2010, ജൂൺ 26, ശനിയാഴ്‌ച

ഉത്തരാസ്വയംവരം പതിനൊന്നാം രംഗം (പോരിനുവിളി)

രംഗത്ത്-ബൃഹന്നള, ഉത്തരന്‍

ശ്ലോകം‍-രാഗം:ശങ്കരാഭരണം
“താവത് കല്പാന്തകാലോല്‍ക്കടപവനലുഠത്പുഷ്കലാവര്‍ത്തകഭ്ര-
 പ്രദ്ധ്വാനാഖര്‍വ്വഗര്‍വ്വത്രുടനപടുരസസ്ഥാരവിസ്ഫാരനാദ:
 അദ്ധാ ലാലാടദേശപ്രവികട കുടിലഭൂകുടീ ദുര്‍ന്നിരീക്ഷോ
 ബദ്ധാടോപം കിരീടീ പ്രതിഭടപടലീമാഹവായാജുഹാവ”
{അപ്പോള്‍ കല്പാന്തകാലത്തുണ്ടാകുന്ന കൊടുങ്കാറ്റില്‍ ഉരുളുന്ന ‘പുഷ്കലാവര്‍ത്തകം’ എന്ന മേഘത്തിന്റെ മുഴക്കത്തിനെ അതിശയിക്കുന്നതായ വലിയ ഞാണോലി ചെയ്യുന്നവനും നെറ്റിപ്രദേശത്തുള്ള വളഞ്ഞ പുരികക്കൊടികളാല്‍ ആര്‍ക്കും വീക്ഷിക്കാന്‍ പ്രയാസമുള്ളവനുമായ കിരീടി ഉറച്ച ഗര്‍വ്വോടുകൂടി ശത്രുക്കളെ പോരിനുവിളിച്ചു.}

നാലാമിരട്ടിമേളത്തോടെ തിരതാഴ്ത്തുമ്പോള്‍ ചാപബാണങ്ങള്‍ ധരിച്ചുക്കൊണ്ട് രംഗമദ്ധ്യത്തിലെ പീഠത്തില്‍(രഥത്തില്‍) ബൃഹന്നളയും മുന്നില്‍ താഴെയായി ചമ്മട്ടിയേന്തി തേര്‍തെളിച്ചുക്കൊണ്ട് ഉത്തരനും നില്‍ക്കുന്നു.
ബൃഹന്നള:(ഇരുഭാഗത്തേയ്ക്കും വീക്ഷിച്ചശേഷം)‘കൌരവസേന ഇതാ സമുദ്രസമാനമായി പരന്നുകാണുന്നു. ചതിയനായ ദുര്യോധനന്‍ എവിടെ?’
ബൃഹന്നള പീഠ(രഥ)ത്തില്‍ നിന്നും ചാടിയിറങ്ങി ദുര്യോധനനെ തിരയുന്നു(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു.) ഉത്തരന്‍ ഇടതുഭാഗത്തേയ്ക്ക് മാറി നില്‍ക്കുന്നു.
ബൃഹന്നള:(മുന്നില്‍ ദൂരെയായി കണ്ടിട്ട്)‘അതാ സര്‍പ്പം അടയാളമായുള്ള തേര്‍ക്കൊടി കാണുന്നു.’ (കോപാവേശിതനായി) ‘ഇനി വേഗം സുയോധനനെ പോരിനുവിളിക്കുകതന്നെ’
ബൃഹന്നള നാലാമിരട്ടി എടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

ബൃഹന്നളയുടെ പോരിനുവിളിപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“മാഹാചോരന്മാരാരഹോ വരിക പോരിനായ്
 മാഹാചോരന്മാരാരഹോ”
ചരണം1:
“സാഹസകര്‍മ്മമിതിങ്ങനെ ചെയ്തതി-
 നാഹവസീമനി വിരവൊടു നിങ്ങടെ
 ദേഹമശേഷം പത്രിഗണങ്ങള്‍-
 ക്കാഹാരമതാക്കീടുവനധുനാ”
ചരണം2:
“കരിരഥതുരഗപദാദികളാകവേ
 ഖരതരമാമകകര ബലദഹനേ
 നിരവധി ശലഭദശാം പ്രാപിപ്പതു
 വിരവൊടു കണ്ടീടുക രണഭൂമൌ”‍
(“മാഹാചോരന്മാരാരഹോ വരിക പോരിനായ്”)
ചരണം3:
“ശ്വാക്കളൊളിച്ചു കടന്നു ഹവിസ്സിനെ
 ആക്കമൊടിന്നു കവര്‍ന്നതുപോലെ
 ഗോക്കളെ വന്നു കവര്‍ന്നൊരു ദക്ഷത
 പോര്‍ക്കളമതിലറിയണമധുനാ മേ”
(“മാഹാചോരന്മാരാരഹോ വരിക പോരിനായ്‍”)
{ഹോ! പശുക്കള്ളന്മാരാര്? വരിക പോരിനായി. പശുക്കവര്‍ച്ചക്കാരാര്? ഇങ്ങിനെ ഈ സാഹസം ചെയ്തതിന് വഴിപോലെ യുദ്ധക്കളത്തില്‍ ഉടനെ നിങ്ങളുടെ ദേഹമെല്ലാം പക്ഷിക്കൂട്ടങ്ങള്‍ക്ക് ആഹാരമാക്കിത്തീര്‍ക്കുന്നുണ്ട്. ആന,രഥ,കുതിര,കാലാളാദിയായവകളെല്ലാം എന്റെ കഠിനതരമായ കരബലമാകുന്ന അഗ്നിയില്‍ പെട്ട് ശലഭങ്ങളുടെ അവസ്ഥയെ പ്രാപിക്കുന്നത് രണഭൂമിയില്‍ വഴിപോലെ കണ്ടുകൊള്‍ക. ശ്വാക്കള്‍ ഒളിച്ചു കടന്ന് ഹവിസ്സ് കവര്‍ന്നതുപോലെ ഇന്നുവന്ന് ഗോക്കളെ കവര്‍ന്ന നിങ്ങളുടെ മിടുക്ക് ഇപ്പോള്‍ പോര്‍ക്കളത്തില്‍ എനിക്ക് അറിയണം.} 

“വരിക പോരിനായ് മാഹാചോരന്മാരാരഹോ”(ബൃഹന്നള-കലാ;ഗോപി, ഉത്തരന്‍-കലാ:ബാലസുബ്രഹ്മണ്യന്‍)
ശേഷം ആട്ടം-
പദാഭിനയത്തെത്തുടര്‍ന്ന് ബൃഹന്നള വില്ലെടുത്ത് ഞാണ്‍ മുറുക്കി തുടര്‍ച്ചയായി ഞാണോലിയിടുന്നു(ഈ സമയത്ത് വലന്തലയും ശംഖും മുഴക്കും). ഞാണോലികേട്ട് ഉത്തരന്‍ പരിഭ്രമിച്ച് വീഴുന്നു. ബൃഹന്നള ഉത്തരനെ പിടിച്ചെഴുന്നേല്‍പ്പിച്ച് സമാധാനിപ്പിച്ചശേഷം വീണ്ടും ഞാണോലി മുഴക്കുന്നു. അനന്തരം ബൃഹന്നള നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പലവട്ടം ഞാണോലിയിടുകയും പോരിനുവിളിക്കുകയും ചെയ്തിട്ട് ശത്രുക്കളെ നിന്ദിച്ചുകൊണ്ട് ഉത്തരനോടുകൂടി പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: