന്നതാര്?‘ (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, ഒരു ദൂതന്‍ തന്നെ’ (എഴുന്നേറ്റ്, സമീപത്തുവന്ന് വണങ്ങുന്ന ദൂതനെ അനുഗ്രഹിച്ച്) ‘ഉം, എന്താണ്?’ (ദൂതന്റെ മറുപടി ശ്രവിക്കുന്നതായി നടിച്ചിട്ട്) ‘എന്ത്? ദുര്യോധനമഹാരാജാവ് ഒരു നീട്ട് തന്നയച്ചിട്ടുണ്ടെന്നോ? എവിടെ? കൊണ്ടുവാ’ (കത്തുവാങ്ങി വായിക്കുന്നതായി നടിച്ചിട്ട്, സന്തോഷത്തോടുകൂടി) ‘ഞാന്‍ ഉടന്‍ തന്നെ സന്യസമേതം എത്തിക്കൊളളാമെന്ന് അറിയിക്കുക’ (ദൂതനെ അനുഗ്രഹിച്ച് അയയ്ക്കുന്നതായി നടിച്ച് തിരിഞ്ഞുവന്ന്) ‘ഇനി വേഗം സൈന്യസമേതം പുറപ്പെടുകതന്നെ’
ത്രിഗര്‍ത്തന്റെ പടപ്പുറപ്പാട്*-
ത്രിഗര്‍ത്തന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
ത്രിഗര്‍ത്തന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം ത്രിഗര്‍ത്തന്‍ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
ത്രിഗര്‍ത്തന്‍ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.

(താളം:ചെമ്പട)
ത്രിഗര്‍ത്തന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി കൌരവരാജധാനിയിലേയ്ക്ക് തേര്‍ വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി ദുര്യോധനനെ കാണുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം
ത്രിഗര്‍ത്തന്‍ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോള്‍ വലതുവശത്തായി ദുര്യോധനന്‍ വാള്‍കുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്നു. ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടുകൂടി പ്രവേശിക്കുന്ന ത്രിഗര്‍ത്തന്‍ ദുര്യോധനനെ കണ്ട് കുമ്പിട്ട് ഓച്ഛാനിച്ച് നിന്നശേഷം പദാഭിനയം ആരംഭിക്കുന്നു.
പദം-രാഗം:സാരംഗം, താളം:തൃപുട(ദ്രുതകാലം)
ത്രിഗര്‍ത്തന്‍:
പല്ലവി:
“കൌരവേന്ദ്രനമോസ്തു തേ നൃപതേ കരവാമ കിം വദ
 കൈരവപ്രിയകുലമണേ സുമതേ”
ചരണം1:
“വൈരിവാരമതീവതവഭുജ
 ഗൌരവാല്‍ ഭയമൊടു ഗിരിതട-
 ഭൈരവാടവിയതിലുമധുനാ
 സ്വൈരവാസം ചെയ്‌വതില്ലിഹ”
(“കൌരവേന്ദ്രനമോസ്തു.......................................സുമതേ”)
{കൌരവേന്ദ്രാ, അങ്ങേയ്ക്കു നമസ്തെ. രാജാവേ, ചന്ദ്രവംശശ്രേഷ്ഠാ, സുമനസ്സേ, ഞങ്ങള്‍ എന്തുവേണമെന്ന് പറഞ്ഞാലും. അങ്ങയുടെ ഭുജബലത്തെ ഭയന്ന് ശത്രുക്കള്‍ക്ക് പര്‍വ്വതപാര്‍ശ്വത്തിലെ ഭയങ്കരങ്ങളായ കാടുകളില്‍ പോലും ഇപ്പോള്‍ സ്വൈര്യമായി വസിക്കാനാകുനില്ല.}

“വൈരിവാരമതീവതവഭുജ” (ദുര്യോധനന്‍-കലാ:രാമന്‍‌കുട്ടി നായര്‍, ത്രിഗര്‍ത്തന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)

ദുര്യോധനന്‍:
ചരണം2:
“മത്സരം കലരുന്ന പാണ്ഡവര്‍
 മത്സപത്മരൊളിച്ചു സമ്പ്രതി
 മാത്സ്യരാജപുരേ ത്രയോദശ
 വത്സരത്തെ നയിച്ചിടുന്നിതു”
പല്ലവി:
“കേള്‍ക്ക മേ വചനം ത്രിഗര്‍ത്തപതേ പോക
 മാത്സ്യേശ്വര ഗോക്കളെ കൊണ്ടാശു വരിക ഭവാന്‍”
{മത്സരബുദ്ധികളും എന്റെ ശത്രുക്കളുമായ പാണ്ഡവര്‍ ഇപ്പോള്‍ മാത്സ്യരാജധാനിയില്‍ ഒളിച്ചുകൊണ്ട് പതിമൂന്നാം വര്‍ഷം കഴിച്ചുകൂട്ടുന്നു. ത്രിഗര്‍ത്തപതേ, എന്റെ വാക്കുകള്‍ കേള്‍ക്കുക. ഭവാന്‍ ഉടനെ പോയി മാത്സ്യേശന്റെ ഗോക്കളെ കൊണ്ടുവരിക.}

“മത്സരം കലരുന്ന പാണ്ഡവര്‍” (ദുര്യോധനന്‍-വാഴേങ്കിട വിജയന്‍‍, ത്രിഗര്‍ത്തന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)

ത്രിഗര്‍ത്തന്‍:
ചരണം3:
“പോര്‍ക്കളത്തില്‍ മദിച്ചു നമ്മൊടു
 നേര്‍ക്കുമരികളെ ആകവേ ശിത-
 ഗോക്കളെയ്തു ജയിച്ചു വിരവൊടു
 ഗോക്കളെ കൊണ്ടുവന്നീടുവന്‍”
(“കൌരവേന്ദ്രനമോസ്തു.......................................സുമതേ”)
{പോര്‍ക്കളത്തില്‍ മദത്തോടെ നമ്മോടെതിരിടുന്ന ശത്രുക്കളെ ആകവേ മൂര്‍ച്ചയുള്ള അസ്ത്രങ്ങളെയ്തു ജയിച്ച് വേഗത്തില്‍ ഗോക്കളെ കൊണ്ടുവരുന്നുണ്ട്.}

ദുര്യോധനന്‍:
ചരണം4:
“ആനതേര്‍തുരഗാദിമേദുര
 സേനയോടുസമെതനായഥ
 ഞാനുമൊരുവഴിവന്നു ഗോക്കളെ
 ആനയിച്ചീടുവന്‍ വിരവൊടു”
(“കേള്‍ക്ക മേ വചനം..........................................ഭവാന്‍”)
{ആന, തേര്‍, കുതിര, ആദിയായ വന്‍ സേനയോടു സമേതനായി ഞാനും ഒരു വഴിക്കുവന്ന് വേഗത്തില്‍ ഗോക്കളെ ആനയിക്കുന്നുണ്ട്}

ശേഷം ആട്ടം-
ത്രിഗര്‍ത്തന്‍:(ദുര്യോധനസമീപം ചെന്ന് വന്ദിച്ചിട്ട്) ‘അവിടെ ആ കീചകന്‍ എതിര്‍ത്തുവന്നാലോ?’
ദുര്യോധനന്‍:‘ങേ, കീചകനോ? അപ്പോള്‍ അറിഞ്ഞില്ലെ? കീചന്റെ മരണവൃത്താന്തം? ഒരു സുന്ദരിയില്‍ ആഗ്രഹം ജനിച്ച അവനെ ഒരു ഗന്ധര്‍വ്വന്‍ ഹനിച്ചതായി ചാരന്മാര്‍ അറിയിച്ചിരുന്നു. സൈന്യാധിപനായ അവന്‍ ഇല്ലാതായതോടെ വിരാടന്‍ ചിറകറ്റ പക്ഷിയേപ്പോലെ ആയിരിക്കുന്നു.
ത്രിഗര്‍ത്തന്‍:‘ഹോ! അങ്ങിനെയോ. എന്നാല്‍ ഇനി വൃദ്ധവിരാടനെ ജയിക്കുവാന്‍ ഒട്ടും പ്രയാസമില്ല’
ദുര്യോധനന്‍:‘എന്നാല്‍ താങ്കള്‍ സേനയോടുകൂടി ഈ വഴിയെ പോയാലും. ഞാനും സേനയും ആ വഴിക്ക് വന്നുകൊള്ളാം’
ത്രിഗര്‍ത്തന്‍:‘അങ്ങിനെ തന്നെ’
വീണ്ടും വന്ദിക്കുന്ന ത്രിഗര്‍ത്തന് തന്റെ മുദ്രയുള്ള ഒരു വാള്‍ സമ്മാനിച്ച് വിജയത്തിനായി അനുഗ്രഹിച്ച ശേഷം ദുര്യോധനന്‍ നിഷ്ക്രമിക്കുന്നു. ത്രിഗര്‍ത്തന്‍ ദുര്യോധനനെ അയച്ചുതിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് ഓടിക്കൊണ്ട് പ്രവേശിക്കുന്നു.
ത്രിഗര്‍ത്തന്റെ ഗോഹരണം ആട്ടം-
ത്രിഗര്‍ത്തന്‍ ഗോഹണത്തിനായി തയ്യാറായി നാലാമിരട്ടി എടുത്ത് കലാശിക്കുന്നതോടെ തേരിലേറി സൈന്യസമേതം മാത്സ്യദേശത്തേയ്ക്ക് യാത്രതിരിക്കുന്നു. സഞ്ചരിച്ച് മാത്സ്യരാജ്യത്തിലെത്തുന്ന ത്രിഗര്‍ത്തന്‍ രാത്രിയില്‍ തിളങ്ങുന്ന വിരാടപുരി കണ്ട്, അതില്‍ പ്രവേശിച്ച് മുന്നോട്ടുനീങ്ങി അവിടത്തെ ഗോശാല കണ്ടുപിടിക്കുന്നു. തുടര്‍ന്ന് പശുപാലകര്‍ നിദ്രയിലായ അര്‍ദ്ധരാത്രി സമയം നോക്കി ഗോശാലയില്‍ കടക്കുന്ന ത്രിഗര്‍ത്തന്‍ നാനാവിധത്തിലുള്ള പശുക്കളാല്‍ നിറഞ്ഞ സമുദ്രസമാനമായ വിരാടന്റെ ഗോശാല കണ്ട് അത്ഭുതപ്പെടുന്നു. അനന്തരം പശുക്കളേയും കിടാവുകളേയും അഴിച്ചുവിടുന്നു.
ത്രിഗര്‍ത്തന്‍:(ആത്മഗതമായി) ‘എല്ലാം ആയി. ഇനി പുറപ്പെടുകതന്നെ’ (ഭടന്മാരോടായി) ‘നടക്കുവിന്‍’
ത്രിഗര്‍ത്തന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പശുക്കളെ ആട്ടിത്തെളിച്ചുകൊണ്ട് നടക്കുന്നതായി നടിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു.
ശ്ലോകം-രാഗം-ശങ്കരാഭരണം
“സുയോധനനിയോഗതോ നിശി സ യോധനാഥോ യദാ
 വിരാടനൃപഗോധനം കില മഹാധനം നീതവാന്‍
 തദാകലിതസാധനോ ഭടജനൈസ്സഹായോധനേ
 രുരോധ സ മഹീപതി:പഥി വിരോധിനം സായകൈ:“
{സുയോധനനിയോഗത്താല്‍ രാത്രിയില്‍ ആ സേനാനായകന്‍ എപ്പോള്‍ വിരാടരാജന്റെ മഹാസമ്പത്തായ ഗോധനം കവര്‍ന്നുവോ അപ്പോള്‍ യുദ്ധോപകരങ്ങളോടും ഭടന്മാരോടും കൂടി വിരാടരാജാവ് വന്ന് വഴിയ്ക്കുവെച്ച് വിരോധിയെ അസ്ത്രങ്ങളാല്‍ തടുത്തു.}

ശ്ലോകം അവസാനിക്കുന്നതോടെ വിരാടന്‍ അമ്പും വില്ലും ധരിച്ചുകൊണ്ട് എടുത്തുകലാശം ചവുട്ടി ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു.
വിരാടന്‍:(‘അഡ്ഡിഡ്ഡിക്കിട’ വെച്ച് നിന്ന് ത്രിഗര്‍ത്തനെ കണ്ട്, ആപാദചൂടം വീക്ഷിച്ച് പുച്ഛിച്ചിട്ട്) ‘എടാ, എന്റെ ഗോക്കളെ കട്ടുകൊണ്ടുപോകാന്‍ നിനക്കെങ്ങനെ ധൈര്യംവന്നു?’
ത്രിഗര്‍ത്തന്‍:‘ധൈര്യമുണ്ടെങ്കില്‍ നീ എന്നെ യുദ്ധത്തില്‍ ജയിക്ക്’
വിരാടന്‍:(ക്ഷോഭത്തോടെ) ‘നോക്കിക്കോ, നിന്റെ ഈ ഗര്‍വ്വ് ഈ ക്ഷണം ഞാന്‍ നശിപ്പിക്കുന്നുണ്ട്. കണ്ടുകൊള്‍ക’
വിരാടന്‍ നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.

യുദ്ധപദം-രാഗം:ശങ്കരാഭരണം, താളം:ത്രിപുട(ദ്രുതകാലം)
വിരാടന്‍:
പല്ലവി:
“കല്യനെങ്കില്‍ നില്ലെടാ ഗോകുലചോരാ
 കല്യനെങ്കില്‍ നില്ലെടാ”
അനുപല്ലവി:
“തെല്ലുമിഹ മമ മനസിശൃണു ഭയ-
 മില്ല തവ ചതികള്‍ കൊണ്ടയി ജള”
(“കല്യനെങ്കില്‍ നില്ലെടാ..................നില്ലെടാ”)
ചരണം1:
“മണ്ഡലാഗ്രംകൊണ്ടു ഞാന്‍ നിന്റെ ഗള-
 ഖണ്ഡനം ചെയ്തധുനാ
 ദണ്ഡപാണിപുരം തന്നിലാക്കീടുവന്‍
 ചണ്ഡരിപുമദഖണ്ഡനേ ഭുജ-
 ദണ്ഡമിതു ശൌണ്ഡതരമറിക നീ”
{സമര്‍ത്ഥനെങ്കില്‍ നില്ലെടാ. ഗോകുലചോരാ, സമര്‍ത്ഥനെങ്കില്‍ നില്ലെടാ. വിഢീ, കേള്‍ക്കുക. നിന്റെ ചതികള്‍ കൊണ്ട് എന്റെ മനസ്സില്‍ തെല്ലും ഭയമില്ല. ഞാന്‍ വാള്‍ത്തലകൊണ്ട് നിന്റെ ഗളം ഖണ്ഡിച്ച് ഇപ്പോള്‍ നിന്നെ യമപുരിയിലാക്കുന്നുണ്ട്. കോപിഷ്ടരായ രിപുക്കളുടെ മദമടക്കുന്നതില്‍ ഈ കരുത്താര്‍ന്ന കൈകള്‍ ഏറ്റവും ശൌര്യമുള്ളതാണന്ന് നീ അറിയുക.}

ത്രിഗര്‍ത്തന്‍:
ചരണം2:
“ഭീഷണികള്‍ കേള്‍ക്കുമ്പോള്‍ ഭയമുള്ള
 ഭോഷനല്ല ഞാനെടാ
 ഭാഷണത്തിലുള്ള ശക്തി പോരില്‍ വേണം
 ഈഷലെന്നിയെ നിന്നെ സുര-
 യോഷമാരുടെ പതിയതാക്കുവന്‍”
പല്ലവി:
“വാടാ ഭൂപകീടക വീരനെങ്കില്‍
 വാടാ ഭൂപകീടക”
{ഭീഷണികള്‍ കേള്‍ക്കുമ്പോള്‍ ഭയമുള്ള വിഢിയല്ലടാ ഞാന്‍. വാക്കിലുള്ള ശക്തി പോരിലും വേണം. സംശയമില്ല, നിന്നെ സ്വര്‍ഗ്ഗത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട്. വാടാ, രാജകീടമേ. വീരനെങ്കില്‍ വാടാ, രാജകീടമേ.}

ശേഷം യുദ്ധവട്ടം-
വിരാടനും ത്രിഗര്‍ത്തനും അമ്പും വില്ലുമെടുത്ത് ക്രമത്തില്‍ പരസ്പരം പോരുവിളിച്ച് യുദ്ധത്തിലേര്‍പ്പെടുന്നു. യുദ്ധാവസാനത്തില്‍ ത്രിഗര്‍ത്തന്‍ വിരാടനെ ബന്ധിച്ച് ഇടത്തുഭാഗത്തേയ്ക്ക് മാറ്റിനിര്‍ത്തുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.
ശ്ലോകം-രാഗം:കേദാരഗൌഡം
“മദ്ധ്യേയുദ്ധമഥ ത്രിഗര്‍ത്തപതിനാ ക്രുദ്ധേന ബദ്ധേ നൃപേ
 ബന്ധും തം വിമതഞ്ച മോക്തുമചിരാല്‍ ബന്ധുഞ്ചസഞ്ചിന്തയന്‍
 സന്ധാവന്‍ പരിപന്ഥിസിന്ധുരഹരിര്‍ദ്രാഗ്ഗന്ധവാഹാത്മജ:
 സ്കന്ധാവാരധുരന്ധര:പഥി രിപും രുന്ധന്‍ ബഭാഷേ രുഷാ”
{യുദ്ധത്തില്‍ ത്രിഗര്‍ത്തപതി ക്രോധത്തോടെ രാജാവിനെ ബന്ധിച്ചപ്പോള്‍ ബന്ധുവായ അദ്ദേഹത്തെ മോചിപ്പിക്കുവാനും ശത്രുവിനെ ബന്ധിക്കുവാനും വിചാരിച്ച് ശത്രുക്കളായ ആനകള്‍ക്ക് സിംഹമായുള്ളവനും രാജധാനി രക്ഷാധികാരിയുമായ വായുപുത്രന്‍ വഴിക്കുവെച്ച് ശത്രുവിനെ തടഞ്ഞുകൊണ്ട് കോപത്തോടെ പറഞ്ഞു.}

ശ്ലോകാവസാനത്തോടെ വലലന്‍ ചട്ടുകധാരിയായി വലത്തുഭാഗത്തുനിന്നും ഓടികൊണ്ട് പ്രവേശിക്കുന്നു.
വലലന്‍:‍(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ത്രിഗര്‍ത്തനെ കണ്ട്, സൂക്ഷിച്ചുനോക്കി നിന്ദിച്ചിട്ട്) ‘എടാ, കള്ളാ, എന്റെ സ്വാമിയെ ബന്ധിച്ചതെന്തിന്? അഴിച്ചുവിട്’
ത്രിഗര്‍ത്തന്‍:‘അത് മോഹിക്കേണ്ടാ’
വലലന്‍:‘വിടില്ലെ?’
വലലന്‍ ബലം പ്രയോഗിച്ച് വിരാടനെ മോചിപ്പിച്ച് വലത്തുഭാഗത്താക്കി, വന്ദിച്ച് അയയ്ക്കുന്നു. വിരാടന്‍ അനുഗ്രഹിച്ച് നിഷ്ക്രമിക്കുന്നു. വലലന്‍ ‘കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.

വിരാടനെ ബന്ധിച്ചുകൊണ്ടുപോകുന്ന ത്രിഗര്‍ത്തനെ വലലന്‍ തടയുന്നു.
യുദ്ധപ്പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
വലലന്‍:
പല്ലവി:
“മൂഢമതേ രണനാടകമാടുക പാടച്ചരകീട”
അനുപല്ലവി:
“കൂടകര്‍മ്മങ്ങള്‍ ഫലിച്ചീടുമെന്നോര്‍ത്തിടാതെ
 പാടവമുണ്ടെങ്കില്‍ വന്നടുത്തീടുക”
ചരണം1:
“ഒളിച്ചു വന്നു ഗോക്കളെ തെളിച്ചുകൊണ്ടു പോകാതെ
 വെളിച്ചത്തുവാട പോവാനയച്ചീടുമോ
 കളിച്ചീടേണമെന്നോടടര്‍ക്കളത്തില്‍ നമുക്കതിനു
 വിളിച്ചീടുന്നിതാ നിന്നെ വലലനഹം”
(“മൂഢമതേ രണനാടകമാടുക പാടച്ചരകീട”)
{വിഢീ, കള്ളപ്പുഴുവേ, രണനാടകമാടുക. ചതിപ്രയോഗങ്ങള്‍ ഫലിച്ചീടുമെന്ന് വിചാരിക്കാതെ മിടുക്കുണ്ടെങ്കില്‍ വന്നെതിര്‍ക്കുക. ഒളിച്ചുവന്ന് ഗോക്കളെ തെളിച്ചുകൊണ്ടുപോകാതെ വെളിച്ചത്തുവാടാ, പോവാന്‍ അയച്ചീടുമോ? നമുക്കൊന്ന് പോര്‍ക്കളത്തില്‍ കളിക്കണം. അതിനായി വലലനായ ഞാന്‍ നിന്നെ വിളിക്കുന്നു.}

ത്രിഗര്‍ത്തന്‍:
ചരണം2:
“ത്രിഗര്‍ത്തനാഥന്റെ ഭുജമഹത്വമറിഞ്ഞിടാതെ
 തിമര്‍ത്ത മദത്തൊടു വന്നെതിര്‍ത്ത നിന്നെ
 വികര്‍ത്തനാത്മജന്‍ തന്റെ പുരത്തിലയച്ചീടുവന്‍
 കിമര്‍ത്ഥം വികര്‍ത്തനങ്ങള്‍ നിരര്‍ത്ഥമഹോ”
പല്ലവി:
“കുടിലമതേ പടപൊരുവതിനുടമയൊടടല്‍ നിലമതില്‍ വാടാ”
ത്രിഗര്‍ത്തനാഥന്റെ കരബലത്തെപ്പറ്റി അറിയാതെ വലിയ അഹങ്കാരത്തോടെ വന്ന് എതിര്‍ത്ത നിന്നെ കാലന്റെ പുരത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട്. ഹോ! പൊള്ളയായ ആത്മപ്രശംസകള്‍ നിരത്ഥകമാണ്. എടാ, ദുഷ്ടബുദ്ധീ, പടപൊരുതുവാന്‍ മിടുക്കോടെ പടനിലത്തിലേയ്ക്കുവാ}

വലലന്‍:
ചരണം3:
“കരികളും കിരികളും ഹരിണങ്ങള്‍ ജംബുകങ്ങള്‍
 ഗിരികളില്‍ നിരവധി തുരുതുരനേ
 പൊരുവതിനൊരുമിച്ചു വരുകിലുമൊരു ഭയം
 ഹരിവരനുദിക്കുമോ കരുതുക നീ”
(“മൂഢമതേ രണനാടകമാടുക പാടച്ചരകീട”)
{മലമുകളില്‍ ആനകള്‍, പന്നികള്‍, മാനുകള്‍, കുറുക്കന്മാര്‍ എന്നിവ കൂട്ടംകൂട്ടമായി പൊരുതാന്‍ വന്നാലും സിംഹശ്രേഷ്ഠന് ഒരു ഭയമുണ്ടാകുമോ? നീ ആലോചിച്ചുനോക്കു.}

ത്രിഗര്‍ത്തന്‍:
ചരണം4:
“മദിച്ചു വെട്ടുവാന്‍‌വന്ന മഹിഷത്തിനോടു സമം
 വദിച്ചാലതുകൊണ്ടേതും ഫലിച്ചീടുമോ
 ഉദിച്ച ഗര്‍വ്വമോടേവം കഥിച്ച നിന്നുടെ ദേഹം
 പതിച്ചീടും ശരങ്ങള്‍കൊണ്ടവനീതലേ”
(
“കുടിലമതേ പടപൊരുവതിനുടമയൊടടല്‍ നിലമതില്‍ വാടാ”)
{മദിച്ച് വെട്ടുവാന്‍ വന്ന പോത്തിനോട് സമാധാനം പറഞ്ഞാല്‍ ഫലിക്കുമോ? ഗര്‍വ്വോടുകൂടി ഇപ്രകാരം പറഞ്ഞ നിന്റെ ദേഹം ശരങ്ങള്‍ കൊണ്ട് ഭൂതലത്തില്‍ പതിച്ചീടും.}

ശേഷം യുദ്ധവട്ടം-
വലലനും ത്രിഗര്‍ത്തനും ക്രമത്തില്‍ പരസ്പരം പോരുവിളിച്ച് മുഷ്ടിയുദ്ധം ആരംഭിക്കുന്നു. യുദ്ധാന്ത്യത്തില്‍ വലലന്‍ ത്രിഗര്‍ത്തനെ ബന്ധിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു.
ശ്ലോകം^-രാഗം:കേദാരഗൌഡം
“ഭീമപ്രഭാവേന വിരാട ഭൂപ-
 സ്സമുക്തബന്ധ: പ്രഥമം ബഭൂവ
 ബദ്ധസ്സുശര്‍മ്മാഥ യുഥിഷ്ഠിരോക്ത്യാ
 മുക്താ യയൌ ഹന്ത യഥാര്‍ത്ഥനാമാ”
{ഭീമന്‍ തന്റെ കരുത്തിനാല്‍ ആദ്യം വിരാടരാജാവിനെ ബന്ധമോചിതനാക്കുകയും പിന്നെ സുശര്‍മ്മാവിനെ ബന്ധിക്കുകയും ചെയ്തു. യുധിഷ്ഠിരന്റെ വാക്കിനാല്‍ ബന്ധമുക്തനാക്കിയപ്പോള്‍ അയാള്‍ തന്റെ പേര് അന്വര്‍ത്ഥമാക്കുന്നവനായി(സുഖമുള്ളവനായി) പോവുകയും ചെയ്തു.}

[^ശ്ലോകാരംഭത്തില്‍ വിജയഭാവത്തില്‍ ബന്ധനസ്തനായ ത്രിഗര്‍ത്തനെ നോക്കി നില്‍ക്കുന്ന വലലന്‍ ‘യുഥിഷ്ഠിരോക്ത്യാ’ എന്നതോടെ കേട്ട് ഉറപ്പിക്കുകയും ‘മുക്താ’ എന്നാലപിക്കുന്നതിനൊപ്പം ത്രിഗര്‍ത്തനെ ബന്ധവിമുക്തനാക്കുകയും ‘പോ’ എന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു.]

ത്രിഗര്‍ത്തന്‍ പെട്ടന്ന് പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.
വലലന്‍:(ആത്മഗതമായി) ‘ഇനി രാജധാനിയിലേയ്ക്ക് മടങ്ങികതന്നെ’
വലലന്‍ ചട്ടുകധാരിയായി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: