2010, ജൂലൈ 22, വ്യാഴാഴ്‌ച

ഉത്തരാസ്വയംവരം ഒന്‍പതാം രംഗം

രംഗത്ത്-ഹനുമാന്‍‍(ഇടത്തരം വെള്ളത്താടിവേഷം)‍

ശ്ലോകം-രാഗം:ഘണ്ടാരം
“ദ്ദൃപ്യദ്ദോര്‍ബ്ബലശാലികര്‍ബ്ബുരചമൂസന്ത്രാസമന്ത്രായിത-
ക്ഷ്വളാകേളിരദഭൂകര്‍ബ്ബ രവേന രംഭാവനേ പാവനേ
സീതാവല്ലഭപാദപല്ലവയുഗദ്ധ്യാനൈകതാനസ്തദാ
ചിന്താമന്തരുദാരധീര്‍വ്യതനുതശ്രീമാന്‍ ഹന്ത മാനിമാം‍”
{അഹങ്കാരികളും ബലശാലികളുമായ രാക്ഷസസന്യത്തെ ഭയപ്പെടുത്തുന്ന മന്ത്രതുല്യമായ സിംഹനാദത്തോടു കൂടിയവനും പാവനമായ കദളീവനത്തില്‍ സീതാവല്ലഭന്റെ പാദപല്ലവധ്യാനത്തില്‍ മുഴുകിയിരിക്കുന്നവനുമായ ശ്രീഹനുമാന്‍ ഇപ്രകാരം വിചാരിച്ചു.}

ഹനുമാന്റെ ഇടക്കാലത്തിലുള്ള തിരനോട്ടം-
വീണ്ടും തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ തപോനിഷ്ഠനായി ഇരിക്കുന്ന ഹനുമാന്‍ പെട്ടന്ന് തപസ്സില്‍ നിന്നും ഞെട്ടിയുണരുന്നു.
ഹനുമാന്‍:(ആലോചിച്ചിട്ട്) ‘എന്റെ തപസ്സുണരുവാന്‍ കാരണമെന്ത്? ങാ, ആലോചിച്ച് അറിയുകതന്നെ’
ഹനുമാന്‍ നാലാമിരട്ടി എടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

ഹനുമാന്റെ ചിന്താപദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി(രണ്ടാം കാലം)
ചരണം1:
“കിന്തു ചിത്രമിഹ സമാധിബന്ധമിന്നു മേ
ഹന്ത ശിഥിലമായതിന്നു ബന്ധമെന്തഹോ”
ചരണം2:
“രാമ രാമ ജയ ജയാഭിരാമരഘുപതേ
ഭൂമിജാപതേ നമോസ്തു ഭൂരിഗുണനിധേ”
ചരണം3:
“ദേവദേവനായീടുന്ന രാവണാരിയെ
സേവചെയ്യുമളവിലേവമേവനാല്‍ കൃതം”
ചരണം4:
“പാകവൈരിശാസനേന നാകനാരിമാര്‍
ആകെ വന്നു നിയമഹാനി ചെയ്കയോ മമ”
ചരണം5:
“വൃത്രവൈരിതനയനായ പാര്‍ത്ഥനിന്നു മാം
സത്വരം നൈനച്ചീടുന്നു തത്ര പോകണം”
{എന്തൊരത്ഭുതം! ഹോ! എന്റെ സമാധിബന്ധമിന്ന് ശിഥിലമായതിനു കാരണമെന്ത്? രാമാ, രാമാ, ജയിച്ചാലും. ജയാഭിരാമാ, രഘുപതേ, സീതാപതേ അളവറ്റ ഗുണങ്ങള്‍ക്ക് ഇരിപ്പിടമായുള്ളവനേ, അങ്ങേയ്ക്ക് നമസ്ക്കാരം. ദേവദേവനായീടുന്ന രാവണാരിയെ സേവചെയ്യുന്ന നേരത്ത് എവനാണ് ഇങ്ങിനെ ചെയ്തത്? ഇന്ദ്രന്റെ ശാസനപ്രകാരം ദേവസ്ത്രീകള്‍ കൂട്ടത്തോടെ വന്ന് എന്റെ തപസ്സിളക്കിയതാണോ? ഇന്ദ്രതനയനായ പാര്‍ത്ഥന്‍ ഇന്ന് എന്നെ പെട്ടന്ന് സ്മരിക്കുന്നു. അവിടെയ്ക്ക് പോകണം.}

ശേഷം ആട്ടം-
ഹനുമാന്‍:‘അതുകൊണ്ട് വേഗം പാര്‍ത്ഥസമീപത്തേയ്ക്കു പോവുകതന്നെ’
ഹനുമാന്‍ നാലാമിരട്ടി കലാശമെടുത്തിട്ട് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
.
-----(തിരശ്ശീല)-----

1 അഭിപ്രായം:

RamanNambisanK പറഞ്ഞു...

Late Kidangoor GopalakrishnaPilla organised Uttharaswayamvaram for GuruvayurUtsavam in1974.He insisted on the scene of Hanuman compulsory in Utharaswayamvaram.