2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

ഉത്തരാസ്വയംവരം ആറാം രംഗം

രംഗത്ത്-ബൃഹന്നള(മുലക്കൊല്ലാരം കെട്ടിയ ഒന്നാന്തരം പച്ചവേഷം), സൈരന്ധ്രി(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഊശാനി
“ഇതി ഭര്‍തൃസമത്വകല്പനം
 വചനം തസ്യ നിശമ്യ ദുര്‍മ്മനാ:
 ദ്രുപദസ്യ സുതാ കിരീടിനം
 ‍പതിമാസാദ്യ ജഗാദ സാദരം”
{തന്റെ ഭര്‍ത്താവിനോട് സമത്വം കല്പിച്ചുകൊണ്ടുള്ള ഉത്തരന്റെ വാക്കുകള്‍ കേട്ട് ദു:ഖിതയായ ദ്രുപദപുത്രി, പതിയായ കിരീടിയുടെ സമീപത്തുചെന്ന് സാദരം പറഞ്ഞു.}

ബൃഹന്നള വലതുഭാഗത്തായി പീഠത്തില്‍ ഇരിക്കുന്നു. ഇടത്തുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം ശോകഭാവത്തില്‍ പ്രവേശിക്കുന്ന സൈരന്ധ്രി ബൃഹന്നളയെ കണ്ട്, സമീപം ചെന്ന്  മുട്ടുകുത്തി വന്ദിക്കുന്നു.
ബൃഹന്നള:(അനുഗ്രഹിച്ച ശേഷം) ‘നിന്റെ മുഖം ഇങ്ങിനെ വാടിയിരിക്കുവാന്‍ കാരണമെന്ത്?’
സൈരന്ധ്രി:‘പറയാം’
തുടര്‍ന്ന്
സൈരന്ധ്രി പദാഭിനയം ആരംഭിക്കുന്നു.

സൈരന്ധ്രിയുടെ പദം-രാഗം:ഊശാനി, താളം:മുറിയടന്ത
പല്ലവി:
“വല്ലഭ ശൃണു വചനം വാസവസൂനോ മല്ലീസായകസുന്ദര”
അനുപല്ലവി:
“വില്ലാളിപ്രവരന്മാരെല്ലാപേരും ചൂടും
 നല്ല രത്നമേ വീര കല്യാണഗുണസിന്ധോ”
ചരണം1:
“മല്ലാരിയുടെ ബന്ധുക്കള്‍ പാണ്ഡവര്‍ നിങ്ങള്‍
 വല്ലഭയാകുമെന്നോടും
 അല്ലും പകലുമന്യന്‍ ചൊല്ലും വേലകള്‍ ചെയ്തു
 അല്ലലോടു വാഴുവാനല്ലോ സംഗതി ഹാ ഹാ”
{വല്ലഭാ, ഇന്ദ്രപുത്രാ, കാമസുന്ദരാ, പറയുന്നത് ശ്രവിച്ചാലും. വില്ലാളിപ്രവരന്മാരെല്ലാം മുടിയില്‍ ചൂടുന്ന നല്ല രത്നമേ, വീരാ, സത്ഗുണസമുദ്രമേ, ശ്രീകൃഷ്ണന്റെ ബന്ധുക്കളായ പാണ്ഡവര്‍, നിങ്ങള്‍ വല്ലഭയാകുന്ന എന്നോടോപ്പം രാവും പകലും അന്യന്‍ പറയുന്ന വേലകള്‍ ചെയ്ത് ദു:ഖത്തോടെ കഴിയുവാനാണല്ലോ സംഗതിയായത്. കഷ്ടം! കഷ്ടം!}

“വല്ലഭ ശൃണു വചനം വാസവസൂനോ മല്ലീസായകസുന്ദര” (ബൃഹന്നള-കലാ:ഗോപി, സൈരന്ധ്രി-ഇ.വാസു)
ബൃഹന്നള‍:‘എല്ലാം തലയിലെഴുത്തു തന്നെ. ഇപ്പോള്‍ ഉണ്ടായതെന്ത്?’
സൈരന്ധ്രി:
ചരണം2:
“ധാര്‍ത്തരാഷ്ട്രനും സേനയും ഗോഗ്രഹംചെയ്ത
 വാര്‍ത്ത കേട്ടതി കോപേന
 ധൂര്‍ത്തനുത്തരന്‍ നാരീസാര്‍ത്ഥം കേള്‍ക്കവേ ചൊന്ന-
 തോര്‍ത്തു കോപവുമുള്ളിലാര്‍ത്തിയും വളരുന്നു”
{ദുര്യോധനനും സേനയും ഗോക്കളെ അപഹരിച്ച വാര്‍ത്ത കേട്ട് ധൂര്‍ത്തനായ ഉത്തരന്‍ ഏറ്റവും കോപത്തോടെ സ്ത്രീജനങ്ങള്‍ കേള്‍ക്കവെ പറഞ്ഞതോര്‍ക്കുമ്പോള്‍ ഉള്ളില്‍ കോപവും താപവും വളരുന്നു.}

ബൃഹന്നള:‘ഉത്തരന്‍ പറഞ്ഞതെന്ത്?’
സൈരന്ധ്രി:
ചരണം3:
“തേരതു തെളിച്ചീടുവാന്‍ ദക്ഷനായൊരു
 സാരഥിയുണ്ടെന്നാകില്‍
 വീര നീയെന്നതുപോലെ വൈരിസഞ്ചയന്തന്നെ
 പോരില്‍ വെല്ലുമെന്നോരോ വീരവാദങ്ങള്‍ ചൊന്നാന്‍”
{തേരുതെളിക്കുവാന്‍ സമര്‍ഥനായൊരു സാരഥിയുണ്ടെങ്കില്‍ അല്ലയോ വീരാ, അങ്ങെന്നതുപോലെ പോരില്‍ ശത്രുസമൂഹത്തെ ജയിക്കുമെന്നോരോ വീരവാദങ്ങള്‍ പറഞ്ഞു.}

ബൃഹന്നള:‘ഹോ! അങ്ങിനെയോ? നീ ഒട്ടും വ്യസനിക്കേണ്ട. ഉപായമുണ്ട്’
.
ബൃഹന്നളയുടെ മറുപടിപ്പദം-രാഗം:കല്യാണി, താളം:ചമ്പട(രണ്ടാം കാലം)
ചരണം1:
“താരില്‍ തേന്മൊഴിമാര്‍മണേ ഉത്തരന്‍ തന്റെ
 ചാരത്തുചെന്നു ചൊല്‍ക നീ”

“താരില്‍ തേന്മൊഴിമാര്‍മണേ” (ബൃഹന്നള-കലാ:വാസുപ്പിഷാരടി, സൈരന്ധ്രി-കലാ:ചെമ്പക്കര വിജയൻ)
ചരണം2:
“സാരഥ്യം ബൃഹന്നളപോരും ചെയ്‌വതിനെന്നു
 ചാരുസ്തനി നീ താപഭാരത്തെ ത്യജിച്ചാലും”
പല്ലവി:
“പാര്‍വ്വണശശിവദനേ കേള്‍ക്ക മേവാചം
 പാഞ്ചാല രാജകന്യേ”
{പൂന്തേന്മൊഴിമാരില്‍ രത്നമായുള്ളവളേ, തേരുതെളിക്കുവാന്‍ ബൃഹന്നള മതി എന്ന് നീ ഉത്തരന്റെ അടുത്തുചെന്ന് പറയുക. സുന്ദരമായ സ്തനത്തോടുകൂടിയവളേ, നീ താപഭാരത്തെ ഒഴിച്ചാലും. പൂര്‍ണ്ണചന്ദ്രവദനേ, പാഞ്ചാലരാജപുത്രീ, ഞാന്‍ പറയുന്നത് കേട്ടാലും.}

പാര്‍വ്വണശശിവദനേ(ബൃഹന്നള-കലാ:ഗോപി, സൈരന്ധ്രി-ഇ.വാസു)
ശേഷം ആട്ടം-
ബൃഹന്നള‍:‘അല്ലയോ പ്രിയേ, ദൈവകാരുണ്യത്താല്‍ നമ്മുടെ അജ്ഞാതവാസകാലം അവസാനിക്കുകയായി. അതിനാല്‍ ഉത്തരന്റെ ഡംഭ് നശിപ്പിക്കുവാന്‍ ഒട്ടും വൈഷമ്യമില്ല. നീ വേഗം ചെന്ന് ഞാന്‍ പറഞ്ഞത് ഉത്തരനെ അറിയിക്കു. ഞാന്‍ തയ്യാറായി ഇരിക്കാം.’
സൈരന്ധ്രി അനുസരിച്ച് വണങ്ങി നിഷ്ക്രമിക്കുന്നു. അനുഗ്രഹിച്ച് സൈരന്ധ്രിയെ അയച്ചുകൊണ്ട് ബൃഹന്നളയും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: