2010, ജൂൺ 24, വ്യാഴാഴ്‌ച

ഉത്തരാസ്വയംവരം പതിനേഴാം രംഗം

രംഗത്ത്-വിരാടന്‍, പാണ്ഡവന്മാര്‍(പച്ചവേഷങ്ങള്‍)‍, പാഞ്ചാലി(സ്ത്രീവേഷം)

ശ്ലോകം‍-രാഗം:മോഹനം
“നിസ്തീര്‍ണ്ണസത്യജലധീന്‍ നിജവേഷഭാജോ
 വിദ്യോതമാനമണിഭൂഷണഭൂഷിതാഗാന്‍
 ദ്ദൃഷ്വാ വരായുധധരാനഥ പാണ്ഡവേയാന്‍
 തുഷ്ടോ ജഗാദ വചനം സ വിരാടഭൂപ:”
{സത്യമാകുന്നജലനിധി(സത്യമനുസ്സരിച്ചുള്ള അജ്ഞാനവാസകാലം) കടന്നവരും സ്വവേഷങ്ങളും ആയുധങ്ങളും ശോഭിക്കുന്ന രത്നാഭരണങ്ങളും ധരിച്ചവരുമായ പാണ്ഡവരെ കണ്ട് സന്തോഷിച്ച വിരാടരാജാവ് പറഞ്ഞു.}

ആയുധധാരികളായി പാണ്ഡവരും പാഞ്ചാലിയും ‘കിടതകധിം,താം’ മേളത്തിനൊപ്പം ഇടതുഭഗത്തുകൂടി പ്രവേശിക്കുന്നു. വലതുവശം പീഠത്തിലിരിക്കുന്ന വിരാടന്‍ അവരെ കണ്ട് ആശ്ചര്യാദരങ്ങളോടെ എഴുന്നേറ്റ് അവരെ വലതുവശത്തേയ്ക്ക് ആനയിക്കുന്നു. തുടര്‍ന്ന് വിരാടന്‍ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മോഹനം, താളം:മുറിയടന്ത(ദ്രുതകാലം)
വിരാടന്‍:
പല്ലവി:
“സുദിനം നിങ്ങളെ കാണ്‍കയാല്‍ ഹന്ത മേ ഭാഗ്യം“
അനുപല്ലവി:
“സദനവും നയനവും സഫലം മാമകമിന്നു”
ചരണം1:
“ക്ഷാത്രമായൊരു ധര്‍മ്മം ഗാത്രമഞ്ചുകൈക്കൊണ്ടു
 നേത്രഗോചരമായപോലെ നിങ്ങളൈവരും
 രാത്രീശകുലദീപന്മാരാം പാണ്ഡവരതി-
 മാത്രം മേ വളര്‍ത്തീടുന്നു മനസി മുദമിന്നു”
{നിങ്ങളെ കാണുകയാല്‍ ഇന്ന് സുദിനമാണ്. ഹോ! എന്റെ ഭാഗ്യം. എന്റെ സദനവും നയനങ്ങളും ഇന്ന് സഫലമായി. ക്ഷത്രിയധര്‍മ്മം അഞ്ചുശരീരങ്ങളെ കൈക്കൊണ്ട് വന്നതുപോലെയുള്ളവരും ചന്ദ്രവംശശ്രേഷ്ഠന്മാരും പാണ്ഡവരുമായ നിങ്ങളൈവരും എന്റെ മനസ്സിലിപ്പോള്‍ സന്തോഷം വളര്‍ത്തുന്നു}

“ക്ഷാത്രമായൊരു ധര്‍മ്മം" (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, ധർമ്മപുത്രൻ-കലാ:ഷണ്മുഖൻ, അർജ്ജുനൻ-കലാ:ചിനോഷ് ബാലൻ, ഭീമൻ-രജ്ഞിത്ത്.ആർ)
ധര്‍മ്മപുത്രന്‍:
ചരണം2:
“വിജ്ഞാനസ്വരൂപനാം ലക്ഷ്മീശകൃപയാലെ
 യാജ്ഞസേനനന്ദിനിയായീടുമിവളോടും
 അജ്ഞാതവാസമൊരാണ്ടാനന്ദമോടു ചെയ്തു
 പ്രാജ്ഞ നിന്നുടെ സവിധേ പ്രഥിതഗുണജലധേ”
ചരണം3:
“സോഹം ധര്‍മ്മജന്‍ കങ്കന്‍ വലലനായതു ഭീമന്‍
 ഹാഹന്ത ബൃഹന്നളയായതര്‍ജ്ജുനനല്ലോ
 വാഹപാലകന്‍ നകുലന്‍ സഹദേവന്‍ പശുപാലന്‍
 മോഹനാംഗിയാം സൈരന്ധ്രി ദ്രുപദനൃപപുത്രി”
{വിജ്ഞാനസ്വരൂപനായ ലക്ഷ്മീശന്റെ കൃപയാല്‍ യാജ്ഞസേനനന്ദിനിയായ ഇവളോടുകൂടി ഒരാണ്ടത്തെ അജ്ഞാതവാസം പണ്ഡിതനും പ്രസിദ്ധഗുണസമുദ്രവുമായ അങ്ങയുടെ സവിധത്തില്‍ ആനന്തത്തോടെ നിര്‍വ്വഹിച്ചു. സുമതേ, മാത്സ്യഭൂപേന്ദ്രാ, എന്റെ വാക്കുകള്‍ കേട്ടാലും. കങ്കന്‍ ധര്‍മ്മജനായ ഞാനായിരുന്നു. ഹോ! വലലനായത് ഭീമനും ബൃഹന്നളയായത് അര്‍ജ്ജുനനുമാണ്. അശ്വപാലകനായത് നകുലനും പശുപാലകനായത് സഹദേവനും സുന്ദരിയായ സൈരന്ധ്രിയായത് ദ്രൌപദിയുമായിരുന്നു.}

"പ്രഥിതഗുണജലധേ” (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, ധർമ്മപുത്രൻ-കലാ:ഷണ്മുഖൻ, പാഞ്ചാലി-കലാ:ചെമ്പക്കര വിജയൻ, ഭീമൻ-രജ്ഞിത്ത്.ആർ)

വിരാടന്‍:
ചരണം4:-രാഗം:ശ്രീ, താളം:ചെമ്പട(രണ്ടാം കാലം)
“അപരാധം പലതും ഞാനറിയാതെ ചെയ്തു
 കൃപയോടു സകലവും സഹിച്ചീടേണം നിങ്ങള്‍
 ഉപകാരമിതു ചെയ്യാം എന്നുടെ തനയയെ
 സപദി ഫല്‍ഗുണനു ഞാനും തരുവതിനിഹ നൂനം”
{ഞാന്‍ അറിയാതെ ചെയ്തുപോയ അപരാധങ്ങള്‍ സകലവും നിങ്ങള്‍ കൃപയോടെ സഹിച്ചീടേണം. ഇങ്ങിനെ ഒരു ഉപകാരം ചെയ്യാം, എന്നുടെ തനയയെ ഉടനെ ഫല്‍ഗുണന് തരുവാന്‍ ഇവിടെ ഉറപ്പിക്കുന്നു.}

"കൃപയോടു സകലവും" (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, ധർമ്മപുത്രൻ-കലാ:ഷണ്മുഖൻ, പാഞ്ചാലി-കലാ:ചെമ്പക്കര വിജയൻ, ഭീമൻ-രജ്ഞിത്ത്.ആർ)
ശേഷം ആട്ടം-
അര്‍ജ്ജുനന്‍:‘അങ്ങയുടെ പുത്രിയെ ഞാന്‍ നൃത്തഗീതാദികള്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. അതിനാല്‍ അവള്‍ എനിക്ക് പുത്രിസമാനയാണ്. അവളെ ഞാന്‍ പുത്രഭാര്യയായി സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഉത്തരയെ എന്റെ പുത്രനായ അഭിമന്യുവിന് വിവാഹംകഴിച്ചു നല്‍കിയാലും.’
വിരാടന്‍‍:‘സന്തോഷം, എതിന് എനിക്ക് സമ്മതം തന്നെ’
ധര്‍മ്മപുത്രന്‍‍:‘എന്നാല്‍ ഇനി വേഗം വിവാഹത്തിനായി എല്ലാം ഒരുക്കിക്കൊള്ളുക’
സമ്മതിച്ച് വിരാടനും, അദ്ദേഹത്തെ യാത്രയാക്കിക്കൊണ്ട് പാണ്ഡവരും പാഞ്ചാലിയും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: