2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ഉത്തരാസ്വയംവരം അഞ്ചാം രംഗം

രംഗത്ത്-ഉത്തരന്‍(ഇടത്തരം പച്ചവേഷം), ഉത്തരപത്നിമാര്‍‍(രണ്ട് കുട്ടിത്തരം സ്ത്രീവേഷങ്ങള്‍)‍, പശുപാലകന്മാര്‍(രണ്ട് കുട്ടിത്തരം മിനുക്കുവേഷങ്ങള്‍)

ശ്ലോകം-രാഗം:നവരസം
“അത്രാന്തരേ കില വിരാടപതേസ്തനൂജ:
 ശുദ്ധാന്തയൌവതവൃതസ്സുഖമുത്തരാഖ്യ:
 നാളീകസായകശരാളിവിധേയചേതാ:
 കേളീരസേന വനിതാജനമേവമൂചേ”
{ഈ സമയത്ത് സുഖമാകുംവണ്ണം അന്ത:പുരസ്ത്രീകളാല്‍ ചുറ്റപ്പെട്ടിരുന്ന വിരാടരാജാവിന്റെ പുത്രനായ ഉത്തരന്‍ കാമബാണത്തിനാല്‍ വിധേയനായി കേളീരസത്തോടുകൂടി വനിതാജനങ്ങളോട് ഇപ്രകാരം പറഞ്ഞു.}

ഇരുവശത്തുമായി അന്തപ്പുരസ്ത്രീകളെ നിര്‍ത്തി, അവരുടെ കൈകള്‍ കോര്‍ത്തുപിടിച്ച് മാറോടണച്ചുകൊണ്ട് രംഗമദ്ധ്യത്തിലൂടെ ‘കിടതധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ഉത്തരന്‍, മുന്നോട്ടുവന്ന് സ്ത്രീകളെ ഇരുവശത്തുമായി വിടുത്തി നിര്‍ത്തിയശേഷം നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.

ഉത്തരന്‍(കലാ:ഷണ്മുഖന്‍) പ്രേയസിമാരോടുകൂടി(കലാ:ശുചീന്ദ്രന്‍, കലാ:അരുണ്‍ വാര്യര്‍) പ്രവേശിക്കുന്നു.

ഉത്തരന്റെ പദം-രാഗം:നവരസം, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“അരവിന്ദമിഴിമാരേ ഗിരമിന്നു കേള്‍ക്ക മേ
 ശരദിന്ദു മുഖിമാരേ സാദരം”
അനുപല്ലവി:
“കുരുവിന്ദദന്തിമാരേ പരിചില്‍ ക്രീഡകള്‍ ചെയ്തു
 പെരുകുന്ന സുഖമേ നാം മരുവീടേണമിന്നേരം”
ചരണം1:
“കടുത്ത ഭാവേന വില്ലുമെടുത്തു ബാണങ്ങളെല്ലാം
 തൊടുത്തു ചൊരിഞ്ഞു മാരനടുത്തീടുന്നു
 തടുത്തുകൊള്ളുവാനേതും പടുത്വമില്ല മേ കൊങ്ക-
 തടത്താണേ പൊളിയല്ല മടുത്തുകും മൊഴിമാരേ”
ചരണം2:
“ഏണാങ്കനിളങ്കാറ്റും വീണാവേണുനാദവും
 ചേണാര്‍ന്ന കുസുമാദി ഇവകളെല്ലാം
 പ്രാണവല്ലഭമാരേ കാണിനേരം നിങ്ങളെ
 കാണാഞ്ഞാല്‍ പരിതാപം വളരുന്നു സുഖമിപ്പോള്‍”
{താമരമിഴിമാരേ, ശരത്ക്കാലചന്ദ്രനൊത്ത മുഖത്തോടുകൂടിയവരേ, ഇന്ന് എന്റെ വാക്കുകള്‍ സാദരം കേള്‍ക്കുക. മുല്ലമൊട്ടിനൊത്ത പല്ലുകളോടുകൂടിയവരേ, നമുക്ക് വേണ്ടതുപോലെ കാമകേളികള്‍ ചെയ്ത് വര്‍ദ്ധിച്ച സുഖത്തോടെ വസിക്കാം. കടുത്തഭാവത്തോടെ വില്ലുമെടുത്ത് ബാണങ്ങളെല്ലാം ചൊരിഞ്ഞുകൊണ്ട് കാമന്‍ അടുക്കുന്നു. തടുക്കുവാനായി എനിക്ക് ഒട്ടും സാമര്‍ത്ഥ്യമില്ല. തേന്‍‌വാണികളേ, കള്ളമല്ല. കൊങ്കത്തടത്താണെ സത്യം. പൂന്തിങ്കള്‍, ഇളംകാറ്റ്, വീണാവേണു നാദങ്ങള്‍, മനോഹരമായ പുഷ്പങ്ങള്‍, ആദിയായവകളെല്ലാം തന്നെ അല്ലയോ പ്രാണവല്ലഭമാരേ, അല്പനേരമെങ്കിലും നിങ്ങളെ കാണാഞ്ഞാല്‍ ദു:ഖം വളര്‍ത്തുന്നു. ഇപ്പോള്‍ സുഖവും വളരുന്നു.}

പദാഭിനയം കഴിഞ്ഞ് ഉത്തരന്‍ രംഗമദ്ധ്യത്തിലായി പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് അന്തപ്പുരസ്ത്രീകള്‍ ചേര്‍ന്ന് പദം അഭിനയിക്കുന്നു. ആദ്യചരണം കഴിയുന്നതോടെ കുമ്മിക്കുവട്ടം തട്ടുന്നു. തുടര്‍ന്ന് ആദ്യചരണം മുതല്‍ ക്രമത്തില്‍ പഞ്ചാരി ദ്രുതകാലത്തില്‍ ആലപിക്കുന്നു. സ്ത്രീകള്‍ കുമ്മിനൃത്തം ചെയ്യുന്നു. മുദ്രാഭിനയം ഇല്ല. പദം അന്ത്യത്തില്‍ ചെമ്പടയിലേയ്ക്ക് മാറ്റിയാണ് കലാശിപ്പിക്കുക.
അന്തപ്പുരസ്ത്രീകളുടെ പദം-രാഗം:ഉശാനി, താളം:മുറിയടന്ത(രണ്ടാം കാലം)
ചരണം1:
“വീരാ വിരാടകുമാര വിഭോ
 ചാരുതരഗുണ സാഗര ഭോ
 മാരലാവണ്യ
 നാരീമനോഹാരിതാരുണ്യ
 ജയ ജയ ഭൂരികാരുണ്യ വന്നീടുക
 ചാരത്തിഹ പാരില്‍ തവ നേരൊത്തവരാരുത്തര
 സാരസ്യസാരമറിവതിനും നല്ല
 മാരസ്യലീലകള്‍ ചെയ്‌വതിന്നും”

“ചാരുതരഗുണ സാഗര ഭോ” (അന്തപ്പുരസ്ത്രീകള്‍-കോട്ട:പ്രദീപ്, കോട്ട:സി.എം.ഉണ്ണികൃഷ്ണന്‍, ഉത്തരന്‍-കോട്ട:ഹരികുമാര്‍)

ചരണം2:
“നാളീകലോചനമാരേ നാം
 വ്രീള കളഞ്ഞു വിവിധമോരോ
 കേളികളാടി
 മുദാരാഗമാലകള്‍ പാടി
 കരംകൊട്ടി ചാലവേ ചാടി തിരുമുമ്പില്‍
 താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു-
 മാളികളേ നടനം ചെയ്തിടേണം
 നല്ല കേളീ ജകത്തില്‍ വളര്‍ത്തിടേണം”
ചരണം3:
“ഹൃദ്യതരമൊന്നു പാടീടുവാ-
 നുദ്യോഗമേതും കുറയ്ക്കരുതേ
 വിദ്യുല്ലതാംഗി
 ചൊല്ലീടുക ഗദ്യങ്ങള്‍ ഭംഗി-
 കലര്‍ന്നു നീ സദ്യോ മാതംഗീ
 ധണംതകതദ്ധിമിതത്തൈയ്യ തത്തോംതത്തോമെന്നു
 മദ്ദളം വാദയ ചന്ദ്രലേഖേ നല്ല
 പദ്യങ്ങള്‍ ചൊല്‍ക നീ രത്നലേഖേ”
ചരണം4:
“പാണിവളകള്‍ കുലുങ്ങീടവേ പാരം
 ചേണുറ്റകൊങ്ക കുലുങ്ങീടവേ
 വേണിയഴിഞ്ഞും
 നവസുമശ്രേണി പൊഴിഞ്ഞും
 കളമൃദുവാണിമൊഴിഞ്ഞും സഖിഹേ
 കല്യാണി ഘനവേണി ശുകവാണി സുശ്രോണിനാ-
 മിണങ്ങി കുമ്മിയടിച്ചിടേണം
 നന്നായ്‌വണങ്ങി കുമ്മിയടിച്ചിടേണം”
{വീരാ, വിരാടകുമാരാ, പ്രഭോ, സുന്ദരതരമായ ഗുണങ്ങളുടെ സമുദ്രമേ, കാമസുന്ദരാ, നാരികളുടെ മനംകവരുന്ന യൌവനത്തോടു കൂടിയവനെ, ഏറ്റവും കരുണയുള്ളവനേ, ജയിച്ചാലും, വിജയിച്ചാലും. ഇവിടെ ചാരത്തേയ്ക്കുവന്നാലും. രസത്തിന്റെ സാരം അറിവതിനും നല്ല കാമലീലകള്‍ ചെയ്‌വതിനും പാരില്‍ അങ്ങേയ്ക്ക് തുല്യരായിട്ട് ആരുണ്ട്? താമരമിഴിമാരേ, സഖിമാരേ, നാം ലജ്ജവിട്ട് വിവിധമോരോ കളികള്‍ കളിച്ച്, സസന്തോഷം രാഗമാലകള്‍ പാടി, കരംകൊട്ടി ഭംഗിയായി ചാടി, താളമേളങ്ങളോടുകൂടി തിരുമുമ്പില്‍ നടനം ചെയ്യേണം. ലോകത്തില്‍ നല്ല രസം വളര്‍ത്തേണം. വിദ്യുല്ലതാംഗീ, ഹൃദ്യതരമായി പാടീടുവാന്‍ ശ്രമമൊട്ടും കുറയ്ക്കരുതേ. മാതംഗീ, നീ ഉടനെ ഗദ്യങ്ങള്‍ ഭംഗിയായി ചൊല്ലീടുക. ചന്ദ്രലേഖേ, ‘ധണംതകതദ്ധിമിതത്തൈയ്യ തത്തോംതത്തോം’ എന്നിങ്ങനെ മദ്ദളം വായിക്കൂ. രത്നലേഖേ, നീ നല്ല പദ്യങ്ങള്‍ ചൊല്ലുക. കൈവളകള്‍ ഏറ്റവും കുലുംങ്ങീടുമ്പോള്‍, സുന്ദരമായ കൊങ്ക കുലുങ്ങീടുമ്പോള്‍, മുടിക്കെട്ടഴിഞ്ഞ് പുതുപ്പൂക്കള്‍ പൊഴിയുമ്പോള്‍, സുന്ദരവും മൃദുവുമായ വാക്കുകള്‍ മൊഴിഞ്ഞുകൊണ്ട് ഹേ സഖീ, മംഗളവതീ, കാര്‍വേണീ, കിളിമൊഴീ, നിതംബിനീ, നാം തമ്മിലിണങ്ങി കുമ്മിയടിച്ചിടേണം. നന്നായി വണങ്ങി കുമ്മിയടിച്ചിടേണം.}

ശേഷം ആട്ടം-
കുമ്മി കലാശിക്കുന്നതോടെ ഉത്തരന്‍ എഴുന്നേറ്റ് ഇരു സ്ത്രീകളേയും നോക്കിക്കണ്ടിട്ട് ആലിംഗനം ചെയ്യുന്നു.
ഉത്തരന്‍:‘അല്ലയോ പ്രേയസിമാരേ, നിങ്ങളുടെ നൃത്തഗീതാദികള്‍ കേമമായി! വല്ലാതെ ക്ഷീണിച്ചുവോ? എന്നാല്‍ ഇനി നമുക്ക് അല്പസമയം ഇവിടെ സുഖമായി ഇരിക്കാം.’
ഉത്തരന്‍ ഇരുസ്ത്രീകളുടേയും കൈ കോര്‍ത്തുപിടിച്ച് വലതുഭാഗത്തേയ്ക്കു നീങ്ങി പീഠത്തില്‍ ഇരിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:നാഥനാമക്രിയ
“ബാഹാബലേന പശുപാലകുലം വിജിത്യ
 മാഹാകുലേ നിശി ഹൃതേ കുരുപുംഗവേന
 ഹാഹേതി താവദമുത്തരമേത്യ നാരീ-
 വ്യൂഹാന്തരസ്ഥിതമിതി സ്മ വദന്തി ഗോപാ:“
{ദുര്യോധനന്‍ കരബലത്താല്‍ പശുപാലകകൂട്ടത്തെ ജയിച്ച് രാത്രിയില്‍ പശുവൃന്ദത്തെ അപഹരിച്ച് കൊണ്ടുപോയപ്പോള്‍ ‘ഹാ! കഷ്ടം!’ എന്നിങ്ങിനെ വിലപിച്ചുകൊണ്ട് ഗോപാലകന്മാര്‍ സ്ത്രീകളുടെ നടുവിലിരിക്കുന്ന ഉത്തരനെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു.}

ഉത്തരന്‍ സ്ത്രീകളുമായി സല്ലപിച്ച് ഇരിക്കുന്നു. ശ്ലോകാന്ത്യത്തോടെ ഇടത്തുഭാഗത്തുകൂടി രണ്ടു പശുപാലകര്‍ പഞ്ചാരിമേളത്തിനൊപ്പം വിലപിച്ചുകൊണ്ട് പ്രവേശിക്കുന്നു. വിലാപശബ്ദം കേട്ട് ഉത്തരന്‍ പെട്ടന്ന് എഴുന്നേറ്റ് ഇടംകാല്‍ പീഠത്തിലുയര്‍ത്തിവെച്ച് നിന്ന് വീക്ഷിക്കുന്നു.
ഉത്തരന്‍:‘എന്താണിത്?’
ഗോപാലകര്‍ ഓടിവന്ന് ഉത്തരനെ നമസ്ക്കരിക്കുന്നു.
ഉത്തരന്‍:(അനുഗ്രഹിച്ചശേഷം) ‘എന്താണ് നിങ്ങളിങ്ങിനെ നിലവിളിക്കുന്നത്? കാരണം പറയുക’
പശുപാലകര്‍ പദാഭിനയം ചെയ്യുന്നു.

പശുപാലകരുടെ പദം-രാഗം:നാഥനാമക്രിയ, താളം:മുറിയടന്ത
ഒന്നാമന്‍:
ചരണം1:
“മാനവേന്ദ്രകുമാര പാലയ ദീനരാകിയ ഞങ്ങളെ
 മാനനീയ ഗുണാബുധേ മണിസാനുധീര നമോസ്തു തേ”
{രാജകുമാരാ, ദീനരായ ഞങ്ങളെ രക്ഷിക്കൂ. മാനിക്കപ്പെടേണ്ട ഗുണങ്ങളുടെ സമുദ്രമേ, മേരുപര്‍വ്വതസമാനം ധൈര്യത്തോടുകൂടിയവനേ, അങ്ങേയ്ക്ക് നമസ്ക്കാരം.}

ഉത്തരന്‍:(കേട്ട് ഞെളിഞ്ഞുകൊണ്ട്) ‘ഇപ്പോള്‍ എന്തുണ്ടായി എന്ന് പറയൂ’
രണ്ടാമന്‍:
ചരണം2:
“മുഷ്ക്കരന്മാരായ കൌരവര്‍ തക്കമാശു ധരിച്ചുടന്‍
 തസ്ക്കരാകൃതിപൂണ്ടു ഗോകുലമൊക്കെയും ബതകൊണ്ടുപോയ്”
{കഷ്ടം! കരുത്തരായ കൌരവര്‍ തക്കംനോക്കി തസ്ക്കരന്മാരായിവന്ന് ഗോകുലത്തെഒക്കെയും കൊണ്ടുപോയി}

ഉത്തരന്‍:‘ഒക്കെയും കൊണ്ടുപോയോ? ധിക്കാരം തന്നെ. നിങ്ങള്‍ തടുത്തില്ലെ?’
ഒന്നാമന്‍:
ചരണം3:
“ക്രുദ്ധരായഥ ഞങ്ങളും ദ്രുതമര്‍ദ്ധരാത്രിയിലെത്രയും
 യുദ്ധമേറ്റിഹ തോറ്റു വന്നിതു ബദ്ധമോദമവേഹി ഭോ”
{ഈ അര്‍ദ്ധരാത്രിയില്‍ ഞങ്ങള്‍ ഏറ്റവും കോപത്തോടെ ചെന്ന് യുദ്ധം ചെയ്ത് തോറ്റുപോന്നു എന്ന് അങ്ങ് ദു:ഖത്തോടെ അറിഞ്ഞാലും}

ഉത്തരന്‍:‘ഹോ! കഷ്ടം!’
രണ്ടാമന്‍:
ചരണം4:
“ജന്യസീമനി നീയുമരിവരസൈന്യമാശു ജയിച്ചുടന്‍
 ധന്യശീല പശുക്കളെത്തവ ചെന്നു വീണ്ടു വരേണമേ”
{ധന്യശീലനായ അങ്ങ് യുദ്ധക്കളത്തില്‍ ചെന്ന് ശത്രുസൈന്യത്തെ പെട്ടന്ന് ജയിച്ച് അങ്ങയുടെ പശുക്കളെ വീണ്ടെടുക്കേണമേ}

ഉത്തരന്റെ മറുപടിപ്പദം-രാഗം:ഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“ഗോപാലകന്മാരേ പരിതാപമുള്ളിലരുതേതും
 ചാപപാണിവരനാകും ഞാന്‍ നിങ്ങള്‍ക്കുവന്നോ-
 രാപദമശേഷം പോക്കുവന്‍”
“ഗോപാലകന്മാരേ” (ഉത്തരന്‍-കലാ:ബാലസുബ്രഹ്മണ്യന്‍, അന്തപ്പുരസ്ത്രീകള്‍-വെള്ളിനേഴി ഹരിദാസന്‍, സദനം ഭാസി)

ചരണം2:
“കണ്ടുകൊള്‍ക മമ വീര്യം രണ്ടു നാഴികയ്ക്കുള്ളില്‍ ഞാന്‍
 കണ്ടകനിഗ്രഹം ചെയ്തുടന്‍ ഗോകുലമിങ്ങു
 വീണ്ടുകൊണ്ടുപോരുന്നുണ്ടു നിര്‍ണ്ണയം”
ചരണം3:
“ശക്രനാദിയാകും ദേവചക്രമിങ്ങു വരികിലും
 വിക്രമിയായീടുമെന്നോടു സംഗരഭുവി
 നില്ക്കയില്ലെന്തു മറ്റുള്ളവര്‍”
ചരണം4:
“ഭീരുതകൂടാതെ മമ തേരതു തെളിപ്പാനൊരു
 സാരഥിയുണ്ടെങ്കിലിന്നുഞാന്‍ വൈരിസഞ്ചയം
 പാരാതെ ജയിച്ചു വരുവന്‍”
ചരണം5:
“കൃഷ്ണസാരഥിയായ് മുന്നം ജിഷ്ണു ഖാണ്ഡവദാഹത്തില്‍
 ജിഷ്ണുതന്നെ വെന്നതു പോലെ സംഗരേ രിപു-
 ജിഷ്ണു ഞാന്‍ ജയിച്ചു വരുവന്‍”
{ഗോപാലകന്മാരേ, ഉള്ളില്‍ ഒട്ടും ദു:ഖമരുത്. വില്ലാളികളില്‍ മുമ്പനായ ഞാന്‍ നിങ്ങള്‍ക്കുവന്ന അപത്തെല്ലാം തീര്‍ക്കുന്നുണ്ട്. എന്റെ വീര്യം കണ്ടുകൊള്‍ക. രണ്ട് നാഴികകയ്ക്കുള്ളില്‍ ഞാന്‍ ശത്രുവിനെ നശിപ്പിച്ച് ഗോകുലത്തെ കൊണ്ടുപോരുന്നുണ്ട്, തീര്‍ച്ച. ഇന്ദ്രാദികളായ ദേവസമൂഹം എതിരായി വന്നാലും യുദ്ധഭൂമിയില്‍ വിക്രമിയായ എന്നോട് എതിരിട്ടുനില്‍ക്കുകയില്ല. പിന്നെയുണ്ടോ മറ്റുള്ളവര്‍? പേടികൂടാതെ എന്റെ തേരുതെളിക്കുവാന്‍ ഒരു സാരഥിയുണ്ടെങ്കില്‍ ഇന്ന് ഞാന്‍ ശത്രുക്കളെ ജയിച്ചുവരും. പണ്ട് ഖാണ്ഡവദാഹ സമയത്ത് കൃഷ്ണനെ സാരഥിയാക്കി അര്‍ജ്ജുനന്‍ ഇന്ദ്രനെ ജയിച്ചതുപോലെ ശത്രുക്കളെ വെല്ലുന്ന ഞാന്‍ യുദ്ധം ജയിച്ചുവരും.}

ശേഷം ആട്ടം-
ഉത്തരന്‍:(ഗോപാലകരോട്) ‘അതുകൊണ്ട് തേര്‍ തെളിക്കുവാന്‍ ധൈര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്യൂഷിച്ചുവന്ന് വിവരം അറിയിക്കുക’
പശുപാലകര്‍ അനുസരിച്ച് വണങ്ങി നിഷ്ക്രമിക്കുന്നു.
ഉത്തരന്‍:(പശുപാലകരെ അയച്ചശേഷം സ്ത്രീകളെ ഇരുവശത്തുമായി നിര്‍ത്തി, അവരോടായി) ‘പശുപാലകര്‍ പറഞ്ഞതു കേട്ടില്ലെ? അതിനാല്‍ യോഗ്യനായ സാരഥിയുണ്ടെങ്കില്‍ ഞാന്‍ ഉടനെ യുദ്ധത്തിനുപോകും. യുദ്ധം ജയിച്ച് മടങ്ങിവരുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കൊണ്ടുവരേണ്ടത്? ഉം, ദുര്യോധനാദികളുടെ വിശേഷപ്പെട്ട പട്ടുവസ്ത്രങ്ങള്‍ കൊണ്ടുവന്ന് തരാം. നിങ്ങള്‍ സന്തോഷത്തോടെ വസിക്കുവിന്‍’
ഉത്തരനും പത്നിമാരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

കഥകളി ആസ്വാദകര്‍ക്ക് വളരെ പ്രയോജനം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.