2010, ജൂലൈ 28, ബുധനാഴ്‌ച

ഉത്തരാസ്വയംവരം ഏഴാം രംഗം

രംഗത്ത്-ഉത്തര(കുട്ടിത്തരം സ്ത്രീവേഷം), ബൃഹന്നള, ഉത്തരന്‍

ശ്ലോകം-രാഗം:സുരുട്ടി
“സാരഥ്യകര്‍മ്മണി തവാസ്തി ബ്രഹന്നളേതി
 കൃഷ്ണാവചശ്: ശ്രുതവതാ പുനരുത്തരേണ
 ദ്രാഗുത്തരാ സമുദിതാഭിമതാര്‍ജ്ജുനേന
 സാകം സമേത്യ ച ജഗാദ സഹോദരം തം‍”
{‘അങ്ങേയ്ക്ക് തേര്‍ തെളിക്കുവാന്‍ ബൃഹന്നളയുണ്ട്’ എന്ന കൃഷ്ണയുടെ വാക്ക് ഉത്തരയാല്‍ കേള്‍ക്കപ്പെട്ടു. ഉത്സാഹിതയായ ഉത്തര പിന്നീട് ഉടനെ അര്‍ജ്ജുനനെകൂട്ടി സഹോദര സമീപം ചെന്ന് പറഞ്ഞു.}

ഉത്തരന്‍ വലതുഭാഗത്തായി പീഠത്തില്‍ ഇരിക്കുന്നു. ഇടത്തുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ഉത്തര ഉത്തരനെ കണ്ട്, സമീപം ചെന്ന്  മുട്ടുകുത്തി വന്ദിക്കുന്നു. ഉത്തരന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ഉത്തര പദാഭിനയം ആരംഭിക്കുന്നു.

ഉത്തരയുടെ പദം-രാഗം:സുരുട്ടി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“വീര സോദര സുമതേ കേള്‍ക്ക മേ വാചം”
അനുപല്ലവി:


“വീര സോദര സുമതേ” (ഉത്തരൻ-കലാ:ഷണ്മുഖൻ, ഉത്തര-കലാ:കാശിനാഥൻ)
“സാരഥി ബൃഹന്നള സാദരമിതാ^ വന്നു”
(“വീര സോദര സുമതേ കേള്‍ക്ക മേ വാചം”)
ചരണം1:
“തേരിലേറിചെന്നു വൈരികളേയും വെന്നു
 പാരം കീര്‍ത്തികൈക്കൊണ്ടു പാരാതെ വന്നീടുക”
(“വീര സോദര സുമതേ കേള്‍ക്ക മേ വാചം”)
{വീരാ, സോദരാ, സുമതേ, എന്റെ വാക്കുകള്‍ കേട്ടാലും. സാരഥിയായി ബൃഹന്നള സാദരമിതാ വന്നിരിക്കുന്നു. തേരിലേറിച്ചെന്ന് വൈരികളെ വെന്ന് വളരെ കീര്‍ത്തിനേടിക്കൊണ്ട് വേഗം വന്നാലും.}

[^‘സാദരമിതാ’ എന്നതിനൊപ്പം ഇടത്തുഭാഗത്തുകൂടി ചമ്മട്ടിയേന്തിക്കൊണ്ട് സവധാനം പ്രവേശികുന്ന ബൃഹന്നള ഉത്തരനെ തലകുനിച്ച് വണങ്ങിയിട്ട് ഇടത്തുവശത്തായി കൈകെട്ടി നില്‍ക്കുന്നു.]


“സാരഥി ബൃഹന്നള സാദരമിതാ വന്നു” (ഉത്തരന്‍-കലാ:ബാലസുബ്രഹ്മണ്യന്‍, ഉത്തര-വെള്ളിനേഴി ഹരിദാസ്, ബൃഹന്നള- കലാ:ഗോപി)
പദാഭിനയം കഴിയുന്നതോടെ ഉത്തര വീണ്ടും ജേഷ്ഠനെ വന്ദിക്കുന്നു. ഉത്തരന്‍ ഉത്തരയെ അനുഗ്രഹിച്ച് അയയ്ക്കുന്നു. ഉത്തര നിഷ്ക്രമിക്കുന്നു. ശേഷം ഉത്തരന്‍ പദം അഭിനയിക്കുന്നു.

ഉത്തരന്റെ പദം-രാഗം:ധന്യാസി, താളം:ചെമ്പ(രണ്ടാം കാലം)
ചരണം1:
“ചാതുര്യമോടു മമ സൂതകര്‍മ്മം ചെയ്യാമോ
 ഭീതി വേണ്ട സവിധേ ഹേതിമാന്‍ ഞാനുണ്ടല്ലോ”
പല്ലവി:
“കേള്‍ക്ക മാമക വചനം ഹേ ബൃഹന്നളേ”
{സാമര്‍ഥ്യത്തോടെ എന്റെ തേരുതെളിക്കാമോ? ഭീതി വേണ്ട സമീപത്ത് ആയുധധാരിയായ ഞാന്‍ ഉണ്ടല്ലൊ. ഹേ ബൃഹന്നളേ, എന്റെ വാക്കുകള്‍ കേള്‍ക്കുക.}

ബൃഹന്നളയുടെ മറുപടിപ്പദം-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ആജിശീലമില്ലേറ്റം വ്യാജമെന്നിയെ രഥ-
 വാജി തെളിപ്പന്‍ തേരില്‍ നീ ജവേന കേറുക”
പല്ലവി:
“രാജനന്ദന സുമതേ കേള്‍ക്ക മേ വാചം”
{യുദ്ധപരിചയം അധികമില്ല. കളവില്ലാതെ തേര്‍‌കുതിരകളെ ഞാന്‍ തെളിച്ചുകൊള്ളാം. അങ്ങ് വേഗം തേരില്‍ കയറിയാലും. രാജപുത്രാ, സുമതേ, എന്റെ വാക്കുകള്‍ കേട്ടാലും.}

ശേഷം ആട്ടം-
ബൃഹന്നള‍:‘ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ഉത്തരന്‍:‘വേഗം തേരോടുകൂടി വരിക’
ബൃഹന്നള:‘രഥം എവിടെയാണ്?’
ഉത്തരന്‍:‘അതാ അവിടെ’
തുടര്‍ന്ന് തേരുകൂട്ടികെട്ടുന്ന ആട്ടം-
ബൃഹന്നള അനുസ്സരിച്ച് പിന്നോട്ടുമാറിയിട്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് രഥം കണ്ട്, ഇടത്തേക്കുനീങ്ങി തേര് ഉലച്ചുവിടുന്നു. പിന്നെ ഇരുഭാത്തുമായി നാലു ചക്രങ്ങളും മീതെ പലകയും ഘടിപ്പിച്ച് ആണിയടിച്ച് ഉറപ്പിക്കുന്നു. പിന്നീട് നാലുകോണുകളിലും തൂണുകള്‍ നാട്ടി, നാലുപുറവും ഉത്തരങ്ങള്‍ നിരത്തി, അവകളും ഉറപ്പിക്കുന്നു. തുടര്‍ന്ന് നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു.
ബൃഹന്നള:(രഥം പിടിച്ചിളക്കി നോക്കിയശേഷം) ‘ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഉത്തന്റെ സമീപം ചെന്ന്) ‘കുതിരകള്‍ എവിടെയാണ്?’
ഉത്തരന്‍:(എഴുന്നേറ്റ് അല്പം അകലേയ്ക്ക് ചൂണ്ടിക്കാട്ടിക്ക്കൊണ്ട്) ‘അതാ അവിടെ കുതിരാലയത്തില്‍ അനവധി കുതിരകള്‍ ഉണ്ട്. ലക്ഷണമൊത്ത കുതിരയെ കെട്ടിക്കൊളക’
ബൃഹന്നള കേട്ട്, അനുസ്സരിച്ചുമാറി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി കുതിരപ്പന്തിയില്‍ കടന്ന്, ലക്ഷണമൊത്ത നാലുകുതിരകളെ കണ്ടെത്തി, അവയെ കൊണ്ടുപോയി തേരില്‍ ബന്ധിച്ചശേഷം തേരുമായി വന്ന ഉത്തരനെ വണങ്ങുന്നു.
ബൃഹന്നള:‘രഥം ഇതാ കണ്ടാലും’
ഉത്തരന്‍:(എഴുന്നേറ്റ് വീക്ഷിച്ചിട്ട് പരിഹാസത്തോടെ) ‘പന്തിയില്‍ നല്ല തടിച്ചുകൊഴുത്ത കുതിരകള്‍ ഉണ്ടായിരുന്നല്ലൊ. അവയെ വിട്ട് ഈ ശോഷിച്ച അശ്വങ്ങളെ കെട്ടിയതെന്തേ?’
ബൃഹന്നള:‘ആ തടിച്ച കുതിരകള്‍ പെട്ടന്ന് ക്ഷീണിക്കും. ഇവ അങ്ങിനെയല്ല. യുദ്ധഭൂമിയില്‍ വായുവേഗത്തില്‍ രഥം കൊണ്ടുചെല്ലാന്‍ ഇവയാണ് നല്ലത്.’
ഉത്തരന്‍:‘എന്നാല്‍ ഇനി പുറപ്പെടുകയല്ലേ?’
ബൃഹന്നള:‘അതെ, വേഗം കയറിയാലും’
ഉത്തരന്‍:‘എന്നാല്‍ രഥം വഴിപോലെ തെളിച്ചാലും’
ഉത്തരന്‍ അമ്പും വില്ലുമെടുത്ത് നാലാമിരട്ടിയെടുത്തിട്ട് രഥത്തില്‍ കയറുവാന്‍ ഭാവിക്കുന്നു. ബൃഹന്നള ഉത്തരനെ ബലമായി തടഞ്ഞുനിര്‍ത്തുന്നു.
ബൃഹന്നള:(പരിഹാസത്തോടെ) ‘കഷ്ടം! കഷ്ടം! അങ്ങൊരു രാജകുമാരനല്ലെ?’
ഉത്തരന്‍:‘ഉം, എന്തേ?’
ബൃഹന്നള:‘ യുദ്ധത്തിനായി പുറപ്പെടുന്ന ഒരു ക്ഷത്രിയന്‍ തൊട്ടുവന്ദിക്കാതെ രഥത്തില്‍ കയറാമോ?‘
ഉത്തരന്‍:(അബദ്ധം നടിച്ചിട്ട്) ‘ശത്രുക്കളോടുള്ള കോപം കൊണ്ട് മറന്നുപോയതാണ്.’
ഉത്തരന്‍ രഥം തൊട്ടുവന്ദിച്ചശേഷം വീണ്ടും നാലാമിരട്ടിയെടുത്ത് അവസാനിക്കുന്നതോടെ രഥത്തില്‍ ചാടികയറുന്നു. ബൃഹന്നള തേര്‍ തെളിക്കുന്നു. ഇരുവരും പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: