2010, ജൂൺ 24, വ്യാഴാഴ്‌ച

ഉത്തരാസ്വയംവരം പതിനാറാം രംഗം

രംഗത്ത്-കങ്കന്‍, വലലന്‍

ശ്ലോകം‍-രാഗം:നാട്ടക്കുറിഞ്ഞി
“ധര്‍മ്മജാതവസതിം പ്രണമ്യ തം
 ധര്‍മ്മജാതമഥ മാരുതാത്മജ:
 വാസവേശ്മനി ശയാനമാദരാ-
 ദ്വാസവേരിതി ജഗാദ പൂര്‍വ്വജ:”
{ധര്‍മ്മസമൂഹത്തിന് ഇരിപ്പിടമായുള്ളവനും വാസഗൃഹത്തില്‍ ശയിക്കുന്നവനുമായ ധര്‍മ്മപുത്രനെ നമസ്ക്കരിച്ച് അര്‍ജ്ജുനജേഷ്ഠനായ മാരുതാത്മജന്‍ സാദരം ഇങ്ങിനെ പറഞ്ഞു.}

കങ്കന്‍ വലതുഭാഗത്തായി പീഠത്തിലേയ്ക്ക്ചാരി പാരവശ്യത്തോടെ ശയിക്കുന്നു. ഇടതുവശത്തുകൂടി പ്രവേശിച്ച് കങ്കനെ കണ്ട്, കുമ്പിട്ട് അടുത്തിക്കുന്ന വലലന്‍ കങ്കന്റെ പാരവശ്യമാര്‍ന്ന മുഖം കണ്ടിട്ട് ഉത്കണ്ഠാകുലനാകുന്നു. തുടര്‍ന്ന് വലലന്‍  എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:മുറിയടന്ത(ദ്രുതകാലം)
വലലന്‍:
പല്ലവി:
“ആര്യ നിന്‍പദയുഗളം കൈവണങ്ങുന്നേന്‍ സൂര്യനന്ദനനന്ദന”“
അനുപല്ലവി:
“വീര്യശൌര്യവാരിധേ വിമലമാനസ വിഭോ”
ചരണം1:
“ഏണാങ്കകുലദീപ എന്തഹോ ഭവാന്‍
 ക്ഷീണഭാവേന ശയിച്ചീടുന്നു തവ
 ചേണാര്‍ന്ന മുഖപത്മം മ്ലാനശോഭമായിപ്പോള്‍
 കാണുന്നതിനെന്തൊരു കാരണം കഥിക്ക നീ”
{ജേഷ്ഠാ, ധര്‍മ്മപുത്രാ, അവിടുത്തെ പദയുഗളം കൈവണങ്ങുന്നേന്‍. വീര്യശൌര്യങ്ങളുടെ സാഗരമേ, ശുദ്ധഹൃദയാ, പ്രഭോ, ചന്ദ്രവംശമണിദീപാ, ഭവാനെന്താണിങ്ങിനെ ക്ഷീണഭാവത്തില്‍ ശയിച്ചീടുന്നത്? അങ്ങയുടെ സുന്ദരമായ മുഖപത്മം ഇപ്പോള്‍ മ്ലാനമായി കാണുന്നതിന് എന്താണോരുകാരണമെന്ന് അവിടുന്ന് പറഞ്ഞാലും.}

“ഏണാങ്കകുലദീപ" (കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി, വലലൻ-കലാനി:വിനോദ്)
കങ്കന്‍:
ചരണം2:
“പോരിലുത്തരന്‍ ജയിച്ചെന്നു മാത്സ്യ-
 വീരനോടൊരു ദൂതന്‍ ചൊന്നപ്പോള്‍ ഞാനും
 സാരഥി ബൃഹന്നള ജയിച്ചാനെന്നു ചൊല്‍കയാല്‍
 ശാരികൊണ്ടെറിഞ്ഞെന്റെ ഫാലസീമനി ഭൂപന്‍”
{പോരില്‍ ഉത്തരന്‍ ജയിച്ചുവെന്ന് ഒരു ദൂതന്‍ വന്ന് മാത്സ്യരാജാവിനോട് ഉണര്‍ത്തിച്ചപ്പോള്‍ ‘സാരഥിയായ ബൃഹന്നളയാണ് ജയിച്ചത്’ എന്ന് ഞാന്‍ പറഞ്ഞു. അതിനാല്‍ രാജാവ് പകിടകൊണ്ട് എന്റെ നെറ്റിത്തടത്തിലേയ്ക്ക് എറിഞ്ഞു.}

ഈ വിവരം കേട്ട് കോപാവേശിതനായിത്തീരുന്ന വലലന്‍ പദം ആടുന്നു.


വലലന്റെ പദം-രാഗം:ബലഹരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ചിത്തത്തിലമര്‍ഷം വളരുന്നിതു
 ധിക്ക് തവ ദുഷ്ടരിലാര്‍ജ്ജവഭാവം”
അനുപല്ലവി:
“സത്വരമിഹ മാത്സ്യേശനെ ശമന-
 ഗേഹമതിലാക്കീടുവനിന്നു”
ചരണം1:
“ദുര്‍മ്മദാന്ധനാം കീചനൊരുനാള്‍
 ദ്രുപദാത്മജയെ വലിച്ചുമിഴച്ചും
 ധര്‍മ്മവിചാരമതെന്നിയെ ചെയ്തൊരു
 സാഹസങ്ങള്‍ കണ്ടു സഭായാം”
ചരണം2:
“ദുര്‍മ്മതി മിണ്ടാതിരുന്നതിനും ചൂതു-
 കൊണ്ടു ഭവാനെയെറിഞ്ഞതിനും
 ധര്‍മ്മ ഭൂതലമവിരാടം സപദി
 ചെയ്തീടുവനറിക മഹാത്മന്‍”
{ചിത്തത്തില്‍ അമര്‍ഷം വളരുന്നു. ദുഷ്ടരിലുള്ള അങ്ങയുടെ നിഷ്ക്കളങ്കഭാവം നിന്ദ്യമാണ്. ഇന്നിപ്പോള്‍ പെട്ടന്ന് മാത്സ്യരാജാവിനെ കാലഗേഹത്തിലാക്കുന്നുണ്ട്. ദുര്‍മ്മദത്താല്‍ അന്ധനായ കീചകന്‍ ഒരുനാള്‍ ദ്രുപദപുത്രിയെ വലിച്ചുമിഴച്ചും ചെയ്ത സാഹസങ്ങള്‍ കണ്ട് ധര്‍മ്മബോധമില്ലാതെ സഭയില്‍ ആ ദുര്‍ബുദ്ധി മിണ്ടാതിരുന്നതിനും ചൂതുകൊണ്ട് ഭവാനെ എറിഞ്ഞതിനും പകരമായി അല്ലയോ മഹാത്മാവേ, ഉടനെ ഞാന്‍ വിരാടനെ ഭൂമിയില്‍നിന്ന് ഇല്ലാതാക്കുന്നുണ്ട്.}

കങ്കന്റെ പദം-രാഗം:എരിക്കലകാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ഭീമപരാക്രമ മാമക സോദര
 ഭീമസേന ശൃണു മാത്സ്യമഹീന്ദ്രന്‍
 നാമിന്നവരെന്നറിയാതൊരു പിഴ
 നമ്മൊടു ചെയ്താലെന്തഹോ”
ചരണം2:
“സോമവംശമണി നീയതിനാല്‍
 സുമതേ സാഹസമരുതരുതധുനാ
 കാമിതലാഭം വരുമിനിമേല്‍
 കാമമിന്നു സമയം സമ്പൂര്‍ണ്ണം”
പല്ലവി:
“ചിത്തത്തിലമര്‍ഷം കരുതരുതേ
 ചെറ്റു സഹിച്ചീടുക നീ മാരുതേ”
{ഭീമപരാക്രമാ, എന്റെ സോദരാ, ഭീമസേനാ, കേള്‍ക്കുക. നാം ഇന്നവരാണെന്നറിയാതെ മാത്സ്യരാജാവ് നമ്മോട് ഒരു പിഴ ചെയ്തുപോയാല്‍ എന്താണ്? സുമതേ, സോമവംശരത്നമായ നീ അതിനാല്‍ ഇപ്പോള്‍ സാഹസം ചെയ്യരുത്. ഇനിമേല്‍ ആഗ്രഹമെല്ലാം സാധിക്കും. പ്രതിജ്ഞാസമയം സമ്പൂര്‍ണ്ണമായികഴിഞ്ഞു. മാരുതേ, ചിത്തത്തില്‍ അമര്‍ഷം കരുതരുതേ. നീ കുറച്ചു സഹിച്ചീടുക.}

“സോമവംശമണി നീയതിനാല്‍" (കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി, വലലൻ-കലാനി:വിനോദ്)
ശേഷം ആട്ടം-
വലലന്‍ പദാഭിനയം കഴിഞ്ഞ് ഇരിക്കുന്ന കങ്കനെ വന്ദിച്ച് സമീപം നില്‍ക്കുന്നു.
കങ്കന്‍:(അനുഗ്രഹിച്ചശേഷം)‘അതുകൊണ്ട് ഒട്ടും കോപിക്കരുത്. സ്വല്പംകൂടി ക്ഷമിച്ചാലും’
വലലന്‍:‘അവിടുത്തെ കല്പനപോലെ’
വീണ്ടും കങ്കനെ വന്ദിച്ചിട്ട് വലലന്‍ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: