2010, ജൂൺ 26, ശനിയാഴ്‌ച

ഉത്തരാസ്വയംവരം പത്താം രംഗം

രംഗത്ത്-ഹനുമാന്‍, ബൃഹന്നള, ഉത്തരന്‍

ശ്ലോകം‍-രാഗം:ശങ്കരാഭരണം
“തപനീയശൈലകമനീയ വിഗ്രഹം
 പുരതസ്സമീക്ഷ്യ മരുതസ്സുതം തത:
 ചരണേ നിപീഡ്യ ച രണേ ജിഗീഷയാ
 സ ജഗാദ ഭഗ്നഭുജഗാദരംഹസം”
{മഹാമേരുകണക്കെ കമനീയമായ ശരീരത്തോടുകൂടിയവനും ഗരുഡന്റെ വേഗത്തെ അതിശയിക്കുന്നവനുമായ വായുസുതനെ മുന്നില്‍ കണ്ട് യുദ്ധത്തില്‍ ജയിക്കണമെന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ ചരണങ്ങളില്‍ വന്ദിച്ച്  കൂപ്പുകൈയ്യോടെ ബൃഹന്നള പറഞ്ഞു.}

ശ്ലോകശേഷം തിരശ്ശീല പിന്നില്‍ വലതുകോണിലേയ്ക് മാറ്റിപിടിക്കുന്നു. ഇടത്തുഭാഗത്തായി എട്ടാം രംഗാന്ത്യത്തിലേതുപോലെ ബൃഹന്നള ഹനുമാനെ ധ്യാനിച്ച് കൈകൂപ്പി നില്‍ക്കുന്നു. പിന്നിലായി ഉത്തരനും നില്‍ക്കുന്നു. നാലാമിരട്ടിമേളത്തോടെ തിരതാഴ്ത്തുമ്പോള്‍ പീഠത്തില്‍ നിന്നുകൊണ്ട് പ്രത്യക്ഷനാകുന്ന ഹനുമാനെ കണ്ട് ബൃഹന്നള ‘കിടതകധീം,താം’ മേളത്തിനൊപ്പം ഭക്ത്യാദാരപൂര്‍വ്വം അദ്ദേഹത്തെ നമസ്ക്കരിക്കുന്നു. ഒപ്പം ഉത്തരനും നമസ്ക്കരിക്കുന്നു. ഹനുമാന്‍ അനുഗ്രഹിച്ചശേഷം താഴെയിറങ്ങി പീഠത്തില്‍ ഇരിക്കുന്നു. ബൃഹന്നള കൈകൂപ്പി സമീപം നിന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.
 

ബൃഹന്നളയുടെ പദം-രാഗം:ശങ്കരാഭരണം, താളം:മുറിയടന്ത
പല്ലവി:
“അഞ്ജനാതനയ കേള്‍ക്ക ഹേ രിപു-
ഭഞ്ജന മദീയഭാഷിതം”
അനുപല്ലവി:
“അഞ്ജസാ ഭവാനെ കാണ്‍കയാല്‍ മോദ-
 പുഞ്ജമിന്നു വളരുന്നു മേ”
ചരണം1:
“ഇന്നു മാത്സ്യനൃപന്‍ തന്നുടെ പശു-
 വൃന്ദഹാരി കുരുമണ്ഡലം
 വെന്നിടുവതിനു സംഗരേ കേതു-
 തന്നില്‍ നീ മമ വസിക്കണം”
ചരണം2:
“ഉന്നതന്മാരാം ജനങ്ങടെ നല്ല സന്നി-
 ധാനംകൊണ്ടു കേവലം
 വന്നുകുടും ജയമേവനും നൂന-
 മെന്നു പാരിലതിസമ്മതം”‍
{അഞ്ജനാതനയാ, അല്ലയോ രിപുനശകാ, ഞാന്‍ പറയുന്നത് കേട്ടാലും. പെട്ടന്ന് ഭവാനെ കാണ്‍കയാല്‍ എനിക്ക് സന്തോഷം വളരുന്നു. മാത്സ്യനൃപന്റെ പശുക്കളെ കവര്‍ന്ന കൌരവരെ യുദ്ധത്തില്‍ വെല്ലുവാനായി ഇന്ന് അവിടുന്ന് എന്റെ കൊടിയില്‍ വസിക്കേണമേ. ഉന്നതന്മാരായ ജനങ്ങളുടെ നല്ല സാന്നിധ്യം കൊണ്ടുതന്നെ ഏവനും ഉറപ്പായും ജയം വന്നുകൂടും എന്നാണല്ലോ ലോകാഭിപ്രായം.}

“അഞ്ജനാതനയ കേള്‍ക്ക“(ഹനുമാന്‍-നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, ബൃഹന്നള-കലാ:ഗോപി, ഉത്തരന്‍-കലാ:ബാലസുബ്രഹ്മണ്യന്‍)
ഹനുമാന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“അമരാധീശ്വരനന്ദന കേള്‍ക്ക നീ അധുനാ മമ”
അനുപല്ലവി:
“സമരാങ്കണമതിലരിവരനികരം
 സപദി ജയ വിജയ ഹൃതപശൂനിചയം”
(“അമരാധീശ്വരനന്ദന കേള്‍ക്ക നീ അധുനാ മമ”)
ചരണം1:
“ക്ഷത്രിയവംശവരന്മാര്‍ക്കിഹ നിജ
 മിത്രജനാവനമല്ലോ ധര്‍മ്മം
 മിത്രനഹോ ബത വീര ജഗതി
 ശതപത്രവികാസപരായണനല്ലോ”
(“അമരാധീശ്വരനന്ദന കേള്‍ക്ക നീ അധുനാ മമ”)
ചരണം2:
“ശങ്കരശൈലം കുത്തിയെടുത്തൊരു
 ലങ്കാധിപനാം രാക്ഷസവരനെ
 ശങ്ക വെടിഞ്ഞു വധിച്ചൊരു രഘുപതി
 തന്‍ കഴലോര്‍ത്തു രണായ ഗമിക്ക നീ”
(“അമരാധീശ്വരനന്ദന കേള്‍ക്ക നീ അധുനാ മമ”)
ചരണം3:
“പണ്ടു പയോധിയെ ലംഘിച്ചഥ ദശ-
 കണ്ഠപുരേ ഞാന്‍ ജാനകിദേവിയെ
 കണ്ടു ശിരോമണി വാങ്ങി ജയം ബത
 പൂണ്ടിഹ പോന്നതും തല്‍ കൃപയല്ലോ”
(“അമരാധീശ്വരനന്ദന കേള്‍ക്ക നീ അധുനാ മമ”)
{ഇന്ദ്രനന്ദനാ. നീ ഇവിടെ ഞാന്‍ പറയുന്നത് കേള്‍ക്കുക. സമരാങ്കണത്തില്‍ ശത്രുക്കൂട്ടത്തെ ഉടനെ ജയിച്ച് പശുക്കൂട്ടത്തെ നേടിയാലും. ക്ഷത്രിയവംശജരായ ശ്രേഷ്ഠന്മാര്‍ക്ക് ഇവിടെ തങ്ങളുടെ മിത്രങ്ങളെ രക്ഷിക്കുന്നതാണല്ലോ ധര്‍മ്മം. ഹോ! ലോകത്തില്‍ താമരയെ വിടര്‍ത്തുന്നതില്‍ തല്പരനാണല്ലോ സൂര്യന്‍. കൈലാസശൈലം കുത്തിയെടുത്തൊരു ലങ്കാധിപനായ രാക്ഷസവരനെ ശങ്കവെടിഞ്ഞ് വധിച്ചൊരു രഘുപതിയുടെ പാദങ്ങളെ സ്മരിച്ച് നീ രണത്തിനായി ഗമിക്കുക. പണ്ട് സമുദ്രത്തെ ലംഘിച്ച് ഞാന്‍ അവിടെ ദശകണ്ഠന്റെ പുരിയിലെത്തി ജാനകീദേവിയെ കണ്ട് ശിരോരത്നം വാങ്ങി വിജയശ്രീലാളിതനായി തിരികെപോന്നതും അവിടുത്തെ കൃപകൊണ്ടാണല്ലോ.}

"ലങ്കാധിപനാം രാക്ഷസവരനെ" (ഹനുമാൻ-കലാനി:വിനോദ്, ബൃന്ദള-കലാ:വാസുപ്പിഷാരടി, ഉത്തരൻ-കലാ:ഷണ്മുഖൻ)
ശേഷം ആട്ടം-
ബൃഹന്നള പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ഹനുമാനെ വന്ദിച്ച് സമീപം നില്‍ക്കുന്നു.
ഹനുമാന്‍:(അനുഗ്രഹിച്ചശേഷം)‘അല്ലയോ പാര്‍ത്ഥാ, ഞാന്‍ നിന്റെ രഥധ്വജത്തില്‍ വസിക്കാം. നീ വേഗത്തില്‍ ശത്രുക്കളോട് പൊരുതിയാലും.
ബൃഹന്നള:‘കല്‍പ്പനപോലെ’
ഹനുമാന്‍ ബൃഹന്നളയ്ക്ക് വിജയാനുഗ്രഹം നല്‍കിക്കൊണ്ട് പീഠത്തില്‍ കയറിനിന്നിട്ട് മേളാവസാനത്തോടെ പിന്തിരിഞ്ഞ് ചാടി നിഷ്ക്രമിക്കുന്നു. ഹനുമാന്‍ ചാടി തേര്‍ധ്വജത്തിലേയ്ക്ക് കയറി ഇരിക്കുന്നത് ബൃഹന്നള അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നു.
ബൃഹന്നള:(ചമ്മട്ടിയെടുത്ത് നല്‍കിയിട്ട് ഉത്തരനോട്)‘എന്നാല്‍ ഇനി രഥം ശത്രുസേനയുടെ സമീപത്തേയ്ക്ക് വഴിപോലെ തെളിച്ചാലും’(ആത്മഗതമായി)‘ഇനി വേഗം പുറപ്പെടുക തന്നെ’
അനന്തരം ബൃഹന്നള നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ചാപബാണങ്ങളോടെ തേരിലേയ്ക്ക് ചാടിക്കയറുന്നു. ഉത്തരന്‍ തേര്‍തെളിക്കുന്നു. തേരില്‍ സഞ്ചരിക്കുന്നഭാവത്തില്‍ ഇരുവരും പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കിടിലന്‍ പോസ്റ്റ്‌...
നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തനിമയുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
JunctionKerala.com

AMBUJAKSHAN NAIR പറഞ്ഞു...

സാധാരണ നടപ്പില്ലാത്ത രംഗങ്ങളെ പറ്റി വിശദമായി അറിയുവാന്‍ ഈ ബ്ലോഗ്‌ വളരെ ഉപകാരപ്രദം തന്നെ ആണ്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ Anitha,AMBUJAKSHAN NAIR,
നന്ദി....