2010, ജൂൺ 24, വ്യാഴാഴ്‌ച

ഉത്തരാസ്വയംവരം പതിനഞ്ചാം രംഗം

രംഗത്ത്-വിരാടന്‍, ഉത്തരന്‍

ശ്ലോകം‍-രാഗം:നീലാബരി
“ഭൂമിഞ്ജയസ്സമവരുഹ്യ രഥാല്‍ സമീപ-
 ഭൂമിം ജയ പ്രമുദിതസ്യ പിതുസ്സമേത്യ
 പ്രാഗേവം ഫല്‍ഗുണനിരുദ്ധ യഥാര്‍ത്ഥവാര്‍ത്ത:
 പ്രാഹേദമസ്യ ഭുജവിക്രമവിസ്മിതാത്മാ”
{തന്റെ യഥാര്‍ത്ഥസ്ഥിതി വെളിപ്പെടുത്തരുതെന്ന് മുന്‍പുതന്നെ ഫല്‍ഗുണനാല്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നവനായ ഉത്തരന്‍ രഥത്തില്‍നിന്നും ഇറങ്ങി വിജയവാര്‍ത്തയില്‍ ആഹ്ലാദത്തോടെയിരിക്കുന്ന പിതാവിന്റെ സമീപമെത്തി ഇങ്ങിനെ പറഞ്ഞു.}

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന ഉത്തരന്‍ വലതുഭാഗത്തായി പീഠത്തിലിരിക്കുന്ന വിരാടനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. വിരാടന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ഉത്തരന്‍  പദാഭിനയം ആരംഭിക്കുന്നു.

ഉത്തരന്റെ പദം-രാഗം:നീലാബരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“താത തവ കഴലിണ തൊഴുന്നേന്‍
 വീതഭയം കാലികളെ വീണ്ടുകൊണ്ടുവന്നേന്‍”
ചരണം1:
“കുരുപതി പശുക്കളെ ഹരിച്ചു എന്നു
 പരിചിനൊടു ഞാനഥ ധരിച്ചു
 വിരവൊടവരൊടു ബത ചെന്നു കലഹിച്ചു”
ചരണം2:
“ശക്രസുതനൊരുവനഥ വന്നു രിപു-
 ചക്രമതശേഷമപി വെന്നു
 വിക്രമിയവന്‍ വിജയലക്ഷ്മിയൊടു ചേര്‍ന്നു‍”
{താതാ, അവിടുത്തെ കാലിണ തൊഴുന്നേന്‍. ഭയം കൂടാതെ കാലികളെ വീണ്ടുകൊണ്ടുവന്നിരിക്കുന്നു. ഹോ! കുരുപതി പശുക്കളെ അപഹരിച്ചു എന്നറിഞ്ഞ് ഞാന്‍ ഉടനെ ചെന്ന് അവരോട് കലഹിച്ചു. ഇന്ദ്രപുത്രനായ ഒരാള്‍ വന്ന് ശത്രുസൈന്യത്തെ മുഴുവന്‍ ജയിച്ചു. പരാക്രമിയായ അദ്ദേഹം വിജയശ്രീലാളിതനായിതീര്‍ന്നു.}

"വീതഭയം കാലികളെ വീണ്ടുകൊണ്ടുവന്നേന്‍” (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, ഉത്തരൻ-കലാ:ഷ്ണ്മുഖൻ)
വിരാടന്റെ പദം-രാഗം:നീലാബരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“തനയ നയവിനയ ഗുണരാശേ”
ചരണം1:
“മന്നിലിഹ നിന്നൊടുപമാനം ചൊല്‍‌വാന്‍
 ഇന്നൊരുവനില്ലെന്നു നൂനം
 വന്നീടുക തവ മേലില്‍ മംഗളമനൂനം”
{തനയാ, നയവിനയാദിഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, ഭൂമിയില്‍ നിന്നോട് ഉപമിക്കുവാന്‍ ഇന്നൊരുവനില്ല എന്ന് തീര്‍ച്ച. മേലിലും നിനക്ക് അന്യൂനമായ മംഗളം ഭവിക്കട്ടെ.}

ശേഷം ആട്ടം-
ഉത്തരന്‍ പദാഭിനയം കഴിഞ്ഞ് ഇരിക്കുന്ന വിരാടനെ കുമ്പിടുന്നു.
വിരാടന്‍‍:(അനുഗ്രഹിച്ചശേഷം)‘പുത്രാ, നിനക്ക് സഹായിയായി വര്‍ത്തിച്ച ആ ഇന്ദ്രപുത്രന്‍ എവിടെ?’
ഉത്തരന്‍:‘അദ്ദേഹം താമസിയാതെ നമ്മുടെ സമീപമെത്തും’
വിരാടന്‍:‘ഉവ്വോ? നമ്മുടെ സന്തോഷം എനിക്ക് അദ്ദേഹത്തെ അറിയിക്കണം’
ഉത്തരന്‍ അനുസരിച്ച് വന്ദിച്ച് വിരാടന്റെ പിന്നിലായി നില്‍ക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: